എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് അല്ല?

അമേരിക്കയില്‍ ജീവിക്കുന്ന മലയാളി കഥാകൃത്ത് സി.എം.സി വിവര്‍ത്തനം ചെയ്ത പ്രശസ്ത യിദ്ദിഷ് എഴുത്തുകാരനായ ഷോളോം അലൈഹാമിന്‍െറ ‘ഇരകള്‍’ എന്ന കഥയില്‍ ഒരു കോഴിയോട് ഇങ്ങനെ പറയുന്നുണ്ട്. ‘നിന്നെ നയിച്ചു. നിന്നെ തീറ്റി. നീയും തടവില്‍. നിന്നെ വൈകാതെ വറുക്കും.’ ഇവിടെയുള്ള കുടിയേറ്റക്കാരോടും മുസ്ലിംകളോടും കറുത്തവരോടും ഡൊണാള്‍ഡ് ട്രംപ് എന്ന അമേരിക്കന്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഏറക്കുറെ പറയുന്നതും ഇങ്ങനെ തന്നെയാണ്. അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടേണ്ടത് ഒരു ഏകാധിപതിയല്ളെന്ന് പ്രസിഡന്‍റ് സ്ഥാനത്തിനായി മത്സരരംഗത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ പാര്‍ട്ടി റാലികളില്‍ തുറന്നടിക്കുന്നതും വെറുതെയല്ല.

ശതകോടീശ്വരനായ ട്രംപ് ഇവിടെ തെരഞ്ഞെടുപ്പ് രംഗത്ത് ചില ‘ട്രിക്കുകള്‍’ പുറത്തെടുക്കുന്നുണ്ട് എന്നുള്ളത് നേരാണ്. ന്യൂയോര്‍ക്കിലെ ഫിഫ്ത്ത് അവന്യൂവിലുള്ള ട്രംപ് ടവറില്‍ ചെന്നുനോക്കിയാല്‍ അവിടെ സന്ദര്‍ശകരുടെ തിരക്കാണ്. ട്രംപ് ബ്രാന്‍ഡുള്ള സാധനങ്ങളും സുലഭം. അവിടെ നിന്നുള്ള എസ്കലേറ്ററില്‍ നിന്നിറങ്ങിക്കൊണ്ടാണ് മെക്സിക്കന്‍ കുടിയേറ്റക്കാര്‍ ബലാത്സംഗക്കാരും കുറ്റവാളികളുമാണെന്ന് ട്രംപ് വിളിച്ചുപറഞ്ഞത്. 58 നിലകളുള്ള ടവറിലെ ഒരു അപ്പാര്‍ട്മെന്‍റിനു വില 20 മില്യണ്‍ ഡോളറിന് മുകളിലാണ്. അത്ലാന്‍റിക് സിറ്റിയില്‍ ട്രംപ് താജ്മഹല്‍ കസിനോ റിസോര്‍ട്ട് കൊട്ടാരംപോലെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇവിടെ ആയിരക്കണക്കിന് അമേരിക്കക്കാര്‍ ഭാഗ്യം പരീക്ഷിക്കുന്നു ഓരോ ദിവസവും. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ട്രംപിനും ഒരു ഭാഗ്യപരീക്ഷണമാണ്.

‘ട്രംപ് ജയിക്കാന്‍ പോകുന്നില്ല’- ഇവിടെ പഠിച്ച് ഇവിടെ വര്‍ഷങ്ങളായി ജീവിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള കവി കെ.സി. ജയന്‍ പറയുന്നു. റിപ്പബ്ളിക്കന്‍സ് തന്നെ ട്രംപിന് എതിരാണ്. ട്രംപ് യഥാര്‍ഥത്തില്‍ റിപ്പബ്ളിക്കനല്ല, റിപ്പബ്ളിക്കന്‍സിനെ ഹൈജാക്ക് ചെയ്ത ആളാണ്. വലിയ കോടീശ്വരനാണെങ്കിലും ഹിലരിയെപ്പോലെ ഫണ്ട് റെയ്സ് ചെയ്യാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ല. 43 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉണ്ടാക്കാന്‍ ഹിലരിക്ക് ഏറെ വിയര്‍ക്കേണ്ടിവന്നിട്ടില്ല. ട്രംപിനാകട്ടെ ആകെ 1.3 മില്യണേ ഉണ്ടാക്കാനായിട്ടുള്ളൂ. വര്‍ഷങ്ങളായി ഗ്രീന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവര്‍പോലും പറയുന്നത് ട്രംപ് തോല്‍ക്കണമെന്നാണ്.

കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും ‘ബൈബ്ള്‍ ബെല്‍ട്ടു’മൊക്കെ കൂടെ കൊണ്ടുനടക്കുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ സാധ്യത കുറവാണ്. കുറെ കോര്‍പറേറ്റിവ് സി.ഇ.ഒമാരുടെ ‘ബിഗ് മൗത്ത് ബഫൂണ്‍’ മാത്രമാണെന്ന് ചിന്തിക്കുന്ന അമേരിക്കക്കാര്‍ തിരിച്ചറിയും. രണ്ടു അമേരിക്കയുണ്ട്. ടൈം സ്ക്വയറിലെ ഉന്മാദ സന്ധ്യകളില്‍ ശരീരം പെയിന്‍റ് ചെയ്ത് നഗ്നരായി നടക്കുന്ന യുവതീ-യുവാക്കളെ കാണാം. ഹെറാള്‍ഡ് സ്ക്വയറില്‍ നടുറോഡില്‍ ശരീരത്തില്‍ വലിയ വളയങ്ങളിട്ട് നൃത്തം ചെയ്യുന്ന യുവതികള്‍. ഏറെ അകലെയല്ലാതെ ന്യൂയോര്‍ക് തെരുവില്‍ വലിയ ബോര്‍ഡുമായിരിക്കുന്ന യാചകരെയും കാണാം. ‘ഇവിടെ ഗാര്‍ബേജില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ പെറുക്കിത്തിന്നുന്ന മനുഷ്യരെ ഞാന്‍ ന്യൂയോര്‍ക്കില്‍ കണ്ടിട്ടുണ്ടെന്ന് കഥാകാരനായ സി.എം.സി. ട്രംപ് ഒരു ‘ഒൗദ്യോഗിക രാഷ്ട്രീയക്കാരന’ല്ലാത്തതുകൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും അമേരിക്കയിലുണ്ട്.

കുടിയേറ്റക്കാര്‍ക്കെതിരെ വലിയവായില്‍ ആക്രോശിക്കുന്ന ട്രംപിന്‍െറ അമ്മ സ്കോട്ടിഷ്കാരിയും ഭാര്യ സ്ലൊവീനിയക്കാരിയുമാണെന്നത് തമാശക്ക് വക നല്‍കുന്നു. ഹിലരി ക്ളിന്‍റന്‍െറ മുന്നില്‍ അടിയറവ് പറയാനായിരിക്കുമോ ട്രംപ് എന്ന ഡംഭുകാരന്‍െറ വിധി?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.