പൊലീസ് നവീകരണത്തിന് ചട്ടങ്ങള്‍ നടപ്പാക്കണം

കേരളാ പൊലീസിന്‍െറ നവീകരണത്തെക്കുറിച്ചും പൊലീസിങ് സമ്പ്രദായത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടിയാണ് ഒന്നാം കേരളമന്ത്രിസഭ എന്‍.സി ചാറ്റര്‍ജി കമീഷനെ നിയോഗിച്ചത്. തുടര്‍ന്നുവന്ന പല സര്‍ക്കാറുകളും പല കമ്മിറ്റികള്‍ രൂപവത്കരിക്കുകയും, അവര്‍ വിശദവും കാര്യക്ഷമവുമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ ഒരു റിപ്പോര്‍ട്ടുപോലും നടപ്പാക്കിയിട്ടില്ല എന്നതാണ് ചരിത്രം. കാരണങ്ങള്‍ നിരവധി. കേരള പൊലീസ് ഇന്നും തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും കാക്കേണ്ട പൊലീസിന് ഒരു മാറ്റം അത്യന്താപേക്ഷിതമാണ് എന്നതില്‍ തര്‍ക്കമില്ല. പൊലീസിന്‍െറ മാറ്റം എവിടെനിന്ന് തുടങ്ങണം എന്നതു സംബന്ധിച്ച് ഈ ലേഖകനും സര്‍വിസിലിരിക്കെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിന് ഒരുരൂപ പോലും അധികബാധ്യത വരുത്താത്ത പരിഷ്കാരങ്ങളായിരുന്നു ശിപാര്‍ശ ചെയ്തത്. പക്ഷേ, ഫലം കണ്ടില്ല.  പുതിയ നേതൃത്വം അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ എടുത്തുപറയേണ്ടത് പ്രസക്തമാണെന്ന് കരുതുന്നു.
ഇന്ത്യന്‍ പൊലീസ് ആക്ട് -1861 അടിസ്ഥാനമാക്കിയാണ് നാം ആദ്യകാലങ്ങളില്‍ മുന്നോട്ടുപോയത്. പ്രസ്തുത ആക്ടിന്‍െറ നൂറാം വാര്‍ഷികത്തില്‍ കേരള പൊലീസ് ആക്ട്-1961 നടപ്പാക്കി. ഇന്ത്യന്‍ പൊലീസ് ആക്ടിന്‍െറ തനിപ്പകര്‍പ്പായാണ് അതുവന്നത്. അതിലെ ന്യൂനതകള്‍ പരിഹരിച്ച് ശരിക്കുള്ള പൊലീസ് ആക്ട് വേണമെന്ന് ആവശ്യമുയര്‍ന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഒരു ആക്ട് ഉണ്ടാക്കി 2010ല്‍ പാസാക്കി. കുറ്റമറ്റ ഒന്നായിരുന്നു അത്. പത്തോളം സംസ്ഥാനങ്ങള്‍ കേരള പൊലീസ് ആക്ട് അനുകരിച്ച് തങ്ങളുടേതായ പൊലീസ് ആക്ട് രൂപവത്കരിച്ചു. ഇത്രയും മികച്ചൊരു ആക്ട് തയാറാക്കിയെങ്കിലും അതു നടപ്പാക്കാന്‍ റൂള്‍സ് ഉണ്ടാക്കിയില്ല. ഇവിടെ ആംഡ് പൊലീസിനെ റിക്രൂട്ട് ചെയ്യാനും പ്രൊമോട്ട് ചെയ്യാനും മാത്രമാണ് റൂള്‍സ് ഉള്ളത്. മറ്റു നടപടിക്രമങ്ങള്‍ക്കൊന്നും റൂള്‍സ് ഇല്ല.  പൊലീസിലെ മാറ്റങ്ങള്‍ തുടങ്ങേണ്ടത് കേരള പൊലീസ് റൂള്‍സ് ഉണ്ടാക്കിക്കൊണ്ടാകണം. ഇല്ലാത്തപക്ഷം 60 വര്‍ഷമായി നേരിടുന്ന ജീര്‍ണത തുടരും.
