വേണ്ടത് കാലാനുസൃത വ്യവസായ സംരംഭങ്ങള്‍

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. വ്യവസായ മേഖലയിലെ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുമായി വ്യവസായ വകുപ്പ് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഇന്‍കല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുമായ ടി. ബാലകൃഷ്ണന്‍

അമ്പതുകളിലെ  ഗവണ്‍മെന്‍റ് സംവിധാനത്തിന്‍െറ ഭാഗമായി നിലവില്‍വന്ന  വകുപ്പ് ക്രമീകരണങ്ങളും സംവിധാനങ്ങളുമാണ് ഇന്നുമുള്ളത്.  വലിയ മാറ്റങ്ങളൊന്നുമില്ലാതെ അതേ രീതിയില്‍ അവ തുടരുകയാണ്.  മാറിയ സാഹചര്യത്തില്‍ ഇവക്ക് എത്രത്തോളം പ്രാധാന്യവും പ്രസക്തിയുമുണ്ട് എന്നത് ഗൗരവതരമായ ചോദ്യമാണ്. ഓരോ കാലത്തെയും  സാമ്പത്തിക സാഹചര്യത്തിന് അനുകൂലമായ വ്യവസായങ്ങളും വ്യവസായിക സംരംഭങ്ങളുമായിരുന്നു അതത് കാലത്ത് രൂപംകൊണ്ടിരുന്നത്.  ഇക്കാലത്തിനിടെ നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.    ഒരു കാലത്ത് കേരളത്തില്‍ പ്രാധാന്യമുണ്ടായിരുന്ന പല വ്യവസായങ്ങള്‍ക്കും ഇന്ന് തീരെ പ്രസക്തിയില്ലാതായി.  ഉദാഹരണത്തിന് മരവുമായി ബന്ധപ്പെട്ട വ്യവസായ മേഖലകള്‍, ടെക്സ്റ്റൈലുമായി ബന്ധപ്പെട്ട കെമിക്കല്‍ വ്യവസായങ്ങള്‍ എന്നിവ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഈ വ്യവസായങ്ങള്‍ക്കെല്ലാം അനുകൂലമായ നിരവധി ഘടകങ്ങളും സാഹചര്യങ്ങളും അക്കാലത്തുണ്ടായിരുന്നു. വൈദ്യുതി യഥേഷ്ടം ലഭ്യമായിരുന്നു. വൈദ്യുതിക്ക് ഒരു പക്ഷേ, ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഇവിടെയായിരുന്നു. തൊഴില്‍ നൈപുണ്യമുള്ള മികച്ച തൊഴിലാളികളായിരുന്നു മറ്റൊന്ന്. ഇന്നാകട്ടെ, സാഹചര്യങ്ങളില്‍ ഒരുപാട് മാറ്റംവന്നു. കെമിക്കല്‍ വ്യവസായങ്ങളൊന്നും ഇന്ന് പ്രായോഗികമല്ല.   നിലനില്‍ക്കുന്നവതന്നെ പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍  നേരിടുകയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ പഴയ സ്ഥിതിയല്ല. ഊര്‍ജ്ജ ലഭ്യത പ്രശ്നമായി തുടരുന്നതിനൊപ്പം വിലയും ഉയര്‍ന്നിരിക്കുന്നു. ഫോറസ്റ്റ് കണ്‍സര്‍വേര്‍ഷന്‍ ആക്ട് പ്രാബല്യത്തില്‍ വന്നതോടെ മരം മുറിക്കുന്നതില്‍ നിയന്ത്രണം വന്നു. ഇത് റയോണ്‍, പേപ്പര്‍ മേഖലകളെ ബാധിച്ചു. ‘മാനുഫാക്ചറിങ്’ എന്നത് ഇന്ന് ഗണ്യമായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. മാനുഫാക്ചറിങ്ങിനുതന്നെ കേരളത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രസക്തി കുറയുകയാണ്. അതേ സമയം, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും നമ്മുടെ വ്യവസായരംഗത്ത് കാര്യമായി വന്നിട്ടുമില്ല.

