ബുര്‍ഖിനിയും മുസ് ലിം സ്ത്രീകളും

ഫ്രാന്‍സിലെ മൂന്ന് പ്രധാന നഗരങ്ങളിലും  (കാന്‍, കോഴ്സിക, ലെ തൂഖിത്) പതിനഞ്ചിലധികം റിസോര്‍ട്ടുകളിലും ഉടലും തലമുടിയും മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ‘ബുര്‍ഖിനി’  നിരോധിച്ച ഉത്തരവ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. നിരോധത്തിന്‍െറ ഭാഗമായി കാന്‍ നഗരത്തില്‍ ബുര്‍ഖിനി ധരിച്ച മൂന്ന് സ്ത്രീകളില്‍നിന്ന് 38 യൂറോ പിഴയീടാക്കി.  ജര്‍മന്‍  നഗരമായ റോഷന്‍ബര്‍ഗിലും സമാനനിയമം നടപ്പാക്കിയിട്ടുണ്ട്. ‘സ്മൈല്‍ 13’ എന്ന സ്ത്രീസംഘടന ഫ്രഞ്ച് നഗരമായ മാഴ്സേയിലെ ഒരു സ്വകാര്യ സ്പീഡ്വാട്ടര്‍ പാര്‍ക്കില്‍ ‘ബുര്‍ഖിനി ഡേ’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം. കൂടുതല്‍ മുസ്ലിംസ്ത്രീകളെ ആകര്‍ഷിക്കാന്‍ ഫേസ്ബുക്കിലൂടെ പരിപാടി പ്രചരിപ്പിച്ചതോടെ ഫ്രാന്‍സിലെ വലതുപക്ഷ /മതേതരവാദികള്‍ പരിപാടിക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. സംഘാടകരുടെ ജീവന് ഭീഷണിയുയര്‍ന്നതിനാല്‍ പരിപാടി നിര്‍ത്തേണ്ടിവന്നു. ഇസ്ലാമിക തീവ്രവാദത്തിന്‍െറ അടയാളം, ഫ്രഞ്ച് മതേതരത്വത്തിനും പൊതുസാമൂഹിക ക്രമത്തിനും സുരക്ഷക്കും  ഭീഷണി, ആരോഗ്യപരം,  സ്ത്രീശരീരത്തിന്‍െറ ശുദ്ധി തുടങ്ങിയ  കാരണങ്ങളാണ് നിരോധത്തെ അനുകൂലിക്കുന്നവരും ഒൗദ്യോഗിക ഭരണകൂടവൃത്തങ്ങളും വിശദീകരിക്കുന്നത്.

എന്നാല്‍, ഫ്രാന്‍സിലെ പൊതുഇടങ്ങളില്‍ 2004 മാര്‍ച്ചില്‍ ഹിജാബും 2010 ഒക്ടോബറില്‍ മുഖംമറയ്ക്കുന്ന നിഖാബും നിരോധിച്ചതിന്‍െറ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ‘ബുര്‍ഖിനി’ നിരോധവും കൂട്ടിവായിക്കേണ്ടത്. മാത്രമല്ല, കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസിനൂഫ് 20 സലഫി മസ്ജിദുകള്‍ പൂട്ടിക്കുകയും ഡസന്‍ കണക്കിന് ഇമാമുമാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും നൂറിലധികം പള്ളികള്‍ കൂടി അദ്ദേഹത്തിന്‍െറ ഹിറ്റ്ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സലഫി പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട് എന്നതാണ് കാരണമായി അദ്ദേഹം പറയുന്നത്. മുന്‍ പ്രസിഡന്‍റും ഇപ്പോഴത്തെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ നികളസ് സാര്‍കോസി എല്ലാ ഇസ്ലാമിക ചിഹ്നങ്ങളും നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബുര്‍ഖിനിയും ബിക്കിനിയും

2006ല്‍ ആസ്ട്രേലിയയിലെ ലൈഫ് ഗാഡ് അസോസിയേഷന്‍ ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ളവരെ, പ്രത്യേകിച്ചും മുസ്ലിംകളെ കടലിലിറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധപ്രവര്‍ത്തകരായി നിയമിക്കാന്‍ തീരുമാനിച്ചു. അതിന്‍െറ ഭാഗമായി മുസ്ലിം സ്ത്രീകള്‍ക്ക് വിശ്വാസാചാരം പരിഗണിച്ചുള്ള യൂനിഫോം രൂപകല്‍പനചെയ്യാന്‍ ഒരു ലബനാനി വനിതയെ ഏല്‍പിച്ചു. അവര്‍ നിര്‍മി ച്ച നീന്തല്‍വസ്ത്രത്തിനു നല്‍കിയ പേരാണ് ‘ബുര്‍ഖിനി’. ഇന്ന് മറ്റു പല ബ്രാന്‍ഡുകളിലും ഇത് കമ്പോളത്തില്‍ ലഭ്യമാണ്.

