മാനവികതയുടെ അപ്പോസ്തലരും അഭയാര്‍ഥികളും

മന:സാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളാണ് മാനവികതാ വാദത്തെ പ്രത്യേകം സിദ്ധാന്തമായി ലോകത്ത് ഉയര്‍ത്തിക്കാട്ടിയ യൂറോപ്പില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. 80,000 അഭയാര്‍ഥികളെ സ്വീഡന്‍ രാജ്യത്തുനിന്ന് പുറത്താക്കുകയാണ്. ഡെന്മാര്‍ക്കില്‍ അഭയാര്‍ഥികളുടെ വിലപിടിപ്പുള്ള വസ്തുക്കളൊക്കെയും പിടിച്ചെടുക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നു. യൂറോപ്പിലെ അഭയാര്‍ഥി കാമ്പുകളില്‍നിന്ന് 10,000 കുട്ടികളെ കാണാതായിരിക്കുന്നുവെന്നതാണ് മറ്റൊരു വാര്‍ത്ത.

ജനീവയില്‍ 1951ല്‍ നടന്ന കണ്‍വെന്‍ഷനാണ് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ നിര്‍ണയിച്ചത്. ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഈ കണ്‍വെന്‍ഷന്‍ നിശ്ചയിച്ച വ്യവസ്ഥകളും നിബന്ധനകളും പാലിച്ച് അഭയാര്‍ഥികളോട് മനുഷ്യത്വപരമായി വര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥരാണ്. കണ്‍വെന്‍ഷന്‍ നിബന്ധനകള്‍ പാലിക്കുമെന്ന് കരാര്‍ ഒപ്പിട്ട ഒന്നാമത്തെ രാഷ്ട്രം ഡെന്മാര്‍ക്കാണ്. അവര്‍ തന്നെയാണ് ഇപ്പോള്‍ അഭയാര്‍ഥികളില്‍നിന്ന് വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ പിടിച്ചെടുത്ത് കടുത്ത ദ്രോഹം ചെയ്യുന്നതും. അഭയംനല്‍കിയ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരം നടപടി അഭയാര്‍ഥികള്‍ക്കുമേല്‍ നടപ്പാക്കുന്നുണ്ടെന്നാണ് ജര്‍മനിയുടെ തെക്കന്‍ സ്റ്റേറ്റുകളില്‍നിന്നും സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അഭയാര്‍ഥി കാമ്പുകളില്‍നിന്ന് കാണാതായ കുട്ടികള്‍ മനുഷ്യക്കടത്തുകാരുടെ കൈകളിലകപ്പെട്ടിരിക്കാമെന്നും അടിമകളാക്കിയും ലൈംഗികമായും ഉപയോഗപ്പെടുത്തിയേക്കുമെന്നുമാണ് കരുതപ്പെടുന്നത്. യുദ്ധഭൂമികളില്‍നിന്ന് ജീവന്‍ നിലനിര്‍ത്താന്‍ അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുടെ ദുര്‍ഗതിയാണിത്. ഇങ്ങനെ എത്തിപ്പെട്ടവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി സന്ധിക്കാന്‍ മൂന്നുവര്‍ഷം കാത്തിരിക്കണം. അതിനുള്ള അപേക്ഷ നല്‍കണമെങ്കില്‍തന്നെ ഒരു വര്‍ഷം കഴിയണം. ഇത്രമേല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴും യൂറോപ്യന്‍ നേതൃത്വത്തിന് മിണ്ടാട്ടമില്ല. റെഫൂജി കണ്‍വെന്‍ഷനില്‍ (1951), മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കുമെന്ന കരാറില്‍ ഒപ്പുവെച്ചവര്‍തന്നെ അതിന്‍െറ കടുത്ത ലംഘകരാകുമ്പോഴും ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കിയത് ജര്‍മനിയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആവശ്യപ്പെടുകയുമുണ്ടായി. ഇതിന്‍െറ പേരില്‍ കടുത്ത വിമര്‍ശം കേള്‍ക്കേണ്ടിവന്നു അവര്‍ക്ക്. സിറിയയിലും ഇറാഖിലും ആഭ്യന്തരയുദ്ധങ്ങള്‍ അവസാനിച്ചാല്‍ അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മെര്‍കല്‍ ഇപ്പോള്‍. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ഥികളെ തടയാന്‍ തങ്ങളുടെ അതിര്‍ത്തികള്‍ കൊട്ടിയടച്ചിട്ടുമുണ്ട്.

