കശ്മീരിലെ ധ്രുവീകരണം ആര്‍ക്കുവേണ്ടി?

വര്‍ഗീയ കാലുഷ്യം കശ്മീരില്‍ ഇത്ര രൂക്ഷമായ ഘട്ടം മുമ്പുണ്ടായിട്ടില്ല. വിഭജനകാലത്ത് ആയിരക്കണക്കിന് മുസ്ലിംകള്‍ കശ്മീരില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോഴോ 2002ല്‍ ഗുജറാത്തില്‍ ദാരുണമായി വംശഹത്യ അരങ്ങേറിയപ്പോള്‍പോലുമോ കശ്മീരിനെ വര്‍ഗീയതയുടെ അലകള്‍ വ്യാപകമായ തോതില്‍ ബാധിച്ചിരുന്നില്ല. വിരമിച്ച സൈനികര്‍ക്ക് കശ്മീരില്‍ കോളനികള്‍ സ്ഥാപിക്കാനുള്ള പദ്ധതി, അഭിനവ് ഗുപത്യാത്ര, പണ്ഡിറ്റുകള്‍ക്കായി പ്രത്യേക കോളനി സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ കശ്മീരിന്‍െറ വര്‍ഗീയവത്കരണം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വര്‍ഗീയ വിദ്വേഷങ്ങള്‍ ധൂമിലമാക്കിയ അന്തരീക്ഷത്തിന് കൂടുതല്‍ അഗ്നി പകരാന്‍ ബോളിവുഡില്‍ അംഗീകാരവും പണിയും നഷ്ടപ്പെട്ട ചില കഥാപാത്രങ്ങളും സംസ്ഥാനത്ത് വിഹാരം തുടങ്ങിയിരിക്കുന്നു.

രാഷ്ട്രീയ ദുരാഗ്രഹങ്ങള്‍മൂലം മുന്‍പിന്‍ നോക്കാതെ ഈ വിഭാഗം മുന്‍വിധികളും പക്ഷപാതിത്വവും കലര്‍ന്ന പ്രസ്താവനകള്‍ അടിക്കടി പുറത്തുവിടുകയും ചെയ്യുന്നു. സംസ്ഥാനം വിട്ട പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സംസ്ഥാനത്തുനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ പഞ്ചാബി കുടുംബങ്ങള്‍, മുസ്ലിംകള്‍ തുടങ്ങിയവരും ഇതേ പുനരധിവാസം അര്‍ഹിക്കുന്നു. പണ്ഡിറ്റുകള്‍ക്ക് താമസിക്കാന്‍ പ്രത്യേക കോളനികളും മേഖലകളും സജ്ജീകരിക്കണമെന്ന വാദം അപകടകരമായ പ്രവണതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പണ്ഡിറ്റുകള്‍ക്കും മുസ്ലിംകള്‍ക്കും സിഖുകാര്‍ക്കും ഒരേ പൊതു ഇടങ്ങള്‍ എന്തുകൊണ്ട് പങ്കിട്ടുകൂടാ. മൊഹല്ലകളിലും തെരുവുകളിലും ഗ്രാമങ്ങളിലുമെല്ലാം എല്ലാ കശ്മീരികളും ഒന്നിച്ച് സഹകരണബോധത്തോടെ സൗഹാര്‍ദജീവിതം നയിച്ച ചരിത്രം അവകാശപ്പെടാനുണ്ട് കശ്മീര്‍ ജനതക്ക്. ഒരുമയുടെ ഈ സുഭഗാന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ സങ്കുചിതമനസ്കരായ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ചരടുവലികളാണ് കശ്മീരിലെ ഇപ്പോഴത്തെ ധ്രുവീകരണങ്ങളുടെയും ചേരിവത്കരണങ്ങളുടെയും പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍.

ഏതെങ്കിലും ഒരു സമുദായത്തിനുവേണ്ടി മാത്രം പ്രത്യേകം ടൗണ്‍ഷിപ്പോ കോളനിയോ സ്ഥാപിക്കുന്നതിന്‍െറ പ്രത്യാഘാതം എന്താകുമെന്ന് ഒരു നിമിഷം ആലോചിച്ചുനോക്കുക. ഇന്ത്യയുടെ എല്ലാ നഗരങ്ങളിലെയും ന്യൂനപക്ഷങ്ങളെ അരക്ഷിതബോധം വേട്ടയാടുന്നു എന്നത് പുതുമയുള്ള വാര്‍ത്തയല്ല. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക കോളനികളോ ചേരികളോ പണിതുയര്‍ത്തുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമോ? നിലവിലെ അസമത്വങ്ങളും സമ്പര്‍ക്ക വിടവുകളും കൂടുതല്‍ മൂര്‍ച്ഛിക്കാനേ അത്തരം പദ്ധതികള്‍ വഴിയൊരുക്കൂ എന്ന് ബോധ്യപ്പെടാന്‍ സാമാന്യയുക്തിപോലും ആവശ്യമില്ല.
പണ്ഡിറ്റുകള്‍ക്ക് പ്രത്യേക കോളനി ആവശ്യമാണെന്ന് നിര്‍ദേശിക്കുന്ന രാഷ്ട്രീയക്കാര്‍ ഈ നടപടി ദേശീയോദ്ഗ്രഥനത്തിനും ഒരുമക്കും മൈത്രിക്കും വിഘാതമാണെന്ന യാഥാര്‍ഥ്യത്തിനുനേരെ കണ്ണടക്കാന്‍ ശ്രമിക്കുകയാണ്. കശ്മീരിലെ ഏതൊരു വ്യക്തിയോടും നിങ്ങള്‍ ഈ പ്രശ്നം ആരായുക. അത്തരമൊരു ചേരീകരണം ആവശ്യമില്ളെന്ന മറുപടിയാകും നിങ്ങള്‍ക്ക് ലഭിക്കുക.

