കോഹിനൂരില്‍ ഒതുങ്ങുന്നതല്ല ബ്രിട്ടീഷ് കൊള്ളയുടെ കഥ 

ബ്രിട്ടീഷ് രാജ്ഞിയുടെ കൈയിലുള്ള കോഹിനൂര്‍ രത്നം തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ട് ഒരു സംഘം  പൈതൃകസ്നേഹികള്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചതോടെ ഇതുവരെ മറച്ചുവെക്കപ്പെട്ട ചരിത്രത്തിലെ വന്‍കൊള്ളയുടെ ചുരുളഴിക്കാന്‍ നല്ളൊരവസരം കൈവന്നിരിക്കുന്നു. 18ാം നൂറ്റാണ്ടുതൊട്ട് ബ്രിട്ടീഷ് അരമനകളും മാടമ്പിബംഗ്ളാവുകളും തറവാട് അങ്കണങ്ങളും ആര്‍ഭാടമായി അലങ്കരിക്കപ്പെട്ടത് ഇന്ത്യയില്‍നിന്ന് കൊള്ളയടിച്ച് കടത്തിക്കൊണ്ടുപോയ അനര്‍ഘങ്ങളായ  രത്നങ്ങളും പവിഴങ്ങളും പളുങ്കുകളും കരകൗശലവസ്തുക്കളും പ്രകൃതിവിഭവങ്ങളും കൊണ്ടാണ്. വെല്‍ഷ് നാട്ടിന്‍പുറത്തെ പോവിസ് കൊട്ടാരത്തില്‍ ഡല്‍ഹി നാഷനല്‍ മ്യൂസിയത്തില്‍ കാണാന്‍ സാധിക്കാത്തത്ര വിലപിടിപ്പുള്ള ചരിത്രശേഷിപ്പുകള്‍ അടുക്കിവെച്ചിട്ടുണ്ടത്രേ. എണ്ണമറ്റ ശില്‍പങ്ങള്‍, ലോഹവിഗ്രഹങ്ങള്‍, പടവാളുകള്‍, അപൂര്‍വ വസ്ത്രങ്ങള്‍, പെയിന്‍റിങ്ങുകള്‍, പളുങ്കുകള്‍, കണ്ണാടികള്‍, ദേവാലയത്തിന്‍െറ ഭാഗങ്ങള്‍, ശാസ്ത്ര-മത ഗ്രന്ഥങ്ങളുടെ കൈയെഴുത്തു കോപ്പികള്‍, അലങ്കാരവസ്തുക്കള്‍... എന്തിന് ഗാന്ധിയുടെ കാലുപൊട്ടിയ കണ്ണടയും വാറുപൊട്ടിയ ചെരിപ്പും വരെ കോളനിശക്തികള്‍ കടത്തിക്കൊണ്ടുപോയി. താജ്മഹലിന്‍െറ താഴെ നിലയില്‍ മുംതാസ് മഹലിന്‍െറ കുടീരത്തിന്മേല്‍ പതിച്ച നൂറുകണക്കിന് രത്നങ്ങള്‍ പറിച്ചെടുത്തതിന്‍െറ അടയാളം ഇപ്പോഴും കാണാം. കോഹിനൂര്‍ (കൂഹ്-ഐ നൂര്‍ അഥവ  പ്രകാശത്തിന്‍െറ പര്‍വതം) രത്നവും മയൂരസിംഹാസനവും മാത്രം ഇടക്കിടെ ഓര്‍മിപ്പിക്കപ്പെടുന്നത് അവയുടെ  കലാപരവും മൂല്യപരവുമായ പ്രാധാന്യം കൊണ്ടാണെന്നുമാത്രം. 

ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന കൊള്ളസംഘം
‘കിഴക്കുമായി 15 വര്‍ഷത്തേക്ക് വ്യാപാരം നടത്താന്‍’ 218 പേരുടെ ഒരു സംഘത്തിന് ബ്രിട്ടീഷ് രാജ്ഞി  നല്‍കിയ രാജകീയ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ എ.ഡി 1600ല്‍ രൂപംനല്‍കിയതാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. ജന്മനാട്ടില്‍ ആറു സ്ഥിരം ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഒരു കമ്പനി ആ കാലഘട്ടത്തിലെ ഉഗ്രപ്രതാപികളായ മുഗള്‍ സാമ്രാജ്യത്തില്‍നിന്ന് അധികാരം പിടിച്ചെടുത്തത് വഞ്ചനയുടെയും സൈനികമുഷ്കിന്‍െറയും കരുത്തിലാണ്. 1765ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാ ആലത്തെ കമ്പനി പട്ടാളം പരാജയപ്പെടുത്തിയതോടെ ഭരണം പടിഞ്ഞാറന്‍ കച്ചവടക്കാരുടെ കൈകളിലമരുകയായിരുന്നു. നികുതി പിരിക്കാനുള്ള അവകാശം അതോടെ കമ്പനിക്കായി. 2,60,000 കൂലിപ്പട്ടാളത്തിന്‍െറ കരുത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡംതന്നെ കമ്പനിയുടെ ചൊല്‍പടിക്കുകീഴില്‍ വന്നു. ലണ്ടനിലെ ഒരു കുടുസ്സുമുറിയിലിരുന്ന് ഏതാനും പേര്‍ ഇന്ത്യ ഭരിച്ചു. ഏഴുലക്ഷം ജനസംഖ്യയുള്ള മുഗള്‍ തലസ്ഥാനനഗരിയായ ആഗ്രയുടെ അടുത്തെങ്ങാനും എത്തുന്ന ഒരു നഗരം അന്ന് യൂറോപ്പിലുണ്ടായിരുന്നില്ല. ലണ്ടനും പാരിസും ലിസ്ബണും മഡ്രിഡും റോമും ഒരുമിച്ചാല്‍ ലാഹോറോളം വരില്ല. ലോക ഉല്‍പാദനത്തിന്‍െറ നാലിലൊന്ന് ഇന്ത്യയുടെ വകയാണ്. മൊത്തം ജി.ഡി.പിയുടെ രണ്ടു ശതമാനം മാത്രമാണ് ബ്രിട്ടന്‍െറ സംഭാവന. അപ്പോഴും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് 30 കപ്പലുകളുണ്ടായിരുന്നു. തെംസ് തീരത്ത് സ്വന്തമായി ഡോക്യാര്‍ഡും. ഇന്ത്യയെ കൊള്ളയടിച്ച് ബ്രിട്ടന്‍െറ ഖജനാവ് വീര്‍പ്പിക്കാന്‍ അതിലപ്പുറം സന്നാഹങ്ങള്‍ ആവശ്യമായിരുന്നു. ബംഗാളില്‍നിന്നാണല്ളോ തുടക്കം. ആ മേഖലയുടെ സമ്പത്ത് മുഴുവന്‍ ഊറ്റിയെടുത്തത് ഖജനാവ് കൊള്ളയടിച്ചും കൃഷിനശിപ്പിച്ചും വ്യവസായം തകര്‍ത്തെറിഞ്ഞുമാണ്. ആദ്യ ഗവര്‍ണര്‍ റോബര്‍ട്ട് കൈ്ളവ് ലണ്ടനിലേക്ക് മടങ്ങിയത് കൊള്ളമുതലിന്‍െറ ഒരുഭാഗം, അതായത് 2,34,000 പൗണ്ട് കീശയിലിട്ടാണ്. പ്ളാസി യുദ്ധത്തില്‍ പരാജിതനായ ബംഗാള്‍ ഭരണാധികാരി സിറാജുദ്ദൗലയില്‍നിന്ന് 2.5 ദശലക്ഷം പൗണ്ടാണ് കൈ്ളവ് പിടിച്ചുവാങ്ങിയത്. 100 ബോട്ടുകളിലാണ്് ബംഗാളിന്‍െറ മൊത്തം ഖജനാവ് കമ്പനിയുടെ കൊല്‍ക്കത്തയിലെ ആസ്ഥാനമായ ഫോര്‍ട്ട് വില്യം കൊട്ടാരത്തിലേക്ക് ഗംഗാനദിയിലൂടെ കൊണ്ടുപോയത്. 

