വിമാന ടിക്കറ്റ് നിരക്കില്‍ ഉയര്‍ന്നപരിധി അനിവാര്യം

ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്ക് ഇത് കൊയ്ത്തുകാലമാണ്. ഇന്ധനവിലയില്‍ ഉണ്ടായ ഭീമമായ തകര്‍ച്ചയുടെ ഫലമായി ലഭിക്കുന്ന കൊള്ളലാഭം മറച്ചുവെച്ച് യാത്രക്കാരെ കൂടുതല്‍ ചൂഷണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 50 ശതമാനം കുറവാണ് വിമാന ഇന്ധനവിലയിലുണ്ടായത്. അതേസമയം, ആഭ്യന്തര-വിദേശ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഗള്‍ഫ്രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തുച്ഛവരുമാനക്കാരായ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളക്ക് ഇരയാകുന്നതില്‍ ഭൂരിഭാഗവും. ഈ പകല്‍കൊള്ളക്ക് സ്വകാര്യ ഓപറേറ്റര്‍മാരോട് മത്സരിച്ച് നിരക്കുയര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസും തങ്ങളാലാവുന്ന ചൂഷണത്തിന് വട്ടം കൂട്ടുന്നു. ഈ വരുന്ന അവധിക്കാലത്ത് ഗള്‍ഫ്-കേരള സെക്ടറില്‍ ആറിരട്ടിവരെയാണ് നിരക്ക് വര്‍ധന. അതേസമയം , ഇക്കോണമി ക്ളാസിലുയര്‍ന്ന പരിധി അടിയന്തരമായി നിശ്ചയിക്കണമെന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. ഫലമോ, വിമാനക്കമ്പനികള്‍ ഒരു ദയാദാക്ഷിണ്യവുമില്ലാതെ അശാസ്ത്രീയമായ നിരക്ക് ഈടാക്കി കൊള്ളലാഭം വര്‍ധിപ്പിക്കുന്നു.

സ്കൂള്‍ അവധിക്കാലത്തും ഉത്സവസീസണുകളിലുമാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നത്. ആഭ്യന്തരയാത്രക്ക് സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയിലധികവും. ഗള്‍ഫ്മേഖലയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനക്കൂലിയില്‍ പതിന്മടങ്ങാണ് വര്‍ധന. നിരക്കുയര്‍ത്താന്‍ സ്വകാര്യ ഭീമന്മാര്‍ തയാറെടുക്കുമ്പോഴേ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും അത് നടപ്പില്‍ വരുത്തും. 1937ലെ എയര്‍ ക്രാഫ്റ്റ് റൂള്‍സും 1994ലെ എയര്‍ കോര്‍പറേഷന്‍ നിയമവും അനുസരിച്ച് ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വിസുകള്‍ താരിഫ് നിശ്ചയിക്കുമ്പോള്‍ ന്യായമായ ലാഭംമാത്രമേ ഈടാക്കാവൂവെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, വിമാന ഇന്ധനവിലയുടെ അമ്പരപ്പിക്കുന്ന കണക്കുകള്‍പറഞ്ഞ് സ്വകാര്യ-പൊതുകമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ അതിലിടപെടാന്‍ മടിച്ച് തൊടു ന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൈ കഴുകുന്നത് നിരാശാജനകമാണ്.

ആഗോളവിപണിയിലെ ഇന്ധനവില തകര്‍ച്ചയുടെ ഗുണഫലങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനോടൊപ്പം ആഭ്യന്തരവിപണിയിലെ ഇന്ധനവില കുറക്കാനും സര്‍ക്കാര്‍  നടപടി സ്വീകരിക്കണം. വിനോദസഞ്ചാരം, തൊഴില്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യന്‍ വ്യോമയാന വിപണിയോട് മത്സരിക്കുന്ന രാജ്യങ്ങളായ യു.എ.ഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാന ഇന്ധനവില ഇന്ത്യയിലേതിനേക്കാള്‍ 40 ശതമാനം കുറവാണ്. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കിലോ ലിറ്ററിന് യഥാക്രമം 840, 825 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ ഇന്ത്യയിലെ നിരക്ക് 1400 ഡോളറായിരുന്നു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്‍െറ 40-50 ശതമാനംവരെ ഇന്ധനവില ആണെന്നിരിക്കെ മത്സരവിപണികളോട് കിടപിടിക്കത്തക്ക വിലനിര്‍ണയത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ളെന്ന ദുരവസ്ഥയുടെ ഭാരംപേറേണ്ടത് സാധാരണ യാത്രക്കാര്‍ തന്നെ. വിമാന ഇന്ധനത്തിന് ധനകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ എക്സൈസ് തീരുവയില്‍ കുറവുവരുത്തുകയും വേണം. വിദൂരമല്ലാത്ത ഭാവിയില്‍ വിദേശരാജ്യങ്ങളിലേതുപോലെ എ.ടി.എഫിന് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) സീറോ ടാക്സേഷന്‍ എന്ന സാഹചര്യം ഇവിടെയും വരണം.

