യേ ഗലിസ്താന്‍ ഹമാര ഹമാര

റമദാന്‍ എത്താന്‍ ഇനിയും ഒരു മാസമുണ്ട്. പക്ഷേ, ചങ്ങാതിമാരിലൊരാള്‍ ഇപ്പോഴേ ബേജാറാവുന്നു -‘ഓഖ്ലയിലെ സുഹൃത്തുക്കള്‍ നോമ്പുതുറക്ക് വിളിക്കുമ്പോള്‍ എങ്ങനെ പോകും പോവാതിരിക്കും... അവരുടെ സ്നേഹംനിറഞ്ഞ ക്ഷണം തള്ളാനാവില്ല. പക്ഷേ, കുണ്ടും കുഴിയും പൊടിയും നിറഞ്ഞ തുറന്ന ഓടകളും ഇടുങ്ങിയ ഗലികളും താണ്ടി എത്തുമ്പോള്‍ പാതിജീവന്‍ പോകും. അവിടത്തെ ഗലികളില്‍ കാണുന്ന കുഞ്ഞു മുഖങ്ങള്‍ കാണുമ്പോള്‍ മനസ്സ് പൂര്‍ണമായും ചത്തുപോകും.’  എന്നിട്ടും ഓഖ്ലയിലേക്കുള്ള ബസുകളും ഫട്ഫട് വണ്ടികളും തിങ്ങിനിറഞ്ഞ് പായുന്നു. ഇവിടെ വീടുകള്‍ വാങ്ങാനും വാടകക്കെടുക്കാനും ആളുകള്‍ തിക്കുകൂട്ടുന്നു. കാരണമെന്തെന്ന് ആലുവ സ്വദേശി ഡോ. റീം ശംസുദ്ദീനോടു ചോദിക്കണം.
ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് പഠനഗവേഷണം കഴിഞ്ഞ് ഡല്‍ഹി സര്‍വകലാശാലക്കുകീഴിലെ ഒരു കോളജില്‍ അധ്യാപികയായി എത്തിയതാണ് റീം. കാഴ്ചശക്തിയില്ല, ഇച്ഛാശക്തിയാണ് കൈമുതല്‍. കൂട്ടുകാര്‍ ചെന്ന് കോളജിനടുത്ത് ഒരുവീട് പറഞ്ഞുറപ്പിച്ചു. പൂര്‍ണമായും കാഴ്ചയില്ലാത്ത ആളെന്ന കാര്യവും ധരിപ്പിച്ചു. വീട്ടുടമക്ക് സമ്മതം. പക്ഷേ, താമസത്തിന് ചെന്നപ്പോഴാണ് വാടകക്കാരിയുടെ ജാതിയും മതവും തിരിച്ചറിയുന്നത്. വര്‍ഗീയതയുടെ തിമിരംമൂത്ത വീട്ടുകാര്‍ ഒരു പരിഗണനയും നല്‍കാതെ ആട്ടിയിറക്കി. പിന്നീട് ദൂരെ ഒരുവീട്ടില്‍ താമസം ശരിയാക്കിയെടുത്തു. തന്‍െറ ദുരനുഭവം ഒരു വിഡിയോ സന്ദേശത്തിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ധരിപ്പിച്ചു. ഡല്‍ഹിയില്‍ ഒരാള്‍ക്കും ജാതിയുടെയും മതത്തിന്‍െറയും നിറത്തിന്‍െറയും ലിംഗത്തിന്‍െറയും പേരില്‍ വീടോ മാന്യതയോ നിഷേധിക്കപ്പെടരുത് എന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പക്ഷേ, യാത്രാസൗകര്യത്തിനുവേണ്ടി മറ്റൊരു വീട്ടിലേക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ മുമ്പത്തേക്കാള്‍ ക്രൂരമായനിലയില്‍ ഇതേ ആട്ടിപ്പായിക്കല്‍ ആവര്‍ത്തിച്ചു. വിദ്യാര്‍ഥിനികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും താമസ സൗകര്യം നല്‍കുന്ന ആ വീട്ടിലെ മറ്റൊരു