തോല്‍ക്കാത്ത നേതാക്കളുടെ തൊലിപ്പുറ ചികിത്സകള്‍

തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പാര്‍ട്ടി കുത്തുപാള എടുത്തെങ്കിലും സ്വന്തം ന്യായവാദങ്ങള്‍ ജയിച്ചെന്ന സന്തോഷത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഉദാഹരണത്തിന് കെ. ബാബുവിന്‍െറ കാര്യമെടുക്കാം. സര്‍ക്കാര്‍ തുടങ്ങിവെച്ച മദ്യനയം തെറ്റാണ്, മണ്ടത്തമാണെന്ന് ബാബു എവിടെയെല്ലാം വാദിച്ചുനോക്കി! ആരും കേട്ടില്ല. മദ്യപന്മാരത്തെന്നെ കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കുമെന്ന മട്ടിലാണ് പാര്‍ട്ടിയെ നയിക്കാന്‍ ഹൈകമാന്‍ഡ് കണ്ടത്തെിയ ‘ചിലര്‍’ പെരുമാറിപ്പോന്നത്. എന്നിട്ടെന്തായി? ബാര്‍ ലൈസന്‍സുകൊണ്ട് വിളവെടുക്കാന്‍ കഴിഞ്ഞില്ല; മദ്യനയം യു.ഡി.എഫിനെ രക്ഷിച്ചതുമില്ല. പരാജയം മണത്തിട്ടില്ലാത്ത തൃപ്പൂണിത്തുറയില്‍ വെള്ളം ചേര്‍ക്കാത്ത തോല്‍വിയുടെ സ്പിരിറ്റാണ് ബാബു മണത്തത്. ഭരണംപോയാലും പാര്‍ട്ടിയെയും ചില പാര്‍ട്ടിക്കാരെയും പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞതിന്‍െറ സന്തോഷം ബാബുവിന് ചില്ലറയല്ല.

ഉമ്മന്‍ ചാണ്ടിയുടെ കാര്യം നോക്കുക. വികസനവും കരുതലുമൊക്കെ തുലഞ്ഞു പോയെങ്കിലും അദ്ദേഹത്തിനും തോല്‍വിയില്‍ ചിരിക്കാതെ വയ്യ. ഭരണത്തുടര്‍ച്ചയുടെ ലക്ഷണങ്ങള്‍ മാനത്തു കണ്ട നേരത്താണ്, വി.എം. സുധീരനാണ് ശരിയെന്ന് ഹൈകമാന്‍ഡിനു തോന്നിയത്. ആ ഹൈകമാന്‍ഡിനെയും മുട്ടുകുത്തിച്ച് മന്ത്രിമാരില്‍ ഒരാള്‍ക്കും സീറ്റ് കിട്ടാതെ പോകുന്നില്ളെന്ന് ഉറപ്പാക്കാനുള്ള ഡല്‍ഹിയിലെ പങ്കപ്പാടുകളുടെ കിതപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എങ്കിലും, ആദര്‍ശബാധിതരായ സുധീരനും ആന്‍റണിയും ഹൈകമാന്‍ഡുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ പ്രായോഗിക രാഷ്ട്രീയവാദത്തിനു മുന്നില്‍ കമഴ്ന്നടിച്ചു വീണു. പറഞ്ഞതൊക്കെ വിഴുങ്ങി അടൂര്‍ പ്രകാശിനെയും കെ. ബാബുവിനെയുമൊക്കെ ജയിപ്പിക്കാന്‍ ആദര്‍ശവാദികള്‍ മണ്ഡലത്തിലിറങ്ങി. വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രം തുറന്നപ്പോള്‍ കോണ്‍ഗ്രസിന് മാര്‍ക്ക് 140ല്‍ 22. പത്തിലൊന്നു മാര്‍ക്കോ പ്രതിപക്ഷ നേതൃസ്ഥാനമോ കിട്ടാതെപോയ ലോക്സഭാ തെരഞ്ഞെടുപ്പ് ഹൈകമാന്‍ഡാണ് നയിച്ചത്. അത്തരക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ശിക്ഷിക്കാന്‍ എന്തവകാശം? അതും പോരാഞ്ഞ്, ഒരു പദവിയും ഏറ്റെടുക്കാത്ത സര്‍വസംഗപരിത്യാഗിയെ മെരുക്കാനുള്ള വഴിയാണ് ഹൈകമാന്‍ഡ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

