ക്രിമിനല്‍ മുദ്ര മായാതെ ഗെയ്ക്വാദും നാടോടി ഗോത്രങ്ങളും

ശീതകാലം വരുമ്പോള്‍ മുംബൈ നഗര പ്രാന്തങ്ങളില്‍ കഴിയുന്നവരില്‍ ആധി പടരും. കവര്‍ച്ച നടത്തി ഉപജീവനം നടത്തുന്ന ഗോത്രവര്‍ഗക്കാരെ ചൊല്ലിയാണത്. കച്ചാ ബനിയന്‍ അഥവാ ഛഡ്ഡി ബനിയന്‍ ഗ്യാങ് എന്ന് കേട്ടാല്‍ ഉള്‍ക്കിടിലമുണ്ടാകാത്തവര്‍ ഉണ്ടാകില്ല. ദിവസങ്ങള്‍ക്കു മുമ്പ് ബോരിവലി ഈസ്റ്റിലാണ് ഇത്തവണ അവരുടെ ആക്രമണമുണ്ടായത്. അവിടെ സത്യാ നഗറിലുള്ള സത്യസായി കൃപാ കെട്ടിടത്തില്‍ കയറിയ സംഘം ഫ്ളാറ്റില്‍ കവര്‍ച്ച നടത്തി മടങ്ങവെ കെട്ടിടകവാടത്തില്‍ വെച്ചു കണ്ട വൃദ്ധദമ്പതികളെയും കൊള്ളയടിച്ചു. സംഘത്തിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധദമ്പതികളുടെ പരാതിയില്‍ പൊലീസ് സംഘം ഓടിയത്തെിയത് ഏറ്റുമുട്ടലിലേക്കായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ നാലുപേരെ പൊലീസ് പിടികൂടി. അപൂര്‍വമായാണ് ഇവര്‍ പിടിയിലാകുന്നത്.
വീടും നാടുമില്ലാത്തവര്‍ മഞ്ഞുകാലത്താണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ തേടി നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലത്തെുക. ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്ത് കുഞ്ഞു കുടിലുകളുണ്ടാക്കി താമസിക്കും.

പകല്‍ മുഴുവന്‍ പൈജാമയും കുര്‍ത്തയുമണിഞ്ഞോ ലുങ്കിയുടുത്തോ കറങ്ങിനടക്കും. ജോലി ചോദിച്ചും ഭിക്ഷയാചിച്ചും കറങ്ങിനടന്ന്  അവര്‍ ലക്ഷ്യം കണ്ടത്തെും. ലക്ഷ്യങ്ങള്‍ കണ്ടത്തെിയാല്‍ രാത്രിയില്‍ കവര്‍ച്ചയാണ്. ആറോ പത്തോ വരുന്ന സംഘങ്ങളായി അവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകും. അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ദേഹമാസകലം എണ്ണയോ കരിഓയിലോ തേച്ച് മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച. കൈയില്‍ കത്തി, നാടന്‍ തോക്ക്, മുളകുപൊടി, ചെറു വാള്‍, ഇരുമ്പു ദണ്ഡ് തുടങ്ങിയ ആയുധങ്ങളും കയറുമുണ്ടാകും. കവര്‍ച്ച സമയത്ത് വീട്ടിലുള്ളവര്‍ ഉണര്‍ന്നാല്‍ അവരെ കെട്ടിയിട്ടാണ് കവര്‍ച്ച. ബലം പ്രയോഗിച്ചാല്‍ വധിക്കും. വീട്ടിലെ ഭക്ഷണം സംഘാംഗങ്ങള്‍ പങ്കുവെച്ച് കഴിക്കും. കവര്‍ച്ചമുതലും ഭക്ഷണവും മുഴുവനായും അവരെടുക്കില്ല. ഒരു പങ്ക് വീട്ടുകാര്‍ക്കായി നീക്കിവെക്കല്‍ ആചാരത്തിന്‍െറ ഭാഗമാണ്. ഒരു പ്രദേശത്ത് ഒന്നിലധികം കവര്‍ച്ച നടത്തിയാല്‍ പിന്നെ അവര്‍ അവിടെ നില്‍ക്കില്ല. അടുത്ത ദേശം തേടി അവര്‍ പോകും.