പണ്ഡിറ്റുകളുടെ മടങ്ങിവരവിനെ സര്‍വാത്മനാ സ്വാഗതം ചെയ്യാന്‍ ഹുര്‍റിയത് നേതാക്കള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അബ്ദുല്‍ ഗനി ലോണ്‍, യാസീന്‍ മാലിക്, അബ്ദുല്‍ ഗനി ഭട്ട് തുടങ്ങിയവര്‍ ഉള്‍പ്പെടെ ഇതുസംബന്ധമായി നിരവധി ഹുര്‍റിയത് പ്രതിനിധികളുമായി ഞാന്‍ ആശയവിനിമയം നടത്തുകയുണ്ടായി. പണ്ഡിറ്റുകള്‍ അഭിമുഖീകരിക്കുന്ന വൈഷമ്യങ്ങളില്‍ ആത്മാര്‍ഥമായി ദു$ഖം പ്രകടിപ്പിച്ച ഈ നേതാക്കള്‍ അവരുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുകയാണ്.

2001ല്‍ ശ്രീനഗര്‍ സന്ദര്‍ശിക്കെയാണ് ഞാന്‍ അബ്ദുല്‍ ഗനി ലോണുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. ശ്രീനഗറില്‍ വൈകീട്ട് വാര്‍ത്താസമ്മേളനത്തിന് എത്തുമ്പോള്‍ കാണാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍ ആ ദിവസം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. വീട്ടുതടങ്കലില്‍ ലോണുമായി ഏതാനും മിനിറ്റ് ഫോണില്‍ സംസാരിക്കാന്‍ സാധിച്ചു. അദ്ദേഹം പറഞ്ഞു: ‘1990കളില്‍ ഗവര്‍ണറായിരുന്ന ജഗ്മോഹന്‍ വിതച്ച ഭീതിയുടെ ബീജങ്ങളാണ് പണ്ഡിറ്റുകളെ ആശങ്കാകുലരാക്കിയത്. മുസ്ലിംകള്‍ ഭീകരന്മാരാണെന്ന ചിന്തയാണ് ജഗ്മോഹന്‍ ജനങ്ങളിലേക്ക് പകര്‍ന്നത്. എന്നാല്‍, ഞങ്ങള്‍ സംസ്ഥാനം വിടേണ്ടതില്ളെന്ന് പണ്ഡിറ്റുകളെ ഉപദേശിച്ചിരുന്നു. ബുദ്ധന്മാര്‍ക്കുവേണ്ടിയോ ഹിന്ദു പണ്ഡിറ്റുകള്‍ക്കുവേണ്ടിയോ മുസ്ലിംകള്‍ക്കുവേണ്ടിയോ സംസ്ഥാനത്തെ തട്ടുകളായി തിരിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.’

പണ്ഡിറ്റുകള്‍ക്കും മുസ്ലിംകള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കുമിടയില്‍ ഭേദംകല്‍പിക്കാതെ കശ്മീരില്‍ ജനിച്ച സകല പൗരന്മാരെയും തുല്യമായി ഉള്‍ക്കൊള്ളുന്ന കശ്മീരാണ് തന്‍െറ ലക്ഷ്യമെന്ന് ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലികും സംഭാഷണമധ്യേ എന്നെ അറിയിച്ചിരുന്നു. വിഭാഗീയ സങ്കുചിതശക്തികള്‍ മാത്രമാണ് കശ്മീരില്‍ ധ്രുവീകരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ഗൂഢാലോചന നടത്തിവരുന്നതെന്ന് ചുരുക്കം. ഭൂമുഖത്തെ ഏറ്റവും സുന്ദരമായ ഈ മേഖലയെ നിലക്കാത്ത സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടാനേ അത് ഉതകൂ എന്നാണ് കശ്മീരിലെ സമകാല പ്രവണതകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.