പൊതുബോധനിര്‍മിതിയും രാജ്യസ്നേഹവും

ജമ്മു-കശ്മീരിനെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്‍റ് 1948ല്‍ പുറത്തിറക്കിയ ധവളപത്രം പേജ് 55ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നവംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പറയുന്നു: ‘കശ്മീരിന്‍െറ വിധി അന്തിമമായി തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാജാവുകൂടി പിന്തുണച്ച ഞങ്ങളുടെ പ്രതിജ്ഞ, കശ്മീരിലെ ജനങ്ങളോട് മാത്രമല്ല, ലോകത്തോടുകൂടിയുള്ളതാണ്. ഞങ്ങള്‍ക്ക് അതില്‍നിന്ന് പിന്നാക്കംപോകാനാകില്ല. ശാന്തിയും ക്രമസമാധാനവും പുന$സ്ഥാപിക്കപ്പെട്ടാല്‍ ഐക്യരാഷ്ട്രസഭപോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്താന്‍ ഞങ്ങള്‍ സന്നദ്ധരാണ്. സത്യസന്ധവും നീതിപൂര്‍വവുമായ അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. അവരുടെ വിധി ഞങ്ങള്‍ സ്വീകരിക്കും. ഇതിലധികം നീതിപൂര്‍വവും സത്യസന്ധവുമായ വാഗ്ദാനം എനിക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നില്ല’
1956 ജനുവരി 30ന് ഭരണഘടന നിലവില്‍ വന്നതോടെ, അതിന്‍െറ അടിസ്ഥാനങ്ങളുമായി യോജിച്ചുപോകാത്ത നിയമവ്യവസ്ഥകളൊക്കെ അസാധുവായി. ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ അടിസ്ഥാനഘടകമായതോടെ ജമ്മു-കശ്മീരിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രവും നിയമപരമായി ഇല്ലാതായെന്ന് വ്യാഖ്യാനിക്കാം. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതങ്ങനെ ആയിരിക്കുമെന്നും ഭരണഘടന പ്രഖ്യാപിച്ചു. ഇതടങ്ങുന്ന ഭരണഘടനയെ 1956ല്‍ ജമ്മു-കശ്മീര്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു.
ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കും ലോകത്തിനാകെയും നല്‍കിയ വാഗ്ദാനം നിലനില്‍ക്കെ, ഭരണഘടനാവ്യവസ്ഥയിലൂടെ ആ പ്രദേശത്തെ  രാജ്യത്തിന്‍െറ അവിഭാജ്യഘടകമാക്കി മാറ്റുന്നതെങ്ങനെ എന്ന ചോദ്യം ഉത്തരംകിട്ടാതെ നില്‍ക്കുന്നു. ജനാധിപത്യത്തെ ആവോളം ബഹുമാനിക്കുകയും ലോകത്തെ ഏറ്റവുംവലിയ ജനായത്ത രാഷ്ട്രമെന്ന നിലയിലേക്ക് ഇന്ത്യന്‍യൂനിയനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നേതാക്കള്‍തന്നെയാണ് ഈ ചോദ്യം ബാക്കിയാക്കിയതെന്ന വൈരുധ്യവും നിലനില്‍ക്കുന്നു. ജമ്മു-കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ ഈ ഭരണഘടന അംഗീകരിച്ചത്, ഹിതപരിശോധനക്ക് തുല്യമാണ് എന്ന് വാദിച്ചേക്കാം. നിയമസഭാംഗങ്ങളെ കണ്ടത്തൊന്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാകുന്നവര്‍ ജനസംഖ്യയുടെ 50 മുതല്‍ 60വരെ ശതമാനം മാത്രമാണ്. വോട്ടെടുപ്പിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വലിയ പരിശ്രമം ആരംഭിച്ചതിനുശേഷവും. അതിനുമുമ്പത്തെ കണക്കുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. അതില്‍തന്നെ കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ച് അധികാരത്തിലത്തെുന്ന കക്ഷിക്ക് എത്രശതമാനം വോട്ടുണ്ടാകും? അതിനെ ജനങ്ങളുടെയാകെ ഹിതമായി കണക്കാക്കാനാകുമോ? അത് ജനഹിതമായി കണക്കാക്കപ്പെടുന്നെങ്കില്‍, രാജ്യത്തും സംസ്ഥാനത്തും ഭരണത്തിലേറിയ പാര്‍ട്ടികള്‍ മുന്‍കാലത്ത് അധികാരത്തിലിരുന്ന പാര്‍ട്ടികള്‍ എടുത്ത തീരുമാനങ്ങളെയോ നടത്തിയ നിയമനിര്‍മാണങ്ങളെയോ ഇല്ലാതാക്കുന്നത് എങ്ങനെയാണ്?
