ജുഡീഷ്യറിയും ഓരിയിടുന്ന ശുംഭന്മാരും

മഹാനായ ന്യായാധിപന്‍ മഹാനായ മനുഷ്യനുമായിരിക്കണം -ഹാരോള്‍ഡ് ലാസ്കി

നീതിപീഠങ്ങളുടെ നിഷ്പക്ഷത, ന്യായാലയ സക്രിയത തുടങ്ങിയവ സമീപകാലത്തായി ഇന്ത്യയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍. എന്നാല്‍, ഇത്തരമൊരു ചര്‍ച്ച പോകട്ടെ വ്യവസ്ഥാപിത നീതിന്യായ സംവിധാനങ്ങള്‍ക്കുപോലും പഴുതില്ലാത്ത രാജ്യമാണ് ചൈന. നമ്മുടെ ഈ അയല്‍ദേശത്തെ നീതിനിര്‍വഹണ സംവിധാനത്തിലെ ഗുരുതരമായ തകരാറുകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം അത്തരത്തിലുള്ള ഒരു സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്. കൊലക്കുറ്റം തെളിഞ്ഞതിന്‍െറ പേരില്‍ 23 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനുശേഷം കുറ്റവാളിയെ  നിരപരാധിയെന്ന് ചൈനയിലെ കിഴക്കന്‍ സെജിയാങ് മേഖലയിലെ ഹൈകോടതി കണ്ടത്തെി വിട്ടയച്ചിരുന്നു. 20 വര്‍ഷം മുമ്പ്  ഒരു യുവാവിനെ അന്യായമായി തൂക്കിലേറ്റിയതിന് 27 ഉദ്യോഗസ്ഥരെ ശിക്ഷിച്ചതാണ് മറ്റൊരു സംഭവം. കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിക്കുന്ന പ്രോസിക്യൂഷനും നീതിനിര്‍വഹണവുമാണ് ചൈനയില്‍ നിലവിലുള്ളത്. ചൈനീസ് ഗവണ്‍മെന്‍റിന്‍െറ നയങ്ങളാണ് ശിക്ഷാസമ്പ്രദായത്തിന്‍െറ അടിസ്ഥാനം. വ്യക്തിപരമായി ഈ ലേഖകന്‍െറ ഒരനുഭവം കുറിക്കട്ടെ. 2010 ല്‍ ചൈനയിലത്തെിയ എനിക്ക് കോടതികളൊന്നുംതന്നെ കിണഞ്ഞുപരിശ്രമിച്ചിട്ടും കാണാനായില്ല. ഗൈഡിനോട് കോടതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമാതാരം ശ്രീനിവാസന്‍െറ ‘സന്ദേശം’ സിനിമയിലെ ഡയലോഗ് ഓര്‍മപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. ‘കോടതികളെ കുറിച്ചുമാത്രം മിണ്ടരുത്’. അതായത് കോടതി സംവിധാനം ചൈനയിലെ ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ആരോപിക്കുന്നതും വിചാരണ നടത്തുന്നതും ശിക്ഷിക്കുന്നതുമെല്ലാം ഭരണകൂടമാണ്. ഇന്ത്യയില്‍ നീതിനിര്‍വഹണമേഖലയില്‍ ചെറിയ അപഭ്രംശങ്ങളുണ്ടാകുന്നുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ, ശക്തമായ ഒരു നീതിനിര്‍വഹണ സംവിധാനം ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ മഹത്തായ പൈതൃകമാണെന്ന് നമുക്ക് കാണാനാകും. സിവില്‍ തര്‍ക്കങ്ങളില്‍ കുറ്റമറ്റ രീതിയില്‍ തെളിവെടുപ്പും വിസ്താരവും നടത്തി വിധികല്‍പിക്കപ്പെടുന്നു. താഴത്തെട്ടിലുള്ള മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതിവരെയും ഉചിതമായ കേസുകളില്‍ വിധിയുടെ പുന$പരിശോധനയും നടക്കും. ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതന് തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ അവസരങ്ങളുണ്ട്. കേസ് നടത്താം. സംശയത്തിന്‍െറ ആനുകൂല്യം പ്രതിക്ക് ലഭിക്കുന്ന സാഹചര്യങ്ങളില്‍ അയാളെ വിട്ടയക്കുകയും ചെയ്യും. നമ്മുടെ ജുഡീഷ്യറി ഇന്ത്യയുടെ ചരിത്രത്തിന്‍െറ മഹത്തായ നിര്‍മിതികളിലൊന്നാണെന്ന് നിസ്സംശയം പറയാന്‍കഴിയും. ലോകപ്രശസ്തരായ പല ജഡ്ജിമാരും നമുക്കുണ്ട്. അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ‘രത്താലം മുനിസിപ്പാലിറ്റി കേസിലെ’ വിധി പല വിദേശരാജ്യങ്ങളും നടപ്പാക്കിവരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് ചില വര്‍ത്തമാനകാല സംഭവങ്ങളെ പരാമര്‍ശിക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കുമെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് വിവാദമായിരുന്നു. തൊട്ടുമുമ്പുതന്നെ എക്സൈസ് മന്ത്രിക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നതിന് വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകള്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളതാണ്. വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവുകള്‍ അസാധാരണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. സ്പെഷല്‍ ജഡ്ജിയെന്ന നിലയിലുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവുകള്‍ അവധാനതയോടെ ആവേണ്ടതാണ്. ലളിതകുമാരി കേസിലെ സുപ്രീംകോടതിവിധി (2014(2)S.CC1 ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെയധികം പ്രസക്തമാണ്.

