അഞ്ചുവര്‍ഷത്തേക്ക്  തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ 100 ദിവസത്തെ കാര്യങ്ങള്‍വെച്ച് വിലയിരുത്തുന്നത് അശാസ്ത്രീയമാണ്. എന്നാല്‍, 100 ദിവസം പ്രധാനമാണുതാനും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ മരണമണി മുഴങ്ങിയത് അവസാനത്തെ 100 ദിവസമാണ്. അതുകൊണ്ട് 100 ദിവസം നിസ്സാരമല്ല. മലയാളികള്‍ക്ക് പണ്ടുമുതലേ ഉള്ള പ്രമാണമാണ് ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്നത്. അങ്ങനെ നോക്കിയാലും 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ടെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ഈ കഴിഞ്ഞ 100 ദിവസത്തെ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമായി നില്‍ക്കുന്നത് മുഖ്യമന്ത്രി  പിണറായി വിജയന്‍െറ അച്ചടക്കത്തോടുള്ള ആഭിമുഖ്യമാണ്. അത് കേരളം കാത്തിരുന്ന ഒന്നാണ്. ഉമ്മന്‍ ചാണ്ടി എന്‍െറ സ്നേഹിതനാണ്. അദ്ദേഹം ആള്‍ക്കൂട്ടത്തിന്‍െറ നടുവില്‍ നില്‍ക്കുന്നതില്‍ അഭിരമിക്കുന്നയാളാണ്. പക്ഷേ, അച്ചടക്കം സെക്രട്ടേറിയറ്റിലോ മറ്റെവിടെയെങ്കിലുമോ പാലിക്കുന്നതില്‍ അദ്ദേഹത്തിന് അത്ര നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല. തന്‍െറയടുക്കല്‍ വരുന്ന എല്ലാവരോടും നല്ലവാക്ക് പറഞ്ഞ് അലസമായി വിരിച്ചിട്ട തലമുടി കോതിയൊതുക്കി മനോഹരമായി പുഞ്ചിരിച്ച്  അഞ്ചുകൊല്ലം കഴിച്ചുകൂട്ടി. ആ കാലയളവില്‍ ധാരാളം നല്ലകാര്യങ്ങള്‍ ചെയ്തു. 20ഓ 25ഓ വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നിഷ്പക്ഷമതികളായ ആളുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെയുണ്ടായ ആരോപണങ്ങളായിരിക്കില്ല, നേട്ടങ്ങളായിരിക്കും കാണുക. പക്ഷേ, ഇതിനിടയിലൊക്കെ മലയാളി ആഗ്രഹിച്ച ഒരു സംഗതിയുണ്ട്. അത് സര്‍ക്കാറിലും സര്‍ക്കാറിനോട് ബന്ധപ്പെട്ട കാര്യങ്ങളിലും അച്ചടക്കമുണ്ടാകണം എന്നതാണ്.

മലയാളിക്ക് അച്ചടക്കം ഇഷ്ടമാണെന്ന് പറയുമ്പോള്‍ പെട്ടെന്ന്  അവിശ്വസനീയമായി തോന്നാം. ഒന്നുമാത്രം ആലോചിച്ചാല്‍മതി അതറിയാന്‍. അച്യുതമേനോന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ സമയത്ത് കൃത്യമായി ഒരു തെരഞ്ഞെടുപ്പ് നടത്തപ്പെട്ടിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പേരിലുണ്ടായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ തേടിപ്പോയപ്പോള്‍, അച്യുതമേനോന്‍ ഭരണകാലത്തെ അരോപണങ്ങള്‍ അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിമാരത്തെന്നെ വെക്കേണ്ടിവന്നു.  അക്കാലത്ത് പത്രങ്ങള്‍ നോക്കിയാല്‍ ഗവണ്‍മെന്‍റ് ഇപ്പോ താഴെ പോകും,  ഇങ്ങനെയൊരു നാറിയഭരണം കണ്ടിട്ടില്ല എന്നൊക്കെയാവും തോന്നുക. പക്ഷേ, അതുകഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ വന്നു. ഈ അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍, കേരളത്തില്‍ അടിയന്തരാവസ്ഥ അത്രയങ്ങ് ഉപദ്രവകരമായി തോന്നിയില്ല. കേന്ദ്രഗവണ്‍മെന്‍റ് ശത്രുക്കളായി പ്രഖ്യാപിച്ച മാര്‍ക്സിസ്റ്റുകാരെയും ആര്‍.എസ്.എസുകാരെയുമൊക്കെ ജയിലിലാക്കി എന്നുള്ളത് ശരിയാണ്. തിരുവായ്ക്ക് എതിര്‍വായില്ല എന്നുള്ള  അവസ്ഥയുണ്ടാക്കി എന്നതും ശരിയാണ്.