നേട്ടങ്ങളും പരിമിതികളും

ഇന്ത്യയിലെ ഭൂപ്രകൃതിയും കാലാവസ്ഥയും മാനുഷിക വിഭവങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും  രാജ്യത്തിന് ഒന്നാം നിരയിലുള്ള വ്യവസായിക രാഷ്ട്രമായി മാറാന്‍ ശേഷിയുണ്ട്. പക്ഷേ, കേരളത്തിലേക്ക് വരുമ്പോള്‍ ശക്തിയേക്കാള്‍ ഏറെ നമുക്കുള്ളത് പ്രാരബ്ധങ്ങളാണ്. മതിയായ സ്ഥലമില്ല, ഉള്ളവ തന്നെ കുന്നുകളോ വയലുകളോ നദികളോ വനമേഖലയോ സി.ആര്‍.ഇസഡ് പരിധിയിലുള്ള ഭൂപ്രദേശങ്ങളോ ആണ്. ‘ഫ്ളാറ്റ് ലാന്‍ഡ്’ പാലക്കാട് ഒഴികെ മറ്റിടങ്ങളില്‍ ഇല്ളെന്നുതന്നെ പറയാം. അഥവാ, ഭൂമി ഉണ്ടെങ്കില്‍ തന്നെ വളരെയേറെ വിലകൂടുതലാണ്. വ്യവസായിക ആവശ്യത്തിനുള്ള ഭൂമിക്ക് ദക്ഷിണേന്ത്യയിലെ മറ്റ് ഏതു സംസ്ഥാനങ്ങളെക്കാളും വിലകൂടുതല്‍ കേരളത്തിലാണ്. മറുവശത്ത് ടൈല്‍, നിര്‍മാണ മേഖല, ഗാര്‍മെന്‍റ് മേഖല എന്നിവയിലടക്കം  ജോലിചെയ്യാന്‍ മലയാളികളെ കിട്ടുന്നില്ല. ഇവിടെയാണ്  പ്രായോഗിക സമീപനം അനിവാര്യമാകുന്നത്.

വകുപ്പിന് ‘ഇന്‍ഡസ്ട്രീസ്’ എന്ന പേരുതന്നെ മറ്റേണ്ട സമയമായിരിക്കുന്നു. ഇക്കണോമിക് ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ എന്ന് വകുപ്പിന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എന്‍െറ പക്ഷം. നമുക്ക് ഒന്നാമതായി വേണ്ടത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് യോജിച്ച തൊഴിലാണ്. എല്ലാ തൊഴിലും ചെയ്യാന്‍ ചെറുപ്പക്കാരെ കിട്ടില്ല. രണ്ടാമതായി, സംസ്ഥാനത്തിന്‍െറ സാമ്പത്തികവളര്‍ച്ചക്ക് മുതല്‍ക്കൂട്ടും ഗുണകരവുമായ സംരംഭങ്ങളാണ്. ആവശ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാമതെണ്ണാവുന്നത് നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന വ്യാപാര വാണിജ്യ മേഖല.  ഇതെല്ലാം  കേരളത്തിന്‍െറ പരിസ്ഥിതിക്ക് ഒരു കോട്ടവും ആഘാതവുമേല്‍പിക്കാത്തവയുമായിരിക്കണം. ഇത്രയുമാണ് അനിവാര്യമെന്നിരിക്കെ മാനുഫാക്ചറിങ് നിര്‍ബന്ധമായും വേണം എന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഡസ്ട്രീസ് എന്ന വാക്കിന് അമിതപ്രാധാന്യം നല്‍കാതെ ഇക്കണോമിക് ഡെവലപ്മെന്‍റിന് പ്രാമുഖ്യം നല്‍കിയും നമ്മുടെ ആവശ്യങ്ങളില്‍   ഊന്നി കാലാനുസൃതമായ സംരംഭങ്ങള്‍ ആരംഭിക്കുകയുമല്ളേ ചെയ്യേണ്ടത്? നമുക്ക് നമ്മുടേതായ കരുത്തും സാഹചര്യങ്ങളും വിഭവങ്ങളുമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയാവണം സംരംഭങ്ങള്‍ സ്ഥാപിക്കേണ്ടത്. പഴയ സങ്കല്‍പങ്ങളെല്ലാം മാറ്റി നിര്‍ത്തി തുറന്നുചിന്തിക്കാന്‍ തയാറായാലേ ഇതിന് സാധിക്കൂ. എന്‍െറ അപ്പനപ്പൂപ്പന്മാര്‍ ഇതാണ് ചെയ്തതെന്നും ഞാനും അതേ ചെയ്യൂവെന്നും വാശിപിടിച്ചാല്‍ ഒന്നും നടക്കില്ല.

കേരളത്തിന്‍െറ ഏറ്റവും വലിയ കരുത്ത് എന്നത്  വാണിജ്യത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ്. കേരളം പണ്ടുമൊരു കമേഴ്സ്യല്‍ ഹബ്ബായിരുന്നു. ചരിത്രം പരതിയാല്‍ ചൈനക്കാരുടെ നൂറു കണക്കിന് കപ്പലുകള്‍ വാണിജ്യാവശ്യാര്‍ഥം ഇവിടെയത്തെിയിരുന്നുവെന്ന് കാണാം. ഇബ്നുബത്തൂത്ത കോഴിക്കോടിനെ കുറിച്ച് പറഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ പോര്‍ട്ടുകളിലൊന്നാണ് കോഴിക്കോട് എന്നാണ്. ചൈനയിലും ഏദനിലുമൊക്കെ കണ്ടതിനെക്കാള്‍ കപ്പലുകള്‍ ഇവിടെ കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്‍െറ നിഗമനത്തിന് അടിവരയിടുന്നത്.  

