അബ്ബാസ്, നിങ്ങളുടെ ഭാഷ ലോകം അംഗീകരിച്ചിരുന്നു

1989ലെ ലോകാര്‍ണോ ചലച്ചിത്രമേളയിലാണ് ഞാന്‍ ആദ്യമായി  അബ്ബാസ് കിയറോസ്തമിയെ കാണുന്നത്. അന്ന് ലോകാര്‍ണോയില്‍ എന്‍െറ ‘പിറവി’യും അബ്ബാസിന്‍െറ ‘വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം’ എന്ന ചിത്രവും മത്സരത്തിനുണ്ട്. മേളയോടനുബന്ധിച്ച് സംഘാടകര്‍ എനിക്കും അബ്ബാസിനും ഒരേ ഹോട്ടലിലാണ് താമസം ഒരുക്കിയിരുന്നത്. ആദ്യ കൂടിക്കാഴ്ച ഒരു അഭിസംബോധനയിലും പരിചയപ്പെടുത്തലിലും ഒതുങ്ങി. പക്ഷേ, എന്തുകൊണ്ടോ ആ സൗഹൃദം അങ്ങനെ അവസാനിപ്പിക്കാന്‍ എനിക്കോ അബ്ബാസിനോ കഴിയുമായിരുന്നില്ല.  മേളയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട രണ്ടു ചിത്രങ്ങളായിരുന്നു ഞങ്ങളുടേത്. അതിനാല്‍തന്നെ, മേളയുടെ ഭാഗമായുള്ള പല ചര്‍ച്ചകളിലും സംവാദങ്ങളിലും ഞങ്ങള്‍ ഒരുമിച്ചു. സിനിമയെ സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാടുകളും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെ അബ്ബാസ് എന്ന സംവിധായകനെ അടുത്തറിയാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
സമാന്തര സിനിമകള്‍ എടുക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ക്കുമേല്‍ ഭരണകര്‍ത്താക്കള്‍ അടിച്ചേല്‍പിക്കുന്ന കരിനിയമങ്ങളില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. ഈ അസ്വസ്ഥത പലതവണ അദ്ദേഹം എന്നോട് വ്യക്തമാക്കിയിട്ടുമുണ്ട്.  ‘വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം’ എന്ന ചിത്രം മേളയില്‍ അദ്ദേഹം എത്തിച്ചത് സ്വന്തം കാശുമുടക്കിയിട്ടായിരുന്നു. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍പോലും ലഭിക്കാത്തതിന്‍െറ സങ്കടവും അദ്ദേഹത്തിന്‍െറ വാക്കുകളിലുണ്ടായിരുന്നു. ‘വൈ ഹാസ് ബോദി-ധര്‍മ ലെഫ്റ്റ് ഫോര്‍ ദി ഈസ്റ്റ്’ എന്ന കൊറിയന്‍ സിനിമക്കായിരുന്നു ആ മേളയില്‍  ഗോള്‍ഡന്‍ ലെപേര്‍ഡ് കിട്ടിയത്. ‘പിറവി’ക്ക് സില്‍വര്‍ ലെപേര്‍ഡ് ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനം അബ്ബാസ് കിയറോസ്തമിക്കായിരുന്നു.
 സമാന്തര സംവിധായകരെ മോശക്കാരായും അവര്‍ നിര്‍മിക്കുന്ന സിനിമയെ അശ്ളീലമായും കണ്ടിരുന്ന രാജ്യത്തുനിന്ന്  രക്ഷപ്പെടാന്‍ അക്കാലത്ത് അദ്ദേഹം ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പാരിസിലേക്ക് ചേക്കേറാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. അന്ന് മേളയില്‍ പിറവിയുടെ വിതരണം ഏറ്റെടുത്തത് പാരിസ് കമ്പനിയായ സെല്ലുലോയ്ഡ് ഡ്രീംസ് ആയിരുന്നു. അതിന്‍െറ തലപ്പത്തിരുന്നത് ഒരു ഇറാനിയനും. അദ്ദേഹം മുഖേന അബ്ബാസ് പാരിസിലേക്ക് കുടിയേറി.
ഒരു കലാകാരനെ സംബന്ധിച്ചേടത്തോളം സ്വര്‍ഗതുല്യമാണ് പാരിസ്. മികച്ച സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാന്‍ അവിടെ നല്ളൊരു ജനതയുണ്ട്. നമ്മള്‍ കാണുന്ന ആഫ്രിക്കയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളിലെ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ പാരിസില്‍ കുടിയേറിയ സംവിധായകര്‍ സൃഷ്ടിച്ചതാണ്. പാരിസ്  നല്‍കിയ കരുത്തായിരുന്നു തുടര്‍ന്ന് അബ്ബാസിന്‍െറ വളര്‍ച്ചക്ക് പിന്നിലുണ്ടായിരുന്നത്.
