ഇരിപ്പുറക്കാതെ സെയില്‍സ് ഗേള്‍സ്

വമ്പന്‍ തുണിക്കടകളില്‍ ഷോപ്പിങ്ങിനായി കടന്നുചെല്ലുമ്പോള്‍ ഒരു വിവാഹചടങ്ങിലേക്കെന്നപോലെ നമ്മെ സ്വീകരിച്ചാനയിക്കാന്‍ പ്രവേശകവാടത്തില്‍തന്നെ മൂന്നോ നാലോ സ്ത്രീകള്‍ കാത്തുനില്‍ക്കുന്നുണ്ടാവും. കടയിലേക്ക് കയറുന്നതു മുതല്‍ സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നതുവരെ ഇവരാരെങ്കിലുമൊക്കെ ഒപ്പം കാണും. നില്‍ക്കുന്നതും ഉപഭോക്താക്കളെ അനുഗമിക്കുന്നതും  വസ്ത്രങ്ങള്‍ വാരിവിതറുന്നതുമല്ലാതെ ഈ തൊഴിലാളികള്‍  ഇരിക്കുന്നതോ വിശ്രമിക്കുന്നതോ കണ്ടിട്ടുണ്ടോ? സെയില്‍സ് ഗേളുകള്‍ എന്നറിയപ്പെടുന്ന ടെക്സ്റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ സ്ത്രീകളായതു കൊണ്ടുതന്നെ  മുഖ്യധാരയില്‍ ഇടം കിട്ടാതെ പാര്‍ശ്വവത്കരിക്കപ്പെട്ട തൊഴിലാളികളാണ്.

ഇരിപ്പിടമില്ലാതെ ദീര്‍ഘനേരം  നിന്ന് ജോലിചെയ്യുന്നതിനാല്‍ ഇവരില്‍ വലിയൊരു ശതമാനം പേരും ചെറുപ്രായത്തില്‍തന്നെ വെരികോസ് വെയിന്‍സ് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. തൊഴില്‍സമയം നിജപ്പെടുത്താതെയും മിനിമം വേതനം ലഭ്യമാവാതെയും  വിശ്രമമില്ലാതെ പണിയെടുക്കുന്ന സെയില്‍സ് ഗേളുകള്‍ തൊഴിലിടത്തില്‍ നേരിടുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍  ആദ്യമായി പൊതുസമൂഹത്തിന്‍െറ ശ്രദ്ധയില്‍പെട്ടത് ഇരിപ്പുസമരങ്ങളിലൂടെയാണ്. ഇരിക്കാനുള്ള അവകാശം മൗലികാവകാശമായി ഉയര്‍ത്തിപ്പിടിച്ച് വസ്ത്ര വിപണന രംഗത്തെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരങ്ങളാണ് ഇരിപ്പുസമരങ്ങള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഇവര്‍ സമരത്തിലാണ്. ഇരിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും മറ്റു തൊഴിലവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടി കേരളത്തിന്‍െറ പല ഭാഗങ്ങളിലും ഒറ്റക്കും കൂട്ടായും സമരങ്ങള്‍ നടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ ‘പെണ്‍കൂട്ട്’ എന്ന തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മയാണ് 2013ല്‍ ഈ സമരങ്ങളാരംഭിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിരിക്കുന്നു എന്ന വാര്‍ത്ത തീര്‍ത്തും പ്രതീക്ഷയുളവാക്കുന്നതാണ്.

‘പെണ്‍കൂട്ടു’മായും അതില്‍നിന്നുണ്ടായ അസംഘടിത മേഖല തൊഴിലാളി യൂനിയനുമായും ചേര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി സെയില്‍സ് ഗേളുകളുടെ ഇടയില്‍ നടത്തിവരുന്ന പഠനത്തിന്‍െറ ഭാഗമായി ജൂണ്‍ അവസാന വാരമാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്. കേരളത്തിലെ തുണിക്കടകളിലെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ജൂലൈ ഒന്നിന് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് നല്‍കി. അതിനുശേഷം കേരളത്തില്‍ അങ്ങോളമിങ്ങോളം പല വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മുമ്പില്ലാത്തവിധം പരിശോധനകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുണ്ട്.

 സെയില്‍സ് ഗേളുകളെയും അസംഘടിത തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തൊഴിലാളികളെയും സംബന്ധിക്കുന്ന നിയമമാണ് കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് നിയമം. കേരള സര്‍ക്കാര്‍ 1960ല്‍ പാസാക്കിയ ഈ നിയമം1969ലും ’79ലും പിന്നീട് 2015ലും ഭേദഗതി ചെയ്യപ്പെട്ടു. 2015ലെ ഭേദഗതി (Kerala Shops and Commercial Establishments (Amendment) Act, 2015) വസ്ത്ര വിപണന രംഗത്തെ സ്ത്രീതൊഴിലാളികള്‍ നടത്തിയ ഇരിപ്പുസമരങ്ങളുടെ ഫലമായാണ് നിലവില്‍വന്നത്. എന്നാല്‍, 2015ലെ ഭേദഗതിയിലും ഇരിക്കാനുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശമില്ല.