കമ്പോളത്തിന്‍െറ ഭാഗമായതോടെ മുസ്ലിം ഇതര വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകളും ബുര്‍ഖിനി ഉപയോഗിച്ചുതുടങ്ങി. സ്വന്തം ശരീരം തുറന്നുകാട്ടാന്‍ താല്‍പര്യമില്ലാത്തവരും ചര്‍മത്തിന് അസുഖമുള്ളവരും മറ്റു ആരോഗ്യകാരണങ്ങളാലും നീന്തല്‍ വസ്ത്രമായി ബുര്‍ഖിനി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊരാളാണ് ബ്രിട്ടനിലെ സെലിബ്രിറ്റി ഷെഫ് ആയ നിഗല്ല ലോസണ്‍. പിന്നീട് ഒളിമ്പിക്സിലും പല കായികതാരങ്ങളും ബുര്‍ഖിനി മോഡല്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഇത് ധരിക്കുന്നത് ആരും വലിയ പ്രശ്നമായി കണ്ടില്ല. 2012 വരെ വോളിബാള്‍ താരങ്ങള്‍ക്ക് ബിക്കിനി ഡ്രസ് കോഡ് ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു നിയമമില്ല. സിഡ്നി ഒളിമ്പിക്സില്‍ മുസ്ലിം അല്ലാത്ത, ആസ്ട്രേലിയയുടെ കാത്തി ഫ്രീമാന്‍ തലമുടി അടക്കം മറച്ചാണ് മത്സരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ബിക്കിനി-ബുര്‍ഖിനി എന്ന സമവാക്യത്തിലൂടെ സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ പ്രശ്നമായി ഇതിനെ ചുരുക്കിക്കാട്ടുന്ന വാദങ്ങളെ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.     

കൊളോണിയല്‍  രാഷ്ട്രീയത്തിന്‍െറ തുടര്‍ച്ച   

ഫ്രാന്‍സിന്‍െറ കോളനിരാഷ്ട്രീയം അല്‍ജീരിയ അടക്കമുള്ള കോളനികളില്‍  അധിനിവേശ രാഷ്ട്രീയത്തെ ന്യായീകരിച്ചിരുന്നത് അധിനിവേശിത സ്ത്രീകളെ സംരക്ഷിക്കാനുള്ള ഒരു നാഗരികപദ്ധതിയെ  മുന്‍നിര്‍ത്തിയായിരുന്നുവെന്നു അനേകം  ഫെമിനിസ്റ്റ് ഗവേഷകര്‍ (മലിക് അല്ളൌല, ജോണ്‍സ്കോട്ട് തുടങ്ങിയവര്‍ ഉദാഹരണം) എഴുതിയിട്ടുണ്ട്. ഇതേ മാതൃകയില്‍ ഫ്രാന്‍സിലെ കുടിയേറ്റ സമുദായങ്ങളുടെ ദേശീയോദ്ഗ്രഥനത്തിന്‍െറ മുന്നുപാധി  മുസ്ലിം സ്ത്രീകളുടെ സാംസ്കാരിക സങ്കലനമാണെന്ന കൊളോണിയല്‍ കാഴ്ചപ്പാട് ഇപ്പോഴും ശക്തമാണ്. സാംസ്കാരിക  സങ്കലനം സാധ്യമാക്കാനാണ്  ബുര്‍ഖിനി പോലുള്ള വസ്ത്രങ്ങള്‍ നിരോധിച്ച്  ഭരണകൂടത്തിന്‍െറ ഇടപെടല്‍ ഉണ്ടാകുന്നത്.