കൂഹ്-ഐ നൂറിന്‍െറ കഥ
‘പ്രകാശപര്‍വതം’ എന്നപേരില്‍ വിശ്രുതമായ കൂഹ്-ഐ നൂര്‍ എന്ന അപൂര്‍വരത്നത്തിന്‍െറ  കഥ രണ്ടു നൂറ്റാണ്ട് നീണ്ട വന്‍കൊള്ളയുടെ ചരിത്രത്തിലെ ചെറിയൊരു അധ്യായം മാത്രമാണ്.  ആ വജ്രാദ്ഭുതത്തിന് രക്തത്തിലും വഞ്ചനയിലും കുതിര്‍ന്ന ഒരു ചരിത്രമുണ്ട്. ക്രിസ്ത്വബ്ദം 1100ല്‍ ആന്ധ്രയിലെ ഗോല്‍കൊണ്ടയിലാണ് അത് ഖനനം ചെയ്യപ്പെട്ടതെന്നാണ് അനുമാനം. മാല്‍വയിലെ (ഇന്നത്തെ മധ്യപ്രദേശ്) രാജാക്കന്മാരുടെ കൈകളിലാണ് ആദ്യമായി അതത്തെുന്നത്. അവിടെനിന്ന് ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പക്കലേക്കും. തുഗ്ളക്കുമാരിലൂടെയും ലോധിമാരിലൂടെയും കൈമാറി മുഗള്‍ സ്ഥാപകന്‍ ബാബറുടെ അധീനതയിലത്തെിയപ്പോഴും അതിനു ‘കൂഹ്-ഐ നൂര്‍’ എന്ന് പേര് ലഭിച്ചിരുന്നില്ല. അരമനകളെപ്പോലും വരിഞ്ഞുമുറുക്കിയ നിഗൂഢതയും കാലത്തെ മറികടന്ന അന്ധവിശ്വാസങ്ങളും ഈ രത്നം എക്കാലവും കൊണ്ടുനടന്നു. ബാബറിന്‍െറ പുത്രന്‍ ഹുമയൂണ്‍ ഭരണം നഷ്ടപ്പെട്ട് പേര്‍ഷ്യയില്‍ അഭയം തേടിയപ്പോള്‍ കൈയില്‍ ഈ രത്നമുണ്ടായിരുന്നു. മുഗള്‍ഭരണം തിരിച്ചുപിടിക്കാന്‍ പേര്‍ഷ്യന്‍ രാജാവിന് രത്നം കൈമാറേണ്ടിവന്നു എന്നൊരു കഥയുണ്ട്. ഷാജഹാന്‍െറ കാലമായപ്പോഴേക്കും മുഗള്‍ കൊട്ടാരത്തില്‍ ഈ രത്നമുണ്ടായിരുന്നു. ഗോല്‍കൊണ്ട സാമ്രാജ്യത്തില്‍ കരുത്തനായിരുന്ന ഇസ്ഫഹാനിലെ (പേര്‍ഷ്യ) മീര്‍ ജുംലയാണ് ഷാജഹാന് ഇത് സമ്മാനിച്ചതെന്നാണ് ഒരു ഭാഷ്യം.  

ഒൗറംഗസീബിനുശേഷം മുഗള്‍ സാമ്രാജ്യത്തിന്‍െറ ശിഥിലീകരണം തുടങ്ങിയതോടെ നാനാദിക്കുകളില്‍നിന്ന് ശത്രുക്കള്‍ ചാടിവീഴാന്‍ തുടങ്ങി. അവരുടെയെല്ലാം കണ്ണ് അന്ന് 186 കാരറ്റുള്ള ഈ രത്നത്തിലായിരുന്നു. 1739ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷാ ഖൈബര്‍പാസും കടന്നുവന്ന് 15 ലക്ഷം വരുന്ന മുഗള്‍സൈന്യത്തെ തോല്‍പിച്ചു. 200 വര്‍ഷംകൊണ്ട് മുഗളര്‍ സമ്പാദിച്ചതു മുഴുവനും കൊണ്ടുപോയ നാദിര്‍ഷായാണത്രെ അദ്ഭുതാദരവോടെ ‘കൂഹ് എ നൂര്‍’ എന്ന് ഇതിനെ ആദ്യമായി വിളിച്ചത്. അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയും അഫ്ഗാന്‍ ചക്രവര്‍ത്തിയുമായ അഹ്മദ് ഷാ അബ്ദാലിയുടെ കൈയിലേക്കാണ് പിന്നീടത് എത്തിപ്പെട്ടത്. അബ്ദാലിയുടെ മരണശേഷം പിന്‍ഗാമികളായ തൈമൂര്‍ഷാ, സമാന്‍ ഷാ, ഷാ ശുജാ എന്നിവരിലൂടെ രത്നം  ലാഹോര്‍ ആസ്ഥാനമായി ഭരിച്ച സിഖ് സാമ്രാജ്യത്തിന്‍െറ തലവന്‍ മഹാരാജാ രഞ്ജിത് സിങ്ങിന്‍െറ പക്കലത്തെുകയാണ്. മഹാരാജാവിന്‍െറ മരണശേഷം മൂത്തപുത്രന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇളയമകന്‍, അഞ്ചുവയസ്സുള്ള ദുലീഫ് സിങ്ങിനെ സിംഹാസനത്തിലിരുത്തി. 1849ല്‍  കമ്പനി പട്ടാളം പഞ്ചാബ് പിടിച്ചടക്കി. ഗവര്‍ണര്‍ ഡല്‍ഹൗസി സിഖ് ഭരണകൂടവുമായി ഉണ്ടാക്കിയ ലാഹോര്‍ ഉടമ്പടിയിലെ മൂന്നാമത്തെ വ്യവസ്ഥ കോഹിനൂര്‍ രത്നം ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ അടിയറവെക്കണമെന്നായിരുന്നു. ബ്രിട്ടീഷ് അധിനിവേശകര്‍ എന്നോ അത് കണ്ടുവെച്ചിരുന്നുവെന്ന് സാരം. ഉടമ്പടിപ്രകാരം  ഒമ്പതു വയസ്സുള്ള ദുലീഫ് സിങ് 4200 കി.മീറ്റര്‍ സഞ്ചരിച്ച് രാജ്ഞിയുടെ കരങ്ങളില്‍ രത്നം സമര്‍പ്പിച്ചു. ദുലീഫ് രാജകുമാരനെ പിന്നീട് പ്രതിവര്‍ഷം അരലക്ഷം പൗണ്ട് സ്റ്റൈപന്‍ഡ്  കിട്ടുന്ന ആശ്രിതനാക്കി മാറ്റി.  ക്രിസ്തുമതം സ്വീകരിച്ച്  ഇംഗ്ളണ്ടിലും ഫ്രാന്‍സിലും അലഞ്ഞ് ജീവിച്ച അദ്ദേഹം 1893ല്‍ കൊടിയ  ദാരിദ്ര്യം പിടിപെട്ട് പാരിസിലെ ഏതോ തെരുവില്‍ കിടന്ന് മരിച്ചു. 