ക്രമസമാധാനവും കുറ്റാന്വേഷണവും വെവ്വേറെയാക്കണം എന്നതാണ് രണ്ടാമത് ചെയ്യേണ്ടത്. ഇതിനായി സര്‍ക്കാര്‍ മുമ്പ് ഉത്തരവിറക്കിയിരുന്നു. സാമ്പത്തികബാധ്യതയില്ലാതെ ഇതെങ്ങനെ നടപ്പാക്കാം എന്നതുസംബന്ധിച്ച് ഈ ലേഖകനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഒരു അധിക തസ്തികപോലും സൃഷ്ടിക്കാതെ ഇതു നടപ്പാക്കാനുള്ള വ്യക്തമായ മാര്‍ഗരേഖ സമര്‍പ്പിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അതിനുശേഷം,  പുതുതായി 8,000 തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ ഇതു നടപ്പാകൂ എന്ന് നിര്‍ദേശിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് സര്‍ക്കാറിന് പോയി. ഇതിനുപിന്നാലെ, 16,000 അധിക തസ്തിക ആവശ്യപ്പെടുന്ന മറ്റൊരു റിപ്പോര്‍ട്ടും സര്‍ക്കാറിന് ലഭിച്ചു. അതോടെ സര്‍ക്കാര്‍ ഉത്തരവ് ഫ്രീസറിലായി. നിലവിലെ സാമ്പത്തികസ്ഥിതി വെച്ച് ഒരു അധിക തസ്തികപോലും സൃഷ്ടിക്കാന്‍ നമുക്കാകില്ല. തമിഴ്നാട്, മുംബൈ, ഡല്‍ഹി പൊലീസുകളില്‍ നടപ്പാക്കിയതുപോലെ അധിക തസ്തികകള്‍ സൃഷ്ടിക്കാതെയുള്ള പരിഷ്കാരമാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും.
എ.ആര്‍ ക്യാമ്പും ലോക്കല്‍ പൊലീസും മെര്‍ജ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കാന്‍ തുടങ്ങിയെങ്കിലും ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ നിര്‍ത്തലാക്കി. തത്ഫലമായി സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാന്‍ ഈ ഉത്തരവ് നടപ്പാക്കണം.
പൊലീസുകാരുടെ പരിശീലനത്തിന് ട്രെയിനിങ് വിങ്ങിനെ ചുമതലപ്പെടുത്തണം. ഇപ്പോള്‍ അതു നടക്കുന്നത് എ.പി ബറ്റാലിയനുകളിലാണ്. അവിടെ 700 പൊലീസുകാര്‍ ചേര്‍ന്ന് 300 പൊലീസുകാരെ ‘ചവിട്ടിപ്പഴുപ്പിച്ച്’ പുറത്തിറക്കും. ഇത്തരത്തില്‍ പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്ന പൊലീസുകാരന്‍ ജനങ്ങളുടെമേല്‍ കുതിരകയറി സസ്പെന്‍ഷന്‍ വാങ്ങുന്നതാണ് പതിവ്. ഈ അവസ്ഥ മാറണമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ 192/2004 എന്ന സര്‍ക്കാര്‍ ഉത്തരവിലൂടെ പുതിയൊരു ട്രെയിനിങ് സിലബസ് കൊണ്ടു വന്നു. പൊലീസുകാര്‍ക്ക് കംപ്യൂട്ടര്‍, മനശ്ശാസ്ത്രം, നീന്തല്‍ എന്നിവ ഉള്‍പ്പെടുത്തി നല്‍കുന്ന സമഗ്രമായ സിലബസായിരുന്നു അത്. ഇതു നടപ്പാക്കാന്‍ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും തൃശൂര്‍ പൊലീസ് അക്കാദമിയിലും സൗകര്യമുണ്ട്. ബറ്റാലിയന്‍ പരിശീലനത്തിലൂടെ ഇവയൊന്നും പൊലീസുകാര്‍ക്ക് നല്‍കാനാകില്ല. 2004 ല്‍ പുതിയ പരിഷ്കാരം നടപ്പാക്കിതുടങ്ങിയെങ്കിലും അധികം വൈകാതെ ചങ്കരന്‍ പിന്നേം തെങ്ങേലായി. ട്രെയിനികളെ കൊണ്ട് എ.പി ബറ്റാലിയന്‍ തൂത്തുവാരിക്കുന്ന പരിശീലനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