 മനുഷ്യന്‍െറ വൈകാരിക ഭാവങ്ങളെ മിതവാദത്തില്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍. നിഷ്കളങ്കമായ മനുഷ്യജീവിതങ്ങളായിരുന്നു അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍. സാമ്പത്തികമായ പരാധീനതകളിലും രാഷ്ട്രീയ അതിക്രമങ്ങളിലും സാമൂഹികവിവേചനത്തിലുംപെട്ട് ഉഴലുന്ന ഒരു സമൂഹത്തെ, സിനിമ എന്ന കലാരൂപത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയായിരുന്നു അബ്ബാസ്. അദ്ഭുതങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കടുത്ത ജീവിതയാഥാര്‍ഥ്യങ്ങളുടെ ആവിഷ്കാരത്താല്‍ അവ നമ്മെ അമ്പരപ്പിച്ചു.
പിന്നെ ഞങ്ങള്‍ കാണുന്നത് 1994ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലാണ്. അന്ന് എന്‍െറ ‘സ്വം’, അബ്ബാസിന്‍െറ ‘ത്രൂ ദ ഒലിവ് ട്രീ’ എന്നിവ മത്സരപട്ടികയിലുണ്ടായിരുന്നു. ത്രൂ ദ ഒലിവ് ട്രീ പ്രചരിപ്പിച്ചത് സെല്ലുലോയ്ഡ് ഡ്രീംസ് ആയിരുന്നു. പക്ഷേ, എന്‍െറ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ തയാറായില്ല. അതിന് അവര്‍ പറഞ്ഞ ന്യായം സ്വകാര്യ വ്യക്തികളുടെ സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ളെന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്ബാസിന് സംഭവിച്ചത് ഇത്തവണ തനിക്കുണ്ടായെന്ന് പറഞ്ഞപ്പോള്‍ അബ്ബാസ് എന്നെ ഒരുപാട് കുറ്റപ്പെടുത്തി. പാരിസിലേക്ക് വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പാരിസില്‍ വന്നിരുന്നെങ്കില്‍ നിങ്ങളുടെ ഈ സിനിമ ലോകം കണ്ടേനെയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.  പക്ഷേ, ഇന്ത്യ വിട്ട് സിനിമ ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ആ തീരുമാനം തെറ്റായിരുന്നോ എന്ന് എനിക്ക് ഇന്നും അറിയില്ല. അബ്ബാസിനെ പോലുള്ള സംവിധായകരുടെ വിജയമായി കാണുന്നത് അവര്‍ അന്യ രാജ്യങ്ങളില്‍ പോയി ജീവിച്ച് അവരുടെ രാജ്യത്തെ ലോക സിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തി എന്നതുതന്നെയാണ്. എന്തായാലും അബ്ബാസിന് ആ മേളയില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചു.
കേരളത്തില്‍ വന്ന സമയത്ത് എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. പല രാഷ്ട്രീയ കാരണങ്ങളാല്‍  അക്കാദമിയുമായി അകലംപാലിച്ച് നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം ഐ.എഫ്.എഫ്.കെയില്‍ വരുന്നത്. ഏതായാലും സിനിമയിലെ ഈ വിപ്ളവകാരിയോട് ഇറാനിയന്‍ സിനിമ ഏറെ കടപ്പെട്ടിരിക്കുന്നു. പുതിയ വഴി വെട്ടിത്തെളിച്ചതിന്, മൂന്നാം ലോകരാജ്യങ്ങളുടെ കലാകാരന്മാരുടെ വേദനകള്‍ പങ്കുവെച്ചതിന്. പ്രിയ അബ്ബാസ്, ജാഫര്‍ പനാഹിയെ പോലുള്ളവര്‍ കടന്നുവന്നത് നിങ്ങള്‍ ചവിട്ടിയ പാതയിലൂടെയാണ്.
അബ്ബാസ്, നിങ്ങള്‍ ഒരു ജനതയുടെ ശബ്ദമായിരുന്നു. അരികുവത്കരിക്കപ്പെട്ടവര്‍ക്കായി മുഴങ്ങിയ ആ ശബ്ദം ഇനി കേള്‍ക്കില്ളെന്ന് അറിയുമ്പോള്‍, ആ ഫ്രെയ്മുകള്‍ ഇനി കാണാന്‍ കഴിയില്ളെന്ന് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ശൂന്യത. താങ്കളിലെ സിനിമാക്കാരനെ ചലച്ചിത്രലോകം പലതരത്തില്‍ വ്യാഖ്യാനിച്ചേക്കാം. പക്ഷേ, കലഹിക്കുന്ന, ആ തന്‍േറടിയായ സിനിമക്കാരനെയാണെനിക്കിഷ്ടം. നിങ്ങള്‍ക്ക് ഇനി തലയുയര്‍ത്തി അരങ്ങൊഴിയാം. കാരണം, നിങ്ങളുടെ ഭാഷ ലോകം അംഗീകരിച്ചിരുന്നു.

തയാറാക്കിയത്:അനിരു അശോകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.