അങ്ങനെയെല്ലാം ഉമ്മന്‍ ചാണ്ടി ജയിച്ചുനില്‍ക്കുന്നതിന്‍െറ അര്‍ഥം വി.എം. സുധീരന്‍ തോറ്റെന്നാണോ? യഥാര്‍ഥത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലം സുധീരന്‍െറ നിലപാടുകളുടെ വിജയമാണ്. താന്‍ തെളിച്ച വഴിയേ പാര്‍ട്ടിയും നേതാക്കളും പോയിരുന്നെങ്കില്‍ ആദര്‍ശബോധവും വിവേകവുമുള്ള മലയാളികള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വോട്ടുചെയ്തേനെയെന്ന് അദ്ദേഹം പറയും. വിവാദം ഒഴിയാബാധയായിരുന്നതുകൊണ്ട്, വിവാദ മന്ത്രിമാരെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് സുധീരന്‍ പറഞ്ഞത്. രാഹുല്‍ഗാന്ധിയുടെ നോമിനിയെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തിരുത്തി, സഹിച്ചു മുന്നോട്ടുപോകുന്നു എന്നതിനപ്പുറം, ആദര്‍ശത്തിന്‍െറ പുരപ്പുറ പ്രസംഗമൊന്നും വേണ്ടെന്ന മട്ടിലാണ് ‘എ’യും ‘ഐ’യും അജഗളസ്തനങ്ങളായ ഇതര ഗ്രൂപ്പുകാരുമൊക്കെ അതിനെതിരെ തീ തുപ്പിയത്. സുധീരനോടുള്ള കണക്കു തീര്‍ക്കുന്നത് തെരഞ്ഞെടുപ്പാനന്തരമാകാമെന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. ഒരു ബെന്നി ബഹനാനെ മാറ്റിനിര്‍ത്താനുള്ള കരുത്തിനപ്പുറമൊന്നും കെ.പി.സി.സി പ്രസിഡന്‍റിനില്ളെന്ന പുച്ഛവുമായി കളത്തിലിറങ്ങിയ നേതാക്കള്‍ക്ക് ഇപ്പോള്‍ എന്തുണ്ട് പറയാന്‍?

ഇവര്‍ക്കിടയില്‍ ചെന്നിത്തലയുണ്ടോ തോറ്റു? 22ലേക്ക് കൂപ്പുകുത്തിയപ്പോഴെങ്കിലും നിയമസഭയില്‍ പാര്‍ട്ടിയുടെ നേതാവ് ആരാവേണ്ടിയിരുന്നുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ വിജയസ്മിതമാണ് ചെന്നിത്തലയുടേത്. 2021ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തിലുള്ള അവ്യക്തത പാര്‍ട്ടി ഇപ്പോള്‍ത്തന്നെ നീക്കിയതില്‍ ചെന്നിത്തല കേരളത്തിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. അവരാണല്ളോ, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഇമ്മാതിരി എടുത്തെറിഞ്ഞത്. ന്യൂനപക്ഷ മുഖമുള്ള മന്ത്രിസഭയുമായി മുന്നോട്ടു പോകുന്നതിലെ അപകടം മുന്നില്‍ക്കണ്ടാണ് ഭൂരിപക്ഷ സമുദായക്കാരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് വരാന്‍ പാകത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം നടക്കണമെന്ന് ചെന്നിത്തല പണ്ടേ വാദിച്ചുപോന്നത്. ഒരു രഹസ്യം വെളിപ്പെടുത്താമെങ്കില്‍, ആ വാദം യഥാര്‍ഥത്തില്‍ ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയായിരുന്നില്ല! കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു. അന്നേരം ആരും അത് കേട്ടില്ല. മന്ത്രിസ്ഥാനമല്ല, മുഖ്യമന്ത്രിസ്ഥാനമാണ് യു.ഡി.എഫിന്‍െറ ന്യൂനപക്ഷ സെറ്റപ്പില്‍ ചെന്നിത്തലക്ക് കിട്ടേണ്ടിയിരുന്നതെന്ന് പാര്‍ട്ടിയില്‍ ഇന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, ചെന്നിത്തല അവരോട് കടപ്പെട്ടിരിക്കുന്നു. ഐ-എ ഗ്രൂപ്പുകളുടെ എം.എല്‍.എ അനുപാതം 13:9 എന്ന ക്രമത്തിലായിക്കിട്ടിയതിന്‍െറ കടപ്പാട് അന്യത്ര.

