ഡല്‍ഹി സംഗീതഭരിതമായിരുന്ന ദിനങ്ങള്‍

ആ നല്ല നല്ല ദിനങ്ങള്‍ ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം. സര്‍വരുടെയും ഗൃഹാതുരതയാണ് പഴയ നല്ലകാലം. പറന്നകന്ന ആ സുന്ദരമുഹൂര്‍ത്തങ്ങള്‍ വീണ്ടെടുക്കാനാകില്ളെങ്കിലും വീണ്ടും നാം ആ ഓര്‍മകളുടെ മലര്‍മഞ്ചലുകളിലേറാന്‍ മോഹിച്ചുകൊണ്ടിരിക്കുന്നു. അവയുടെ ആര്‍ദ്രമധുരത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ മുങ്ങിപ്പോകുന്നു.

തലസ്ഥാനനഗരിയിലെ എംബസി മന്ദിരങ്ങള്‍ ഒരുകാലത്ത് സംഗീതസദിരുകളാല്‍ നിര്‍ഭരമായിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളുടെ എംബസികളായിരുന്നു മിക്കപ്പോഴും ഇത്തരം മെഹ്ഫിലുകള്‍ക്ക് ആതിഥ്യമരുളിയത്. ഖത്തര്‍ നയതന്ത്ര പ്രതിനിധി ഹസന്‍ അലി ആതിഥ്യം നല്‍കിയ ദ്രുപദ് കച്ചേരിയുടെ സ്മരണ ഇപ്പോഴും എന്‍െറ ഹൃദയത്തില്‍ പച്ചപിടിച്ചുനില്‍ക്കുന്നുണ്ട്. സംഗീതത്തെ അഗാധമായി സ്നേഹിക്കുന്ന ഹസന്‍ അലി പതിവായി ഇത്തരം കച്ചേരികള്‍ക്ക് മുന്‍കൈ എടുത്തു. ഇറാഖ്, ലിബിയ, ജോര്‍ഡന്‍, ലബനാന്‍, അല്‍ജീരിയ തുടങ്ങിയ അറബ്-ആഫ്രിക്കന്‍ ദേശങ്ങളുടെ പ്രതിനിധികളും തലസ്ഥാനനഗരിയിലെ സംഗീതസഭകള്‍ക്കും സാഹിത്യസംവാദങ്ങള്‍ക്കും മുന്‍കൈ എടുക്കുകയുണ്ടായി.

ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ അറബ് ലീഗ് ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുപോലും അറിയില്ല. വഴിപാടുപോലെ ആഫ്രിക്കന്‍ ദിനം ഇപ്പോഴും ആചരിക്കപ്പെടുന്നുണ്ട്. എന്നാല്‍, വംശവെറി ഇന്ത്യക്കാരെയും ഗ്രസിച്ചിരിക്കുന്നു. ആഫ്രിക്കക്കാരെ അപരവത്കരിക്കുന്നതിലാണ് പുതുതലമുറ ആനന്ദം കണ്ടത്തെുന്നത്. അതേസമയം, കടുത്ത സംഘര്‍ഷങ്ങളുടെ ബന്ധനത്തിലാണ് ഗള്‍ഫ്നാടുകള്‍. ബാഹ്യശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ദുഷ്ടഗ്രൂപ്പുകള്‍ സംഭ്രാന്തിയും ഭീതിയും വിതച്ച് ഈ രാജ്യങ്ങളിലോരോന്നിലും അസ്ഥിരതയും അസ്വാസ്ഥ്യങ്ങളും വളര്‍ത്തുന്ന തിരക്കിലാണ്.

സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയമാറ്റങ്ങള്‍ക്കുമിടയില്‍ കലയും സാഹിത്യവും അര്‍ഹമായ പരിഗണനകള്‍ ലഭിക്കാതെ വിസ്മൃതിയിലാണ്ടുപോവുകയാണ്. കലാകാരന്മാരും സാധാരണ മനുഷ്യരുമെല്ലാം ഈ പ്രതിസന്ധികളുടെ ഇരകള്‍ മാത്രം. വിഭാഗീയതയും വിഭജനവും ധ്രുവീകരണവും ശിഥിലമാക്കിയ കേവലം ആള്‍ക്കൂട്ടങ്ങളായ ഈ നാഗരികതകള്‍ ഒടുങ്ങിപ്പോകുമോ? ഇരു വന്‍ശക്തി രാജ്യങ്ങളും മേധാവിത്വം പുലര്‍ത്തിയിരുന്ന ശീതസമരയുഗത്തില്‍ ലോകത്ത് കൂടുതല്‍ സമാധാനം കളിയാടിയിരുന്നു എന്നാണ് എന്‍െറ വിലയിരുത്തല്‍. ഒരു വന്‍ശക്തിയുടെ കുത്സിതനീക്കങ്ങള്‍ക്കെതിരെ രണ്ടാമത്തെ വന്‍ശക്തി പുലര്‍ത്തിയ ജാഗ്രതകളാണ് അക്കാലത്തെ സമാധാനാവസ്ഥക്ക് അടിത്തറയായത്.

