അമേരിക്ക കണ്ണെറിയുന്നു; ഇതരരാജ്യങ്ങളുടെ പരമാധികാരത്തില്‍

ബ്രിഡ്ജ് ഓഫ് സ്പൈസ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിഭാഷകവേഷത്തിലാണ് ടോം ഹാങ്ക്സ് പ്രത്യക്ഷപ്പെടുന്നത്. സി.ഐ.എ പിടികൂടിയ ഒരു കമ്യൂണിസ്റ്റ് ചാരനുവേണ്ടി വാദിക്കാനായി കോടതിയിലത്തെിയ ഹാങ്ക്സ് അയാള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് ജഡ്ജിയോട് ആവശ്യപ്പെടുന്നു. എന്നാല്‍, ഈ നിര്‍ദേശം പാലിക്കാന്‍ താല്‍പര്യമില്ലാതെ ജഡ്ജി മറുചോദ്യം ഉന്നയിക്കുന്നു. ‘ഒരു ഒറ്റുകാരനെ സംരക്ഷിക്കാന്‍ എന്തിനിത്ര വ്യഗ്രതകാട്ടുന്നു?’ ഭാവിയില്‍ അമേരിക്കന്‍ ചാരന്മാര്‍ അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ പരസ്പര കൈമാറ്റത്തിനുള്ള കരുതല്‍ ലക്ഷ്യമിട്ടാണ് തന്‍െറ അഭ്യര്‍ഥനയെന്നായിരുന്നു ഹങ്ക്സിന്‍െറ മറുപടി.
ഭീകരതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചില ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നതിനുള്ള യു.എസ് അധികൃതരുടെ പുതിയ നീക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് ആ പഴയ ചലച്ചിത്ര കഥ ഓര്‍മയില്‍ വന്നണഞ്ഞത്. ചട്ടങ്ങളും നിയമവ്യവഹാരങ്ങളും കര്‍ക്കശമാക്കുമ്പോള്‍ വൈകാരികതക്കോ രാഷ്ട്രീയ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കോ സ്ഥാനം നല്‍കാതിരിക്കുക എന്ന സാമാന്യബോധത്തിന് ഊന്നല്‍ വേണം. എന്നാല്‍, ഇത്തരം കോമണ്‍സെന്‍സുകള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. ഭീകരതക്ക് ഒത്താശ നല്‍കുന്നതായി കരുതുന്ന വിദേശരാഷ്ട്രങ്ങള്‍ക്കെതിരെ നടപടിക്ക് ആഹ്വാനംചെയ്യുന്ന ജസ്റ്റിസ് എഗന്‍സ്റ്റ് സ്പോണ്‍സേഴ്സ് ഓഫ് ടെററിസം (ജെ.എ.എസ്.ടി.എ) എന്ന ചട്ടംതന്നെ ഉദാഹരണമായി പരിശോധിക്കാം. ആറുവര്‍ഷം മുമ്പായിരുന്നു ഇതുസംബന്ധമായ ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞമാസം ബില്ലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സാര്‍വദേശീയ തലത്തില്‍ വിവാദങ്ങള്‍ ഉണര്‍ത്തുകയുണ്ടായി. ബില്‍ പാസാക്കി കര്‍ശനമായി നടപ്പാക്കുന്നപക്ഷം അമേരിക്കയിലെ ആസ്തികള്‍ പിന്‍വലിക്കുമെന്ന ചില ഗള്‍ഫ്രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെ ജെ.എ.എസ്.ടി.എ ലോകശ്രദ്ധ കവര്‍ന്നെടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബില്‍ പാസായാല്‍ വീറ്റോ ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ യു.എസ് സഭക്ക് മുന്നറിയിപ്പുനല്‍കി.
9/11 ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലായിരുന്നു ജെ.എ.എസ്.ടി.എ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടത്. 9/11 ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ ചില ഗള്‍ഫ്രാജ്യങ്ങളും അവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും സഹായിച്ചിരുന്നതായി ഇരകളുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍, ഇത്തരം വാദങ്ങള്‍ അമേരിക്കയിലെ ഓരോ കോടതിയും തള്ളിക്കളയുകയായിരുന്നു. അമേരിക്കയില്‍ അരങ്ങേറിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏതെങ്കിലും വിദേശ പരമാധികാര രാജ്യങ്ങളുടെ തലയില്‍ കെട്ടിയേല്‍പിക്കാന്‍ വയ്യെന്ന് കോടതികള്‍ ചൂണ്ടിക്കാട്ടി. ഫോറിന്‍ സോവറിന്‍ ഇമ്യൂണിറ്റി ആക്ട് (എഫ്.എസ്.ഐ.എ) ഭീകരവിരുദ്ധ നിയമം, അന്താരാഷ്ട്ര ചട്ടങ്ങള്‍ എന്നിവ ഉദ്ധരിച്ചാണ് അഭിഭാഷകരുടെ വാദങ്ങളെ കോടതികള്‍ തള്ളിയത്.
