ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ക്ക് പോംവഴികള്‍

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. ആരോഗ്യമേഖലയില്‍ സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി പ്രമുഖ ആരോഗ്യപ്രവര്‍ത്തകനും കേരള സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ. ബി. ഇക്ബാല്‍...

ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളാണ്  ഏറെ പ്രകീര്‍ത്തിക്കപ്പെട്ട കേരള വികസനമാതൃകയുടെ അടിസ്ഥാനം.  ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടുമാണിരിക്കുന്നത്. സാക്ഷരതയില്‍ പ്രത്യേകിച്ച്, സ്ത്രീസാക്ഷരതയിലുണ്ടായ വളര്‍ച്ചയാണ് ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ പ്രധാന കാരണം. ഏതാണ്ട് വികസിതരാജ്യങ്ങള്‍ക്ക് തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച സംസ്ഥാനമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതു ശിശു-മാതൃമരണനിരക്കുകള്‍ കുറച്ചുകൊണ്ടുവരാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താന്‍ സഹായിച്ചിരുന്നു. സര്‍ക്കാറും പൊതുസമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താല്‍ വികസിതരാജ്യങ്ങളിലേതിനേക്കാള്‍ വളരെ തുച്ഛമായ തുകയാണ് ആരോഗ്യാവശ്യങ്ങള്‍ക്കായി കേരളം  ചെലവിടുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ചെലവ് കുറഞ്ഞതും സാമൂഹികനീതിയിലധിഷ്ഠിതവും   മികച്ച ആരോഗ്യനിലവാരം കൈവരിച്ചതുമായ കേരള ആരോഗ്യമാതൃകയെ ലോകാരോഗ്യസംഘടനയും മറ്റും പ്രകീര്‍ത്തിക്കുന്നത്.  

രോഗാതുരത വര്‍ധിക്കുന്നു

1980കളോടെ ആരോഗ്യമേഖലയില്‍ കേരളം പ്രതിസന്ധികളെ നേരിട്ടുതുടങ്ങിയിരുന്നു. പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ തിരിച്ചുവന്ന് തുടങ്ങിയതോടെയാണ് ആരോഗ്യമാതൃകയില്‍ വിള്ളലുകളുണ്ടെന്ന സംശയം ഉയര്‍ന്നുവന്നത്. വൈകാതെ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, ജാപ്പനിസ് മസ്തിഷ്കജ്വരം, എച്ച് 1 എന്‍ 1 തുടങ്ങിയ  പുത്തന്‍ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുകയും വര്‍ഷന്തോറും അനേകമാളുടെ ജീവനപഹരിക്കുകയും ചെയ്തു തുടങ്ങിയത്. അതിനിടെ, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതരീതി രോഗങ്ങളും കാന്‍സറും വര്‍ധിച്ചുവന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. നിരവധി സാമൂഹിക-സാമ്പത്തിക, സാംസ്കാരിക പ്രതിസന്ധികളാണ് വ്യക്തികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്.
സമീപഭാവിയില്‍ കേരളം നേരിടാന്‍പോകുന്ന പ്രധാന വെല്ലുവിളി പ്രായാധിക്യമുള്ളവരുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളായിരിക്കും. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കയും ചെയ്തതോടെ കേരളസമൂഹത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.

അടുത്ത കാല്‍നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും  കേരളജനതയില്‍ നാലിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും.  വാര്‍ധക്യകാല രോഗങ്ങളുടെ ചികിത്സച്ചെലവ് വളരെ കൂടുതലായിരിക്കും. കൂട്ടുകുടുംബം തകര്‍ന്ന് അണുകുടുംബ വ്യവസ്ഥ വൃദ്ധജനങ്ങളുടെ പരിപാലനവും വലിയ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവരുകയാണ്. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പ്ളാന്‍േറഷന്‍ തൊഴിലാളികള്‍, കയര്‍-കശുവണ്ടി തുടങ്ങിയ   പരമ്പരാഗത തൊഴില്‍മേഖലയില്‍ ജോലിനോക്കുന്നവര്‍,  മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ എന്നിവര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിട്ടുവരുന്നു. മാലിന്യനിര്‍മാര്‍ജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട്  നടപ്പിലാക്കാന്‍ ശ്രമിച്ച പരിപാടികള്‍ വേണ്ടത്ര വിജയിക്കാതെ പോയതാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള അടിസ്ഥാനകാരണം. കേരളീയരുടെ ആഹാരരീതിയില്‍ വന്ന മാറ്റങ്ങളും മാനസികസംഘര്‍ഷം സൃഷ്ടിക്കുന്ന മത്സരാധിഷ്ഠിത ജീവിതരീതികളും വ്യായാമമില്ലാത്ത ജീവിതശൈലിയും  ചേര്‍ന്നാണ് ജീവിതരീതിരോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.