നാടോടി ഗോത്രങ്ങളില്‍പെട്ട പര്‍ദ്ധി സമൂഹമാണ് പരമ്പരാഗതമായി കവര്‍ച്ച തുടര്‍ന്നുപോരുന്നത്. പര്‍ദ്ധി സമൂഹത്തില്‍ നിരവധി ഉപജാതികളുണ്ട്. കുലത്തൊഴിലായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സമൂഹങ്ങളെ ബ്രിട്ടീഷുകാര്‍ അവഗണിക്കുകയും 1871ല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ ട്രൈബ്സ് ആക്ട് കൊണ്ടുവരുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം 1952 ലാണ് ഇതില്‍ മാറ്റമുണ്ടാക്കിയത്. ഇവരെ നാടോടി ഗോത്രക്കാരായി കണ്ടു. മഹാരാഷ്്ട്രയില്‍ ഇവരെ പട്ടികജാതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ഇവര്‍ക്ക് സംവരണവുമുണ്ട്. എന്നാല്‍, ഈ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇനിയുമായിട്ടില്ല. ഇവരില്‍ ചില ഉപഗോത്രങ്ങള്‍ മോഷണത്തില്‍ നിന്നു മാറി കാര്‍ഷിക രംഗത്തേക്ക് വന്നിട്ടുണ്ട്. എന്നാല്‍, മേല്‍ജാതിക്കാരുടെയും മറ്റും ഇവര്‍ക്കു നേരെയുള്ള മനോഭാവം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

പണ്ട് ബ്രിട്ടീഷുകാര്‍ ക്രിമിനലുകളായി മുദ്രചാര്‍ത്തിയ ഗോത്രങ്ങളില്‍ ഒന്നാണ് ഉചല്യ. ഈ പേരിലുള്ള കൃതിയാണിന്ന് മറാത്ത സാഹിത്യത്തിലെ മാസ്റ്റര്‍പീസായി നിറഞ്ഞുനില്‍ക്കുന്നത്. ലക്ഷ്മണ്‍ ഗെയ്ക്വാദ് എന്ന ഉചല്യ ഗോത്രക്കാരന്‍െറ ആത്മാംശം കലര്‍ന്ന നോവല്‍. മോഷണവും കവര്‍ച്ചയും ജീവിതോപാധിയായി കാണുന്ന സമൂഹങ്ങളിലെ ജീവിതം ആ പുസ്തകത്തിലെ വരികള്‍ പകര്‍ന്നുതരും. 1988ല്‍ സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കൃതിയാണിത്. ‘ദ ബ്രാന്‍റഡ്’ എന്ന പേരില്‍ ഇംഗ്ളീഷ് പരിഭാഷയുമുണ്ട്.

നാടില്ല, ജന്മ തീയതിയില്ല, വീടില്ല, നിലമില്ല,  ഒരു ജാതിപോലുമില്ല. ഉചല്യ സമുദായത്തില്‍ ലാത്തൂരിലെ ധനെഗാവില്‍ അങ്ങനെയാണെന്‍െറ ജന്മം. അവിടെയാണെന്‍െറ ബാല്യവും യുവത്വവും കടന്നുപോയത്. ആ ചെറ്റപ്പുര ഇന്നും എനിക്കോര്‍മയുണ്ട്. കച്ചി മേഞ്ഞ ചെറ്റപ്പുരയിലേക്ക് ഞങ്ങള്‍ കയറിയതും ഇറങ്ങിയതും കൈ, കാല്‍ മുട്ടുകളില്‍ ഇഴഞ്ഞാണ്. മുത്തശ്ശി നരസാബായി ആയിരുന്നു കുടുംബനാഥ. മുത്തച്ഛന്‍ ഒന്നിനും കൊള്ളാത്തവനായി കഴിഞ്ഞിരുന്നു. ദിവസവും രണ്ടുതവണ അദ്ദേഹത്തിന് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിനാല്‍, പ്രദേശം വിട്ടുപോയി കളവു നടത്താന്‍ കഴിയുമായിരുന്നില്ല.
നല്ല കാലത്ത് കുടുംബംനോക്കിയത് മുത്തച്ഛന്‍ ലിങ്കപ്പതന്നെയായിരുന്നു. അടുത്ത പ്രദേശങ്ങളിലെ ചന്തകളിലും മറ്റുംചെന്ന് പോക്കറ്റടിച്ചും വസ്തുക്കള്‍ മോഷ്ടിച്ചും വരും. അന്ന് ഞങ്ങളുടെ ഗോത്രങ്ങള്‍ക്കിടയില്‍ വല്യ പേരായിരുന്നു അദ്ദേഹത്തിന്. എല്ലാവരും ആദരിച്ചു. കുപ്രസിദ്ധ കള്ളനായി നിസാം ഗവണ്‍മെന്‍റും അദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നു. ആരും അദ്ദേഹത്തിനു മുന്നില്‍ പെടാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഇങ്ങനെയാണ് ഉചല്യയില്‍ സ്വന്തം ജീവിത കഥക്ക് ലക്ഷ്മണ്‍ ഗെയ്ക്വാദ് തുടക്കംകുറിക്കുന്നത്. മുത്തച്ഛന്‍ പിന്നീട് പൊലീസ് ചാരനായി മാറുന്നതും ഒറ്റുകാരനായ അദ്ദേഹത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് കൊന്ന് കത്തിച്ച് തെളിവു നശിപ്പിക്കുന്നതും തുടര്‍ന്ന് പറയുന്നു. മോഷണം കുലത്തൊഴിലാക്കിയവരുടെ ജീവിതമാണ് ഗെയ്ക്വാദിന്‍െറ ഉചല്യയില്‍ തെളിയുന്നത്.

