മണ്ണിന്‍െറ തൊണ്ണും വിണ്ണിന്‍ കണ്ണുമുള്ള ഫോക് ലോര്‍

1846 ആഗസ്റ്റ് 22ന് അഥീനിയം പത്രാധിപര്‍ക്ക് വില്യം ജെ. തോംസ് അയച്ച കത്തിലാണ് ജനപഴമാ പഠനത്തെ ഫോക്ലോര്‍ എന്ന് വിളിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ആ ഓര്‍മയുടെ 170 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചരിത്രാതീതകാലം മുതല്‍ ജനങ്ങള്‍ അനുഭവിച്ച് രൂപപ്പെടുത്തിയ വിഷയമാണ് ഫോക്ലോര്‍. എല്ലാ വിജ്ഞാനശാഖയുടെയും ഉദ്ഭവം ഫോക്ലോറില്‍നിന്നാണ്. കമ്യൂണിസ്റ്റുകാരും ഫാഷിസ്റ്റുകളും ബൂര്‍ഷ്വാസികളും ഒരുപോലെ ഫോക്ലോറിനെ ആയുധമായി ഉപയോഗിച്ചവരാണ്. ഈ വിഷയത്തിന്‍െറ ജൈവസ്വഭാവം ബോധ്യപ്പെട്ടതുകൊണ്ടാണ് 1989ല്‍ പാരിസില്‍ നടന്ന ‘യുനസ്കോ’ സമ്മേളനം പാരമ്പര്യസംസ്കാരവും ഫോക്ലോറും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചത്. ഈ തക്കം നോക്കിയാണ് ഫോഡ് ഫൗണ്ടേഷന്‍പോലുള്ള ഏജന്‍സികള്‍ ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലേക്ക് നാട്ടറിവുശേഖരണത്തിന് പണമൊഴുക്കി പണ്ഡിതരെ പാട്ടിലാക്കിയത്. നാട്ടറിവുകളെയും നാടന്‍ സാങ്കേതിക വിദ്യകളെയും വെട്ടിനിരത്തി വെടിപ്പാക്കി വല്യേട്ടന്മാരുടെ ചിന്തകളെയും താല്‍പര്യങ്ങളെയും വാല്യക്കാരില്‍ അടിച്ചേല്‍പിക്കുന്ന നയമാണ് സാമ്രാജ്യത്വശക്തികള്‍ കാലാകാലമായി അനുവര്‍ത്തിച്ചത്. ഇംഗ്ളീഷുകാര്‍ ആദ്യം ചെയ്തത് ഇന്ത്യക്കാരുടെ മാനം കാക്കുന്ന കൈത്തറിയെ കെട്ടുകെട്ടിച്ച് കമ്പനിയുടെ ഊര്‍ജത്തറി ഉടുപ്പിക്കുകയാണ്. ഖാദിയിലൂടെ അഭിമാനസമരം നടത്തിയ ഗാന്ധിജി സ്വദേശിയിലൂടെ സ്വാതന്ത്ര്യത്തിലേക്കത്തെിച്ചു. ഇന്ന് ശുചിത്വഭാരതത്തിനും കേരളത്തിനുമായി ചൂലെടുക്കുന്ന നേതാക്കളുടെ കാഴ്ച, പൊതുശൗചാലയ ശുദ്ധിക്കായി ചൂലെടുത്ത മഹാത്മജിയുടെ കാഴ്ചപ്പാടിനെ അനുസ്മരിക്കുന്നു. ഗ്രാമസ്വരാജ് മാത്രമല്ല, ഗ്രാമസംരക്ഷണവും നമ്മുടെ ദൗത്യമായി മാറണം. മണ്ണെടുത്തും മരമെടുത്തും പാടംമൂടിയും പ്ളാസ്റ്റിക് പാകിയും പരിസ്ഥിതിയെ പാടെ പരാഭവിപ്പിക്കുന്ന പ്രവണതക്ക് പാരമ്പര്യ അറിവിലൂടെ അറുതിവരുത്താന്‍ കഴിയും. അതിന് ആദ്യം വേണ്ടത് നാവനക്കാന്‍ തുടങ്ങുന്ന നാള്‍തൊട്ട് നാട്ടറിവുകള്‍ നീട്ടിക്കൊടുക്കുകയാണ്. ബാലവാടി മുതല്‍ ബിരുദതലം വരെ  നാട്ടറിവുകള്‍ നിര്‍ബന്ധമായി പഠിപ്പിക്കാനുള്ള പാഠ്യക്രമം നടപ്പാക്കണം. കമ്പ്യൂട്ടര്‍ പഠനം പകര്‍ച്ചവ്യാധിപോലെ പടരുന്നതിനാല്‍ അതിനായി അധികം ഉഷ്ണിക്കേണ്ട കാര്യമില്ല. കാരണം, കരമറന്ന് കാലം മറന്ന് കൈയും തലയും ഫോണിലൂടെ പുറത്തേക്കിട്ട് വാര്‍ത്തകളുടെ ബാണം തൊടുക്കുന്ന വിരുതന്മാരുടെ ലോകമാണിത്. ഭാഷാപഠനത്തിന് നാട്ടറിവുകളെ നന്നായി പ്രയോജനപ്പെടുത്തിയതുപോലെ കണക്കും ശാസ്ത്രവും ചരിത്രവും സിദ്ധാന്തവും പ്രായോഗിക ഫോക്ലോറിലൂടെ പഠിപ്പിക്കാം.

