തലതിരിഞ്ഞു നടക്കുന്ന കൗമാരോത്സവം

75,000 രൂപ മുടക്കാന്‍ ആളുണ്ടെന്നും അതിനാല്‍ നിങ്ങളുടെ കുട്ടിക്ക് ഒന്നാംസമ്മാനം കിട്ടണമെങ്കില്‍ അതിലേറെ മുടക്കണമെന്നും ഒരു ഏജന്‍റ് പച്ചക്ക് പറയുന്ന ഓഡിയോ ആയിരുന്നു ഇത്തവണത്തെ എറണാകുളം ജില്ലാ കലോത്സവത്തിലെ താരം. ഏതൊക്കെ വിധികര്‍ത്താക്കള്‍ വരുമെന്നും ആരൊക്കെ സമ്മാനം നേടുമെന്നും ഒരാഴ്ചമുമ്പ് അയാള്‍ പറയുന്നത് അതേപടി ശരിയാവുമ്പോഴാണ് നമ്മള്‍ ഈ കലാമേളയെ എത്രകണ്ട് മാഫിയ വിഴുങ്ങുന്നുവെന്ന് മനസ്സിലാക്കുക.
സംസ്ഥാന കലോത്സവത്തില്‍ പുറമെനിന്നുള്ള വിധികര്‍ത്താക്കള്‍ എത്തുന്നതുകൊണ്ടും വിജിലന്‍സ് നിരീക്ഷണം ഉള്ളതുകൊണ്ടും കാര്യങ്ങള്‍ അല്‍പം ഭേദമാണെന്ന് മാത്രം. 

എല്ലാ കൊല്ലവും ‘കലാകൗമാരം പൊട്ടിവിടര്‍ന്നെന്നും’ മറ്റും പറഞ്ഞ് പൈങ്കിളിയില്‍ തുടങ്ങുന്ന സംസ്ഥാന മേള അപ്പീലും കൈയാങ്കളിയുമായും തമ്മില്‍ തല്ലുമായുമാണ് അവസാനിക്കാറ്. സത്യത്തില്‍ ഇതിനൊക്കെ പ്രതിവിധിയുണ്ടെങ്കിലും അധികൃതര്‍ക്ക് അതിലൊന്നും വലിയ താല്‍പര്യമില്ല. ഇതൊക്കെ ചട്ടപ്പടിരീതിയിലെ നടക്കുവെന്നാണ് നമ്മുടെ പൊതുധാരണ. എന്നാല്‍ കലോത്സവത്തിലെ പണക്കൊഴുപ്പും കൂട്ടപ്പൊരിച്ചിലും നിയന്ത്രിക്കുന്നതിനുള്ള നിരവധി കാര്യങ്ങള്‍  വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്. മുഹമ്മദ് ഹനീഷും, ബിജു പ്രഭാകരും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍മാരായിരുന്ന കാലത്ത് ഇതു സംബന്ധിച്ച ആത്മാര്‍ഥമായ അന്വേഷണങ്ങളുണ്ടായി. എന്നാല്‍ അതൊന്നും നടപ്പില്‍വരുന്നില്ളെന്ന് മാത്രം. ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറഞ്ഞ മറുപടി നോക്കുക. ജില്ലാ കലോത്സവങ്ങള്‍ ഭംഗിയായി അവസാനിച്ചെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടി എടുക്കാമെന്നും. എന്നാല്‍ കലോത്സവം മെച്ചപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്നില്ളെന്നാണ് വേദനജനകമായ കാര്യം.

സംസ്ഥാന സ്കൂള്‍ കലോത്സവം മൊത്തത്തില്‍ താളംതെറ്റുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് താഴത്തെട്ടിലുള്ള വിധിനിര്‍ണയത്തിലെ അപാകതകളാണ്. ജില്ലാതലത്തില്‍ ഏറ്റവും അവസാനം എത്തിയ കുട്ടിവരെ സംസ്ഥാന കലോത്സവത്തില്‍ ഒന്നാമതത്തെിയ സംഭവങ്ങള്‍ അനവധിയാണ്. തീര്‍ത്തും പക്ഷപാതപരവും അഴിമതിക്ക് വളംവെക്കുന്ന രീതിയിലുമാണ് ഇവിടങ്ങളില്‍ വിധിനിര്‍ണയം. സാധാരണയായി ഡി.ഡി.ഇ ഓഫിസിലെ ഒരു ലോബിയാണ് താഴത്തെട്ടിലുള്ള കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളെ കൊണ്ടുവരുന്നത്. പ്രമുഖ എയ്ഡഡ് സ്കൂളുകള്‍ക്കൊക്കെ ഇവര്‍ ആരാണെന്നറിയാവുന്നതിനാല്‍ പെട്ടെന്ന് സ്വാധീനിക്കാനും കഴിയും. ഇതിന് പരിഹാരമായാണ് പാലക്കാട് കലോത്സവത്തില്‍ അന്നത്തെ ഡി.പി.ഐ ബിജു പ്രഭാകര്‍ വിധികര്‍ത്താക്കളുടെ സ്ഥിരം പാനല്‍ എന്ന ആശയം മുന്നോട്ടുവെച്ച് ആകാശവാണിയിലെയും ദൂരദര്‍ശനിലെയും എ ഗ്രേഡ് ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സ്ഥിരം കമ്മിറ്റിയെയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഈ പരിഷ്കരണം നടപ്പായില്ല.