അനിഷ്ട സംഭവങ്ങളില്‍ വിദേശപരമാധികാര രാഷ്ട്രങ്ങളെയോ അവയുടെ സംവിധാനങ്ങളെയോ ഉപവിഭാഗങ്ങളെയോ കോടതി കയറ്റുമ്പോള്‍ പാലിക്കേണ്ട ഉപാധികള്‍ വിശദീകരിക്കുന്ന എഫ്.എസ്.ഐ.എ ചട്ടം ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്‍റായിരിക്കെ 1976ലാണ് ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കേസുകളില്‍നിന്ന് വിദേശ പരമാധികാര രാഷ്ട്രങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ട്. എന്നാല്‍, നിശ്ചിത ഉപാധികള്‍ ലംഘിക്കപ്പെട്ടാല്‍ ഈ പരിരക്ഷക്ക് ആ രാജ്യം അര്‍ഹമല്ലാതായിത്തീരും. ഈ ചട്ടത്തെ കൂട്ടുപിടിച്ച് സെപ്റ്റംബര്‍ സംഭവത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ കേസില്‍ കുരുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ് അമേരിക്കയില്‍. എന്നാല്‍, ഇതുസംബന്ധമായ വാദങ്ങള്‍ യു.എസ് കോടതികള്‍ നിരാകരിച്ചു. ഭീകരനിരോധ ചട്ടപ്രകാരം വിദേശ രാജ്യങ്ങള്‍ക്ക് സാമ്പത്തികബാധ്യത അടിച്ചേല്‍പിക്കാനുള്ള തന്ത്രങ്ങളും പരാജയപ്പെട്ടു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ജെ.എ.എസ്.ടി.എ വഴി വീണ്ടും വിദേശരാജ്യങ്ങളില്‍നിന്ന് നഷ്ടപരിഹാരം വസൂലാക്കാനുള്ള തന്ത്രങ്ങളാണ് കൗശലക്കാരായ അഭിഭാഷകര്‍ വഴി അവലംബിക്കപ്പെട്ടത്. കളി പാതിയാകുമ്പോള്‍ ഗോള്‍ പോസ്റ്റുകള്‍ മാറ്റി നിശ്ചയിക്കുന്നതിന് തുല്യമായ സൂത്രമാണിത്. ചട്ടത്തിന്‍െറ പ്രത്യാഘാതങ്ങള്‍ക്ക് പരിഗണനനല്‍കാതെ വൈകാരികതയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ചില സാമാജികര്‍ നടത്തുന്ന വങ്കത്തങ്ങള്‍ അമേരിക്കയുടെ തന്നെ വിശാല താല്‍പര്യങ്ങള്‍ക്കാകും ഗുരുതരമായ ആഘാതങ്ങള്‍ സമ്മാനിക്കുക.
എല്ലാ പരമാധികാര രാജ്യങ്ങളും ഇതര രാജ്യങ്ങളിലെ കോടതികളില്‍ വിസ്തരിക്കപ്പെടുന്നതില്‍നിന്ന് നിയമപരിരക്ഷ അനുഭവിക്കാം എന്നത് സാര്‍വദേശീയ ചട്ടങ്ങളിലെ സാമാന്യനിയമം മാത്രമാണ്. ഈ മര്യാദ സര്‍വ രാജ്യങ്ങളും പാലിച്ചുവരുന്നു. 1812ല്‍ ഒരു സുപ്രധാന വിധിയില്‍ യു.എസ് സുപ്രീംകോടതി ഈ നിയമപരിരക്ഷാ തത്ത്വത്തിന് അംഗീകാരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പുതിയ ആഗോളീകരണ ലോകക്രമം സംജാതമായ സാഹചര്യത്തില്‍ രാഷ്ട്രങ്ങളുടെ പരമാധികാരം എന്ന സങ്കല്‍പത്തിന് മങ്ങലേല്‍ക്കുന്നതായി അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വ്യാപാരത്തിന്‍െറ വളര്‍ച്ച, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അവബോധത്തിന്‍െറ വ്യാപനം തുടങ്ങിയവയും രാഷ്ട്ര പരമാധികാര സങ്കല്‍പത്തിന്‍െറ പ്രാധാന്യതക്കുമേല്‍ നിഴല്‍ വീഴ്ത്തുന്നു.
