???? ?????????

എണ്ണകൊണ്ടൊരു ചവിട്ടിയുഴിച്ചില്‍; ശേഷം ചിന്ത്യം...

കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കഥകളി പഠിക്കുന്ന കുട്ടികളെ ചവിട്ടിയുഴിയാന്‍  ഉപയോഗിക്കുന്നത് ഏറ്റവും വില കുറഞ്ഞ, ദേഹത്ത് പുരട്ടിയാല്‍ കാലങ്ങളോളം ദോഷമുണ്ടാകുന്ന എണ്ണ

2003ല്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരു ‘കലാവിപ്ളവം’ നടന്നു. അന്നത്തെ കലാമണ്ഡലം ഭരണസമിതി നൂറു പേര്‍ക്ക് മുഖത്ത് ചുട്ടിവരച്ച് ‘ചുട്ടി മഹോത്സവം’ നടത്തി. കലാമണ്ഡലത്തില്‍, അല്ളെങ്കില്‍ കഥകളി അരങ്ങേറുന്ന ഇടങ്ങളില്‍ മാത്രം നടക്കുന്ന ചുട്ടിയെഴുത്ത് പുറത്തൊരിടത്ത് അരങ്ങേറുന്നത് കാണാന്‍ അനവധിപേരത്തെി; അതിലേറെ പ്രതിഷേധക്കാരും. കണ്ടുനിന്നവരുടെ കൂട്ടത്തില്‍ ഒരു ഇംഗ്ളീഷുകാരി ചുട്ടി മഹോത്സവത്തിന്‍െറ സംഘാടകരോട് തട്ടിക്കയറി. പരസ്യമായി ചെയ്യേണ്ട കാര്യമല്ല  ചുട്ടിയെഴുത്ത് എന്നായിരുന്നു, കലാമണ്ഡലത്തില്‍ പഠനത്തിനത്തെിയ ആ വിദേശ വനിത ഉന്നയിച്ച തര്‍ക്കം. ചുട്ടി കുത്തിയാല്‍ പിന്നെ കളിക്കണമത്രെ; ഗൂര്‍ഖ ഉറയില്‍നിന്ന് കത്തിയൂരിയാല്‍ കുത്തണമെന്ന് പറയുന്നതുപോലെ. അന്ന് ഒരു കാര്യം പലര്‍ക്കും ബോധ്യമായി. കലയുടെ യാഥാസ്ഥിതികത്വം, അല്ളെങ്കില്‍ പൗരോഹിത്യം ശക്തമാണ്. ഇംഗ്ളീഷുകാരെപ്പോലും ആ യാഥാസ്ഥിതികത്വം നമ്മള്‍ പഠിപ്പിച്ചിരിക്കുന്നു. കല്‍പിത സര്‍വകലാശാലയിലേക്ക് വളര്‍ന്നിട്ടും ഈ മനോഭാവം തുടരുന്നതിന്‍െറ ലക്ഷണങ്ങള്‍ വേണ്ടത്ര.

മറ്റുപല സാംസ്കാരിക സ്ഥാപനങ്ങളെക്കാള്‍ ഭേദമെന്ന് പറയാമെങ്കിലും ഇവിടെയും നടക്കുന്നത് അനുഷ്ഠാനം പോലെ അവാര്‍ഡ് വിതരണം മറ്റും തന്നെ. 2006 വരെ സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലായിരുന്നു. പിന്നീട് കല്‍പിത സര്‍വകലാശാലയായി. എട്ടാം തരം മുതല്‍ പത്താം തരം വരെ കേരള സിലബസില്‍ പഠിക്കാവുന്ന സ്കൂളുമുണ്ട്. സര്‍വകലാശാല ആവുന്നതുവരെ 75 ശതമാനം കലക്കും ബാക്കി ഇതര വിഷയങ്ങള്‍ക്കും ആയിരുന്നു പ്രാധാന്യം. സര്‍വകലാശാലയായപ്പോള്‍ കലക്കുള്ള പ്രാധാന്യം 50 ശതമാനത്തിലേക്ക് താഴ്ന്നു, ബാക്കി തിയറി. ഗുരുകുല സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ സര്‍വകലാശാലക്ക് ആവശ്യമായ വിധത്തിലുള്ള യോഗ്യതയില്ലാത്തവര്‍ അധ്യാപകരാവുന്നുവെന്ന പ്രശ്നം വന്നു. ഒ.എന്‍.വി. കുറുപ്പ് ചെയര്‍മാനായിരുന്ന കാലത്ത് കലാമണ്ഡലത്തിന്‍െറ ബി.എ ഡിഗ്രി കോഴ്സിന് കാലടി സംസ്കൃതം സര്‍വകലാശാലയില്‍ അധ്യാപനത്തിന്‍െറ നിലവാരക്കുറവ് പറഞ്ഞ് അഫിലിയേഷന്‍ കിട്ടാതെ കിടന്നു.