സുനില്‍ ദത്ത് നിനവില്‍ വരുമ്പോള്‍

സുനില്‍ ദത്തിന്‍െറ ഗൃഹാതുര സ്മരണയുമായി ജൂണ്‍ ആറ് കടന്നുപോയി. അദ്ദേഹത്തിന്‍െറ 87ാം ജന്മദിനമായിരുന്നു അത്. ഇത്തരം അസാമാന്യ വ്യക്തികളുടെ സ്മരണകള്‍ മായാതെ നമ്മുടെ ഹൃദയങ്ങളില്‍ എക്കാലത്തും നിലനില്‍ക്കാതിരിക്കില്ല. അദ്ദേഹത്തെ നേരില്‍ കാണാന്‍ എനിക്ക് ഏതാനും തവണ അവസരം ലഭിച്ചിരുന്നു. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെയാണ് ഡല്‍ഹിയില്‍ സംഭാഷണം നടത്താന്‍ സന്ദര്‍ഭം കൈവന്നത്. പക്ഷേ, അദ്ദേഹത്തിന്‍െറ അപ്പോയിന്‍റ്മെന്‍റ് കിട്ടാന്‍ കടുത്ത പ്രയാസംതന്നെ അനുഭവപ്പെട്ടു. പലവട്ടം ഓഫിസില്‍ വിളിച്ചന്വേഷിച്ചശേഷമായിരുന്നു എനിക്ക് സന്ദര്‍ശനാനുമതികള്‍ ലഭിച്ചത്. വാരാന്ത്യങ്ങളില്‍ അദ്ദേഹം മുംബൈയിലേക്ക് യാത്രയാകുന്നതും പ്രശ്നകാരണമായി.

ഒരിക്കല്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് റോഡിലെ ബംഗ്ളാവില്‍വെച്ചാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. റൂമുകളില്‍ ആര്‍ഭാടങ്ങളോ അലങ്കാരങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍, നിരവധി ഫോട്ടോകള്‍ ഭിത്തികളില്‍ തൂങ്ങിക്കിടന്നു. ഭാര്യ നര്‍ഗീസ് ദത്ത്, മക്കള്‍ എന്നിവരൊത്തുള്ള കുടുംബഫോട്ടോ, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍, മദര്‍ തെരേസ, ജിമ്മി കാര്‍ട്ടര്‍, റെയ്ഗണ്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍, അതിര്‍ത്തി ഭടന്മാര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍  തുടങ്ങിയവ വേറിട്ടുനിന്നു.

അഭിമുഖസംഭാഷണത്തിന് ഞാന്‍ എത്തിയപ്പോള്‍ അദ്ദേഹം രാജ്യസഭയിലായിരുന്നു. അദ്ദേഹത്തിന്‍െറ പി.എയാണ് എന്നെ സ്വീകരിച്ചത്. കാന്‍സര്‍ രോഗികളോടും പത്രപ്രവര്‍ത്തകരോടും ദാക്ഷിണ്യപൂര്‍വമേ പെരുമാറാന്‍ പാടുള്ളൂ എന്ന് സുനില്‍ദാ കര്‍ശന നിര്‍ദേശം നല്‍കിയതായി പി.എ എന്നെ അറിയിച്ചു.
ഒടുവില്‍ അദ്ദേഹം എത്തിയപ്പോള്‍ നടന്‍ രാജ് ബബ്ബാറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ബബ്ബാര്‍ ഇടക്ക് കയറി ഇന്‍റര്‍വ്യൂവില്‍ ഇടപെട്ടെങ്കിലും പിന്നീട് സ്ഥലംവിട്ടു. മകന്‍ സഞ്ജയ്ദത്ത് ടാഡ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടതിനെ സംബന്ധിച്ചായിരുന്നു എന്‍െറ ആദ്യ ചോദ്യം: ‘മകന്‍െറ അറസ്റ്റ് കടുത്ത വേദനയും നടുക്കവുമാണ് ഞങ്ങളില്‍ ഉളവാക്കിയത്. അവന്‍െറ കുടുംബം മാതൃരാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഈ വിധമാണോ പ്രതിഫലം എന്ന് ഞാന്‍ വല്ലപ്പോഴും സ്വയം ചോദിച്ചു. തെളിയിക്കപ്പെടാത്ത കുറ്റത്തിനാണ് അവനെ അവര്‍ ജയിലില്‍ തള്ളിയത്. കൂടുതല്‍ സംസാരിക്കുന്നില്ല. കാരണം, എന്‍െറ ഓരോ വാക്കിനും വികല വ്യാഖ്യാനം ചമയ്ക്കാന്‍ കാത്തുനില്‍ക്കുകയാണ് നിരവധിയാളുകള്‍.’