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍, വോട്ടെടുപ്പില്‍ പങ്കാളികളാകുന്നവരില്‍ ഭൂരിപക്ഷത്തിന്‍െറ മാത്രം പ്രതിനിധികളാണ്. അതുപയോഗിച്ച് രാഷ്ട്രത്തെ നയിക്കുന്നതുകൊണ്ടുമാത്രം അവരെടുക്കുന്ന തീരുമാനങ്ങളൊക്കെ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാകണമെന്നില്ല, എന്തിന് അവരെ തെരഞ്ഞെടുത്തയച്ച ജനത്തിന്‍െറ താല്‍പര്യം സംരക്ഷിക്കുന്നതാകണമെന്നുമില്ല. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍തന്നെയാണ് കരിനിയമങ്ങള്‍ പാസാക്കുകയും അതുപയോഗിച്ച് ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യം ഹനിക്കുകയും അടിയന്തരാവസ്ഥ നടപ്പാക്കുകയുമൊക്കെ ചെയ്തത്. ഭരണകൂടമെടുക്കുന്ന തീരുമാനങ്ങള്‍, ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളുമായി യോജിച്ചുപോകുന്നതാണോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെട്ട നീതിന്യായസംവിധാനം ജനദ്രോഹത്തിനൊപ്പം നില്‍ക്കുകയും കടമ മറക്കുകയും ചെയ്തതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ടുതാനും.
ജനങ്ങള്‍ക്കും ലോകത്തിനാകെയും നല്‍കിയ വാഗ്ദാനം ലംഘിച്ച ഭരണകൂടം അധികാരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ സാധൂകരിക്കുകയാണ് ഇതര സംവിധാനങ്ങളെന്നും പ്രദേശവാസികള്‍ക്ക് തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. നീതിനിഷേധിക്കപ്പെട്ടവരാണ് തങ്ങളെന്ന തോന്നല്‍ വളരുകയും അതിനെ ഇല്ലാതാക്കാന്‍ ഭരണകൂടം സൈനികശേഷികൂടി പ്രയോഗിക്കുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാകും. ലോകത്തെവിടെയും ഇങ്ങനെ തന്നെയാണ്, ജമ്മു-കശ്മീരില്‍ ഭിന്നമാകുക  പ്രയാസം. ഹിതപരിശോധന എന്ന വാഗ്ദാനം നിലനില്‍ക്കെ, ജമ്മു-കശ്മീരിനെ രാജ്യത്തിന്‍െറ അവിഭാജ്യഘടകമായി ഭരണഘടനയില്‍ രേഖപ്പെടുത്തുന്നത് ഏകപക്ഷീയമാണെന്ന തിരിച്ചറിവിന്‍െറകൂടി അടിസ്ഥാനത്തിലാകണം ആ പ്രദേശത്തിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ (ഭരണഘടനയിലെ 370) ഉള്‍പ്പെടുത്തിയത്.
പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട, അഫ്സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കശ്മീരിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടിയും ഇന്ത്യക്കെതിരെയും മുദ്രാവാക്യമുയര്‍ന്നുവെന്ന ആരോപണത്തെ ഈ സാഹചര്യത്തില്‍വേണം കാണാന്‍. ഹിതപരിശോധനയെന്ന വാഗ്ദാനം പാലിക്കാന്‍ ഇന്ത്യന്‍യൂനിയന്‍ തയാറായില്ളെന്ന തോന്നല്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന് ഉത്തരവാദി യൂനിയന് നേതൃത്വം നല്‍കിയവര്‍തന്നെയാണ്. വാഗ്ദാനം പാലിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതിനെ രാജ്യദ്രോഹമായി മുദ്രകുത്താനുള്ള ധാര്‍മികമോ നിയമപരമോ ആയ അവകാശം ഇല്ളെന്ന് പറയേണ്ടിവരും. ജനങ്ങളോടുള്ള കര്‍ത്തവ്യം നിറവേറ്റാന്‍ രാജ്യം (രാജ്യമെന്നതിനെ ഭരണനേതൃത്വമെന്നോ ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്നോ ചുരുക്കി വായിക്കാവുന്നതാണ്) തയാറാകുമ്പൊഴേ ജനങ്ങള്‍ക്ക് അതിനോട് സ്നേഹമുണ്ടാകുകയുള്ളൂ. രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന ഭീഷണിയില്‍ പിറക്കേണ്ടതല്ല രാജ്യസ്നേഹമെന്ന തോന്നല്‍ ഭരണകൂടങ്ങള്‍ക്ക് പൊതുവില്‍ ഉണ്ടാകാറില്ല. രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരെ മാത്രമല്ല, അത് അന്യായമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവരെയും അവര്‍ ദേശവിരുദ്ധരാക്കി മാറ്റും. അതിന്‍െറ തെളിവുകളാണ് ജെ.എന്‍.യുവില്‍ കണ്ടത്.
മുദ്രാവാക്യം വിളിയിലേക്കുനയിച്ച അനുസ്മരണച്ചടങ്ങിന്‍െറ പേരിലുമുണ്ട് രാജ്യദ്രോഹക്കുറ്റം. അത് ജെ.എന്‍.യുവില്‍ മാത്രമല്ല, പ്രസ്ക്ളബില്‍ നടന്ന ചടങ്ങിന്‍െറ പേരിലുമുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനിയെ അറസ്റ്റ് ചെയ്തത് പ്രസ്ക്ളബിലെ ചടങ്ങിന്‍െറയും അവിടെ ഉയര്‍ന്ന മുദ്രാവാക്യത്തിന്‍െറയും പേരിലാണ്. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ സുപ്രീംകോടതി കുറ്റമുക്തനാക്കിയ വ്യക്തിയാണ് എസ്.എ. ആര്‍. ഗീലാനി. 2001ല്‍ പാര്‍ലിമെന്‍റിനു നേര്‍ക്കുണ്ടായ ആക്രമണം, രാജ്യത്തിന്‍െറ പരമാധികാരത്തിന് നേര്‍ക്കുണ്ടായ ആക്രമണമായാണ് വീക്ഷിക്കപ്പെട്ടത്. ഹിന്ദുത്വ ഫാഷിസം നിഷ്കര്‍ഷിക്കുന്ന തോതില്‍ രാജ്യസ്നേഹമില്ലാത്തവര്‍ക്കുപോലും അതിനെ അത്തരത്തിലേ കാണാനും സാധിക്കൂ. പക്ഷേ, അതില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും ആക്രമണത്തിന്‍െറ ആസൂത്രണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നസംശയം അന്നും ഇന്നും ഉന്നയിക്കപ്പെടുന്നുണ്ട്.
വിചാരണക്കാലത്തിന്‍െറ വലിയൊരുപങ്കും അഫ്സല്‍ ഗുരുവിന് അഭിഭാഷകനുണ്ടായിരുന്നില്ല. പിന്നീട് ലഭ്യമായ നിയമസഹായത്തില്‍, അഫ്സല്‍ ഗുരു തൃപ്തനുമായിരുന്നില്ല.  സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താണ് അഫ്സല്‍ ഗുരുവിന് കോടതി വധശിക്ഷ വിധിക്കുന്നത്. കുറ്റവാളിക്ക് വധശിക്ഷ നല്‍കിയാലേ സമൂഹത്തിന്‍െറ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാകൂ എന്ന്  പരമോന്നത കോടതി പറഞ്ഞുവെച്ചു.
പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍കൂടിയാണ് പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് എന്ന് പരമോന്നത കോടതി പറയുമ്പോള്‍ വരുംകാല കേസുകളില്‍ ഇതൊരു കീഴ്വഴക്കമാകാമെന്ന സന്ദേശംകൂടി നല്‍കും. സമൂഹത്തിന്‍െറ പൊതുബോധത്തെ ആരാണ് നിര്‍വചിച്ചിരിക്കുന്നത്, വധശിക്ഷക്ക് അനുകൂലമാണ് പൊതുബോധമെന്ന് പരമോന്നത കോടതി എങ്ങനെ നിര്‍ണയിച്ചു എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പം പൊതുബോധത്തെ തൃപ്തിപ്പെടുത്തുക എന്നതാണോ വസ്തുതകളും തെളിവുകളും കണക്കിലെടുത്ത് നീതിനടപ്പാക്കുകയാണോ പരമോന്നത കോടതിയുടെ ജോലി എന്ന ചോദ്യം ശക്തമായി ഉയര്‍ന്നു.
കോടതിവിധികളെയും തീരുമാനങ്ങളെയും ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളെയും വിശകലനം ചെയ്യാനും വിമര്‍ശിക്കാനുമുള്ള അവകാശം പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുണ്ട്. വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ വിമര്‍ശിക്കുമ്പോഴോ അവരെ ലക്ഷ്യമിടുമ്പോഴോ മാത്രമേ അത് കോടതിയലക്ഷ്യമോ കുറ്റകൃത്യമോ ആയി മാറുന്നുള്ളൂ. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിമാരെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. ആ തീരുമാനത്തിന്‍െറ നിയമസാധുതയും അതിനൊപ്പം പ്രകടിപ്പിച്ച അഭിപ്രായത്തിന്‍െറ യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് നടാടെയുണ്ടായത് ജെ.എന്‍.യുവിലല്ല. വധശിക്ഷ നടപ്പാക്കുമ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ദയാഹരജി തള്ളാനെടുത്ത തീരുമാനം, ഹരജി തള്ളിയതിനുശേഷം ശിക്ഷ നടപ്പാക്കുന്നതിന് കാട്ടിയ തിടുക്കം, ശിക്ഷ നടപ്പാക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാതെ രഹസ്യമാക്കിവെച്ചതിലെ കൊടിയ കുടിലത എന്നിവയും അന്ന് വിമര്‍ശിക്കപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ മറവുചെയ്തതിലെ മനുഷ്യത്വമില്ലായ്മയും ചൂണ്ടിക്കാണിക്കപ്പെട്ടു.  ഇതൊന്നും രാജ്യദ്രോഹക്കുറ്റമായി അക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടില്ല.
അഫ്സല്‍ ഗുരു ജീവനോടെയിരിക്കുന്നത് നാണക്കേടാണെന്ന് പ്രചരിപ്പിച്ച സംഘ് പരിവാര്‍ അധികാരത്തെ നിയന്ത്രിക്കുന്നുവെന്നതാണ് ഇപ്പോഴുണ്ടായ മാറ്റം. ദേശ സ്നേഹികളെ തീരുമാനിക്കുന്നത് തങ്ങളാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ പലരൂപത്തില്‍ സംഘ്പരിവാറും അവരുടെ ഭരണകൂടവും ശ്രമിക്കുന്നുണ്ട്.    
ജനങ്ങളെ ഭീതിയുടെ നിഴലിലാക്കാനാണ് ഫാഷിസം എപ്പോഴും ശ്രമിക്കുക. അപ്പോഴാണ് അധികാരം സുരക്ഷിതമാകുന്നതെന്ന് അവര്‍ കരുതുന്നു. അതിനുള്ള പല നീക്കങ്ങളിലൊന്നാണ് ജെ.എന്‍.യുവിന്‍െറ പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിഷയവും സ്ഥലവും മാറും. ഈ നീക്കങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.