‘ദേശസ്നേഹികളു’ടെ മലക്കംമറിച്ചില്‍
ഇന്ത്യയുടെ ഗതകാലപ്രതാപവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും വൈകാരികമായി ഇടപെടാറുള്ള ഹിന്ദുത്വ നേതൃത്വം എന്തുകൊണ്ടോ കോഹിനൂരിന്‍െറ കാര്യത്തില്‍ അഴകൊഴമ്പന്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്. എട്ടുംപൊട്ടും തിരിയാത്ത സിഖ് രാജകുമാരനെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ച ഒരു ഉടമ്പടിയുടെ മറവില്‍ കൈക്കലാക്കിയ അമൂല്യരത്നം എങ്ങനെയെങ്കിലും തിരിച്ചുവാങ്ങുന്നതിനു പകരം അത് യുദ്ധത്തില്‍ സഹായിച്ചതിന് രാജ്ഞിക്ക് പാരിതോഷികമായി നല്‍കിയതാണെന്നും തിരിച്ചുചോദിക്കുന്നതിലൂടെ നമ്മുടെ പക്കലുള്ള ചരിത്രശേഷിപ്പുകളും മടക്കിനല്‍കേണ്ടിവരുമെന്നുമുള്ള ബാലിശമായ വാദമാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ത്യ ഇതുവരെ ഏതെങ്കിലും രാജ്യത്തെ കോളനിയാക്കിയിട്ടുണ്ടോ എന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു. മോദിഭരണകൂടം ഇതിനിടയില്‍ ഒരു കാര്യമോര്‍ത്തില്ല. 

കോഹിനൂര്‍ തിരിച്ചുകിട്ടാന്‍ പാകിസ്താന്‍ ഇതിനകം നടപടിയാരംഭിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തിന്‍െറ ഭാഗമായ ലാഹോറില്‍നിന്നാണ് രത്നം മോഷ്ടിച്ചതെന്നും 100 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന കോഹിനൂര്‍ തിരിച്ചുനല്‍കേണ്ടത് പ്രാഥമിക മര്യാദ മാത്രമാണെന്നുമാണ് നിയമനടപടിക്ക് നേതൃത്വം നല്‍കുന്ന ജാവിദ് ഇഖ്ബാല്‍ ജാഫരി വാദിക്കുന്നത്. സുല്‍ഫിക്കര്‍ അലി ഭുട്ടോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ വിഷയത്തില്‍ ബ്രിട്ടീഷ് അധികൃതരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പാകിസ്താന്‍െറ ഈ വിഷയത്തിലുള്ള നിലപാട് അസന്ദിഗ്ധമാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആധിപത്യത്തിലൂടെ കടന്നുപോയ രത്നത്തിന്‍െറ യഥാര്‍ഥ അവകാശികളെക്കുറിച്ച് വ്യക്തതയില്ളെന്ന ബ്രിട്ടീഷ് ഭാഷ്യത്തെ ഭുട്ടോ ശക്തമായ ഭാഷയില്‍ ഖണ്ഡിക്കുന്നുണ്ട്. പഴയ യജമാനന്മാരെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന  ശീലം മാറിയിട്ടില്ലാത്തതിനാലാവണം ദാസ്യമനോഭാവത്തോടെ  ഒരുതരം വിറയലോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തെ സമീപിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.