സ്വകാര്യമേഖല  

കേരളീയരുടെ വര്‍ധിച്ചുവരുന്ന രോഗാതുരത നേരിടുന്നതിനായി വന്‍കിട ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള കേവലം ചികിത്സയില്‍ മാത്രമൂന്നിയ പൊതുജനാരോഗ്യ സംവിധാനമാണ് നാം വളര്‍ത്തിയെടുത്തത്.  സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളുടെ എണ്ണത്തിലും സ്വഭാവത്തിലുമുണ്ടായ മാറ്റമനുസരിച്ച് വിപുലീകരിക്കാത്തതുമൂലം മുരടിച്ചുനിന്നു. ഈ ശൂന്യത മുതലെടുത്ത് കേരളമെമ്പാടും  ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്വകാര്യ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. ഒരു സാമൂഹിക നിയന്ത്രണവുമില്ലാതെ  പണം കൈയിലുള്ള ആര്‍ക്കും മുതല്‍മുടക്കാവുന്ന മേഖലയായി ആതുരസേവനരംഗം മാറി. ആരോഗ്യമേഖലയുടെ അതിരുകടന്ന സ്വകാര്യവത്കരണത്തിന്‍േറയും വാണിജ്യവത്കരണത്തിന്‍േറയും ഫലമായി കേരളത്തില്‍ ആരോഗ്യച്ചെലവ് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആരോഗ്യച്ചെലവുള്ള സംസ്ഥാനമാണ് കേരളം. സ്വകാര്യ സ്വാശ്രയ പ്രഫഷനല്‍  കോളജുകളുടെ കടന്നുവരവ് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധികള്‍ രൂക്ഷമാക്കുകയും പുതിയ നിരവധിപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കയാണ്.

ആരോഗ്യച്ചെലവിന്‍െറ വലിയൊരു പങ്ക് ഒൗഷധങ്ങള്‍ക്കുവേണ്ടിയാണ് കേരളത്തിലും ചെലവാക്കുന്നത്. പരിഷത്തിന്‍െറ പഠനത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്‍െറ 35 ശതമാനവും മരുന്നിനായിട്ടാണ് ചെലവിടേണ്ടിവരുന്നതെന്ന് കാണുന്നു.  ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഒൗഷധമേഖലയിലുണ്ടാകുന്ന  വിലവര്‍ധനപോലുള്ള പ്രശ്നങ്ങള്‍ കേരളീയരെയായിരിക്കും കൂടുതലായി ബാധിക്കുക. കേരളത്തിലെ പ്രതിശീര്‍ഷ ആരോഗ്യച്ചെലവ് കുതിച്ചുയര്‍ന്നതിന്‍െറ കാരണം ഒൗഷധവിലയില്‍വന്ന ഭീമമായ വര്‍ധനകൂടിയാണ്. സര്‍ക്കാറിന്‍െറ ആരോഗ്യബജറ്റിന്‍െറ 10 ശതമാനത്തോളം മരുന്നു വാങ്ങുന്നതിനാണ് ചെലവാക്കുന്നത്. ഒൗഷധ വിലവര്‍ധന കുടുംബബജറ്റുകളെ മാത്രമല്ല, സംസ്ഥാനസര്‍ക്കാറിന്‍െറ ആരോഗ്യബജറ്റിനേയും തകരാറിലാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിരവധി സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. അവ പ്രയോജനപ്പെടുത്തി സമുചിതമായ ആരോഗ്യനയം കരുപ്പിടിപ്പിക്കേണ്ടതാണ്. അതിനുള്ള ചില നിര്‍ദേശങ്ങളാണ് താഴെ.