ജി.എസ്.ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങളുടെ നികുതിഘടനയില്‍ മാറ്റംവരുകയും രാജ്യമൊട്ടാകെ ഏകീകൃതനിരക്ക് നടപ്പില്‍വരുകയും ചെയ്യും. പക്ഷേ, 2013 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഒരു കിലോ ലിറ്റര്‍ എ.ടി.എഫിന് 74,204 രൂപയായിരുന്നത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 35,127 രൂപ വരെയത്തെി. പക്ഷേ, പകുതിയോളം ഇന്ധനവില കുറഞ്ഞിട്ടും ഗുണം യാത്രക്കാരന് ലഭിക്കുന്നില്ല. എയര്‍ ഇന്ത്യക്കു മാത്രം ഈ ഇനത്തില്‍ 900 കോടി രൂപയാണ് ലാഭമുണ്ടായത്. അപ്പോള്‍ സ്വകാര്യ വിമാന ഭീമന്മാര്‍ക്കുണ്ടായ ലാഭം ചിന്തിക്കാവുന്നതിലുമേറെയാണ്. ആഭ്യന്തരയാത്രകള്‍ക്കുപോലും നിയന്ത്രണമില്ലാത്ത നിരക്കാണ് സ്വകാര്യകമ്പനികള്‍ നടത്തുന്നത്. ഇതിലും എത്രയോ ഇരട്ടിയാണ് എയര്‍ ഇന്ത്യ വിദേശ ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന നിരക്ക്. ഇതൊരു പൊതുമേഖലാ കമ്പനിക്ക് യോജിച്ചതാണോയെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. സ്വകാര്യകമ്പനികള്‍ക്ക് നിരക്ക് നിര്‍ണയത്തിന് ദു$സ്വാതന്ത്ര്യം നല്‍കുന്ന രീതി മാറ്റണമെന്നും താഴ്ന്ന ക്ളാസുകളില്‍ ഈടാക്കുന്ന നിരക്കിന് ഉയര്‍ന്നപരിധി നിശ്ചയിക്കണമെന്നും പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിട്ടുപോലും ഫലമില്ല. ഗതാഗത-വിനോദസഞ്ചാര-സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യോമയാന മന്ത്രാലയത്തിന്‍െറ ധനാഭ്യര്‍ഥനക്കിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ ഉയര്‍ന്നപരിധി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍  അവസരംലഭിച്ചിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ നിരക്ക് നിശ്ചയിക്കുന്നതിലെ യുക്തിരാഹിത്യവും ഇന്ധനവില തകര്‍ച്ചയുടെ ഗുണം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യകതയും ചൂണ്ടിക്കാണിക്കാനായി.

ഒപ്പം ഗള്‍ഫ്-കേരള സെക്ടറില്‍ തുച്ഛവരുമാനക്കാരായ പ്രവാസികള്‍ അടക്കമുള്ള പാവങ്ങളോട് സ്വകാര്യകമ്പനികളും എയര്‍ ഇന്ത്യയും നടത്തുന്ന കൊള്ള, സഭയെ ബോധ്യപ്പെടുത്തി. ഈ വരുന്ന അവധി സീസണില്‍ കേരളത്തിലേക്കുള്ള നിരക്കില്‍ ആറിരട്ടിവരെയാണ് വര്‍ധനയെന്നും ഇതനുവദിക്കാനാവില്ളെന്നും സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍, ചര്‍ച്ചക്ക് മറുപടിപറഞ്ഞ വ്യോമയാനമന്ത്രി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചതേയില്ല. പ്രവാസിപ്രശ്നങ്ങളെ പാര്‍ലമെന്‍റില്‍പോലും അവഗണിക്കുന്ന ഈ സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിയും വന്നു.