പല്ലാങ്കുഴി കളിയിലൂടെ കണക്കിന്‍െറ ബാലപാഠമായ സങ്കലന-വ്യവകലനങ്ങളും ഗുണിത-ഹരണങ്ങളും എളുപ്പത്തില്‍ പഠിപ്പിക്കാം. ഗോട്ടികളിയിലൂടെ ന്യൂട്ടന്‍െറ ചലനനിയമം സ്വാഭാവിക പരീക്ഷണശാലയിലൂടെ സ്വായത്തമാക്കിക്കാം. കുടത്തില്‍ കല്ലിട്ട് ജലവിതാനമുയര്‍ത്തി വെള്ളം കുടിച്ച കാക്കയുടെ കഥയിലൂടെ ആര്‍ക്കിമിഡീസ് തത്ത്വം അഭ്യസിപ്പിക്കാം. ചരിത്രവും രാഷ്ട്രീയവും ഭാഷയും മുദ്രാവാക്യരചനാവിദ്യയിലൂടെ വിവരിക്കാം. കാമരാജിന്‍െറ ഭരണകാലത്ത് മലബാറില്‍ പ്രചരിച്ചിരുന്ന ഒരു മുദ്രാവാക്യമാണ്:
അരി ചോദിച്ചാല്‍ പാക്കലാം
തുണി ചോദിച്ചാല്‍ പാക്കലാം
അരിയും തുണിയും ചോദിച്ചാല്‍
പാക്കലാം പാക്കലാം.

ഈ മുദ്രാവാക്യംതന്നെ രാഷ്ട്രീയ എതിരാളികള്‍ ഇം.എ.എസ് ഭരിക്കുമ്പോള്‍ അല്‍പം ഭേദഗതിയോടെ പുതിയ ഭാവത്തില്‍ അവതരിപ്പിച്ചു.
അരിചോദിച്ചാല്‍ ഭ...ഭ...ഭ...
തുണിചോദിച്ചാല്‍ ഭ...ഭ...ഭ...
അരിയും തുണിയും ചോദിച്ചാല്‍
ഭ...ഭ...ഭ...ഭ...ഭ...ഭ...ഭ...
ഫോക്ലോറിലെ കെട്ടുമുറ സിദ്ധാന്തത്തിന് പറ്റിയ മുദ്രാവാക്യമാണിത്.