സരിതയും ബാറും ആനമയിലൊട്ടക സര്‍ക്കസുമൊക്കെയായുള്ള ഉമ്മന്‍ ചാണ്ടിയുടെ പോക്ക് ഞാണിന്മേല്‍ കളിയാണെന്ന് കാലാകാലങ്ങളില്‍ ഓര്‍മപ്പെടുത്തുകയും അതിനൊടുവില്‍ പ്രവചനം സത്യമാണെന്നു തെളിയിക്കപ്പെടുകയും ചെയ്തതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ് എ.കെ. ആന്‍റണി. മൂന്നുവട്ടം മൊഴിചൊല്ലി കേരളം വിട്ടെങ്കിലും ഡല്‍ഹിയിലിരുന്ന് സാകൂതം കേരളഭരണം നോക്കിക്കാണുന്ന ഹൈകമാന്‍ഡ് റിപ്പോര്‍ട്ടറാണ് ആന്‍റണി. എല്ലാവരും ഒത്തുപിടിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ആന്‍റണി ഉറച്ചുപറഞ്ഞു. അത്തരമൊരു ഒത്തുപിടിക്കല്‍ നടപ്പുള്ള കാര്യമല്ളെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്തു. കരുണാകരന്‍-ആന്‍റണി പോരു കണ്ടുവളരുകയും, അതിനിടയില്‍ തനിക്കൊപ്പം ജീവിക്കുകയും ചെയ്ത കോണ്‍ഗ്രസുകാരോടും വിശിഷ്യാ, ഉമ്മന്‍ ചാണ്ടിയോടുമെല്ലാം ഹൈകമാന്‍ഡിന്‍െറ സ്വന്തം പ്രതിനിധിയെന്ന ബലം ഉപയോഗിച്ച് നല്ലനടപ്പ് ഉപദേശിക്കാനുള്ള ത്രാണിയേ ആന്‍റണിക്കുള്ളൂ. അതു ചെയ്തു. പാര്‍ട്ടി തോറ്റെങ്കിലെന്ത്? കാലത്തിന്‍െറ ചുവരെഴുത്ത് വായിക്കുന്നതില്‍ ആന്‍റണി വിജയിക്കുകതന്നെ ചെയ്തു.

വിജയശ്രീലാളിതരായി നില്‍ക്കുന്ന ഈ കേരള നേതാക്കള്‍ക്കു മുന്നില്‍ തോല്‍വിയുടെ ജാള്യം പേറി കഴിയുന്നത് ഹൈകമാന്‍ഡാണ്. രാഹുലിന്‍െറ വയസ്സിനൊത്ത് ലോക്സഭയിലെ അംഗബലം മാറിമറിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഹൈകമാന്‍ഡിന്‍െറ പൊതുസ്ഥിതി അങ്ങനെതന്നെയാണ്. ബി.ജെ.പിയുടെ കോണ്‍ഗ്രസ്മുക്ത ഭാരത മുദ്രാവാക്യത്തിനിടയില്‍, പാര്‍ട്ടിയുടെ കരുത്ത് ഉയര്‍ത്തിക്കാട്ടാന്‍ കെല്‍പുള്ള ബി.ജെ.പിമുക്ത സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഇത്രമേല്‍ ആഗ്രഹിക്കുകയും ആവശ്യമായിരിക്കുകയും ചെയ്ത കാലമില്ല. അതുണ്ടാകുമെന്നു കിട്ടിയ ഉറപ്പും പ്രതീക്ഷകളും വെറുതെയായി. പക്ഷേ, ഹൈകമാന്‍ഡിനു മുന്നില്‍ സംസ്ഥാന നേതാക്കള്‍ വിറച്ചു നില്‍ക്കുന്ന കാലം പോയി, ആരെയും ശരിപ്പെടുത്താനും അനുസരിപ്പിക്കാനും കെല്‍പില്ലാത്ത ലോ കമാന്‍ഡായി നേതൃത്വം രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനിടയില്‍ കേരളം കിട്ടണമെന്ന ഒറ്റ മോഹംവെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാദ മന്ത്രിമാര്‍ക്കെല്ലാം സീറ്റ് കൊടുത്തത്. കേരളത്തില്‍ ആദര്‍ശമാണ് കൂടുതല്‍ വേവുന്നതെന്ന കാഴ്ചപ്പാടിലാണ് അതിനുമുമ്പ് വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റാക്കിയത്.