പുതിയ മേഖലകള്‍

വാണിജ്യത്തിന്  അനുകൂലവും സ്വത$സിദ്ധവുമായി ചില ഘടകങ്ങള്‍ കേരളത്തിനുണ്ട്. മുതല്‍മുടക്കാന്‍ നിരവധിപേര്‍ സജ്ജരാണ്. ഗള്‍ഫ് മേഖലയിലടക്കം സേവനമനുഷ്ഠിച്ചതിന്‍െറ അനുഭവസമ്പത്തുള്ളവരും ഏറെയാണ്. എത്ര വിചാരിച്ചാലും ഇനി കേരളത്തെ ലോകത്തിലെ  മികച്ച മാനുഫാച്ചറിങ് ഹബ്ബാക്കാന്‍ സാധിക്കില്ല. പക്ഷേ, മനസ്സുവെച്ചാല്‍ സംസ്ഥാനത്തെ കമേഴ്സ്യല്‍ ഹബ്ബാക്കി മാറ്റാനാവും. ഇ-കോമേഴ്സ് അടക്കമുള്ള മേഖലയെ ഇതിനോട് സംയോജിപ്പിക്കാനാകും.  ജോലിചെയ്യാന്‍ ചെറുപ്പക്കാരെയും കിട്ടും. ഫാക്ടറികളില്‍ പോയി വിയര്‍ക്കുന്നതിനെക്കാള്‍  മികച്ച തൊഴില്‍ സാഹചര്യമായതിനാല്‍ ഇത്തരം തൊഴിലിടങ്ങള്‍ കൂടുതല്‍ ആകര്‍ഷകവുമായിരിക്കും. മാനുഫാക്ചറിങ് പൂര്‍ണമായും ഉപേക്ഷിക്കണമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. കേരളത്തിന്  ഇടവും കരുത്തുമുള്ള ചില വ്യവസായ മേഖലകളുണ്ട്. ഇവയെ പരിപോഷിപ്പിക്കുകയും ശ്രദ്ധിക്കുകയും വേണം. ഇവിടങ്ങളില്‍  നമ്മുടെ ചെറുപ്പക്കാര്‍ക്ക് അവഗാഹവും പ്രാവീണ്യവുമുണ്ട്. മനുഷ്യവിഭവശേഷിയില്ലാത്തതിനാല്‍ ജപ്പാനിലടക്കം പരാജയപ്പെട്ട ഇത്തരം മേഖലകളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ ഇവ കേരളത്തില്‍ കേന്ദ്രീകരിക്കുകയും സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.  ഇത്തരം മേഖലകള്‍ കണ്ടത്തെി ഫോക്കസ് ചെയ്യണം. മറ്റുള്ളവ പൂട്ടിപ്പോയാലും കുഴപ്പമില്ല, വിഷമിക്കേണ്ടതില്ല. കാരണം, ഒരെണ്ണം പൂട്ടിയാല്‍ പുതിയ കാലത്തിനും പുതിയ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ  പത്തെണ്ണം ആരംഭിക്കാന്‍ കഴിയും.

എന്തിന് തളച്ചിടണം?