കേരള പൊലീസിന്‍െറ ആംഡ് ബറ്റാലിയന്‍ കേന്ദ്രങ്ങള്‍ പുനഃക്രമീകരിക്കണം. പല ജില്ലകളിലും ബറ്റാലിയനുകളില്ലാത്ത സാഹചര്യമാണ് നിലവില്‍. ചരിത്രപരമായ കാരണങ്ങളാലാണ് ഇതുസംഭവിച്ചത്. മാപ്പിള ലഹള കൈകാര്യം ചെയ്യാന്‍ പൊലീസ് മലബാര്‍ മേഖലയില്‍ കുറേ സ്ഥലം ഏറ്റെടുത്തിരുന്നു. ആ സ്ഥലങ്ങള്‍ പിന്നീട് ഓരോ ബറ്റാലിയന്‍ കേന്ദ്രങ്ങളാക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ സ്പെഷല്‍ ആംഡ് പൊലീസ് (എസ്.എ.പി) ബറ്റാലിയന്‍ മാത്രമാണുള്ളത്. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള എറണാകുളം ജില്ലയില്‍ ഒറ്റ ബറ്റാലിയന്‍ പോലുമില്ല. അതേസമയം, തൃശൂര്‍ റേഞ്ചില്‍ അഞ്ചും കണ്ണൂര്‍ റേഞ്ചില്‍ ഒരു ബറ്റാലിയനുമുണ്ട്. ഇതൊരു ചരിത്രപരമായ വീഴ്ചയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വടക്കന്‍ മേഖലയിലാണ്. മാവോവാദി ഭീഷണി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന വയനാടിലേക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ (ഐ.ആര്‍.ബി) മാറ്റിസ്ഥാപിക്കണം. കോഴിക്കോടു പോലുള്ള വന്‍നഗരത്തില്‍ ഒരു ബറ്റാലിയനെങ്കിലും സ്ഥാപിക്കണം. ജനസംഖ്യാനുപാതികമായുള്ള പുന$ക്രമീകരണമാണ് വേണ്ടത്.
ഇന്ന് 6,670 ഉദ്യോഗസ്ഥര്‍ പൊലീസ് സേനക്ക് ഒരുപയോഗവുമില്ലാതെ ‘ജോലി’നോക്കുന്നു. സ്പെഷല്‍ ഡ്യൂട്ടി, അദര്‍ ഡ്യൂട്ടി, വര്‍ക്കിങ് അറേഞ്ച്മെന്‍റ് എന്നീ പേരുകളില്‍ ഉദ്യോഗസ്ഥര്‍ പലരും കറങ്ങിനടക്കുകയാണ്. ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ എട്ടു പൊലീസുകാര്‍ ജോലിനോക്കുന്നു. 24 പൊലീസുകാരെ വീട്ടുജോലിക്ക് നിയോഗിച്ച ഒരുദ്യോഗസ്ഥന്‍ സേനയിലുണ്ടായിരുന്നു. റിട്ടയര്‍ ചെയ്ത ഐ.പി.എസുകാരുടെ വീടുകളില്‍ പോലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുണ്ടാകും. മന്ത്രിമാരുടെ അകമ്പടിക്കായി കുറേപ്പേരെ മാറ്റിയിരിക്കുന്നു. ഭര്‍ത്താവിന്‍െറ അല്ളെങ്കില്‍ ഭാര്യയുടെ വീടിനടുത്ത് ജോലിനോക്കാന്‍ വേണ്ടിപോലും വര്‍ക്കിങ് അറേഞ്ച്മെന്‍റ് തരപ്പെടുത്തുന്നു. 39 ഓളം വനിതകള്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റിന്‍െറ പേരില്‍ ജോലിനോക്കുന്ന സ്റ്റേഷനുകളുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊലീസ് സ്റ്റേഷനുകള്‍ വീര്‍പ്പുമുട്ടുമ്പോഴാണ് ഈ ദു$സ്ഥിതി. വര്‍ക്കിങ് അറേഞ്ച്മെന്‍റ് ഉള്‍പ്പെടെയുള്ള നടപടികള്‍ മതിയാക്കണം. ഇതത്ര എളുപ്പമല്ല. എന്നാല്‍, 90 ശതമാനമെങ്കിലും നടപ്പാക്കിയാല്‍ 6,000 പൊലീസുകാരെ സ്റ്റേഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കാനാകും. അങ്ങനെ ചെയ്താല്‍ വേസ്റ്റേജ് ഓഫ് മാന്‍പവര്‍ കുറക്കാന്‍ സാധിക്കും.