ഈ അടുത്ത് ഗള്‍ഫ്രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികളെ കാണാനത്തെിയപ്പോള്‍ അവര്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉയര്‍ന്ന വിമാനനിരക്ക് പ്രശ്നം പരിഹരിക്കുമെന്നാണ് യു.എ.ഇ സന്ദര്‍ശനവേളയില്‍ അദ്ദേഹം പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍, ഗള്‍ഫ്മേഖലയിലെ ടിക്കറ്റ്കൊള്ള അവസാനിപ്പിക്കണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശത്തോട് പ്രതികൂലമായാണ് വ്യോമയാനമന്ത്രാലയം പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടില്‍തന്നെ പറയുന്നു.

നിരക്ക് നിയന്ത്രിക്കാനോ കുറക്കാനോ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന മന്ത്രാലയ നിലപാട് ഇതേ പാര്‍ലമെന്‍റ് കമ്മിറ്റിയെ അമ്പരപ്പിച്ചു. ആ അതൃപ്തി 231ാമത് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. നിയമപരമായും പ്രായോഗികമായുമുള്ള പരിമിതികള്‍ അറിയിക്കണമെന്ന് കമ്മിറ്റി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരോടുള്ള ഉത്തരവാദിത്തത്തില്‍നിന്നു ഒളിച്ചോടുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യങ്ങളാണ്? കോര്‍പറേറ്റുകളുടെ സര്‍ക്കാറെന്ന് മുമ്പേതന്നെ മുദ്രകുത്തപ്പെട്ട കേന്ദ്രസര്‍ക്കാറിനെ ഇല്ലായ്മക്കാരുടെ പ്രശ്നങ്ങള്‍ അലട്ടുന്നില്ല.

ശരാശരി 8000-12,000 രൂപക്ക് വിമാനക്കമ്പനികള്‍ വിറ്റുകൊണ്ടിരുന്ന ടിക്കറ്റുകള്‍ക്കാണ് അവധി പ്രമാണിച്ച് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗള്‍ഫിലെ പാവങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി പ്രവാസികളോട് വാഗ്ദാനത്തെക്കുറിച്ച് മറുപടി പറയണം. ശരാശരി ഗള്‍ഫ്മലയാളിയുടെ സമ്പാദ്യത്തെ ചൂഷണംചെയ്യുന്നതില്‍നിന്ന് എയര്‍ ഇന്ത്യയെ ആദ്യം സര്‍ക്കാര്‍ നിയന്ത്രിക്കണം. ഒപ്പം ഇന്ധനവിലത്തകര്‍ച്ചയിലൂടെ നേടുന്ന കൊള്ളലാഭത്തിന്‍െറ പ്രയോജനം യാത്രക്കാര്‍ക്ക് നല്‍കാന്‍ സ്വകാര്യ വിമാനക്കമ്പനികളെക്കൊണ്ട് തീരുമാനമെടുപ്പിക്കണം. ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസികളുള്ള കേരളത്തില്‍നിന്ന് ഏറ്റവും വലിയ തൊഴില്‍മേഖലയായ ഗള്‍ഫിലേക്ക് ഓപറേറ്റ് ചെയ്യുന്ന സര്‍വിസുകളില്‍ കച്ചവട താല്‍പര്യമല്ല മുന്‍പന്തിയില്‍ നില്‍ക്കേണ്ടതെന്ന് പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വരെ സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ധനവിലത്തകര്‍ച്ചയുടെ ഗുണം ഇന്ത്യയിലെ സാധാരണക്കാരനുകൂടി ലഭ്യമാകട്ടെ.
(പാര്‍ലമെന്‍റിന്‍െറ ഗതാഗത-വിനോദസഞ്ചാര സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും മുന്‍ വ്യോമയാനമന്ത്രിയുമാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.