കലാമണ്ഡലത്തെ സാംസ്കാരിക സര്‍വകലാശാലയാക്കാനായിരുന്നു, മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത് നടത്തിയ ശ്രമം. അന്ന് ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ഫണ്ടിന്‍െറ കാര്യത്തില്‍ കടുംപിടിത്തം കാണിച്ചപ്പോള്‍ അത് നടക്കാതെ പോയി. അത് സംഭവിച്ചിരുന്നെങ്കില്‍ കഥകളിയും മോഹിനിയാട്ടവുമെന്ന ചട്ടക്കൂടു വിട്ട് വലിയൊരു കാന്‍വാസിലേക്ക് കലാമണ്ഡലം വളരുമായിരുന്നു. സാംസ്കാരിക സര്‍വകലാശാല നടക്കാതെ വന്നപ്പോഴാണ് കല്‍പിത സര്‍വകലാശാലയായി പ്രഖ്യാപിക്കപ്പെട്ടത്. കല്‍പിത സര്‍വകലാശാലക്ക് മറ്റു സര്‍വകലാശാലകളുടേതുപോലെ അധ്യാപക നിയമന മാനദണ്ഡങ്ങള്‍ ബാധകമാണോ എന്ന തര്‍ക്കം അവസാനിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കലാമണ്ഡലത്തെ സാംസ്കാരിക സര്‍വകലാശാലയാക്കാന്‍ നീക്കമാരംഭിച്ചു. വൈസ് ചാന്‍സലറുടെ ചുമതല വഹിച്ച പി.എന്‍. സുരേഷിനത്തെന്നെ അതിന്‍െറ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏല്‍പിച്ചു. അത് സുരേഷിന് വി.സിയായി തുടരാനുള്ള ഉപായമാണെന്ന വിമര്‍ശം ശക്തമായി. അതിനു പിന്നാലെ കേസുകളും വന്നു. അതോടെ സുരേഷ് കലാമണ്ഡലം വിട്ടു. ഇപ്പോള്‍ കാലടി സര്‍വകലാശാല വി.സിക്കാണ് ചുമതല.

യു.ജി.സിയുടെ അംഗീകാരമുള്ള ഗവേഷണ പദ്ധതിയുണ്ട് ഇവിടെ. എന്നാല്‍, ഗവേഷണം നേരായ വിധം നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കല്‍പിത സര്‍വകലാശാലയായതു മുതല്‍ എത്ര ഗവേഷണ ഫലം വന്നു, അതില്‍ പുതിയ എന്ത് അന്വേഷണം നടന്നു, എത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നുള്ള ചോദ്യങ്ങളെല്ലാം നിരാശജനകമായ മറുപടിയാണ് തരുക. ഇപ്പോള്‍ കെട്ടിട നിര്‍മാണമാണ് കലാമണ്ഡലത്തിലെ ‘കല’. കഴിഞ്ഞ ഏതാനും വര്‍ഷമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിലും പുറംവാതില്‍ നിയമനങ്ങള്‍ നടത്തുന്നതിലും അപാര മെയ്വഴക്കമാണ് ഈ കലാപഠന കേന്ദ്രത്തിന്. പഠിതാക്കളുടെ കാര്യം നോക്കാന്‍ മാത്രം ആളില്ല. അതിന്‍െറ ഉദാഹരണമാണ് ഏറ്റവുമൊടുവില്‍ ഉയര്‍ന്ന ‘ചവട്ടിയുഴിച്ചില്‍’ വിവാദം. കഥകളി പഠിക്കുന്ന കുട്ടികളെ എണ്ണ ദേഹത്ത് പുരട്ടി ചവിട്ടിയുഴിയും. മെയ്വടിവിന് വേണ്ടിയാണത്. ഏറ്റവും വില കുറഞ്ഞ, ദേഹത്ത് പുരട്ടിയാല്‍ കാലങ്ങളോളം ദോഷമുണ്ടാകുന്ന എണ്ണയാണ് പുരട്ടുന്നതെന്ന് അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്. ആവശ്യത്തിന് മൂത്രപ്പുര പോലുമില്ലാത്ത ഇവിടെ ഇനിയെന്തിന് രമ്യഹര്‍മ്യങ്ങള്‍ എന്നു ചോദിക്കാന്‍ ആരുമില്ല. പഠന സമ്പ്രദായത്തില്‍ വലിയ പൊളിച്ചെഴുത്ത് കലാമണ്ഡലം ആവശ്യപ്പെടുന്നുണ്ട്.


കലയുടെ ഗുരുകുലം
1930ല്‍, മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍െറ പരിശ്രമ ഫലത്തില്‍ ആരംഭിച്ച സ്ഥാപനമാണ് കലാമണ്ഡലം. ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രചരിക്കുകയും അതിനോട് ആഭിമുഖ്യം വര്‍ധിക്കുകയും ചെയ്തതോടെ കലാപഠനത്തിനുണ്ടായ താല്‍പര്യക്കുറവ് കഥകളിയുടെ ജനസമ്മതി ഇടിച്ചുവെന്ന വികാരത്തില്‍നിന്നാണ് ഇത്തരമൊരു സ്ഥാപനത്തിന്‍െറ ആവിര്‍ഭാവം. എം. മുകുന്ദ രാജയും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഉള്‍പ്പെടെയുള്ളവരുടെ അകമഴിഞ്ഞ പിന്തുണ കലാമണ്ഡലം സ്ഥാപിക്കാന്‍ ലഭിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ കക്കാടും മനക്കുളങ്ങര മനയിലും പിന്നീട് ചെറുതുരുത്തിയില്‍ ഭാരതപ്പുഴയോരത്തുമായി കലാമണ്ഡലം പ്രവര്‍ത്തിച്ചു, വികസിച്ചു.

കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, പഞ്ചവാദ്യം, തുള്ളല്‍ എന്നിവ ഗുരുകുല സമ്പ്രദായത്തില്‍ പരിശീലിപ്പിക്കുന്നു. രാജ്യാന്തര പ്രശസ്തി നേടിയ കേരളത്തിലെ അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്ന്. ആദ്യ ചെയര്‍മാന്‍ വള്ളത്തോള്‍. കോമാട്ടില്‍ അച്യുത മേനോന്‍, ഡോ. കെ.എന്‍. പിഷാരടി, എം.കെ.കെ. നായര്‍, ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, ഡോ. വി.എസ്. ശര്‍മ, ഒ.എന്‍.വി, ഡോ. കെ.ജി. പൗലോസ് തുടങ്ങിയവര്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.