അന്തേവാസി ബനാറസില്‍നിന്നുള്ള ഉയര്‍ന്നജാതിക്കാരിയാണെന്നും അവര്‍ക്ക് ഈ  മുസ്ലിംസ്ത്രീ കഴിക്കുന്ന  ഭക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടേക്കില്ളെന്നുമായിരുന്നു ഉടമസ്ഥര്‍ പറഞ്ഞ കാരണം. സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമം എന്നുപോലും ആദ്യതവണ ആക്ഷേപംകേട്ട ഓര്‍മയില്‍ ഇക്കുറി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞില്ല, മാധ്യമങ്ങളോട് പ്രതികരിച്ചുമില്ല. ഒരു ന്യൂനപക്ഷ വനിതാസാംസ്കാരിക സംഘടന നടത്തുന്ന ഹോസ്റ്റലില്‍ താല്‍ക്കാലിക താമസസൗകര്യം സംഘടിപ്പിച്ച് മാറി. മതേതര സമത്വസുന്ദര ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഒട്ടേറെ റീമുമാര്‍ ദിനേന നേരിടുന്നുണ്ട് സമാനമായ വിവേചനം. വീടു തരാമെന്നേറ്റയാള്‍ വാക്കുമാറ്റിയപ്പോള്‍ ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകയോട് ഉടമ പറഞ്ഞ മറുപടി 21ാം നൂറ്റാണ്ടിന്‍െറ ഇതിഹാസമാണ്. ‘വീടുനോക്കാന്‍ വന്നപ്പോഴേ തലയില്‍ ഷാള്‍ കണ്ടിരുന്നു. പക്ഷേ, വെയിലുകാരണം ഇട്ടതാവുമെന്നാണ് കരുതിയത്. ഇപ്പോള്‍ വാടകക്കരാര്‍ എഴുതാന്‍ രേഖകള്‍ തന്നപ്പോഴാണ് ഞങ്ങള്‍ക്ക് ‘കാര്യം’ മനസ്സിലായത്. നിങ്ങളുടെ ആളുകള്‍ അധികവും ഓഖ്ലയിലും ജുമാമസ്ജിദ് ഭാഗത്തുമല്ളേ താമസിക്കുന്നത്, അവിടെ വീട് നോക്കിക്കൂടേ’. ഇടക്കിടെ ആട്ടിയിറക്കപ്പെടാന്‍ താല്‍പര്യവും ഇത്തരം സദുപദേശങ്ങള്‍ കേള്‍ക്കാന്‍ സമയവുമില്ലാത്തതിനാല്‍ രാജ്യത്തിന്‍െറ പലഭാഗങ്ങളില്‍ നിന്നുവരുന്ന ന്യൂനപക്ഷ സമുദായക്കാരായ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഓഖ്ലയിലും അതുപോലുള്ള പ്രദേശങ്ങളിലും വീടു തിരക്കുന്നു. ആവശ്യക്കാര്‍ ഏറുന്നതോടെ ഗലികളിലെ ശ്വാസംമുട്ടലും വര്‍ധിക്കുന്നു. രാജ്യമൊട്ടുക്കും ഇ-കോമേഴ്സും വാതില്‍പടി വിതരണവും നടത്തുന്ന കമ്പനികള്‍ക്ക് ഈ പ്രദേശങ്ങളില്‍ സേവനം നല്‍കാന്‍ താല്‍പര്യം കുറവാണ്. കുടിവെള്ളത്തിന്, വൈദ്യുതിക്ക്, വിലയില്‍ കുറവും സ്വാദില്‍ ഏറ്റവുമുള്ള വഴിയോര ഭക്ഷണങ്ങള്‍ സുലഭമാണെന്നൊഴിച്ചാല്‍ മറ്റ് അവശ്യസൗകര്യങ്ങള്‍ക്കെല്ലാം മുട്ടുണ്ട്. എന്നാലും ആളുകള്‍ ഇവിടെ വീടുതേടിപ്പോകുന്നു.