പരമാധികാരത്തിന്‍െറ പരിമിതീകരണം പുതിയ ലോക പ്രവണതയായി മാറിയ സാഹചര്യം മുതലെടുത്ത് സെപ്റ്റംബര്‍ 11ലെ ഇരകള്‍ക്ക് വിദേശരാജ്യങ്ങളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് ഉചിതമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ചോദ്യത്തിന് അമേരിക്കന്‍ അസിസ്റ്റന്‍റ് അറ്റോണി ജനറല്‍ ജാക് ഗോള്‍ഡ് സ്മിത്തും ഡ്യൂക് യൂനിവേഴ്സിറ്റി പ്രഫസര്‍ കുര്‍ട്ടിസ് ബ്രാഡ്ലിയും നല്‍കുന്ന ഉത്തരം ശ്രദ്ധേയമാണ്. ‘ഇതരരാജ്യങ്ങള്‍ക്ക് കല്‍പിച്ചിരുന്ന പരമാധികാരാവകാശം വെട്ടിക്കുറക്കാന്‍ അമേരിക്ക തീരുമാനിക്കുന്നപക്ഷം അമേരിക്ക അനുഭവിച്ചുവരുന്ന പരമാധികാരത്തില്‍ കുറവുവരുത്താന്‍ വിദേശ രാഷ്ട്രങ്ങളും മുതിരുമെന്ന് തീര്‍ച്ചയാണ്’. ഇതിനകം ക്യൂബ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ പരമാധികാര രാജ്യമെന്ന നിലയിലുള്ള  അമേരിക്കയുടെ നിയമപരിരക്ഷ (ഇമ്യൂണിറ്റി) വെട്ടിക്കുറക്കുന്ന ചട്ടം ആവിഷ്കരിച്ചു കഴിഞ്ഞു.
സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള നിയമനിര്‍മാണങ്ങള്‍ ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന യാഥാര്‍ഥ്യം അമേരിക്ക തിരിച്ചറിയേണ്ടതുണ്ട്. ഒരാളുടെ കണ്ണില്‍ ഭീകരവാദിയായി കാണപ്പെടുന്ന വ്യക്തി അപരവീക്ഷണത്തില്‍ സ്വാതന്ത്ര്യപ്പോരാളി ആകാം. വൈകാരികതയല്ല, വിവേകമാണ് കോണ്‍ഗ്രസിലെ സാമാജികര്‍ക്ക് പ്രേരണയാകേണ്ടത്. ‘വിദേശ പരമാധികാര പരിരക്ഷ’ എന്ന വിഭാവന ഏതു രാജ്യത്തേക്കാളും ഉതകുന്നത് അമേരിക്കക്കുതന്നെയെന്ന യാഥാര്‍ഥ്യവും അമേരിക്കക്കാര്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു. അവസാനമായി ശീതയുദ്ധത്തെ ആധാരമാക്കി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനംചെയ്ത ബ്രിഡ്ജ് ഓഫ് സ്പൈസിന്‍െറ അന്തരംഗം പ്രതിപാദിക്കാം. ടോം ഹാങ്ക്സിന്‍െറ ശക്തമായ വാദങ്ങള്‍ക്കൊടുവില്‍ വിദേശചാരനെ മരണശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ ജഡ്ജ് ഉത്തരവിടുന്നു. ഏതാനും  വര്‍ഷങ്ങള്‍ കഴിയവെ ശത്രുരാജ്യത്ത് അറസ്റ്റിലായ രണ്ടു യു.എസ് ചാരന്മാരെ മോചിപ്പിക്കാനുള്ള മധ്യസ്ഥതക്ക് സി.ഐ.എ ഹാങ്ക്സിന്‍െറ സഹായമാണ് തേടിയത്.  കമ്യൂണിസ്റ്റ് ചാരനെ കൈമാറി ഹാങ്ക്സ്  രണ്ടു അമേരിക്കക്കാരെയും മോചിപ്പിക്കുന്നു.
നിയമ വിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍
അമേരിക്കയിലെ ഇന്ത്യാനയിലെ വാള്‍പറസ്
സര്‍വകലാശാലയില്‍ നിയമാധ്യാപകനാണ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.