കൊങ്കണ്‍ റെയില്‍വേ തുരങ്കത്തിന് പ്രയോഗിച്ച വിദ്യ സ്വാഭാവിക ഗുഹയുടെ ഘടനയാണ്. തിളക്കുന്ന വെള്ളത്തിന്‍െറ തുളുമ്പല്‍ ആവിയന്ത്രമായതുപോലെ  നാട്ടുപ്രയോഗങ്ങളില്‍നിന്ന് എന്തെല്ലാം അദ്ഭുതങ്ങള്‍ കണ്ടത്തൊനുണ്ട്. ഇത്തരം അദ്ഭുതങ്ങളുടെ കെട്ടഴിക്കാന്‍ കര്‍ണാടകയില്‍ ഫോക്ലോര്‍ യൂനിവേഴ്സിറ്റി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളമൊഴിച്ചുള്ള എല്ലാ ഭാഷാ യൂനിവേഴ്സിറ്റികളിലും ഫോക്ലോര്‍ പഠനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്ളസ് ടു തലത്തിലും ബിരുദതലത്തിലും ഫോക്ലോര്‍ പഠിക്കാനുണ്ട്; പഠിപ്പിക്കാന്‍ ഫോക്ലോര്‍ ബിരുദം നേടിയവരത്തെന്നെ നിയമിക്കുന്നുമുണ്ട്. കേരളത്തില്‍ ഫോക്ലോര്‍ പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ തിരനക്കരത്തെന്നെ. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫോക്ലോര്‍ പഠനകേന്ദ്രത്തില്‍നിന്ന് ആര്‍ക്കൈവില്‍ ഡിപ്ളോമയെടുത്തവരെ നിലവിലുള്ള തസ്തികകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യതയായിപോലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പാരമ്പര്യ ഉഴിച്ചില്‍ ഡിപ്ളോമ നേടിയവരുടെ കഥയും തഥൈവ. ബിരുദത്തെക്കാള്‍ പ്രധാനം സഞ്ജയന്‍ പറഞ്ഞതുപോലെ മുട്ടിനുതാഴെയുള്ള മറുകാണ് യോഗ്യത. അതുള്ളവര്‍ പിടിപാടുള്ളവര്‍ മാത്രം.

ഓരോ സര്‍ക്കാര്‍ വരുമ്പോഴും പുതിയ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. അത് മണ്ണിനടിയില്‍ കുഴലായും  കടലില്‍ കരിങ്കല്‍ഭിത്തിയായും മുങ്ങിക്കിടക്കും. ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും പൊതി പൊളിക്കാതെ കൂട്ടിയിടുന്ന പ്രവണതയുമുണ്ട്. ഇത്തരം പാഴ്ച്ചെലവുകളെ നിയന്ത്രിച്ച് മണ്ണും വിണ്ണും കാത്തുരക്ഷിക്കാനുള്ള ബോധം പകരുന്ന ഫോക്ലോര്‍ എന്ന പ്രായോഗിക തത്ത്വശാസ്ത്രത്തിന് നാട് മുഴുവന്‍ വേരോട്ടം നടത്താന്‍ വിത്തം ഉപയോഗിക്കുന്നതായിരിക്കും വികസനത്തിന് സഹായകമാവുക.

ഫോക്ലോര്‍ ഭൂതമല്ല. അത് വര്‍ത്തമാനത്തില്‍ സജീവമായി നില്‍ക്കുന്ന പാരമ്പര്യത്തിന്‍െറ നവപാഠങ്ങളാണ്. ഭാവിയിലേക്കുള്ള നോട്ടമാണ്. ബെടക്കാക്കി തനിക്കാക്കാന്‍ വേണ്ടിയാണ് ചിലര്‍ ഇതിനെ പഴമയെന്ന് പറഞ്ഞ് നൂറ്റൊന്ന് ആവര്‍ത്തിക്കുന്നത്. ഭൂതമെന്ന ഭാരത്തെ പേറിനടക്കുന്ന ചുമട്ടുതൊഴിലാളിയായി ഫോക്ലോറിസ്റ്റുകളെ കണ്ട് നോക്കുകൂലി തര്‍ക്കം നടത്തുന്നതും അതുകൊണ്ടുതന്നെ. അത്യന്താധുനിക ഉപഭോഗശീലങ്ങളെ ഊട്ടിവളര്‍ത്താന്‍ ഫോക്ലോറിനെ ഉപയോഗപ്പെടുത്തുന്നവര്‍തന്നെയാണ് ഫോക്ലോറിന്‍െറ ജൈവശക്തിയെ ഭയന്ന് ആടിനെ പട്ടിയാക്കുന്നത്. ഫോക്ലോര്‍ എന്ന പാട്ടിയുടെ പല്ലില്ലാ തൊണ്ണില്‍നിന്ന് പൊഴിയുന്ന മുത്തുകള്‍ കൈക്കൊണ്ട് സാമൂഹിക മുന്നേറ്റത്തിനുള്ള ഇന്ധനമാക്കിമാറ്റാനാവണം ഫോക്ലോര്‍ ദിന ചിന്തകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.