വികാരതരളിതന്‍

മനോവിഷമം, സങ്കടം, നിരാശ ഇത്യാദിയായ വികാരങ്ങള്‍ മനുഷ്യര്‍ക്കു പറഞ്ഞിട്ടുള്ളതാണല്ളോ. സങ്കടം വന്നാല്‍ പൊട്ടിക്കരയുന്നതാണ് മനുഷ്യന്‍െറ പതിവ്. ആണുങ്ങള്‍ കരയുന്നത് മാനക്കേടാണെന്നാണ് പൊതുവെ കരുതുന്നത്.  ആ ധാരണ ഒരു ആണ്‍കോയ്മാ നിര്‍മിതിയാണ് എന്നൊക്കെ ഫെമിനിസ്റ്റ് സൈദ്ധാന്തികര്‍ പറഞ്ഞേക്കും. എന്നാല്‍, കരച്ചില്‍ വന്നാല്‍ കരയുന്നതുതന്നെയാണ് നല്ലത്. അത് ആണായാലും പെണ്ണായാലും. കരയാതെ മസിലുപിടിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. കരഞ്ഞാലോ, കാര്യമുണ്ടുതാനും. കണ്ണുകള്‍ കര്‍ക്കടകംപോലെ പെയ്യുമ്പോള്‍ മനസ്സിലുള്ള സങ്കടങ്ങള്‍ ഒഴുകിപ്പോവുമെന്ന് അനുഭവസമ്പന്നര്‍ പറഞ്ഞിട്ടുണ്ട്. പരമോന്നത കോടതിയിലെ മുഖ്യ ന്യായാധിപന്‍ തിരാത് സിങ് ഠാകുര്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞപ്പോള്‍ ഈ ന്യായങ്ങളൊന്നും കേട്ടില്ല. എല്ലാവരും ന്യായാധിപനെ കുറ്റപ്പെടുത്തുകയായിരുന്നു. ആളൊരു ആണാണ്. അതുകൊണ്ട് കരയാന്‍ പാടില്ല. പിന്നെയോ ഇത്രയുംവലിയ പദവിയിലിരിക്കുന്ന നിയമജ്ഞന്‍. അപ്പോള്‍ തീരെ കരയാന്‍പാടില്ല. നിയമം പഠിച്ചാല്‍ മനുഷ്യവികാരങ്ങള്‍ മറന്നുപോവുമെന്ന് ധരിച്ചുവശായ അല്‍പബുദ്ധികളാണ് ചീഫ് ജസ്റ്റിസിന്‍െറ കരച്ചിലിനെ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതെ കുറ്റപ്പെടുത്തുന്നത്.
രാജ്യത്തിന്‍െറ 43ാമത്തെ ചീഫ് ജസ്റ്റിസ് ആണ്. വയസ്സിപ്പോള്‍ 63. വികാരവിക്ഷോഭങ്ങള്‍ക്ക് എളുപ്പം വഴിപ്പെടുന്ന പ്രായം. പ്രധാനമന്ത്രിയുടെ മുന്നില്‍നിന്ന് പരാധീനതകള്‍ പറഞ്ഞ് കരഞ്ഞുപോയി. എക്സിക്യൂട്ടിവ് നല്ളോണം നോക്കുന്നില്ല എന്നു പറഞ്ഞ് ജുഡീഷ്യറി കരഞ്ഞത് വലിയ കാര്യമാക്കാനില്ലായിരുന്നു. പക്ഷേ, ജനാധിപത്യം സമഗ്രാധിപത്യമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആ കരച്ചിലിന് വ്യാഖ്യാനങ്ങള്‍ കുറെയേറെ ഉണ്ടായി. ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് മുന്നിലിങ്ങനെ തലകുനിച്ച് കരയണമെങ്കില്‍ ഇവിടെ പുലരുന്നത് ഫാഷിസം തന്നെയല്ളേ എന്ന് വര്‍ണ്യത്തിലാശങ്ക തോന്നിയവര്‍ ഏറെയുണ്ടായിരുന്നു.