1. സാമൂഹികാരോഗ്യ ഇടപെടലുകളിലൂടെയും  രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയും സര്‍ക്കാര്‍മേഖല ശക്തിപ്പെടുത്തിയും സ്വകാര്യ ആശുപത്രികളെ സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവന്നും  ചികിത്സച്ചെലവ് ഗണ്യമായി കുറക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം.
2. 1996 മുതല്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാവുകയും പ്രാദേശികാസൂത്രണത്തിന് പദ്ധതിവിഹിതം ലഭിക്കുകയും ചെയ്തതോടെ താഴത്തെട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുതുടങ്ങിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജനപ്രതിനിധികളും ഡോക്ടര്‍മാരും ആശുപത്രിജീവനക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ പുതിയൊരു കേരള ആരോഗ്യമാതൃക നമ്മുക്ക് സൃഷ്ടിച്ചെടുക്കാനാവും.
3. മെഡിക്കല്‍ കോളജുകളിലെ സാമൂഹികാരോഗ്യ വിഭാഗം, അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്,  ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ക്ളിനിക്കല്‍ എപ്പിഡമിയോളജി എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ വിദഗ്ധരുടെ  സേവനം ഏകോപിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കി രോഗപ്രതിരോധം ഊര്‍ജിതപ്പെടുത്തുക.
4. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ശുചിത്വകേരളം സുന്ദരകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവയെ ഏകോപിപ്പിച്ച് സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്‍െറ മാതൃകയില്‍ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജന പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണം.
5. ജീവിതരീതി രോഗങ്ങള്‍ തടയുന്നതിനും പ്രാരംഭഘട്ടത്തില്‍ കണ്ടത്തെുന്നതിനുമുള്ള ആരോഗ്യബോധവത്കരണ പരിപാടികള്‍ ആരോഗ്യവകുപ്പിന്‍െറയും മെഡിക്കല്‍ കോളജുകളിലെ സാമൂഹികാരോഗ്യ വിദഗ്ധരുടെയും പ്രഫഷനല്‍ സംഘടനകളുടെയും  സഹകരണത്തോടെയും   കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ കീഴില്‍ നടപ്പിലാക്കിവരുന്ന ജീവിതരീതി രോഗനിയന്ത്രണ പരിപാടികള്‍ ഏകോപിപ്പിച്ചും  സമയബന്ധിതമായി നടപ്പിലാക്കേണ്ടതുണ്ട്.
6. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ പ്രാന്തവത്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും പ്രായാധിക്യമുള്ളവരുടെയും ആരോഗ്യാവശ്യങ്ങള്‍ നേരിടുന്നതിനായി  ഹെല്‍ത്ത് സര്‍വിസില്‍ പ്രത്യേക ഭരണസംവിധാനം ഒരുക്കണം.
7. വൈദ്യഗവേഷണം പ്രോത്സാഹിപ്പിക്കുക, കേരളം നേരിടുന്ന ആരോഗ്യ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടത്തെുക തുടങ്ങിയ പ്രഖ്യാപിതലക്ഷ്യങ്ങള്‍  സാക്ഷാത്കരിക്കുന്നതിന് കേരള ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പുന$സംവിധാനം ചെയ്യുക.
8. കെ.എസ്.ഡി.പി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് ഉല്‍പാദനം കൂടുതല്‍ വിപുലീകരിക്കുകയും പൊതുമേഖലയില്‍ ഏതാനും ഒൗഷധ കമ്പനികള്‍കൂടി ആരംഭിക്കുകയും മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്ത്   ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക്  ജനങ്ങള്‍ക്ക് ലഭ്യമാക്കുക.
9. സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളുടെയും ഒൗഷധസസ്യസമ്പത്തിന്‍െറയും പാരമ്പര്യ വിജ്ഞാനത്തിന്‍െറയും സാധ്യത പ്രയോജനപ്പെടുത്തി നവീന ഒൗഷധങ്ങള്‍ കണ്ടത്തെി മാര്‍ക്കറ്റ് ചെയ്യാനുള്ള ആധുനിക ഒൗഷധ ഗവേഷണകേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുക.  
10. മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാകുന്നമുറക്ക്   കാലതാമസം ഒഴിവാക്കി   ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും നിയമിക്കാന്‍ പി.എസ്.സിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക. ആവശ്യമെങ്കില്‍ മെഡിക്കല്‍ സര്‍വിസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആരംഭിക്കുക.
11. ചികിത്സാമാനദണ്ഡങ്ങളും നിര്‍ദേശക തത്ത്വങ്ങളും     പ്രഫഷനല്‍ സംഘടനകളുടെയും അക്കാദമിക വിദഗ്ധരുടെയും സഹായത്തോടെ തയാറാക്കി  അഭിപ്രായ സമന്വയത്തോടെ നടപ്പിലാക്കുക.
12. സാധാരണജനങ്ങളുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ വിപുലീകരണത്തിനും  നവീകരണത്തിനും  ആരോഗ്യനയത്തില്‍ ഊന്നല്‍ നല്‍കേണ്ടതാണ്. ഇതിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തികവിഹിതം വര്‍ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാറിന്‍െറ ആരോഗ്യച്ചെലവ് സംസ്ഥാന ഉല്‍പാദനത്തിന്‍െറ  0.6 ശതമാനത്തില്‍നിന്ന്  വര്‍ഷംകണ്ട് ഒരു ശതമാനമായി വര്‍ധിപ്പിച്ച് അഞ്ചു ശതമാനത്തില്‍ എത്തിക്കേണ്ടതാണ്. കൈവരിച്ചനേട്ടങ്ങള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണം.
13. ജനങ്ങളുടെ ആരോഗ്യ അവകാശ പത്രിക എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും നടപ്പിലാക്കുമെന്ന് നിയമനിര്‍മാണത്തിലൂടെ  ഉറപ്പുവരുത്തുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.