ഈ ഗോത്രക്കാരെ മാറ്റിയെടുക്കാനും നന്നാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ലക്ഷ്മണ്‍ ഗെയ്ക്വാദ് അംഗമാണ്. എങ്ങനെ അത് സാധ്യമാകുമെന്നതില്‍  നീണ്ട കാത്തിരിപ്പു വേണം. അദ്ദേഹം തന്‍െറ അനുഭവങ്ങള്‍ പറയുന്നുണ്ട്. ആദ്യമായി സ്കൂളിലത്തെിയ സമയത്ത് മറ്റു താഴ്ന്ന ജാതിക്കാരടക്കം തന്നെ അകറ്റിനിര്‍ത്തിയതും അലിഖിത നിയമങ്ങള്‍ ലംഘിച്ച് സ്കൂളില്‍ പോയതിന് ഗോത്രക്കാര്‍ അകന്നതും. അവര്‍ക്കിടയില്‍ അങ്ങനെ ഒരുപാട് അലിഖിത നിയമങ്ങളുണ്ട്. തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയായി കൊടും പീഡനങ്ങളുണ്ട്. പൊലീസും ഉന്നത ജാതീയരായ മറാത്തകളും ചെയ്യുന്നതിനെക്കാള്‍ കൊടിയ പീഡനം. ആ പീഡനമുറകള്‍ നേരിട്ടാണ് കുട്ടികള്‍ വളരുക. എന്നാലേ പൊലീസിന്‍െറയും മേല്‍ജാതിക്കാരുടെയും പീഡനത്തെ അതിജയിക്കാന്‍ കഴിയൂ എന്നവര്‍ വിശ്വസിക്കുന്നു. പ്രാര്‍ഥനക്കും പ്രതിജ്ഞക്കും ശേഷമാണ് മോഷണത്തിനുള്ള പുറപ്പാട്. ആയുധ ദേവതയെ പ്രാര്‍ഥിച്ച് കോഴിച്ചോര വിതറിയാണ് പോക്ക്. പൊലീസിന്‍െറയും മേല്‍ജാതിക്കാരുടെയും പിടിയിലാകരുതെന്നും നല്ല കളവു നടത്തി മടക്കിയത്തെിക്കണമെന്നുമാണ് പ്രാര്‍ഥന.

