കണക്കുകള്‍ക്കു മുന്നില്‍ തകരുന്ന മിഥ്യകള്‍

സംഘപരിവാര ശക്തികളെ വിടാതെ പിടികൂടുന്ന ആശങ്കകളിലൊന്ന് മുസ്ലിം ജനസംഖ്യയുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നു എന്ന മിഥ്യ പ്രചരിപ്പിക്കുന്നതില്‍ സദാ വ്യാപൃതരുമാണവര്‍. പക്ഷേ,  നേര്‍ വിപരീതമാണ് യാഥാര്‍ഥ്യങ്ങള്‍. കാനേഷുമാരി കണക്കുകള്‍തന്നെ നമുക്ക് പരിശോധിക്കാം. 2011ലെ സെന്‍സസ് റിപ്പോര്‍ട്ടിലെ ചില കണക്കുകള്‍ ഈയിടെ മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. ഇന്ത്യയില്‍ ഒരു വീട്ടിലെ ശരാശരി അംഗബലം 4.45 ആണെന്ന് ഈ സെന്‍സസ് വ്യക്തമാക്കുന്നു. മുന്‍ ദശകത്തില്‍ ഇത് 4.67 ആയിരുന്നു. മുസ്ലിം വീടുകളിലെ അംഗബലവും ഏറെ കുറയുന്നതായി സെന്‍സസ് വെളിപ്പെടുത്തുന്നു. 5.61ല്‍നിന്ന് മുസ്ലിം വീട്ടിലെ അംഗബലം 5.15 ആയി ചുരുങ്ങിയിരിക്കുന്നു. പുരുഷ ഗൃഹനാഥര്‍ നയിക്കുന്ന മുസ്ലിം വീടുകളിലെ അംഗങ്ങളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്‍െറ കുറവ് സംഭവിച്ചതായി കാണാം. അതേസമയം, ഹൈന്ദവ ഭവനങ്ങളിലെ അംഗബലത്തിലെ കുറവ് അഞ്ചു ശതമാനമേ വരൂ.

മുസ്ലിം ഗൃഹങ്ങള്‍ കുട്ടികളെ ഉല്‍പാദിപ്പിച്ചുകൂട്ടുന്ന ഫാക്ടറികളാണെന്നാണ് ആര്‍.എസ്.എസിന്‍െറ പ്രചാരണം. മുസ്ലിം ജനസംഖ്യ അതിവേഗം വര്‍ധിച്ച്  ഇതരസമുദായക്കാരന്‍ മറികടക്കുമെന്ന ആശങ്ക ഹിന്ദുസമൂഹത്തിലേക്ക് പടര്‍ത്തിവിടാനും അവര്‍ ശ്രമിക്കുന്നു. ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് മേലുദ്ധരിച്ച സെന്‍സസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍. മുസ്ലിംകളെ സദാ ശത്രുസമൂഹമായി കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിന്‍െറ ഭാഗമാണ് അവര്‍ ജനനനിരക്കില്‍ ഇതര മതസ്ഥരെ പിന്നിലാക്കുന്നു എന്ന പ്രചാരണവും. ജനസംഖ്യാ വര്‍ധനയുമായി ബന്ധപ്പെട്ട് മാത്രമല്ല, മറ്റനേകം വിഷയങ്ങളിലും മുസ്ലിംകളെ ഇകഴ്ത്തുന്ന മിഥ്യകളും ഇതിനകം ചമക്കപ്പെടുകയുണ്ടായി. മുന്‍വിധികളും മിഥ്യാധാരണകളും നിറഞ്ഞ ഇത്തരം തേജോവധങ്ങളിലൂടെ മുസ്ലിം പാര്‍ശ്വവത്കരണം അനായാസം നടത്താന്‍ സാധിക്കുന്നു. മുസ്ലിംകള്‍ ആക്രമണകാരികളാണ്, ഹിംസയിലാണവര്‍ വിശ്വാസമര്‍പ്പിക്കുന്നത്, ഭീകരതയുടെ പ്രതിരൂപങ്ങളാണ് മുസ്ലിംകള്‍.