പരമ്പരാഗത വ്യവസായങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ടായിരുന്നു.  അവരെല്ലാം മിക്കവാറും മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള എല്ലാ കുടുംബങ്ങളിലെയും പുതിയ തലമുറ ആഗ്രഹിക്കുന്നത് അച്ഛനമ്മമാര്‍ ചെയ്തതിനെക്കാള്‍ മികച്ച തൊഴില്‍ മേഖല തെരഞ്ഞെടുക്കണമെന്നതാണ്. പക്ഷേ, നമ്മള്‍ ചെയ്യുന്നതാകട്ടെ ആര്‍ട്ടിഫിഷലായ ഇന്‍സെന്‍റിവ് കൊടുത്ത ഈ പാവങ്ങളെ അതത് മേഖലകളില്‍തന്നെ പിടിച്ച് നിര്‍ത്തുകയാണ്. കൃത്രിമമായി വലിയൊരു  ജയിലുണ്ടാക്കി ഇവരെയെല്ലാം  അതില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കുകയാണ്. വകുപ്പില്‍ ജോലിചെയ്യുന്ന ചില ഉദ്യോഗസ്ഥന്മാര്‍, യൂനിയനുകള്‍ എന്നിവയുടെ താല്‍പര്യമാണ് ഇതിന് പിന്നില്‍. തൊഴിലേര്‍പ്പെട്ടവര്‍ക്ക് ശരിക്കും അതില്‍ തുടരാന്‍ താല്‍പര്യമുണ്ടാവില്ളെന്നതാണ് യാഥാര്‍ഥ്യം. ഇതാരും പറയാറില്ല. കൈത്തറി തൊഴിലാളികളുടെ മക്കള്‍ എത്ര പേര്‍ കൈത്തറി തൊഴില്‍ ഉപജീവനമായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് കണക്കെടുത്താല്‍ ഇക്കാര്യം ബോധ്യപ്പെടും. മത്സ്യത്തൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും മക്കള്‍   എത്രപേര്‍ ആ മേഖലകളിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നുണ്ട്  എന്നതും അടിവരയിടേണ്ടതാണ്.  പക്ഷേ, ഈ തൊഴില്‍ ഉപജീവനമായി സ്വീകരിച്ച ആളുകളുണ്ട്. അവരും മനുഷ്യരാണ്. അവര്‍ നൂറായാലും ആയിരമായാലും അവരെ പരിഗണിക്കണം, സംരക്ഷിക്കണം. ഇനി ഇവര്‍ക്ക് മറ്റൊരു തൊഴില്‍ സ്വീകരിക്കുക എന്നത് പ്രായോഗികമല്ല.

അതേസമയം, ഈ മേഖലയുടെ കപ്പാസിറ്റി വര്‍ധിപ്പിക്കാതിരിക്കണം. പരമ്പരാഗത വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ  മക്കള്‍ക്ക് താല്‍പര്യമില്ളെങ്കില്‍ മറ്റ് തൊഴില്‍ ഉപജീവനമായി സ്വീകരിക്കാനുള്ള അവസരമൊരുക്കണം. അവര്‍ക്ക് നല്ല വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കണം. പരമ്പരാഗത മേഖലകള്‍ സാംസ്കാരിക പാരമ്പര്യത്തിന്‍െറ ഭാഗമെന്ന് വാദിച്ച് കുടുംബങ്ങളെ പട്ടിണിക്കിടുന്നത് ശരിയല്ല. വ്യവസായ വിഷയത്തില്‍ പ്രായോഗിക സമീപനം വേണം. ഏതെങ്കിലും തത്ത്വശാസ്ത്രത്തിന്‍െറ അടിമയായി നില്‍ക്കുകയല്ല വേണ്ടത്. എല്ലാവരുംകൂടി ശ്രമിച്ചാല്‍ ഇതിനൊരു പരിഹാരം കാണാനാകും. പ്രശ്നം പറഞ്ഞു വലുതാക്കുന്നതല്ലാതെ ആരും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നില്ല. നമ്മള്‍ അനുഭവിക്കുന്ന ജീവിത സുഖങ്ങള്‍ അനുഭവിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. അത് നിഷേധിക്കാത്ത തരത്തിലുള്ള നയങ്ങളാണ് നടപ്പാക്കേണ്ടത്. കേരളത്തില്‍ തൊഴിലിന് ഒരു പ്രശ്നവുമില്ല.

പല മേഖലയിലും തൊഴിലാളികളെ കിട്ടാനില്ല.  അല്ളെങ്കില്‍ 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്ന് ജോലിയെടുക്കില്ലല്ളോ. തൊഴിലില്ലായ്മ എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം മാനസികാവസ്ഥയാണ്, യാഥാര്‍ഥ്യമല്ല.  വിദേശരാജ്യങ്ങളില്‍ മറ്റ് വഴികളൊന്നുമില്ളെങ്കില്‍ തൂപ്പ് പണിവരെ ചെയ്യും. പക്ഷേ, നാട്ടില്‍ കൊന്നാലും അത്തരം ജോലികള്‍ സ്വീകരിക്കില്ല. അതിന് കുറ്റംപറയാനാവില്ല. ഇതൊരു സ്വാഭാവിക മാനസികാവസ്ഥയാണ്. ജനിച്ചുവളര്‍ന്ന നാട്ടില്‍, സ്വന്തം ബന്ധുക്കളുടെ ഇടയില്‍ ഇത്തരം ജോലിചെയ്യാന്‍ പ്രയാസമുണ്ടാകും. ഇത് തരണംചെയ്യുന്നതരത്തില്‍ സംരംഭക സ്വഭാവം വളര്‍ത്താന്‍ കഴിയണം.

തയാറാക്കിയത്: എം. ഷിബു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.