അന്ത്യ നിമിഷം വരെ മര്‍ദിത ചേരിയില്‍

ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ സംസ്കാരചടങ്ങില്‍ ജൂത റബ്ബി ലെര്‍നറുടെ വാക്കുകള്‍ അര്‍ഥസാന്ദ്രമായിരുന്നു. ‘മുഹമ്മദലിയോടുള്ള ആദരവ് നിലനിര്‍ത്താന്‍ നാം എല്ലാവരും മുഹമ്മദലിമാരായി ജീവിക്കേണ്ടതുണ്ട്’. അധികാരികള്‍ക്ക് മുന്നില്‍ സത്യം പറയാന്‍ ധീരത കാട്ടിയ മുഹമ്മദലിയുടെ പൈതൃകം ഏറ്റെടുക്കാനും റബ്ബി ആഹ്വാനം ചെയ്തു.

ഇരകളാക്കപ്പെട്ട മുസ്ലിംകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഇതരമതസ്ഥരായ നിരവധി പേരെ നമുക്ക് അനായാസം കണ്ടത്തൊന്‍ സാധിക്കും. എന്നാല്‍, ഫലസ്തീനികളെ നിരന്തരം അടിച്ചമര്‍ത്തുന്ന ഇസ്രായേലി രാഷ്ട്രീയം മേല്‍കൈ നേടുന്ന പശ്ചാത്തലത്തില്‍ മുസ്ലിം വിഷയങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന ജൂതവംശജര്‍ വിരളമായി തുടരുകയാണ്. എന്‍െറ പരിചിതവൃത്തത്തില്‍പെട്ട മിഖായേല്‍ റാറ്റ്നര്‍ വ്യത്യസ്തനായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രക്ഷോഭപാതയില്‍ നിലയുറപ്പിച്ച സമരഭടനായിരുന്നു ഈ ജൂത വംശജന്‍. മുസ്ലിം അറബ് പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്‍െറ ഇടപെടലുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിച്ചു.

പൗരാവകാശ പോരാട്ട ഭൂമിയില്‍ ഏറ്റവും സ്വാധീനമുളവാക്കുന്ന ജൂത നാമങ്ങളിലൊന്നാണ് കഴിഞ്ഞമാസം അന്തരിച്ച റാറ്റ്നറുടേത്.റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലായിരുന്നു ജനനം. 1943ല്‍ ക്ളീവ് ലാന്‍ഡില്‍ ജനിച്ച അദ്ദേഹത്തിന്‍െറ സഹാനുഭൂതിയും സഹജീവി സ്നേഹവും മാതാപിതാക്കളില്‍നിന്ന് പൈതൃകമായി ലഭിച്ചതായിരുന്നു. ജീവകാരുണ്യ മേഖലയിലും സാമൂഹിക സേവനമണ്ഡലത്തിലും ഈടുറ്റ സംഭാവനകള്‍ കാഴ്ചവെച്ചവരാണ് മാതാപിതാക്കള്‍. വംശവിവേചനരീതി നിലനിന്നതിനാല്‍ ഫ്ളോറിഡ വിമാനത്താവളം ബഹിഷ്കരിച്ചുകൊണ്ട് റാറ്റ്നറുടെ മാതാവ് തന്‍െറ പ്രതിഷേധവീര്യം ധീരമായി പ്രകടിപ്പിക്കുകയുണ്ടായി. ബോക്സിങ് പ്രതിഭ മുഹമ്മദലിയെപ്പോലെ എതിരാളിയെ റാറ്റ്നര്‍ ഇടിച്ചുവീഴ്ത്തിയില്ല. നിയമങ്ങളെയും ഭരണഘടനയെയും കൂട്ടുപിടിച്ചായിരുന്നു അദ്ദേഹത്തിന്‍െറ പോരാട്ടം 2002ല്‍ ന്യൂയോര്‍ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇപ്രകാരം തുറന്നടിച്ചു.‘വിദേശത്ത് നാം സ്ഥിരമായി യുദ്ധം തുടരുന്നതിന്‍െറ അര്‍ഥം അത് നമുക്കെതിരായ (അമേരിക്കക്കാര്‍ക്കെതിരായ) അമര്‍ഷത്തെ സ്ഥായി ആക്കുന്നു എന്നാണ്. അമേരിക്കയാല്‍ തകര്‍ക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ വിദ്വേഷം പതിന്മടങ്ങായി വര്‍ധിക്കാതിരിക്കില്ല. നമ്മുടെ സിവില്‍ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കാനുള്ള നിമിത്തമായി ഇതിനെ അധികൃതര്‍ ദുരുപയോഗം ചെയ്യുമെന്നതാണ് അതിന്‍െറ വലിയ പ്രത്യാഘാതം’’.

വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പ്രക്ഷോഭത്തിന്‍െറ തീപ്പന്തം ജ്വലിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായി. വിയറ്റ്നാം യുദ്ധത്തിനെതിരെ കലാലയങ്ങളില്‍ സംഘടിപ്പിച്ച റാലികളുടെ മുന്‍നിരയില്‍ അദ്ദേഹം സ്ഥാനം പിടിച്ചു. ഇത്തരമൊരു റാലിക്കിടെയാണ് പൊലീസ് അദ്ദേഹത്തെ അടിച്ചുവീഴ്ത്തിയത്. ഇതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ‘ഇത്തരം അനുഭവങ്ങളാണ് എന്നിലും ഞങ്ങളുടെ കാലത്തെ നിരവധി ആക്ടിവിസ്റ്റുകളിലും നിശ്ചയദാര്‍ഢ്യത്തെ പരിപോഷിപ്പിച്ചത്. പൊലീസിന്‍െറ അടിയേറ്റുവീണതോടെ ഞാന്‍ സ്വയം പ്രതിജ്ഞ ചെയ്തു. ഞാന്‍ നീതിയുടെ പക്ഷം ചേര്‍ന്ന് നിലയുറപ്പിക്കും. നിയമവാഴ്ചക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ് എന്‍െറ ശിഷ്ട ജീവിതം’’.

നിയമസഹായവേദിയായ എന്‍.എ.എ.സി.പിയിലെ ഹ്രസ്വകാല ജോലിക്കുശേഷം ‘സെന്‍റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷനല്‍ റൈറ്റ്സ് (സി.സി.ആര്‍) എന്ന പൗരാവകാശ സംരക്ഷക ഭീമനില്‍ ചേര്‍ന്ന് സേവനമാരംഭിച്ച റാറ്റ്നര്‍ സ്ഥാപനത്തിന്‍െറ ലീഗല്‍ ഡയറക്ടറും മേധാവിയുമായി. ധീരവും ധൈഷണികവുമായ ഇടപെടലുകളിലൂടെ സി.സി.ആറിന്‍െറ ഖ്യാതി അദ്ദേഹം ലോകചക്രവാളങ്ങളിലേക്കുയര്‍ത്തി. ഭീകരരെന്ന് സംശയിക്കുന്നവരെ പിടികൂടി സി.ഐ.എ നിഗൂഢ സങ്കേതങ്ങളില്‍ പാര്‍പ്പിക്കുന്നതിനെതിരെ റാറ്റ്നര്‍ നിയമയുദ്ധം നടത്തി. ഗ്വണ്ടനാമോ, അബൂഗുറൈബ് തടങ്കല്‍പാളയങ്ങളിലെ മൂന്നാംമുറകളെ അദ്ദേഹം ചോദ്യം ചെയ്തു. ജൂലിയന്‍ അസാഞ്ചിന്‍െറ പൗരാവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. അനധികൃതമായ ഇറാഖ് അധിനിവേശത്തിനെതിരെ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു.  റൊണാള്‍ഡ് റീഗന്‍, ബില്‍ ക്ളിന്‍റണ്‍, ജോര്‍ജ് ബുഷ് എന്നീ യു.എസ് പ്രസിഡന്‍റുമാര്‍ക്കെതിരെ നിയമയുദ്ധം നയിച്ചു. റാറ്റ്നറെ പൗരാവകാശപ്രവര്‍ത്തകര്‍ ഓര്‍മിക്കുക ഗ്വണ്ടനാമോ തടവുകാര്‍ക്കുവേണ്ടിയുള്ള ധീരമായ നിയമയുദ്ധങ്ങളുടെ പേരിലായിരിക്കുമെന്ന് അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകന്‍കൂടിയായ അഭിഭാഷകന്‍ ഡേവിഡ് കോള്‍ അഭിപ്രായപ്പെടുന്നു. ഗ്വണ്ടനാമോ തടവുകാര്‍ക്കും അവകാശങ്ങളുണ്ടെന്ന് വിധി നല്‍കാന്‍ അമേരിക്കന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത് റാറ്റ്നറുടെ യുക്തിഭദ്രമായ വാദങ്ങളായിരുന്നു.

റാറ്റ്നറെക്കുറിച്ചും അദ്ദേഹത്തിന്‍െറ പൗരാവകാശ പോരാട്ടങ്ങളെക്കുറിച്ചും ഞാന്‍ നേരത്തേതന്നെ കേട്ടിരുന്നു.  അടുത്തിടപഴകിയതോടെ അദ്ദേഹത്തിന്‍െറ ഒൗന്നത്യം എന്‍െറ ഹൃദയത്തില്‍ കൂടുതല്‍ ഉയരുകയും ചെയ്തു. വംശീയ തരംതിരിവിന് ഇരയായ എന്‍െറ പിതാവ് ശൈഖ് അഹ്മദ് കുട്ടിയെയും സഹപ്രവര്‍ത്തകനെയും അമേരിക്കന്‍ നിയമപാലകര്‍ തടവുകാരാക്കിയപ്പോള്‍ അവരുടെ മോചനത്തിനവേണ്ടി ശബ്ദമുയര്‍ത്തിയവരില്‍ ഒരാളായിരുന്നു റാറ്റ്നര്‍.
ഗസ്സ, വെസ്റ്റ് ബാങ്ക് മേഖലകളിലെ ഫലസ്തീന്‍കാര്‍ക്കുനേരെ ഇസ്രായേല്‍ സ്വീകരിക്കുന്ന കിരാതനടപടികള്‍ റാറ്റ്നറെ ആകുലപ്പെടുത്തിയിരുന്നു. നിയമവ്യവഹാരഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ടും റേഡിയോ പ്രഭാഷണങ്ങള്‍ നടത്തിയും റാറ്റ്നര്‍ ലോകത്തെ പ്രബുദ്ധമാക്കി. റബ്ബി ലെര്‍നര്‍ മുഹമ്മദലിയെ സംബന്ധിച്ച് പ്രസ്താവിച്ചതുപോലെ റാറ്റ്നറുടെ രൂപകം നാം സ്വന്തമാക്കുക പോരാട്ടത്തിന്‍െറ ദീപശിഖ ജ്വലിപ്പിക്കാന്‍ കൂടുതല്‍ റാറ്റ്നര്‍മാര്‍ ലോകജനതക്ക് ആവശ്യമായിരിക്കുന്നു. റാറ്റ്നര്‍, താങ്കള്‍ക്ക് നിത്യശാന്തി.

(നിയമ വിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍ അമേരിക്കയിലെ ഇന്ത്യാനയിലെ വാള്‍പറസ് കലാശാലയിലെ ലോ സ്കൂള്‍ അധ്യാപകനാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.