ഇരിക്കാനുള്ള അവകാശം തൊഴില്‍നിയമങ്ങളില്‍ ചേര്‍ക്കുക എന്നത് പുതിയ ആശയമൊന്നുമല്ല. ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് തൊഴിലിടത്തില്‍ നിര്‍ബന്ധമായും ഇരിപ്പിടങ്ങള്‍ നല്‍കേണ്ടതിനെക്കുറിച്ച് ഫാക്ടറി നിയമത്തില്‍ (Factories Act,1948) പറയുന്നുണ്ട്. നിന്നുകൊണ്ട് മാത്രം ചെയ്യാനാവുന്ന തൊഴിലാണെങ്കില്‍കൂടിയും ജോലിക്കിടയില്‍ ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കണമെന്നും നിയമത്തില്‍ നിഷ്കര്‍ഷയുണ്ട്. ഇതുവഴി ഫാക്ടറി തൊഴിലാളികളുടെ ഇരിക്കാനുള്ള അവകാശമാണ് സംരക്ഷിക്കപ്പെടുന്നത്. വസ്ത്ര വ്യാപാരമേഖലയിലെ  തൊഴിലാളികളെ സംബന്ധിക്കുന്ന ഒരു നിയമത്തിലും ഈ  അവകാശത്തെക്കുറിച്ച് പരാമര്‍ശങ്ങളില്ല.

2015ലെ ഷോപ്സ് നിയമഭേദഗതിയില്‍ എട്ടു മണിക്കൂര്‍ ജോലി, നാലു മണിക്കൂര്‍ ജോലിക്കിടയില്‍ ഒരു മണിക്കൂര്‍ വിശ്രമം, ആഴ്ചയിലൊരവധി തുടങ്ങിയ അടിസ്ഥാന തൊഴില്‍നിയമങ്ങളെല്ലാം ഉണ്ടായിരുന്നതാണ്. നിയമലംഘനം നടത്തുന്നപക്ഷം കട ഉടമകള്‍ക്കു മേല്‍ ചുമത്തപ്പെടുന്ന പിഴ വര്‍ധിപ്പിച്ചു എന്നതാണ് 2015ലെ പ്രധാന ഭേദഗതി. ഇതനുസരിച്ച് നിയമലംഘനം നടത്തിയാല്‍ കടകള്‍ക്കു മേല്‍ ചുമത്താവുന്ന ഏറ്റവും കൂടിയ പിഴ 5000 രൂപയാക്കി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 1960ല്‍ നിശ്ചയിച്ച പ്രകാരം 500 രൂപയായിരുന്നു. രൂപയുടെ മൂല്യം സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 2015ലെ ഏകദേശം 1,30,000 രൂപ വരും. എന്നാല്‍, 2015ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച പിഴ 5000 രൂപയാണ്. ദിവസവും ലക്ഷക്കണക്കിന് രൂപ പരസ്യങ്ങള്‍ക്കായി ചെലവിടുന്ന വന്‍കിട വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ക്ക് തൊഴില്‍നിയമങ്ങള്‍ പാലിക്കുന്നതിനെക്കാള്‍ ലാഭകരം പിഴ അടക്കുന്നതുതന്നെ. ചെറുകിട സംരംഭകരെയും വനിതാ സഹകരണസംഘം പോലുള്ള ചെറിയ സൊസൈറ്റികളെയുമൊക്കെ നിയന്ത്രിക്കാന്‍ മാത്രമേ ഈ  ദേദഗതി ഉതകൂ. ഈ  പിഴ വര്‍ധന സമരക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ കൊണ്ടുവന്നതാണ് എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

സ്വാഗതാര്‍ഹമായ ചില മാറ്റങ്ങളും ഭേദഗതിയിലുണ്ടായിരുന്നു. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിര്‍ബന്ധമായും വിശ്രമ മുറികളുണ്ടായിരിക്കണം. ഈ വിശ്രമമുറികളില്‍ കസേരകളുണ്ടായിരിക്കണമെന്നും വിശ്രമമുറിയോട് ചേര്‍ന്ന് മൂത്രപ്പുരകള്‍ വേണമെന്നും  ഭേദഗതിയില്‍ പറയുന്നു. എന്നാല്‍, വിശ്രമമുറികളില്‍ കസേരകള്‍ സജ്ജീകരിച്ചതുകൊണ്ടൊന്നും തുണിക്കടകളിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. എപ്പോഴും വിശ്രമമുറിയിലേക്കു പോകുക പ്രായോഗികമല്ല. ഉപഭോക്താവ് ഇല്ലാത്തപ്പോള്‍ ഇരിക്കാന്‍ തൊഴിലിടത്തില്‍തന്നെയാണ് ഇരിപ്പിടങ്ങള്‍ വേണ്ടത്. അമ്പതില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഹോസ്റ്റല്‍ ഉണ്ടാവണമെന്നും വ്യവസ്ഥയുണ്ട്. ഇത് തൊഴിലാളികള്‍ക്ക്് താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിലുപരി മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇതിലൂടെ തൊഴിലാളികളെ എത്ര നേരം ജോലിയെടുപ്പിക്കാനും അവരെ പൂര്‍ണ നിയന്ത്രണ വിധേയമാക്കാനും മാനേജ്മെന്‍റുകള്‍ക്ക് സാധിക്കും.
 
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രോജക്ട് ഫെലോയാണ് ലേഖിക

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.