1990ല്‍ ഡി.ജി.പി രാജഗോപാല്‍ നാരായണന്‍ നിര്‍ദേശിച്ച ക്രൈം ഓഡിറ്റിങ് നടപ്പാക്കണം. സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളിന്മേല്‍ സ്വീകരിച്ച നടപടി വിലയിരുത്താനാണ് ക്രൈം ഓഡിറ്റിങ് ശിപാര്‍ശ ചെയ്തത്. ലക്ഷക്കണക്കിന് പരാതികളാണ് എഫ്.ഐ.ആര്‍ ഇട്ട ശേഷം ഒരു അന്വേഷണവും ഇല്ലാതെ സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നത്. ഇനി അന്വേഷണം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നും എവിടെയാണ് പാളിച്ച സംഭവിച്ചതെന്നും ഓഡിറ്റിങ്ങിലൂടെ അറിയാന്‍ സാധിക്കും.
ശാസ്ത്രീയ പരിശോധന
ശാസ്ത്രീയ പരിശോധന കാര്യക്ഷമമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കേരള പൊലീസിന്‍െറ ഫോറന്‍സിക് വിഭാഗത്തിന് പ്രതിവര്‍ഷം 4,000ഓളം കേസുകളുടെ പരിശോധന നടത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂ. മറ്റു കേസുകള്‍ പരിശോധിക്കുന്നത് കെമിക്കല്‍ ലബോറട്ടറികളിലാണ്. 7,000ഓളം കേസുകളാണ് കെമിക്കല്‍ ലബോറട്ടറികളില്‍ പരിശോധിക്കുന്നത്. ഒരുവര്‍ഷം ശരാശരി 11,000 കേസുകളില്‍ മാത്രമാണ് ശാസ്ത്രീയ പരിശോധന നടക്കുന്നതെന്ന് സാരം. മറ്റുകേസുകളില്‍ ‘ഇടി ഇന്‍വെസ്റ്റിഗേഷന്‍’ മാത്രമാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 5.65 ലക്ഷം എഫ്.ഐ.ആറുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് എന്നോര്‍ക്കണം. 9.5 ലക്ഷം പരാതികളാണ് ലഭിച്ചത്. ശാസ്ത്രീയമായ കേസന്വേഷണത്തിന്‍െറ കാര്യത്തില്‍ നാം വളരെ പിന്നാക്കമാണെന്നത് ഏറെ പരിതാപകരമാണ്. ഓരോ ജില്ലയിലും ഓരോ ഫോറന്‍സിക് ലബോറട്ടറി വീതം സ്ഥാപിക്കണമെന്ന നിര്‍ദേശം ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. 50,000 കേസുകളിലെങ്കിലും ശാസ്ത്രീയപരിശോധന നടക്കണമെന്നാണ് ലേഖകന്‍െറ പക്ഷം. എന്നാല്‍, ഇതിന് ശാസ്ത്രജ്ഞന്‍മാരെ നിയമിച്ചാല്‍ സാമ്പത്തികബാധ്യത വരുമെന്ന മറുവാദമുണ്ട്. കേരള പൊലീസില്‍തന്നെ എം.എസ്സി, ബി.എസ്സി കെമിസ്ട്രി പാസായ 600ല്‍പരം ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കി ശാസ്ത്രീയ പരിശോധനകള്‍ക്ക് നിയോഗിക്കാവുന്നതേയുള്ളൂ.
സംരക്ഷണ നിയമങ്ങള്‍ ശക്തമായി നടപ്പാക്കണം. ഇല്ലാത്തപക്ഷം നിര്‍ഭയമാരും ജിഷമാരും ഇനിയുമുണ്ടാകും. വിശാഖ വേഴ്സസ് യൂനിയന്‍ ഓഫ് ഇന്ത്യ എന്ന കേസിന്‍െറ വിധിയില്‍, സര്‍ക്കാര്‍ ഓഫിസിലെ വനിതാ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് എങ്ങനെ എന്ന് വ്യക്തമാക്കുന്നു.  നിര്‍ഭയ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ടില്‍ സ്ത്രീസുരക്ഷ എങ്ങനെ നടപ്പാക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍നിന്ന് ലഭിച്ച കോടികളില്‍ അഞ്ചുപൈസപോലും ചെലവിടാതെ പാഴാക്കി. സോണിയ ഗാന്ധി വന്ന് ‘നിര്‍ഭയ’ പദ്ധതി ഉദ്ഘാടനം ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. ശില്‍പശാലകളില്‍ മാത്രമായി ഒതുങ്ങുന്ന ‘സുരക്ഷ’ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്നില്ല. സ്ത്രീസംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കാത്ത പൊലീസ് പൊലീസ് അല്ളെന്നാണ് ലേഖകന്‍െറ പക്ഷം.