യുദ്ധക്കെടുതികളില്‍നിന്ന് അഭയം തേടി ഓരോ രാജ്യത്തുനിന്നും പതിനായിരക്കണക്കിന് മനുഷ്യരാണ് കടല്‍താണ്ടി യൂറോപ്യന്‍ തീരങ്ങളില്‍ എത്തുന്നത്. യാത്രകള്‍ക്കിടയില്‍തന്നെ അനവധി പേര്‍ മരിക്കുകയും ചെയ്യുന്നു.  ജനുവരിയില്‍ മാത്രം 244 പേര്‍ മരിച്ചതായി അഭയാര്‍ഥികളുടെ അന്താരാഷ്ട്ര സംഘടനയായ ഐ.ഒ.എം പറയുന്നു. ലക്ഷക്കണക്കിലുള്ള അഭയാര്‍ഥികളുടെ മറ്റൊരു ദുരന്തം, അവര്‍ അഭയത്തിനായി എത്തപ്പെട്ട രാജ്യങ്ങള്‍ പലതും യുദ്ധം ചെയ്ത് ഇവരെ തെരുവാധാരമാക്കിയവരാണ് എന്നതാണ്. സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്നാണല്ളോ കൂടുതല്‍ അഭയാര്‍ഥി പ്രവാഹങ്ങളും. ഇവിടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഫ്രാന്‍സും ബ്രിട്ടനും ബോംബ് വര്‍ഷിക്കുകയായിരുന്നു. യുദ്ധങ്ങളിലൂടെ മനുഷ്യരെ കൊന്നൊടുക്കുന്ന കൊടുംകുറ്റവാളികളുടെ ദയാവായ്പിനാണ് യുദ്ധഭൂമികളില്‍നിന്ന് ജീവന്‍ ബാക്കിയായ നിരാലംബര്‍ ദുര്‍ഘടങ്ങളായ കടല്‍യാത്രകളിലൂടെ യൂറോപ്യന്‍ തീരങ്ങളില്‍ എത്തുന്നത്. ഈ അഭയാര്‍ഥി സംഘങ്ങളോട് മനുഷ്യത്വം കാട്ടാന്‍ യൂറോപ്പിന്‍െറ മാനവിക അപ്പോസ്തലന്മാര്‍ക്ക് പറ്റുന്നില്ല. ദയാരഹിതമായ, ശത്രുതാപരമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഒരല്‍പം മനുഷ്യത്വം കാട്ടിയ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ രാജിവെക്കണമെന്ന ആവശ്യമാണ് അവിടെ ഉയരുന്നത്. കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചെന്ന അപരാധത്തിന്‍െറ പേരിലാണ് ഈ രാജി ആവശ്യം.

യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെ ചിലര്‍ പ്രവാചകന്‍ മുഹമ്മദിനെയും അനുയായികളെയും സ്വീകരിച്ച മദീനയോട് ഉപമിക്കുകയുണ്ടായി. വാസ്തവത്തില്‍ മദീനക്കും യൂറോപ്പിനും തമ്മില്‍ വലിയ അന്തരമുണ്ട്. മുഹമ്മദും സഖാക്കളും ആദര്‍ശത്തിനുവേണ്ടി ദേശത്യാഗം ചെയ്തവരാണ്. അഭയാര്‍ഥികളായിരുന്നില്ല. മദീനക്കാര്‍ അഭയം നല്‍കുകയുമായിരുന്നില്ല. അവരുടെ സഹായികള്‍ (അന്‍സാര്‍) ആവുകയായിരുന്നു. മദീനയിലത്തെിവര്‍ യൂറോപ്പിലെ അഭയാര്‍ഥികളെപ്പോലെ ആശ്രിതരും നിന്ദിതരുമാവുകയല്ല, ആദര്‍ശ-സംസ്കാര പ്രചാരകരും പിന്നീട് ഭരണാധികാരികളുമാവുകയുമായിരുന്നു. 1951ലെ റെഫൂജി കണ്‍വെന്‍ഷന്‍ കരാറിന് വിഭാവന ചെയ്യാന്‍പോലും പറ്റാത്ത അന്തരം.

അഭയാര്‍ഥികളെപ്പറ്റി തുര്‍ക്കിയില്‍നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. 22 ലക്ഷം അഭയാര്‍ഥികളുണ്ടവിടെ. അവരുടെ വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങളില്‍ ഭരണകൂടം ദത്തശ്രദ്ധരാണ്. അഭയാര്‍ഥികളാകട്ടെ, തങ്ങളുടെ ക്യാമ്പുകള്‍ക്ക് വെളിയിലേക്കിറങ്ങിത്തിരിക്കുകയും വിവിധ ജോലികളില്‍ പ്രവേശിക്കുകയും ചെയ്യുന്നു. യുവാക്കളാണ് ഇതില്‍ മുന്‍പന്തിയില്‍. നിലച്ചുപോയ വിദ്യാഭ്യാസം തുടരാനും ഇവര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. അതിജീവനത്തിന്‍െറ യത്നത്തിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. യൂറോപ്പിനും ഈ വഴിക്ക് ചിന്തിക്കാവുന്നതാണ്. അനവധി ലക്ഷം അഭയാര്‍ഥികളുണ്ടവിടെ. ഇത്രയും മനുഷ്യവിഭവം സൃഷ്ടിപരമായി ഉപയോഗപ്പെടുത്താനായാല്‍ അഭയാര്‍ഥിപ്രശ്നത്താലുള്ള പ്രതിസന്ധി ഏറക്കുറെ പരിഹരിക്കാനായേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT