മോദി ക്ഷണിച്ചപ്പോള്‍ ഖുര്‍ബാന്‍ അലി ചെയ്തത്

ന്യൂനപക്ഷ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാറുള്ള ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഖുര്‍ബാന്‍ അലിയെ സുഹൃത്തും ബി.ജെ.പി നേതാവുമായ എം.ജെ. ഖാന്‍ ആറുമാസം മുമ്പ് വിളിച്ചു. മുസ്ലിം ന്യൂനപക്ഷത്തിന്‍െറ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുസ്ലിം വ്യക്തിത്വങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതിയില്‍ എത്താന്‍ ക്ഷണമുണ്ടെന്നും പറഞ്ഞായിരുന്നു വിളി. മുസ്ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാറുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയിലാണ് ഖുര്‍ബാന്‍ അലിയെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൂടിക്കാഴ്ചക്കുള്ള മുസ്ലിം പ്രതിനിധി സംഘത്തിലേക്ക് രാജ്നാഥിന്‍െറ വളരെ അടുത്തയാളായ എം.ജെ. ഖാന്‍ ക്ഷണിച്ചത്. സുഭാഷ് ചന്ദ്ര ബോസിനൊപ്പം ഇന്ത്യന്‍ നാഷനല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ച് പില്‍ക്കാലത്ത് ലോഹ്യയോടൊപ്പം പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിത്തീര്‍ന്ന ക്യാപ്റ്റന്‍ അബ്ബാസ് അലിയുടെ മകന്‍ കൂടിയാണ് ഖുര്‍ബാന്‍ അലി.

ആഭ്യന്തര മന്ത്രിയുടെ വസതിയിലത്തെുമ്പോള്‍ സഫ്ദര്‍ എച്ച്. ഖാന്‍, ഖമര്‍ ആഗ, ജസ്റ്റിസ് ഖുദ്ദൂസ് തുടങ്ങി ഡസനോളം മുസ്ലിം വ്യക്തിത്വങ്ങള്‍ അവിടെയുണ്ടായിരുന്നു. മുസ്ലിം സമുദായത്തിനും കേന്ദ്ര സര്‍ക്കാറിനും ഇടയില്‍ വിശ്വാസക്കമ്മിയുണ്ടെന്നും അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ നിര്‍ദേശിക്കണമെന്നും പറഞ്ഞ് സംഭാഷണത്തിന് രാജ്നാഥ് സിങ് തുടക്കമിട്ടു. ഐ.എസുമായുള്ള ബന്ധം ആരോപിച്ച് നിരവധി മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്ന സമയമായിരുന്നതിനാല്‍ ആ വിഷയംതന്നെ ആമുഖമാക്കി മുസ്ലിം ന്യൂനപക്ഷത്തിനും കേന്ദ്ര സര്‍ക്കാറിനും ഇടയിലുള്ള വിശ്വാസക്കമ്മിക്കുള്ള കാരണങ്ങള്‍ ഒന്നൊന്നായി പ്രതിനിധികളില്‍ പലരും നിരത്തി. എന്നാല്‍, ഗൗരവമേറിയ ഈ സംഭാഷണത്തിനിടയിലും സ്വന്തം ഭാവി മാത്രം അജണ്ടയാക്കിയ സംഘത്തിലെ ചിലര്‍ കൈവശമുള്ള കാവ്യഭാഷ ഉപയോഗിച്ച് ആഭ്യന്തര മന്ത്രിയെ പ്രശംസിക്കാനും കിട്ടിയ അവസരമുപയോഗിച്ചു. ഇതു കഴിഞ്ഞ് നാലുമാസത്തിനുശേഷം വീണ്ടുമൊരു ക്ഷണം രാജ്നാഥ് സിങ്ങിന്‍െറ വസതിയില്‍നിന്ന് ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു അത്. ആദ്യം നടത്തിയ ആശയവിനിമയത്തിന്‍െറ തുടര്‍ച്ചയായുള്ള കൂടിക്കാഴ്ചയില്‍ പക്ഷേ, ഖുര്‍ബാന്‍ അലിക്ക് പോകാന്‍ കഴിഞ്ഞില്ളെങ്കിലും വിശ്വാസക്കമ്മിതന്നെയായിരുന്നു അന്നും വിഷയമെന്നറിഞ്ഞു.

അതു കഴിഞ്ഞ് രാജ്നാഥ് സിങ്ങിന്‍െറ വീട്ടിലേക്ക് വീണ്ടുമൊരു വിളി വരുന്നത് കഴിഞ്ഞ ഏപ്രില്‍ 12നാണ്. മുസ്ലിം വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി പിറ്റേന്ന് കൂടിക്കാഴ്ചയുണ്ടെന്നും നിര്‍ബന്ധമായും പങ്കെടുക്കണമെന്നുമായിരുന്നു ആവശ്യം. വരാമെന്നേറ്റ ഖുര്‍ബാന് പരിപാടിയില്‍ ചെറിയൊരു മാറ്റം വരുത്തിയെന്ന വിവരമാണ് പിറ്റേന്ന് രാവിലെ ലഭിക്കുന്നത്. നിശ്ചയിച്ച കൂടിക്കാഴ്ച ആഭ്യന്തരമന്ത്രിയുമായിട്ടല്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര  മോദിയുമായിട്ടാണെന്നും അതിനായി കൊണാട്ട്പ്ളേസിലെ ഹോട്ടല്‍ ജന്‍പഥിലത്തെണമെന്നുമായിരുന്നു നിര്‍ദേശം. കൂടിക്കാഴ്ച പ്രധാനമന്ത്രിയുമായിട്ടാണെന്ന് അറിഞ്ഞതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പാകെ അവതരിപ്പിക്കാനുള്ള ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളുടെ ഒരു കുറിപ്പ് ധിറുതിപ്പെട്ട് തയാറാക്കിയാണ് ഏപ്രില്‍ 13ന് ഉച്ചക്ക് ഒരു മണിയോടെ ഖുര്‍ബാന്‍ അലി ഹോട്ടലിലത്തെിയത്.