കോര്‍പൊലീസിങ്
പബ്ളിസിറ്റി പൊലീസിങ് മാറ്റി കോര്‍ പൊലീസിങ് നടപ്പാക്കണം. അതായത് ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചാല്‍ അതു കൃത്യമായി രേഖപ്പെടുത്താനും അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനും നടപടികള്‍ വിലയിരുത്തുന്നതിനുമുള്ള മെക്കാനിസം വേണമെന്നര്‍ഥം. എന്നാല്‍, എന്തെങ്കിലും ഒരുവിഷയമുണ്ടായാല്‍ ചര്‍ച്ചകള്‍ നടത്തി  അതുമാധ്യമങ്ങളിലൂടെ ഘോഷിക്കുന്ന രീതിയാണ് നിലവിലുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് ജനമൈത്രി പൊലീസിനെ കുറിച്ചോ സ്റ്റുഡന്‍റ് പൊലീസ് പദ്ധതിയെക്കുറിച്ചോ വാചാലരാകുന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകില്ല. ബോധവത്കരണം നടത്താനാണ് ഉദ്ദേശ്യമെങ്കില്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അവിടെനിന്ന് തുടങ്ങണം ബോധവത്കരണം. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ബോധം വരുന്നത് രണ്ടുസ്ഥലങ്ങളില്‍ മാത്രമാണ്. ഒന്ന് കോവളത്തും മറ്റൊന്ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും. ഈ അവസ്ഥ മാറേണ്ടത് അത്യന്താപേക്ഷിതമാണ്.
ഡിജിറ്റല്‍ സംവിധാനങ്ങള്‍
കേസ് സംബന്ധിയായ റെക്കോഡുകള്‍ സൂക്ഷിക്കാന്‍ ശാസ്ത്രീയസംവിധാനങ്ങള്‍ ഒരുക്കണം. കേസ് ഡയറികള്‍ ചിട്ടയായും കാര്യക്ഷമമായും സൂക്ഷിക്കണം. ഇതിനു ഡിജിറ്റല്‍ സംവിധാനം നടപ്പാക്കണം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തിലും നമ്മുടെ കേസ് ഡയറി സംവിധാനം പൂര്‍ണമായും ഓണ്‍ലൈനായി മാറിയിട്ടില്ല.
പൊലീസുകാര്‍ എപ്പോഴും പരിശോധനാവിധേയമായിരിക്കണം. ബ്രിട്ടീഷുകാര്‍ പൊലീസ് സംവിധാനം കൊണ്ടുവന്നപ്പോള്‍ ഇന്‍സ്പെക്ഷന്‍ ആന്‍ഡ് വിസിറ്റ് എന്നീരണ്ടു കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തിരുന്നു. അതിനു വളരെയേറെ പ്രാധാന്യമുണ്ട്. കൃത്യമായ കാലയളവില്‍ മേലധികാരികള്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കണം. പ്രതിവര്‍ഷം ഒരു ഇന്‍സ്പെക്ടര്‍ ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ടുവട്ടം പരിശോധന നടത്തണം. ഒരു ഡിവൈ.എസ്.പി വര്‍ഷത്തില്‍ ഒരുതവണയും എസ്.പി രണ്ടുവര്‍ഷത്തില്‍ ഒരു തവണയും ഒരു പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരിക്കണം. അങ്ങനെ വരുമ്പോള്‍, ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏഴു പരിശോധനകള്‍ നടക്കും. 20 വര്‍ഷത്തിലേറെയായി പരിശോധന നടക്കാത്ത നിരവധി സ്റ്റേഷനുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. പൊലീസ് മാനുവലില്‍ പറയുന്നതുപോലുള്ള പരിശോധനകള്‍ മുറപ്രകാരം നടത്തിയേമതിയാകൂ. ഇപ്പറഞ്ഞകാര്യങ്ങള്‍ക്കൊന്നും ലക്ഷങ്ങളുടെ ബാധ്യത വരുന്നില്ല. കൃത്യമായ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശങ്ങളും മതിയാകും. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് ഇക്കാര്യങ്ങള്‍ നിഷ്പ്രയാസം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.
തയാറാക്കിയത് :  
എം.എസ്. അനീഷ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.