കുഞ്ഞാപ്പു ആത്മാര്‍ഥ സുഹൃത്ത്

ചലച്ചിത്ര മേഖലയില്‍ എനിക്ക് ഏറ്റവും ആത്മബന്ധമുള്ള സുഹൃത്തായിരുന്നു ടി.എ. റസാഖ്. ആഴ്ചയില്‍ നാല്-അഞ്ച് തവണയെങ്കിലും എന്നെത്തേടി അദ്ദേഹത്തിന്‍െറ ഫോണ്‍ വരും. പലപ്പോഴും രാവിലെ ആദ്യത്തെ വിളി അദ്ദേഹത്തിന്‍േറതായിരിക്കും. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ആ ആത്മബന്ധംകൊണ്ട് ഞാന്‍ അദ്ദേഹത്തെ ‘കുഞ്ഞാപ്പു’ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം എന്നെ ‘കുഞ്ഞാക്ക’ എന്നും. ഞങ്ങള്‍ക്കിടയില്‍ മറയുണ്ടായിരുന്നില്ല. ഒന്നും മറച്ചുവെക്കുന്ന പ്രകൃതക്കാരനായിരുന്നില്ല റസാഖ്. എല്ലാം വെട്ടിത്തുറന്ന്  പറയുമായിരുന്നു. പക്ഷേ, ഒരിക്കല്‍പോലും ഞങ്ങള്‍ പിണങ്ങിയിട്ടില്ല.

സിനിമക്കപ്പുറത്തെ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഇടതു സഹയാത്രികനായിരുന്ന റസാഖിന്‍െറ രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും മറ്റുമെല്ലാം ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നുവന്നു. അദ്ദേഹത്തിന്‍െറ ജീവിതവീക്ഷണവും എന്നോട് പങ്കുവെക്കുമായിരുന്നു. എല്ലാം തുറന്നുപറയുന്ന ശീലക്കാരന്‍. 1990ല്‍ തുടങ്ങിയതാണ് റസാഖുമായുള്ള ബന്ധം. മുടി നീട്ടിവളര്‍ത്തി വല്ലാത്തൊരു കോലത്തിലാണ് റസാഖിനെ ഞാന്‍ ആദ്യം കാണുന്നത്. പിന്നീട് ‘ഘോഷയാത്ര’യുടെ തിരക്കഥ സമയത്താണ് കണ്ടത്. അപ്പോള്‍ മുടി വെട്ടി സുന്ദരനായിരുന്നു. ഇപ്പോള്‍ സുന്ദരനായിട്ടുണ്ടല്ളോ എന്ന് ഞാന്‍ സൂചിപ്പിച്ചു. ‘നിങ്ങളെപ്പോലുള്ളവരുടെ അടുത്ത് നന്നായിട്ട് വേണ്ടെ എത്താന്‍’ എന്ന് സരസമായായിരുന്നു മറുപടി. അന്ന് തുടങ്ങിയതാണ് ബന്ധം. എല്ലാ കാര്യത്തിലും റസാഖ് നര്‍മരസം പുലര്‍ത്തിയിരുന്നു.  പൂര്‍ണമായും ഞങ്ങള്‍ ഒന്നിച്ചിരുന്ന്  ചര്‍ച്ചചെയ്ത് എഴുതിയതാണ് ‘വിഷ്ണു ലോകം’. വളരെ രസകരമായാണ് അന്ന് അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. പിന്നീട് ‘ഗസലി’ലാണ് ഒന്നിച്ച് പ്രവര്‍ത്തിച്ചത്. എന്‍െറയും റസാഖിന്‍െറയും കുട്ടിക്കാലത്തെ അനുഭവങ്ങളും കാഴ്ചകളും ‘ഗസലി’ല്‍ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കൊണ്ടോട്ടിയിലെ പഴയകാല ജീവിതങ്ങള്‍ വളരെ മനോഹരമായി റസാഖ് അതില്‍ വരച്ചുവെച്ചു.

‘ഭൂമിഗീതം’, ‘പെരുമഴക്കാലം’, ‘രാപ്പകല്‍’ തുടങ്ങി അഞ്ച് സിനിമകളിലാണ് ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചത്. റസാഖിന്‍െറ മയ്യിത്ത് ഖബറടക്കുമ്പോള്‍ മഴപെയ്തിരുന്നു. റസാഖിനും എനിക്കും മഴയുമായി വളരെ അടുത്തബന്ധമാണല്ളോ എന്ന് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. പലപ്പോഴും ഞങ്ങള്‍ മഴയെക്കുറിച്ച് സംസാരിക്കാറുണ്ട്. ‘പെരുമഴക്കാല’ത്തില്‍ മാത്രമായിരുന്നില്ല അത്.

മഴ എന്‍െറ വലിയ ദൗര്‍ബല്യമാണെന്ന് റസാഖിന് അറിയാമായിരുന്നു. ചിലപ്പോള്‍ റസാഖ് വിളിക്കും. ‘കുഞ്ഞാക്കയുടെ പ്രിയപ്പെട്ട മഴ കോഴിക്കോട് നഗരത്തില്‍ തകര്‍ത്ത് പെയ്യുകയാണ്, ഞാന്‍ മഴ നനഞ്ഞ്പോയിക്കൊണ്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ്. ചിലപ്പോള്‍ പാതിരാക്കാവും വിളി. ‘പെരുമഴക്കാല’വും ‘ഗസലും’ ‘കാണാക്കിനാവു’മാണ് അദ്ദേഹത്തിന്‍െറ തിരക്കഥകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. എന്‍െറ കുടുംബവുമായും സുഹൃത്തുക്കളുമായും റസാഖിന് വലിയ ബന്ധമായിരുന്നു. എന്‍െറ എല്ലാ കുടുംബാംഗങ്ങളുമായും അദ്ദേഹം നല്ലബന്ധം പുലര്‍ത്തി. കൊടുങ്ങല്ലൂരിലെ എന്‍െറ സുഹൃത്തുക്കള്‍ റസാഖിന്‍െറയും സുഹൃത്തുക്കളായിരുന്നു. എറണാകുളത്തേക്കുള്ള അദ്ദേഹത്തിന്‍െറ യാത്ര കൊടുങ്ങല്ലൂര്‍ വഴിയായിരുന്നു. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ റസാഖ് അവിടെ വന്നിട്ടേ യാത്ര  തുടരുമായിരുന്നുള്ളൂ.

വലിയ മനുഷ്യസ്നേഹിയായിരുന്നു. മതത്തിന്‍െറ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്നതില്‍ വളരെ ആകുലതയുണ്ടായിരുന്നു അദ്ദേഹത്തിന്. എന്തിനാണ് മനുഷ്യര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ഒരു കഥയില്‍ ഒരുപാട് കാര്യങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ‘അത്രയൊന്നും വേണ്ട റസാഖേ’ എന്ന് ഞാന്‍ പറഞ്ഞാല്‍ ‘മനുഷ്യരുടെ കഥ സാഗരംപോലെ പരന്നുകിടക്കുകയല്ളേ കുഞ്ഞാക്ക’ എന്നായിരുന്നു മറുപടി.

തയാറാക്കിയത് സക്കീര്‍ ഹുസൈന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.