സുനില്‍ ദത്ത് വികാരാധീനനായി തുടര്‍ന്നു: അറസ്റ്റ് അവനെയും ഞങ്ങളെയും അത്യധികം നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പലരും ഞങ്ങളെ പാകിസ്താനി ഏജന്‍റുകളായി മുദ്രകുത്തി അധിക്ഷേപിക്കുന്നു. ഒരിക്കല്‍ മുംബൈയിലെ ഒരു ഓഫിസില്‍ പ്യൂണ്‍ എന്നെ ‘രാജ്യദ്രോഹി’ എന്നാണ് അഭിസംബോധന ചെയ്തത്. മരിച്ച എന്‍െറ സഹധര്‍മിണി നര്‍ഗീസിനെപ്പോലും അവര്‍ ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചു. നര്‍ഗീസ് മുസ്ലിം സ്ത്രീയായിരുന്നതുകൊണ്ടാണ് സഞ്ജയ് ഗുരുത്വംകെട്ടുപോയത് എന്ന രീതിയിലായിരുന്നു പ്രചാരണങ്ങള്‍. യഥാര്‍ഥത്തില്‍ മതജാതി ഭേദമന്യേ സര്‍വര്‍ക്കും സഹായം നല്‍കിയ വ്യക്തിയായിരുന്നു നര്‍ഗീസ്. യുദ്ധകാലത്ത് ഞാനും നര്‍ഗീസും സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ച് നിരവധി സഹായങ്ങള്‍ നല്‍കുകയുണ്ടായി. സാമ്പത്തികമായി പ്രയാസം അനുഭവിച്ച ഘട്ടത്തിലും പ്രധാനമന്ത്രിയുടെ പുനരധിവാസ ഫണ്ടിലേക്ക് ഞങ്ങള്‍ പരമാവധി തുക സംഭാവന ചെയ്തു.’

അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ വി.സി. ശുക്ള, രാജേഷ് പൈലറ്റ്, പ്രണബ് മുഖര്‍ജി, അര്‍ജുന്‍ സിങ്, ജഗദീഷ് ടൈറ്റ്ലര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ശത്രുഘ്നന്‍ സിന്‍ഹ, ജസ്വന്ത് സിങ് തുടങ്ങിയ ബി.ജെ.പി നേതാക്കളും ചന്ദ്രശേഖര്‍, ശരദ് യാദവ് തുടങ്ങിയ ജനതാ പാര്‍ട്ടി നേതാക്കളും പ്രമുഖ സിനിമാതാരങ്ങളും മതേതര ശക്തികളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലെ ജീര്‍ണതക്ക് എങ്ങനെ അറുതിവരുത്താനാകുമെന്ന എന്‍െറ ചോദ്യത്തിന് സമുദായത്തിലെ ജീര്‍ണത രാഷ്ട്രീയത്തിലേക്ക് കടന്നു വരുകയാണെന്നായിരുന്നു മറുപടി. വീട്ടിലും സമൂഹത്തിലും നടത്തുന്ന ശുദ്ധീകരണങ്ങള്‍വഴി മാത്രമേ രാഷ്ട്രീയ വിമലീകരണം സാധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.

വര്‍ഗീയശക്തികള്‍ സമൂഹത്തില്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ തടയാനും അദ്ദേഹം പോംവഴികള്‍ നിര്‍ദേശിച്ചു. സോമാലിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, ആ രാജ്യത്തിനേല്‍പിച്ച കെടുതികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ടൈം മാസികയിലെ  റിപ്പോര്‍ട്ടുകള്‍ അദ്ദേഹം വിശദീകരിച്ചു. മനുഷ്യര്‍ രക്തം വാര്‍ന്നു മരിച്ചുവീഴുന്ന ആ ദൃശ്യങ്ങള്‍ കണ്ട് ഭക്ഷണംപോലും കഴിക്കാനാകാതെ താന്‍ ദു$ഖാര്‍ത്തനായ അനുഭവം അദ്ദേഹം പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ ഇന്ത്യയിലെ ഓരോ തെരുവിലും തൂക്കിയിടുന്നത് അഭികാമ്യമാകും. ചിത്രങ്ങള്‍ക്കൊപ്പം ഈ അടിക്കുറിപ്പും നല്‍കിയിരിക്കണം. ‘നോക്കൂ, ആഭ്യന്തരയുദ്ധങ്ങളും ലഹളകളും നിങ്ങള്‍ക്കും നിങ്ങളുടെ ദേശത്തിനും ഇതേ അനുഭവങ്ങളാകും സമ്മാനിക്കുക.’ വേദനകളോട് നിസ്സംഗമാകാത്ത ഹൃദയത്തില്‍നിന്ന് ഉദ്ഭവിച്ച വാക്കുകളുടെ പ്രവാഹമായിരുന്നു അവ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.