ന്യൂനപക്ഷ കേന്ദ്രീകൃതമല്ളെന്ന് വരുത്താനാണ് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയത്. പക്ഷേ, എല്ലാറ്റിനുമൊടുവില്‍ ഹൈകമാന്‍ഡ് തോറ്റു.
കേരളത്തില്‍ ഭരണം കൈവിട്ടുപോവുക മാത്രമല്ല സംഭവിച്ചത്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന് ഇന്ന് അധികാരമില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും കേരളം ഭരിക്കുന്ന സി.പി.എമ്മിനുമിടയില്‍ കേഡര്‍ പാര്‍ട്ടിയല്ലാത്ത, അധികാരമില്ലാത്ത, കോണ്‍ഗ്രസുകാര്‍ അവശരാണ്. കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ഒതുങ്ങിയതിനൊപ്പം നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുകകൂടി ചെയ്തിരിക്കേ, ഈ അവശത ബി.ജെ.പി അവസരമാക്കാന്‍ സാധ്യത ഏറെയാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കിട്ടിയ സീറ്റിന്‍െറ നാലിലൊന്നും സംഭാവനചെയ്ത സംസ്ഥാനം കൊച്ചുകേരളമാണെങ്കില്‍, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്‍കൂട്ടിക്കണ്ട് കേരളത്തില്‍ കോണ്‍ഗ്രസിന് പരമാവധി പരിക്കേല്‍പിക്കാനുള്ള മുന്നൊരുക്കമാണ് ബി.ജെ.പി നടത്തുന്നത്. മുന്‍കാല പ്രവചനങ്ങളില്‍നിന്നു ഭിന്നമായി, കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച കൂടുതല്‍ പരിക്കേല്‍പിക്കുന്നത് സി.പി.എമ്മിനെക്കാള്‍ കോണ്‍ഗ്രസിനെയാണെന്ന് വോട്ടുകണക്കുകളില്‍ തെളിയിക്കുന്നുമുണ്ട്. സ്വന്തമായി ജയിക്കാന്‍ കെല്‍പില്ളെങ്കിലും, കോണ്‍ഗ്രസിന്‍െറ ജയസാധ്യതകളെ പലേടത്തും തകര്‍ക്കാന്‍ പറ്റുന്ന വിധമുള്ള ബി.ജെ.പി വളര്‍ച്ച തടഞ്ഞുനിര്‍ത്തുന്നത് എങ്ങനെയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത്.

ഫലത്തില്‍, തോല്‍വിക്കുശേഷമുള്ള മുന്നോട്ടുപോക്കിന് തൊലിപ്പുറ ചികിത്സ പോരാ. പാര്‍ട്ടിയില്‍ ഒരുമവേണം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുന്ന ആസൂത്രിതനീക്കം വേണം. യുവാക്കളും സ്ത്രീകളും അടക്കമുള്ള വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പിയാഭിമുഖ്യ ചിന്താഗതി പടരാതെ, വോട്ടുബാങ്ക് സംരക്ഷിക്കണം. ഭൂരിപക്ഷം ബി.ജെ.പിയോട് അടുക്കുന്ന സാഹചര്യം തടയണം. ന്യൂനപക്ഷ മുഖമുണ്ടായിട്ടും ന്യൂനപക്ഷ വോട്ട് എല്‍.ഡി.എഫിലേക്ക് ഒഴുകിയ സ്ഥിതി മാറ്റിയെടുക്കണം. ദേശീയതലത്തില്‍ നേരിടുന്ന ദൗര്‍ബല്യങ്ങള്‍ ബാധിക്കപ്പെടാതെ, പാര്‍ട്ടിക്കുള്ളിലും വോട്ടുബാങ്കിലും വിശ്വാസം വളര്‍ത്തണം. ഇങ്ങനെ വിഷയഗൗരവം വര്‍ധിച്ചുനില്‍ക്കുന്നതിനിടെയാണ്, സംസ്ഥാനത്തെ നേതൃത്രയങ്ങള്‍ പാര്‍ട്ടി അണികളെ കൂടുതല്‍ നിരാശരാക്കുകയും നാണംകെടുത്തുകയും ചെയ്യുന്നത്. സുധീരന്‍ മാറണം, ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനാകണം എന്നിങ്ങനെ തൊലിപ്പുറ ചികിത്സകളെക്കുറിച്ചാണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. തലമാറ്റംകൊണ്ടോ നോമിനേഷന്‍കൊണ്ടോ പരിഹരിക്കാവുന്നത്ര ലളിതമല്ല കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെന്ന് തിരിച്ചറിയുന്ന മുന്‍നിര നേതാക്കള്‍തന്നെയാണ് ഗ്രൂപ്പടിസ്ഥാനത്തില്‍ മുന്നേറുന്നത്. അവരെ ഒന്നിച്ചിരുത്തി ചര്‍ച്ചനടത്താന്‍ ഡല്‍ഹിക്ക് വിളിച്ച ഹൈകമാന്‍ഡിന്, വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞ് കൂടുതല്‍ നാറ്റിക്കരുതെന്ന അഭ്യര്‍ഥനക്കപ്പുറം എന്തുചെയ്യാന്‍ കഴിയും?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.