നാലു സ്ത്രീകളെവരെ വേള്‍ക്കുന്നു, മിക്ക കുടുംബങ്ങളിലും നാല്‍പതുവരെ കുട്ടികള്‍ കാണും, സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മുസ്ലിംകളുടെ പങ്ക് തുച്ഛം, വിഭജനവേളയില്‍ മുസ്ലിംകള്‍ക്ക് ഏറെയൊന്നും ക്ളേശങ്ങള്‍ അനുഭവിക്കേണ്ടി വന്നില്ല, പാകിസ്താന്‍ അനുകൂലമനോഭാവമാണ് മുസ്ലിംകള്‍ പുലര്‍ത്തുന്നത്... തുടങ്ങിയ നിരവധി അപവാദങ്ങളും മുദ്രകളും പേറാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ഇത്തരം മുദ്രീകരണങ്ങളെയും മിഥ്യാധാരണകളെയും കണക്കുകളും വസ്തുതകളും ഉദ്ധരിച്ച് ചെറുക്കേണ്ട കര്‍ത്തവ്യം ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, പൗരജനങ്ങള്‍ക്കുമുണ്ട്. ഈ കടമ നിര്‍വഹിക്കപ്പെടാതിരുന്നാല്‍, വിഷലിപ്ത പ്രചാരണങ്ങള്‍ ആപത്കരമായ പ്രതിസന്ധികള്‍ക്ക് നിമിത്തമാകും.

സല്‍മ അന്‍സാരിയും രവിശങ്കറും

മന്ത്രങ്ങളോ മുദ്രാവാക്യങ്ങളോ ഉരുവിടാന്‍ നിര്‍ബന്ധിക്കുന്നത് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ ലംഘനമാണ്. യോഗ അഭ്യസിക്കുമ്പോള്‍ ‘ഓം’ എന്ന മന്ത്രം ഉച്ചരിക്കുന്നതില്‍ കുഴപ്പമില്ളെന്ന് ഈയിടെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സഹധര്‍മിണി സല്‍മ അന്‍സാരി പ്രസ്താവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ കാണാനിടയായി. ആരുടെയെങ്കിലും നിര്‍ബന്ധത്തിനുവഴങ്ങി നമുക്ക് മന്ത്രോച്ചാരണം നടത്താനാകില്ല. വിദ്യാലയങ്ങളിലോ ഓഫിസുകളിലോ യോഗ നിര്‍ബന്ധമാക്കണമെന്ന വാശി തുടരുന്നതും ശരിയല്ല. വേണ്ടത്ര പോഷകാഹാരംപോലും നിഷേധിക്കപ്പെടുന്നവരെ മണിക്കൂറുകള്‍ നടക്കാനും വ്യായാമമുറകള്‍ അഭ്യസിക്കാനും ഉപദേശിക്കുന്നത് അര്‍ഥശൂന്യതയും യുക്തിക്ക് നിരക്കാത്തതുമാണ്.

ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ സന്ദര്‍ഭത്തില്‍ ഞാനോര്‍മിക്കുന്നത്. ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലായിരുന്നു അദ്ദേഹത്തിന്‍െറ വസതി. കവാടത്തില്‍ തന്നെ ‘ഓം’ എന്ന് വലുപ്പത്തില്‍ ആലേഖനം ചെയ്യപ്പെട്ടതുകണ്ട് ഞാന്‍ അമ്പരന്നു. എന്തുകൊണ്ട് ഇതെന്ന എന്‍െറ ചോദ്യത്തിന് അദ്ദേഹം കടലാസില്‍ മറുപടി കുറിച്ചു. ‘യോഗീവര്യന്മാരും സംഗീതജ്ഞരും സംവത്സരങ്ങളായി ഉച്ചരിച്ചുവരുന്ന പുണ്യപുരാതന ശബ്ദമാണ് ഓങ്കാരം. വിശ്രുത സംഗീതജ്ഞന്‍ മിയാന്‍ താന്‍സെന്‍ ഈ ശബ്ദത്തിന് തന്‍െറ ‘ആലാവില്‍’ സവിശേഷ സ്ഥാനം നല്‍കുകയുമുണ്ടായി. സംഗീതജ്ഞനെന്ന നിലയില്‍  ആത്മീയമായും ശാരീരികമായും സ്പര്‍ശിക്കുന്നു.’ 70ാം ജന്മവാര്‍ഷികത്തില്‍ രവിശങ്കറുമായി സന്ധിക്കാന്‍ ഒരിക്കല്‍ക്കൂടി എനിക്കവസരം ലഭിച്ചു. അദ്ദേഹം ആകെ മെലിഞ്ഞുപോയിരുന്നു. മുഖത്ത് ഇരുണ്ടഭാവം. അദ്ദേഹവും കുടുംബവും കാലിഫോര്‍ണിയയിലേക്ക് ചേക്കാറാന്‍ തീരുമാനിച്ച ഘട്ടമായിരുന്നു അത്. ഇന്ത്യ വിടാനുള്ള കാരണം തിരക്കിയപ്പോള്‍ രവിശങ്കറും സഹധര്‍മിണി സുകന്യയും പറഞ്ഞു.

‘രാജ്യത്തെ കലുഷമായ അവസ്ഥ ഞങ്ങള്‍ക്ക് നിരാശയാണ് പകരുന്നത്. ഡല്‍ഹി ജീവിക്കാന്‍കൊള്ളാത്ത ഇടമായി മാറിക്കഴിഞ്ഞു. മലിനീകരണം മാരകതോതിലാണ്. രാഷ്ട്രീയക്കാരും മാലിന്യവും  ഈ നഗരത്തിന്‍െറ കഥ കഴിക്കുമെന്നാണ് ഞങ്ങളുടെ ആശങ്ക.’ ലാളിത്യംനിറഞ്ഞ വസതിയിലായിരുന്നു രവിശങ്കറുടെ വാസം. ശയ്യാമുറിയില്‍ ഒരു ഫാക്സ് മെഷീന്‍ മാത്രം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്‍െറ പൂജാമുറി സന്ദര്‍ശിക്കാനും എനിക്കവസരമുണ്ടായി. അദ്ദേഹം പറഞ്ഞു. ‘പൂജ മാത്രമല്ല, സാധകവും ഞാന്‍ ഇവിടെ വെച്ച് നിര്‍വഹിക്കുന്നു. 18ാം വയസ്സില്‍ ഞാന്‍ ഗുരുവായ ഉസ്താദ് അലാവുദ്ദീന്‍െറ വീട്ടില്‍ താമസിച്ചിരുന്നു. ക്രിസ്തുവിന്‍െറയും കൃഷ്ണന്‍െറയും ചിത്രങ്ങള്‍ ആ വീട്ടില്‍ കാണാന്‍ സാധിച്ചു. തികഞ്ഞ മുസ്ലിം ഭക്തനായിരുന്നിട്ടും അതില്‍ അദ്ദേഹം പ്രയാസം അനുവഭിച്ചില്ല. കാരണം, അദ്ദേഹം മഹാനായ സംഗീതജ്ഞനായിരുന്നു. സംഗീതം ആരിലും സഹിഷ്ണുത വളര്‍ത്തും. ഇന്നത്തെ രാഷ്ട്രീയക്കാര്‍ സംഗീതം അഭ്യസിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഈവിധം കീഴ്മേല്‍ മറിയുമായിരുന്നില്ല. സഹിഷ്ണുതയുടെയും മൈത്രിയുടെയും കേന്ദ്രമായി രാജ്യം പരിണമിക്കുകയും ചെയ്തേനെ’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.