സ്വന്തം ഗോത്രത്തിന്‍െറ പരമ്പരാഗത തൊഴിലുപേക്ഷിച്ച് നല്ലവനായി ജീവിച്ച ലക്ഷ്മണ്‍ ഗെയ്ക്വാദിനെ പിന്നീട് ലാത്തൂരിലുണ്ടായ ഭൂകമ്പമാണ് പിടിച്ചുലച്ചത്. എല്ലാം നഷ്ടപ്പെട്ട അദ്ദേഹം മുംബൈയിലേക്ക് പോന്നു. അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഫിലിം സിറ്റിയില്‍ തട്ടുകട ഇട്ടുകൊടുത്തു. അതാകട്ടെ, ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ പൊളിച്ചുമാറ്റുകയാണ്. രണ്ടു ദിവസം മുമ്പ് ഒരു മുന്നറിയിപ്പുമില്ലാതെ നഗരസഭാ ജീവനക്കാരും ഒരു സംഘം പൊലീസും കട പൊളിക്കാനത്തെി. അദ്ദേഹത്തിന്‍െറ ദയനീയാവസ്ഥ കണ്ട നഗരസഭാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് 48 മണിക്കൂര്‍ സമയം നല്‍കി തിരിച്ചുപോയി. എന്നാല്‍, കടയിലേക്കുള്ള വൈദ്യുതിയും ജലവിതരണവും നിര്‍ത്തലാക്കി. രാഷ്ട്രീയക്കാരുടെ വാതിലുകളില്‍ മുട്ടി തളര്‍ന്ന ലക്ഷ്മണ്‍ ഗെയ്ക്വാദ് സ്വയം പടിയിറങ്ങുകയാണ്്. എല്ലാം കെട്ടിപ്പെറുക്കി ഭരണകൂട ദാര്‍ഷ്ട്യത്തിനു മുന്നില്‍ ഒഴിഞ്ഞുകൊടുക്കുകയാണ്. ഇത് തന്‍െറ ജീവിതത്തിലെ രണ്ടാമത്തെ ഭൂകമ്പമായി അദ്ദേഹം കാണുന്നു. എന്താണ് പടിയിറക്കലിന്‍െറ പിന്നില്‍ എന്നതിനും ജാതീയതയാണ് മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്ട്രയിലെ ശരദ് പവാര്‍ അടക്കമുള്ള ഉന്നതകുലരായ മറാത്തികളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കംനടന്നിരുന്നു. അതിനെ എതിര്‍ത്ത പ്രമുഖരില്‍ ഒരാളാണ് ലക്ഷ്മണ്‍ ഗെയ്ക്വാദ്. പടിയിറക്കലിനു പിന്നില്‍ സംസ്ഥാന സാംസ്കാരിക മന്ത്രി വിനോദ് താവ്ഡെയാണെന്ന് ഗെയ്ക്വാദ് ആരോപിക്കുന്നു. മറാത്തക്കാരനാണ് വിനോദ് താവ്ഡെ. ഒന്നര നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാര്‍ നാടോടി ഗോത്രങ്ങളില്‍ ചാര്‍ത്തിയ ക്രിമിനല്‍ സമൂഹമെന്ന മുദ്ര ഇനിയും മാഞ്ഞിട്ടില്ളെന്ന് വ്യക്തം. മേല്‍ജാതിക്കാരുടെ ഉള്ളിലും അവര്‍ വേട്ടയാടപ്പെടേണ്ടവരെന്ന ബോധം മാറ്റമില്ലാതെ കിടക്കുന്നു.

ഈ ഗോത്രങ്ങളെ പരിഷ്കരിച്ചെടുക്കാനുള്ള സാമൂഹിക, രാഷ്ട്രീയ ശ്രമങ്ങള്‍ ഗൗരവപൂര്‍വമാകുന്നില്ളെന്നും വ്യക്തം. ഛഡ്ഡി ബനിയന്‍ ഗ്യാങ്ങിന്‍െറ പേരില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് ആളുകളില്‍ ഭീതി നിറച്ച് വോട്ടു ചോര്‍ത്തുന്ന കഴുകന്‍ മുഖവും ഈ രാഷ്ട്രീയക്കാര്‍ക്കുണ്ട്. ഛഡ്ഡി ബനിയന്‍ ഗ്യാങ്ങും മങ്കിമാനും ഇറങ്ങിയെന്ന് തന്ത്രപൂര്‍വം പ്രചരിപ്പിച്ച് ഭീതിപരത്തും. ഛഡ്ഡി ബനിയന്‍ സംഘം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തുന്നു എന്നും കൊല്ലുന്നു എന്നും ഗോത്രത്തിലെ അലിഖിത നിയമപ്രകാരം അവര്‍ ചെയ്യാത്തതോ പാടില്ലാത്തതോ ആയ കാര്യങ്ങള്‍ കെട്ടിച്ചമച്ചാണ് ഭീതി പരത്തല്‍. മരത്തില്‍ കുരങ്ങിനെപ്പോലെ പെരുമാറുന്ന മങ്കിമാന്‍ എന്നത് വെറും കെട്ടുകഥയാണ്.

ആളുകളെ പേടിപ്പിച്ച് രാപ്പകല്‍ അവിടെ കാവല്‍ ഏര്‍പ്പെടുത്തി രക്ഷകരുടെ വേഷത്തില്‍ എത്തിയാണ് രാഷ്ട്രീയ ചൂഷണം. ഈ കാവല്‍കാലത്ത് നിരപരാധികളെ വളഞ്ഞിട്ട് ആക്രമിച്ച സംഭവങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, ഇന്നോളം ഛഡ്ഡി ബനിയന്‍ സംഘാംഗത്തെയോ മങ്കിമാനെയോ ഈ കാവല്‍ക്കാര്‍ പിടിച്ചിട്ടില്ല. 2012ലാണ് നുണ പ്രചരിപ്പിച്ച് ആളുകളില്‍ ഭീതി പരത്തുന്ന സംഭവം മുംബൈ, താണെ പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്. അത്തരത്തില്‍ പ്രചരിപ്പിക്കുന്നവരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.