വിവരാവകാശനിയമത്തിന്‍െറ ഇക്കാലത്ത് ഒട്ടും സുതാര്യമല്ലാതെ മാര്‍ക്കിട്ട് ഒന്നും പറയാതെ മുങ്ങുകയാണ് സംസ്ഥാന കലോത്സവത്തിലടക്കം വിധികര്‍ത്താക്കള്‍ ചെയ്യുന്നത്. ഒരോരുത്തരും ഓരോ കുട്ടിക്ക് എത്ര മാര്‍ക്കുകൊടുത്തു എന്നറിഞ്ഞാല്‍ പക്ഷപാതം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. രണ്ട് വിധികര്‍ത്താക്കള്‍ 80ലേറെ മാര്‍ക്ക് കൊടുത്ത ഒരു മോഹിനിയാട്ട മത്സരാര്‍ഥിക്ക് ഒരു ജഡ്ജി  50 മാര്‍ക്ക് മാത്രം നല്‍കിയത് കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ വിവാദമായിരുന്നു. കുട്ടികള്‍ക്ക് ഓരോ വിധികര്‍ത്താവും കൊടുത്ത മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ വിധിനിര്‍ണയം കുറേക്കൂടി സുതാര്യമാവും. പക്ഷേ അധികൃതര്‍ ഈ പരിഷ്കരണത്തിനുനേരെയും പുറം തിരിഞ്ഞുനില്‍ക്കുകയാണ്.

2005 മുതല്‍ വിജയിയും പരാജിതനുമില്ലാതെ സമ്പൂര്‍ണഗ്രേഡിങ് ആണ് സ്കൂള്‍ കലോത്സവത്തില്‍ നടക്കുന്നത്.  2004ലെ മാന്വല്‍ പരിഷ്കരണ പ്രകാരം മത്സരിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയിലാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. അതും വേദിയില്‍വെച്ച് പ്രഖ്യാപിക്കരുതെന്നാണ് ചട്ടം. വേദികള്‍ ഗ്രേഡുകള്‍ മാത്രം പറയുകയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പിന്നീട് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയുമാണ് പതിവ്. തത്സമയ ആഹ്ളാദപ്രകടനങ്ങളും മറ്റും കുറച്ച് മത്സരക്കമ്പം ലഘൂകരിക്കാനായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇപ്പോഴത് സംഘാടകര്‍ തന്നെ മറന്നുപോയ അവസ്ഥയാണ്. വിജയിയും പരാജിതനും ഇല്ലാതെ എല്ലാവര്‍ക്കും തുല്യ പരിഗണനകിട്ടുന്ന രീതിയിലായിരിക്കണം കലോത്സവത്തിന്‍െറ ഘടനയെന്ന് ഹൈകോടതി എടുത്തുപറഞ്ഞത് അധികൃതര്‍ തന്നെ മറക്കുന്നു.

തിലകവും പ്രതിഭയും ഒൗദ്യോഗികമായി ഇല്ലാതായെങ്കിലും ഏറ്റവുംകൂടുതല്‍ പോയന്‍റ് നേടുന്ന കുട്ടിയെ കണ്ടത്തെി അനൗദ്യോഗിക തിലകങ്ങളെയും പ്രതിഭകളെയും അവര്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി.  നിരവധി സംഘടനകളും മാധ്യമങ്ങളുമൊക്കെ വിജയികള്‍ക്ക് സ്വര്‍ണപതക്കങ്ങളും സമ്മാനങ്ങളും നല്‍കുന്നു. ഫലത്തില്‍ ഈ പ്രോത്സാഹനം ഗ്രേഡിങ് എന്ന ആശയത്തിന് വിരുദ്ധമാവുകയും മത്സരക്കമ്പം വര്‍ധിപ്പിക്കുകയുമാണ് ചെയ്തത്. അതുകൊണ്ടുകൂടിയാണ് ഇത്രയധികം അപ്പീലുകള്‍ വരുന്നതും. അതുപോലെ ഗ്രേസ്മാര്‍ക്ക് കൂട്ടിയും വിജയിക്ക് കിട്ടുന്ന കാഷ് അവാര്‍ഡ് വര്‍ധിപ്പിച്ചും ഗ്രേഡിങ് എന്ന ആശയത്തില്‍നിന്ന് വീണ്ടും അകന്നുപോവാനാണ് അധികൃതര്‍ ശ്രമിച്ചത്.