സംഭവം നടന്നത് സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തില്‍. 10 ലക്ഷം പേര്‍ക്ക് 10 ജഡ്ജിമാര്‍ എന്നത് ലോ കമീഷന്‍ 1987 തൊട്ട് ആവശ്യപ്പെടുന്ന കാര്യമാണ്. ഇന്നുവരെ അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായിട്ടില്ല. ഇപ്പോഴുള്ളത് 21,000 ജഡ്ജിമാരാണ്. അത് 40,000 ആക്കണം. പരാതികളുടെ മലവെള്ളപ്പാച്ചിലിനനുസരിച്ച് നടപടിയെടുക്കാന്‍ ആളുവേണം. അത് രാജ്യത്തിന്‍െറ വികസനത്തിനും ആവശ്യമാണ്. മോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ പോലുള്ള വികസനപരിപാടികള്‍ നേരാംവണ്ണം നടക്കണമെങ്കില്‍ ആവശ്യത്തിനു ജഡ്ജിമാര്‍ വേണം. ബിസിനസ് എളുപ്പത്തില്‍ നടക്കണമെങ്കില്‍ കേസുകളൊക്കെ എളുപ്പം തീര്‍പ്പാക്കിക്കൊടുക്കണം. ഇങ്ങനെയൊക്കെ പറഞ്ഞുവരുമ്പോഴേക്കും തൊണ്ടയിടറി. വേദനകള്‍ വിങ്ങിയ തൊണ്ടയില്‍ വാക്കുകള്‍ നഷ്ടമായി. ഇങ്ങനെയൊരു വിഷയത്തില്‍ കരയുന്ന ഒരുപക്ഷേ, ലോകത്തിലെ ആദ്യ വ്യക്തിയായി. ഇവിടെ ശ്രദ്ധിക്കേണ്ടത് ചീഫ് ജസ്റ്റിസിന്‍െറ സ്വരമാണ്. അതിലെ ലജ്ജാരഹിതമായ വിധേയത്വമാണ്. ജഡ്ജിമാരുടെ എണ്ണം കൂട്ടേണ്ടത് മോദിയുടെ വികസനപരിപാടികള്‍ നടപ്പാക്കാന്‍ അത്യാവശ്യമാണ് എന്നൊക്കെ സോപ്പിട്ട് പറയുന്നതിലെ കീഴടങ്ങലാണ്. ഒരാവശ്യം ഉന്നയിക്കുകയായിരുന്നില്ല. മറിച്ച്, യാചിക്കുകയായിരുന്നു. താണുകേണ് വണങ്ങുകയായിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ കാണില്ല പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യ ന്യായാധിപന്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന ഇത്തരമൊരു നിശ്ചലചിത്രം. അങ്ങനെ സ്വയമൊരു ചരിത്രവസ്തുകൂടിയായി തീര്‍ന്നിരിക്കുകയാണ് തിരാത് സിങ് ഠാകുര്‍ എന്ന ന്യായാധിപന്‍.
ഈ വിധേയത്വം പ്രദര്‍ശിപ്പിക്കുന്ന ചരിത്രസന്ദര്‍ഭം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ജുഡീഷ്യറിയും എക്സിക്യൂട്ടിവും തമ്മില്‍ അധികാരവടംവലി നടക്കാന്‍ തുടങ്ങിയത് മോദി വന്നതിനുശേഷമാണ്. ജഡ്ജിമാരുടെ നിയമനങ്ങള്‍ സംബന്ധിച്ചായിരുന്നു തര്‍ക്കം. നേരത്തേ ഉണ്ടായിരുന്ന കൊളീജിയം സംവിധാനം എടുത്തുമാറ്റിയാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ ആക്ട് കൊണ്ടുവന്നത്. അത് റദ്ദാക്കിയ സുപ്രീംകോടതി  കൊളീജിയം സംവിധാനം പുന$സ്ഥാപിച്ചു. കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ ആക്ട് വിജ്ഞാപനംചെയ്യുകയും കൊളീജിയം സംവിധാനം ഇല്ലാതാവുകയും ചെയ്തതോടെ ജുഡീഷ്യറിയും എക്സിക്യൂട്ടിവും തമ്മിലുള്ള ഒൗപചാരിക ബന്ധങ്ങള്‍ വഷളായിരുന്നു. പുതിയ നിയമപ്രകാരം ജഡ്ജിമാരുടെ നിയമനങ്ങളില്‍ സര്‍ക്കാറിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ ജുഡീഷ്യറിയെ ചൊല്‍പ്പടിക്കുനിര്‍ത്താനുള്ള സമഗ്രാധിപത്യ നടപടിയായിക്കൂടി ചില കുബുദ്ധികളും മാധ്യമങ്ങളും സര്‍ക്കാറിന്‍െറ നീക്കത്തെ കണ്ടു. ഭരണഘടനാബെഞ്ച് പുതിയ നിയമത്തിനെതിരായ പരാതികളില്‍ തീര്‍പ്പാക്കുന്നതുവരെ അതുസംബന്ധിച്ച ചര്‍ച്ചായോഗങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു വിസമ്മതിക്കുകയും ചെയ്തു. ഒക്ടോബറില്‍ സുപ്രീംകോടതി ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ നിയമം റദ്ദാക്കിയതോടെ പുനരുജ്ജീവിപ്പിക്കപ്പെട്ട കൊളീജിയം ജഡ്ജിമാരെ നിയമിക്കാന്‍ നടപടിതുടങ്ങി. പക്ഷേ, സര്‍ക്കാര്‍ ഇതിനോട് സഹകരിച്ചില്ല. കഴിഞ്ഞ രണ്ടുമാസമായി 169 നിയമന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്‍െറ മുന്നില്‍ കാത്തുകെട്ടിക്കിടക്കുകയാണ്. തന്‍െറ ക്ഷമകെടുന്നുവെന്ന് പൊതുജനമധ്യത്തില്‍ ഠാകുര്‍ പലതവണ സൂചന നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ജഡ്ജി 70 കേസുകള്‍ ഒരു ദിവസം കേള്‍ക്കണം. വിധി തീരുമാനിക്കാന്‍ കിട്ടുന്നത് അഞ്ചു മിനിറ്റ്.
ജമ്മു-കശ്മീരാണ് ജന്മനാട്. രംബാന്‍ ജില്ലയിലെ ബാത്രൂ ഗ്രാമത്തില്‍ 1952 ജനുവരി നാലിന് ജനനം. മുന്‍ ജമ്മു-കശ്മീര്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും അസം ഗവര്‍ണറുമൊക്കെയായിരുന്ന ദേവിദാസ് ഠാകുര്‍ ആണ് പിതാവ്. ജമ്മു-കശ്മീര്‍ ഹൈകോടതി ജഡ്ജിയുമായിരുന്നു അദ്ദേഹം. 1972 ഒക്ടോബറില്‍ പ്ളീഡര്‍ ആയി എന്‍റോള്‍ ചെയ്ത് പിതാവിന്‍െറ ചേംബറിലത്തെി. 1990ല്‍ സീനിയര്‍ അഡ്വക്കറ്റായി. 1994 ഫെബ്രുവരി 16ന് ഹൈകോടതി അഡി. ജഡ്ജിയായി. മാര്‍ച്ചില്‍ കര്‍ണാടക ഹൈകോടതി ജഡ്ജി. 1995ല്‍ ആണ് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2004 ജൂലൈയില്‍ ഡല്‍ഹി ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. 2008 ഏപ്രിലില്‍ അവിടെ ആക്ടിങ് ചീഫ്ജസ്റ്റിസ് ആയി. അതേ വര്‍ഷം ആഗസ്റ്റില്‍ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് ആയി. 2009 നവംബറില്‍ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഗുജറാത്ത് നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ വിസിറ്റര്‍കൂടിയാണ്.
ഐ.പി.എല്ലിലെ വാതുവെപ്പിന്‍െറ പേരില്‍ ആരോപണമുയര്‍ന്നതിന്‍െറ പശ്ചാത്തലത്തില്‍ ബി.സി.സി.ഐ പരിഷ്കരിക്കണമെന്ന സുപ്രധാനവിധി പ്രസ്താവിച്ചു. ശാരദ കുംഭകോണം എന്നറിയപ്പെടുന്ന ശതകോടികളുടെ ചിട്ടിഫണ്ട് തട്ടിപ്പിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതും ഠാകുര്‍ തലവനായ ബെഞ്ച് ആണ്. അടുത്ത ജനുവരിയില്‍ സ്ഥാനം ഒഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.