ഇത്തരം നടപടികള്‍വഴി, വെളുത്ത/ഉപരിവര്‍ഗ സാംസ്കാരിക മേല്‍ക്കോയ്മ സ്ഥാപിക്കാന്‍, താഴ്ന്നവര്‍ഗത്തിലുള്ള അറബ്/കുടിയേറ്റ മുസ്ലിം സ്ത്രീ ജീവിതങ്ങളുടെ സാംസ്കാരികത ഇല്ലാതാക്കുന്നതിലൂടെ ഫ്രഞ്ചുകാര്‍ക്ക് സാധ്യമാവുന്നു. ഇസ്ലാമിക സങ്കല്‍പത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതുകൊണ്ടുമാത്രം അധമമാവുന്ന ഒരു ജനസമൂഹത്തെ സ്വന്തം രാഷ്ട്രത്തിനകത്ത് അപരരായി മാറ്റാനും അങ്ങനെ തങ്ങളുടെ സാംസ്കാരിക മേല്‍ക്കോയ്മ നിരന്തരം നിര്‍മിച്ചെടുക്കാനും അവര്‍ക്ക് കഴിയുന്നു. ഈ സാംസ്കാരിക ഭിന്നതകളെ രാഷ്ട്രീയ ആയുധമാക്കിയാണ് കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ഫ്രാന്‍സിലെ ലിബറല്‍ രാഷ്ട്രീയം നിലനിന്നുപോരുന്നതെന്ന ഗ്യാരി യുങ്ങിനെപ്പോലുള്ളവരുടെ നിരീക്ഷണങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്.      

മതേതരത്വവും ഫെമിനിസവും

ഇന്ന് ഫ്രഞ്ച് മുസ്ലിം വസ്ത്രവിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന പഠനങ്ങള്‍ മതേതരത്വം ഒരു ആധുനിക അധികാരമെന്ന നിലയില്‍ കാണണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. മതേതരത്വത്തിന്‍െറ ഇടപെടലുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അന്വേഷണങ്ങളാണ് ഇപ്പോള്‍ വികസിച്ചുവരുന്നത്. രണ്ട് കാര്യങ്ങള്‍ ഇത്തരം പഠനങ്ങളില്‍നിന്ന് മനസ്സിലാവുന്നു. ഒന്ന്, മുസ്ലിം സ്ത്രീയുടെ വസ്ത്രം വിലക്കുന്ന ഫ്രഞ്ച്  സെക്കുലറിസം മുസ്ലിം സ്ത്രീയുടെ ശരീരത്തെ സെക്കുലറിസത്തിന്‍െറ പേരില്‍  പ്രത്യേകമായി നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്ത്രീശരീരത്തിന്‍െറ ആവിഷ്കാരനിയന്ത്രണവും സ്വാതന്ത്ര്യത്തിന്‍െറ നിര്‍വചനവും സെക്കുലര്‍ രാഷ്ട്രീയത്തിന്‍െറ ഭാഗമാണെന്ന നിരീക്ഷണം   പുതിയ പഠനങ്ങളില്‍ കാണാം. രണ്ട്)  സെക്കുലര്‍  ഇടങ്ങളിലെ പുരുഷ മേല്‍ക്കോയ്മയും ഇതിനോടൊപ്പം കാണണം. സ്ത്രീകള്‍ക്ക്  അധികം സ്വാധീനമില്ലാത്ത, വലിയ  ശതമാനം  ഫ്രഞ്ച് പുരുഷന്മാര്‍ നേതൃത്വം നല്‍കുന്ന മതേതര നിയമനിര്‍മാണ സഭകള്‍തന്നെയാണ് മുസ്ലിം സ്ത്രീകളുടെ ശരീരത്തിനുമേലെയും ജീവിതാഭിരുചികള്‍ക്ക്് മേലെയും തീരുമാനങ്ങളെടുക്കുന്നത്. പക്ഷേ, ബുര്‍ഖിനി നിരോധത്തെ കുറിച്ചുള്ള ഒരുവിഭാഗം സെക്കുലര്‍ ഫെമിനിസ്റ്റ്  നിലപാടുകള്‍ സ്വന്തം സമുദായത്തിലെ പുരുഷഹിംസകളെ സെക്കുലറിസത്തിന്‍െറ പേരില്‍ ന്യായീകരിക്കുന്നത് കാണാം. മതേതര ഇടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ കൈയേറ്റങ്ങള്‍ ഉണ്ടാവില്ളെന്നും അങ്ങനെ സംഭവിച്ചാല്‍തന്നെ അത് മതത്തിന്‍െറയോ പൂര്‍വാധുനിക സംസ്കാരങ്ങളുടെയോ കടന്നുകയറ്റമായി വ്യാഖ്യാനിച്ച് മതേതരത്വത്തിന്‍െറ ആദിമ വിശുദ്ധി സംരക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ വിചാരിക്കുന്നു. എന്നാല്‍, ഈ വിമര്‍ശങ്ങള്‍ സെക്കുലര്‍ അധികാരത്തിന്‍െറ പരിധികളെ കണ്ടില്ളെന്നു നടിക്കുകയും ഫെമിനിസത്തിന്‍െറ പേരില്‍ നടക്കുന്ന സെക്കുലര്‍ ഹിംസകളെ  മറച്ചുപിടിക്കുകയും ചെയ്യുന്നു. ഫ്രഞ്ച് സെക്കുലര്‍/ലിബറല്‍/പുരുഷ ഭരണകൂടമാവട്ടെ, തങ്ങളുടെ രാഷ്ട്രീയത്തെ സെക്കുലര്‍ ഫെമിനിസം ഉപയോഗിച്ചുതന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.   