സാധാരണ ഡി.ഡി.ഇമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല അപ്പീല്‍ കമ്മിറ്റികളും കോടതികളുമാണ് അപ്പീല്‍ അനുവദിക്കുന്നതെങ്കില്‍ ക്രമേണ ഇത് ലോകായുക്തയിലേക്കും ഓംബുംഡ്സ്മാനിലേക്കും മാറി. കഴിഞ്ഞതവണ നൂറിലധിലകം അപ്പീലുകള്‍ ഒറ്റയടിക്ക് അനുവദിച്ച് സംസ്ഥാന ബാലവകാശ കമീഷനാണ് റെക്കോഡിട്ടത്. ബാലവകാശ നിയമത്തിന്‍െറ 14 (1) വകുപ്പനുസരിച്ച് സിവില്‍ കോടതിയുടെ അധികാരം തങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ അപ്പീലുകള്‍ അനുവദിക്കാമെന്നുമാണ് കമീഷന്‍െറ പക്ഷം. മാത്രമല്ല കോടതി പോലും ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധനായ ഒരു അമിക്കസ്ക്യൂറിയുടെ സഹായം തേടിവേണം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന പൊതുചട്ടവും പാലിക്കപ്പെടുന്നില്ല.

മുന്‍കാലങ്ങളില്‍ പൊതുമരാമത്ത് ഓംബുഡ്സ്മാനും, ഉപലോകായുക്തയുംവരെ  കലോത്സവ അപ്പീല്‍ അനുവദിച്ചിരുന്നു. ഇവര്‍ക്ക്  കലയുമായി എന്താണ് ബന്ധമെന്നുപോലും ആരും പരിഗണിക്കുന്നില്ല.   ഇതൊക്കെ തടയാനായി കലോത്സവ മാന്വലിന് നിയമപരിരക്ഷ നല്‍കാനുള്ള നീക്കം 2010ല്‍ മുഹമ്മദ് ഹനീഷ് ഡി.പി.ഐ ആയിരുന്ന സമയത്ത് നടത്തിയിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നമ്മുടെ കലോത്സവത്തെ കുറ്റമറ്റതാക്കാം. പക്ഷേ അവര്‍ അതിന് ശ്രമിക്കുന്നില്ളെന്ന് മാത്രമല്ല, കൂടുതല്‍ കുളമാക്കാനുള്ള വഴികള്‍ ആരായുകയുമാണ്. ഇതിന്‍െറ ഭാഗമായാണ് തിലകം-പ്രതിഭ തുടങ്ങിയ നിര്‍ത്തലാക്കിയ പട്ടങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞത്.  പഴയ മോഡല്‍ അടിപിടി വീണ്ടും കലോത്സവത്തില്‍ തിരിച്ചുവരുമെന്ന് കരുതി കലാസ്വാദകര്‍ ശക്തമായി പ്രതികരിച്ചതോടെ നീക്കം ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ മന്ത്രി പറഞ്ഞത്. അതുപോലെ സി.ബി.എസ്.ഇ സിലബസിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ഈ കലോത്സവം വിപുലമാക്കണമെന്ന അജണ്ടയും സര്‍ക്കാറിനുണ്ടായിരുന്നു.

എന്നാല്‍ നിലവില്‍ പൊതുവിദ്യാഭ്യാസം തലയുയര്‍ത്തി നില്‍ക്കുന്ന ദിനങ്ങള്‍ ഇത് മാത്രമാണെന്നും സി.ബി.എസ്.ഇക്കാരുടെ പണക്കൊഴുപ്പിനുമുന്നില്‍ നമ്മുടെ സ്കൂളുകള്‍ പിറകോട്ടടിക്കുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നും അഭിപ്രായം ശക്തമായതോടെസര്‍ക്കാര്‍ തല്‍ക്കാലം അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പക്ഷേ കാലോചിതമായ മറ്റ് മാറ്റങ്ങള്‍ വരുത്തുന്നതില്‍ സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയുമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.