ഭവന അവകാശം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ലീലാനി ഫര്‍ഹ കഴിഞ്ഞമാസം ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരുഭാഗത്ത് അംബരചുംബികളായ പാര്‍പ്പിടസമുച്ചയങ്ങള്‍ ഉയരുകയും പത്രപ്പരസ്യങ്ങളിലൂടെ താമസക്കാരെ ആദരപൂര്‍വം ക്ഷണിക്കുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് വീടിനായി ദലിതുകളും മുസ്ലിംകളും ഒറ്റക്കു താമസിക്കുന്ന സ്ത്രീകളും വിധവകളും നേരിടേണ്ടിവരുന്ന ദുരന്തത്തെക്കുറിച്ചാണ് സന്ദര്‍ശനശേഷം അവര്‍ക്കു പറയാനുണ്ടായിരുന്നത്.  
നമ്മള്‍ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും അമൃത നഗരങ്ങളെക്കുറിച്ചും പറയുമ്പോള്‍ ഒട്ടും സ്മാര്‍ട്ടല്ലാത്ത ചില സത്യങ്ങളും ഓര്‍മിക്കേണ്ടതുണ്ട്. 2010-15 കാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് രണ്ടര ലക്ഷം പേരാണ് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് ഇരയായത്. കൊണാട് പ്ളേസിനടുത്ത ബാബാ കടക് സിങ് മാര്‍ഗില്‍ വഴിയോരത്ത് മൂന്നു പതിറ്റാണ്ടായി താമസിച്ചിരുന്ന കുടുംബങ്ങളെ ഇറക്കിവിട്ട് അവിടെ അലങ്കാരപ്പൂച്ചെട്ടികള്‍ സ്ഥാപിച്ചു. നിയമവിരുദ്ധ താമസക്കാര്‍ എന്നു പറഞ്ഞാണ് ഒഴിപ്പിച്ചത്. അതേ സര്‍, തരിമണ്ണ് സ്വന്തമായില്ലാത്തവര്‍ പാതിരാനേരം വഴിയോരത്ത് കിടന്നുറങ്ങുന്നത് മാത്രമാണ് നിയമവിരുദ്ധം. അവരുടെ മേല്‍ യന്ത്രക്കാറുകള്‍ കയറ്റിയിറക്കി പാഞ്ഞുപോകുന്നതും വാതിലില്ലാക്കൂരയില്‍ കടന്നുകയറി ലൈംഗികാതിക്രമം നടത്തുന്നതുമെല്ലാം നാട്ടുനടപ്പുമാത്രം.
ഹം ബുല്‍ ബുലേ ഹെ ഇസ്കി, യേ ഗുല്‍സിതാന്‍ ഹമാര എന്നു പാടിയ വിശ്രുത കവിവര്യന്‍ അല്ലാമാ ഇഖ്ബാലിന് ജിബ്രീലിന്‍െറ ചിറകിലേറ്റി സ്വര്‍ഗദ്വീപിലേക്ക് ഒരു ശിക്വാ സന്ദേശമയക്കണം. പൂങ്കാവനവും വാനമ്പാടികളും മാത്രമല്ല, ഗലികളും ഗെറ്റോകളും അവിടെമാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട കാക്കകളും റൂഹാന്‍ കിളികളുമുണ്ട് ഇപ്പോള്‍ ഈ നാട്ടിലെന്ന്. ഇവിടമിപ്പോഴൊരു ഗലിസ്താനായി മാറിയെന്ന്.

1. ശിക്വ (ആവലാതി):
ഇഖ്ബാലിന്‍െറ കൃതി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.