വെള്ളവും വംശീയ കലര്‍പ്പുകളും

വെള്ളത്തിലൂടെ വായുവിലൂടെയുള്ളതിനെക്കാള്‍ ശാരീരിക സാമീപ്യവും അടുപ്പവും കൈവരാന്‍ സാധ്യതയുണ്ടെന്ന നിഗമനം ചരിത്രപരമായി വംശീയ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ പകരുന്ന അഴുക്കാണ് ഫ്രാന്‍സിലെ ഈ നിരോധത്തെ സ്ത്രീശരീരത്തിന്‍െറ ശുദ്ധിയുടെ പ്രശ്നമായി  ന്യായീകരിക്കാന്‍ ഒരു കാരണമായി ഫ്രഞ്ച് അധികാരികള്‍ പറയുന്നത്. ബുര്‍ഖിനി ധരിച്ച സ്ത്രീകള്‍ ബിക്കിനി ധരിച്ച സ്ത്രീകളെക്കാള്‍ ശരീരത്തില്‍ കൂടുതല്‍ അഴുക്കുപേറുന്നുവെന്നും പൊതുകുളിയിടങ്ങളില്‍ കൂടുതല്‍ രോഗങ്ങള്‍ കൊണ്ടുവരുന്നുവെന്നും  അവര്‍ വാദിക്കുന്നു. പൊതു ഇടത്തിലേക്ക് മുസ്ലിം സ്ത്രീകള്‍ കൊണ്ടുവരുന്ന അഴുക്കിനെയും യൂറോപ്യനല്ലാത്ത ശരീരത്തിന്‍െറ ശുദ്ധിക്കുറവിനെയും കുറിച്ചുള്ള ഈ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നത്  വംശീയതയുടെ പുതിയ ഭൂമിശാസ്ത്രമാണ്.  

കഴിഞ്ഞ ആഗസ്റ്റ് 11ന് നടന്ന റിയോ ഒളിമ്പിക്സില്‍ 100 മിറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ സൈമണ്‍ മാനുവല്‍ എന്ന ആഫ്രോ അമേരിക്കന്‍ കായികതാരം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ കറുത്ത നീന്തല്‍താരമാണ്. തന്‍െറ വിജയത്തിനൊടുവില്‍ മാനുവല്‍ നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് അമേരിക്കയില്‍ വെളുത്ത വംശീയ രാഷ്ട്രീയം പൊതു നീന്തല്‍സ്ഥലങ്ങളില്‍ നിരോധം ഏര്‍പ്പെടുത്തിയതെന്നും അതെങ്ങനെയാണ് ആഫ്രോ–അമേരിക്കന്‍ കായികതാരങ്ങളെ മത്സരങ്ങളില്‍നിന്ന് ചരിത്രപരമായിതന്നെ തടഞ്ഞുനിര്‍ത്തിയതെന്നും സൂചന നല്‍കിയിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും പൊതുവായ കുളിയിടങ്ങള്‍ വളരെ നേരത്തേതന്നെ വംശീയരാഷ്ട്രീയത്തിന്‍െറ പരീക്ഷണസ്ഥലങ്ങളായി മാറിയിരുന്നുവെന്നാണ് മാനുവലിന്‍െറ പ്രസ്താവന സൂചിപ്പിക്കുന്നത്.

സമാനമായ വംശീയത നിലനില്‍ക്കുന്ന ഫ്രാന്‍സിലെ ബുര്‍ഖിനി നിരോധം ഫ്രഞ്ച് സമൂഹത്തില്‍ വളരെനാളായി വേരോടിയ വംശീയരാഷ്ട്രീയത്തിന്‍െറ പുതിയ അധ്യായമാണ്. ഇത് മുസ്ലിംസ്ത്രീകള്‍ക്കു നേരെയുള്ള കടന്നുകയറ്റം എന്നതോടൊപ്പം തന്നെ ഫ്രാന്‍സിലെ വംശീയരാഷ്ട്രീയത്തിന്‍െറ നൂതനാവിഷ്കാരമായിതന്നെ  കാണണം.  

(ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ഗവേഷകയാണ് ലേഖിക)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.