 എഫ്.ഐ.ആര്‍ യാന്ത്രികമാകരുത്
 അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പകപോക്കുന്നതിനായി ഉന്നയിക്കാറുള്ള കാലമാണ് നമ്മുടേത്. അത്തരം സാഹചര്യങ്ങളില്‍ യാന്ത്രികമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പ്രാഥമിക അന്വേഷണത്തിലൂടെ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. അഴിമതി നിരോധ നിയമപ്രകാരം കേസെടുക്കുന്നതിന് അടിസ്ഥാനപരമായി ആവശ്യമുള്ള സാഹചര്യങ്ങള്‍ വെളിപ്പെടേണ്ടതുണ്ട്. സോളാര്‍ അന്വേഷണ കമീഷനു മുമ്പാകെ സമര്‍പ്പിച്ച ചീഫ് വിസ്താരത്തിന്‍െറ പത്ര കട്ടിങ്ങുകളും സീഡിയും ഹാജരാക്കിയപ്പോള്‍ കേസെടുക്കാന്‍ വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടത് കടന്ന കൈയായിപ്പോയി. തെളിവുനിയമമനുസരിച്ച് മൊഴിനല്‍കിയ സരിതയെ ക്രോസ് ചെയ്യേണ്ടതുണ്ട്. ഒരു സാക്ഷിയുടെ ക്രോസ് വിസ്താരം, നമ്മുടെ തെളിവുനിയമ പ്രകാരം സുപ്രധാനമാണ്. ക്രോസ് വിസ്താരത്തിലൂടെ സാക്ഷിയുടെ തെളിവ് നിയമപരമായി അസ്വീകാര്യമാക്കാവുന്നതാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 14 മണിക്കൂര്‍ സോളാര്‍ കമീഷനില്‍ വിസ്തരിച്ചിരുന്നു. സരിതയുടെ വക്കീല്‍ അവര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചതായി നമുക്കറിവില്ല. സരിതയുടെ ക്രോസ് വിസ്താരത്തിന് വിധേയമാക്കാത്ത ആദ്യമൊഴി ഉപയോഗപ്പെടുത്തി കേസെടുക്കണമെന്ന വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നിര്‍ഭാഗ്യകരമായിട്ടുള്ളതാണ്.
 വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്ത ഹൈകോടതിയുടെ നടപടി തികച്ചും ഉചിതമാണ്. ഇത് നമ്മുടെ നീതിനിര്‍വഹണ സംവിധാനത്തിന്‍െറ സ്വയം തിരുത്തുന്ന പ്രക്രിയയുടെ ഭാഗവുമാണ്. എന്നാല്‍, വിജിലന്‍സ് ജഡ്ജിക്കെതിരെ അപവാദങ്ങള്‍ പറയുന്നതും ശവമഞ്ചം തീര്‍ക്കുന്നതും ശരിയല്ല. അദ്ദേഹത്തിന്‍െറ ഉത്തരവ് രണ്ടുമാസത്തേക്ക് ഹൈകോടതി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നിയമവിധേയമായി പരിഹാരം കാണുകയല്ളേ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ശവമഞ്ചം തീര്‍ക്കുകയും മന്ത്രി കെ.സി. ജോസഫ് ജഡ്ജിയെ അധിക്ഷേപിച്ച് പ്രസ്താവന ഇറക്കുകയും ചെയ്യുകയുണ്ടായി. ജനാധിപത്യത്തിന്‍െറ സംസ്കാരവും സദാചാരവും ഇതല്ല ആവശ്യപ്പെടുന്നത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന ക്രിമിനല്‍രീതി കേരളത്തില്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ഇപ്പോള്‍ പ്രതിപക്ഷത്തുള്ളവരും ഇക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടേണ്ടവരാണ്. മുമ്പൊരു ജഡ്ജിയെ ഇടതുയുവാക്കള്‍ നാടുകടത്തിയ സംഭവം നമ്മുടെ ഓര്‍മയിലുള്ളതാണ്. മന്ത്രി കെ.സി. ജോസഫ് മറ്റൊരു ജഡ്ജിയെ ആക്ഷേപിച്ചതിന് ഇപ്പോള്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്.
ജസ്റ്റിസ് പി. ഉബൈദിനെതിരെയും ചിലര്‍ ദുസ്സൂചനകള്‍ നടത്തുകയുണ്ടായി. ഏതു പരാതിയും അന്വേഷിക്കേണ്ടതല്ളേയെന്നാണ് അവരുടെ ചോദ്യം. വിജിലന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായ പിശകുകള്‍, ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 227 പ്രകാരം തിരുത്തുക മാത്രമാണദ്ദേഹം ചെയ്തത്.  വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസനും സുദീര്‍ഘവും മെച്ചപ്പെട്ടതുമായ പാരമ്പര്യമുള്ള ജഡ്ജിയാണ്. എന്നാല്‍, അദ്ദേഹത്തിന്‍െറ ഇപ്പോഴത്തെ ഉത്തരവുകള്‍ ന്യായീകരിക്കത്തക്കതല്ലായെന്ന് പറയാതെവയ്യ.
വിധിയെ നിശിതമായി നമുക്ക് വിമര്‍ശിക്കാം, ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പാടില്ലതാനും. ജുഡീഷ്യറിയെ തകര്‍ക്കുകയൊ ക്ഷീണിപ്പിക്കുകയൊ ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ ജനങ്ങള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം ദുര്‍ബലപ്പെടുന്നത് നമ്മുടെ മഹത്തായ ജനാധിപത്യംതന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. നാം തിരിച്ചറിയുകയാണ് വേണ്ടത്.

 

ഹൈകോടതിയിലെ അഭിഭാഷകനും നൈതിക സംവാദത്തിന്‍െറ എഡിറ്ററുമാണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.