എന്നാല്‍, വടക്കേ ഇന്ത്യയില്‍ ഉണ്ടായതുപോലുള്ള സാഹചര്യങ്ങള്‍ കേരളത്തിലുണ്ടായിട്ടില്ല. ഷാ കമീഷന്‍െറ നടപടികളടക്കം ഇതിന് തെളിവാണ്. അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയ ചില തീരുമാനങ്ങള്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടതേ ആയിരുന്നില്ല, അല്ലാത്ത കാലത്തും നടപ്പാക്കാവുന്ന തീരുമാനങ്ങള്‍ തന്നെയായിരുന്നു. രാജന്‍ കേസിന് അടിയന്തരാവസ്ഥയുമായി ഒരു ബന്ധവുമില്ല. തിരുവനന്തപുരത്തെ ഉരുട്ടിക്കൊലയും അടിയന്തരാവസ്ഥയില്ലാത്ത കാലത്ത് നമ്മുടെ പൊലീസുകാര്‍ സാധിച്ചെടുത്ത കാര്യങ്ങളാണ്. രാജന്‍െറ മരണം നിഷ്പക്ഷമായി ചിന്തിച്ചാല്‍ ഒരു കസ്റ്റഡിമരണമാണ്. അടിയന്തരാവസ്ഥ ആയതിനാല്‍ അതിന്‍െറ പേരില്‍ സമരമോ ബഹളമോ ഒന്നുമുണ്ടായില്ല എന്നതും ശരിയാണ്. ഡി.സി.സി പ്രസിഡന്‍റുമാരില്‍ കരുണാകരനോട് ഒട്ടിനിന്ന രണ്ടോ മൂന്നോ പേരൊഴികെ അധികാര ദുര്‍വിനിയോഗത്തിനോ ധനസമ്പാദനത്തിനോ അടിയന്തരാവസ്ഥയെ ഉപയോഗിച്ചിട്ടില്ല. അതേസമയം, ജനങ്ങള്‍ കണ്ടത്, വണ്ടികള്‍ സമയത്ത് ഓടുന്നു, ബന്ദില്ല, ഹര്‍ത്താലില്ല, പണിമുടക്കില്ല, ഓഫിസുകളില്‍ ആളുകള്‍ കൃത്യസമയത്ത് വരും, കടലാസയച്ചാല്‍ മറുപടി കിട്ടും, അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍െറ പേരില്‍ നടപടിയെടുത്താല്‍ മേലുദ്യോഗസ്ഥനെ ആരും വിരട്ടുന്നില്ല തുടങ്ങിയകാര്യങ്ങളാണ്.    അടിയന്തരാവസ്ഥയുടെ ഫലമായിക്കണ്ട അച്ചടക്കംപാലിച്ച സര്‍ക്കാറിനെയാണ് കേരളത്തിലെ ജനങ്ങള്‍ തിരിച്ച് അധികാരത്തിലത്തെിച്ചത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അച്ചടക്കത്തോട് വിരോധമുണ്ട് എന്ന് ആരും ധരിക്കേണ്ടതില്ല.

ഈ അച്ചടക്കം കുറെ കാലമായി ഇവിടെ കാണുന്നുണ്ടായിരുന്നില്ല. കരുണാകരന്‍ അതിന് കെല്‍പുള്ള ആളായിരുന്നു. പക്ഷേ, പാര്‍ട്ടിയിലെ ഗ്രൂപ്പിസംകൊണ്ട് അദ്ദേഹത്തിന് പലപ്പോഴുമത് പൂര്‍ണമായി കൊണ്ടുനടക്കാന്‍ കഴിഞ്ഞില്ല. മാര്‍ക്സിസ്റ്റുകാരുടെ കാര്യത്തിലും ഇതിനുമുമ്പ് അവര്‍ക്കിത് സാധിച്ചിരുന്നില്ല. അച്യുതമേനോന് ഒരളവുവരെ അക്കാലത്ത് സാധിച്ചിരുന്നു. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് പിണറായി വിജയന്‍ ഒരു ഹെഡ്മാസ്റ്ററുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നതും ജനങ്ങള്‍ക്ക് അംഗീകാരയോഗ്യനായി തോന്നുന്നതും. ഏറ്റവും അടുത്ത കാലത്തുണ്ടായ ഒരു സംഗതിയാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഓഫിസ് സമയത്ത്  ഓണാഘോഷത്തിന് പുറപ്പെടരുത് എന്നത്. അത് സാംസ്കാരിക ജീവിതത്തിന്‍െറ മേലുള്ള കൈയേറ്റമാണ് എന്നൊക്കെ പറഞ്ഞാല്‍ ശുദ്ധ ഭോഷ്കെന്നല്ളേ പറയാന്‍ കഴിയൂ.   സെക്രട്ടേറിയറ്റില്‍ ഓണക്കാലമായാല്‍ ഓണക്കോടികളുടെ കച്ചവടവും സെക്രട്ടേറിയറ്റ് കാന്‍റീനിനടുത്ത് പന്തലിട്ട് നടത്തുന്ന ഓണസദ്യക്കുള്ള ക്യൂ നില്‍ക്കലുമാണ് പ്രധാന പരിപാടി. അത്  സാധാരണക്കാരനോടുള്ള നിരുത്തരവാദപരമായ സമീപനമാണെന്ന് ഒരു മുഖ്യമന്ത്രി പറയുമ്പോള്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്കത് സ്വീകാര്യമായി തോന്നും. കോട്ടയത്ത് മാര്‍ക്സിസ്്റ്റ് പാര്‍ട്ടിയുടെ സമ്മേളനം നടന്നപ്പോള്‍ കുറെ ആളുകള്‍ ബഹളമുണ്ടാക്കി. അന്ന് ആ മഴയത്ത്  പിണറായി വിജയന്‍ ഒരു കാര്യം പറഞ്ഞു: ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനമാണ്, ഉഷാ ഉതുപ്പിന്‍െറ ഗാനമേളയല്ലാ എന്ന്. അത് ടി.വിയില്‍ ഞാന്‍ കണ്ടതാണ്.

അദ്ദേഹത്തിന്‍െറ ശരീരഭാഷ വളരെ കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. അതൊരു ഹെഡ്മാസ്റ്ററുടെ മട്ടാണ്. എന്‍െറ അച്ഛന്‍ ഹെഡ്മാസ്റ്ററായിരുന്നു. അച്ഛന്‍ ആരെയും അടിച്ചിരുന്നില്ല. പക്ഷേ, അച്ഛന്‍ വരാന്തയില്‍കൂടി നടക്കുമ്പോള്‍ കൈയിലൊരു ചൂരല്‍വടി കാണും.   പഴയ കാലത്തൊക്കെ ചൂരല്‍പ്രയോഗം ബാലാവകാശലംഘനമാണെന്നൊന്നും ആരും പറഞ്ഞിരുന്നില്ല. ഹെഡ്മാസ്റ്റര്‍ ആരെയും എപ്പോഴും അടിച്ചേക്കാം എന്നരു തോന്നല്‍ കുട്ടികളിലുണ്ടായിരുന്നു. അതാണ് പിണറായിയും ചെയ്യുന്നത്, വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിരുന്നതും. കഴിഞ്ഞ 100 ദിവസത്തെ  അടയാളപ്പെടുത്തുന്ന ഒരേയൊരു സംഗതി മാത്രമെടുത്ത് പറയാന്‍ ആരെങ്കിലും എന്നോടാവശ്യപ്പെട്ടാല്‍ അച്ചടക്കത്തോടുള്ള മനോഭാവം മാറി എന്നുള്ളതാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. അച്ചടക്കമെന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ബാധകമായ കാര്യമല്ല. അതു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കും വേണം, കുട്ടിസഖാക്കള്‍ക്കും വേണം.  അവര്‍ നിയമം കൈയിലെടുക്കാനോ രാഷ്ട്രീയമായ കണക്കുകള്‍ തെരുവില്‍ തീര്‍ക്കാനോ തുനിയരുത്. അങ്ങനെയുണ്ടാവുന്ന സംഭവങ്ങളില്‍ മുഖ്യമന്ത്രി പക്ഷം പിടിക്കുന്നുവെന്ന് തോന്നാനിടയാവരുത്. എവിടെയെങ്കിലും അങ്ങനെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്തണം. അച്ചടക്കമെന്നത് സര്‍ക്കാറിനും പ്രതിപക്ഷത്തിനും മാത്രമല്ല, ഭരണകക്ഷിക്കും ബാധകമാണെന്ന്  ഇതിനൊപ്പം ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നത് സംസ്ഥാനത്തിന്‍െറ ചില ഭാഗങ്ങളിലെങ്കിലും അതിന് വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നതായി പത്രക്കടലാസുകളില്‍നിന്ന് അറിയുന്നതുകൊണ്ടാണ്. 

രണ്ടാമതായി ഈ സര്‍ക്കാറിനെ ശ്രദ്ധേയമാക്കുന്ന സംഗതി മന്ത്രിസഭയുടെ ഘടന തന്നെയാണ്. അതിനകത്ത് രാഷ്ട്രീയമുണ്ടായിരിക്കാം, അതേക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, ഈ മന്ത്രിസഭയിലെ മിക്ക മന്ത്രിമാരെയും കുറിച്ച് നല്ല പ്രത്യാശയാണ് ജനങ്ങള്‍ക്കുള്ളത്. തോമസ് ഐസക് സാമ്പത്തികകാര്യങ്ങളില്‍ വിദഗ്ധനാണെന്നത് എന്‍െറ സാക്ഷ്യപത്രം കൂടാതെതന്നെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹം മുമ്പ് അഞ്ചുവര്‍ഷം ധനമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിന്‍െറ സാമ്പത്തികസ്ഥിതി വളരെ കൃത്യമായി നിയന്ത്രിച്ചിരുന്നയാളാണ്. ജൈവകൃഷി പ്രചാരണം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന കാര്യത്തിലും അതിനൊക്കെ മുമ്പ് ജനകീയാസൂത്രണം നടപ്പാക്കുന്നതിലുമൊക്കെ അദ്ദേഹത്തിന്‍െറ മികവ് കേരളം കണ്ടതാണ്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ എനിക്ക് നേരിട്ട് പരിചയമില്ല. കേട്ടിടത്തോളവും കണ്ടിടത്തോളവും അദ്ദേഹം കേരളം കണ്ട എറ്റവുംമികച്ച വിദ്യാഭ്യാസ മന്ത്രിയാണെന്ന് പറയാന്‍ നമുക്ക് സംഗതിയാകും എന്നാണ് തോന്നുന്നത്. മാത്യു ടി. തോമസ്, നേരത്തെ മന്ത്രിയായിരുന്ന കാലത്തുതന്നെ ആദര്‍ശശുദ്ധിയുടെ ആള്‍ രൂപമായി അംഗീകരിക്കപ്പെട്ടയാളാണ്. ഓരോ മന്ത്രിമാരെ എടുത്ത് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. മന്ത്രിമാരില്‍ രണ്ടോ മൂന്നോ പേരെക്കുറിച്ച് പറയുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ നെറ്റി ചുളിഞ്ഞേക്കാം, എങ്കിലും പൊതുവില്‍ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് വളരെ യുക്തമാണ്. അത് ഈ 100 ദിവസംകൊണ്ട് തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. എല്ലാവരും ഒരുപോലെയാണ്. മാറ്റം ആവശ്യമുള്ള ചിലയാളുകളുണ്ട്. അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഈ മുഖ്യമന്ത്രി, ‘മുഖ്യമന്ത്രി’യാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. ജനാധിപത്യക്രമത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏറ്റവും ഭൂരിപക്ഷമുള്ള  കക്ഷിയുടെ നേതാവിനെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത്. ആ മുഖ്യമന്ത്രി പറയുന്നയാളുകളെയാണ് മന്ത്രിമാരായി നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് വേണം ഭരണമുണ്ടാവാന്‍. അത് ഹിറ്റ്ലര്‍ മോഡലാണ്, ഏകാധിപത്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ സാമാന്യം ഭംഗിയായി പ്രവര്‍ത്തിക്കുന്നുവെന്ന്  കരുതുന്ന ഒരാളാണ് ഞാന്‍. ആ സര്‍ക്കാറിനെയും അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട സംഗതി നരേന്ദ്രമോദിയുടെ ചോദ്യംചെയ്യപ്പെടാത്ത നേതൃത്വം തന്നെയാണ്. മന്ത്രിമാര്‍ക്കൊക്കെ പേടിയാണെന്ന് ചിലര്‍ പറയും, അല്‍പം പേടിയൊക്കെ ഉണ്ടാകണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതി ജനാധിപത്യത്തില്‍ ഭൂഷണമല്ല.

നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍െറയും ശൈലി ഒരുപോലെയാണെന്ന് ഓര്‍മിച്ചുകൊണ്ട് തന്നെ അത് അസ്വീകാര്യമായി ഞാന്‍ കാണുന്നില്ല എന്നുകൂടി പറയേണ്ടതുണ്ട്. പിന്നെ 100 ദിവസം കഴിയുമ്പോള്‍ പത്തില്‍ ഏഴുമാര്‍ക്ക്, പത്തില്‍ ആറരമാര്‍ക്ക് എന്നൊക്കെ എന്നെപ്പോലുള്ള ആളുകള്‍ പലതും പറയും. അതുകേട്ട് ഇളകരുത്. ഞങ്ങള്‍ വളരെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത 100 ദിവസം കഴിയുമ്പോള്‍ ആറുമാസം പൂര്‍ത്തിയാവും. ചിലപ്പോള്‍ ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ മാറ്റിപ്പറയും. ആ ഒരു ഓര്‍മയോടെയാവണം മുഖ്യമന്ത്രിയും ഭരിക്കുന്ന പ്രധാന കക്ഷിയായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അധികാരത്തിന്‍െറ ഇടനാഴികളിലൂടെയുള്ള അവരുടെ പദസഞ്ചലനം തുടരുവാനെന്ന് മാത്രമാണ് ഓര്‍മിപ്പിക്കാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.