പ്രമുഖ ശിയാ നേതാവ് മൗലാന ഖല്‍ബെ ജവാദ്, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് ഡോ. കമാല്‍ ഫാറൂഖി, പശ്ചിമേഷ്യന്‍ നിരീക്ഷകന്‍ ഖമര്‍ ആഗ, ജസ്റ്റിസ് ഖുദ്ദൂസ് തുടങ്ങി ഓരോരുത്തരായി എത്തിത്തുടങ്ങി. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക്  പുറപ്പെടുംമുമ്പ് സംസാരിക്കേണ്ട വിഷയങ്ങളില്‍ ഒരു ധാരണയിലത്തൊനാണ് ഹോട്ടലിലത്തൊന്‍ പ്രതിനിധിസംഘാംഗങ്ങളോട് ആവശ്യപ്പെട്ടത്. സൗദി അറേബ്യ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നും എന്നാല്‍, പ്രധാനമന്ത്രിക്ക് മുമ്പാകെ  മറ്റു വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും എം.ജെ. ഖാന്‍ പറഞ്ഞു. ശിയാ നേതാവ് മൗലാന ഖല്‍ബെ ജവാദ് ബൊക്കെ നല്‍കട്ടെ എന്ന എം.ജെ. ഖാന്‍െറ നിര്‍ദേശം പ്രതിനിധികള്‍ അംഗീകരിച്ചു. കൊണ്ടുവന്ന കുറിപ്പിലെ വിഷയങ്ങള്‍ അവതരിപ്പിക്കാമെന്ന് ഖുര്‍ബാന്‍ അലിയും പറഞ്ഞു.

എന്നാല്‍, സന്ദര്‍ശനത്തിന്‍െറ അജണ്ടയോട് യോജിപ്പില്ളെന്നു പറഞ്ഞ് കമാല്‍ ഫാറൂഖി ഹോട്ടലില്‍നിന്നുതന്നെ മടങ്ങിപ്പോയി. അവശേഷിക്കുന്നവര്‍ ഉച്ചക്ക് രണ്ട് മണിയോടെ നമ്പര്‍ ഏഴ് റൈസ്കോഴ്സിലത്തെിയതും ഒട്ടും സമയം പാഴാക്കാതെ പ്രധാനമന്ത്രിയുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു. മുറിയിലേക്ക് കടന്നുചെല്ലുമ്പോള്‍ മുസ്ലിം പ്രതിനിധിസംഘത്തെയും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് മോദി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുണ്ട് കൂടെ. സംസാരിച്ചുതുടങ്ങിയ മോദി സൗദി സന്ദര്‍ശനത്തെക്കുറിച്ച് ആദ്യം അഭിപ്രായം തേടിയത് പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ അവഗാഹമുള്ള ഖമര്‍ ആഗയോടാണ്. സന്ദര്‍ശനത്തെക്കുറിച്ച് ഏതാണ്ടെല്ലാവരും പ്രോത്സാഹജനകമായ  അഭിപ്രായം പ്രകടിപ്പിച്ചതോടെ മുസ്ലിം സമുദായത്തിലേക്ക് പാലം പണിയണമെന്ന തന്‍െറ അഭിലാഷം മോദി പ്രകടിപ്പിച്ചു.

മുസ്ലിം സമുദായത്തോട് അനുഭാവമുള്ളയാളാണ് താനെന്നും അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും മോദി സംഘത്തോട് പറഞ്ഞു. മുസ്ലിംകളുടെ ദാരിദ്ര്യവും കഷ്ടപ്പാടും വിശദീകരിച്ച മോദി അത് മാറ്റാനാണ് കേന്ദ്ര സര്‍ക്കാറിന്‍െറ വൈദഗ്ധ്യ വികസന പദ്ധതിയെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്നാഥുമായുള്ള പ്രഥമ കൂടിക്കാഴ്ചയിലെന്നപോലെ കിട്ടിയ അവസരം പുകഴ്ത്താനും പ്രശംസിക്കാനും ചിലര്‍ ഉപയോഗിച്ചു. സര്‍ക്കാര്‍ വേദികളില്‍ ദയൂബന്ദികള്‍ക്കും സുന്നികള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതുപോലെ ശിയാക്കള്‍ക്കും ബറേല്‍വികള്‍ക്കും നല്‍കണമെന്നായിരുന്നു ചിലര്‍ക്ക് പറയാനുണ്ടായിരുന്നത്.  ഓരോരുത്തരും തങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ക്കനുസരിച്ച് ഓരോന്നു പറഞ്ഞു. എല്ലാം കേട്ട മോദി ചില കാര്യങ്ങളില്‍ പ്രതികരിക്കുകയും ചിലതില്‍ മൗനം പാലിക്കുകയും ചെയ്തു. ചില വിഷയങ്ങള്‍ തനിക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനുണ്ടെന്നും അതിന് അനുവദിക്കണമെന്നും പറഞ്ഞ് കൈയില്‍ കരുതിയ കുറിപ്പെടുത്ത് ഖുര്‍ബാനും ഓരോന്നായി അവതരിപ്പിച്ചു.

സുരക്ഷിതത്വം സംബന്ധിച്ച മുസ്ലിം പൗരന്മാരുടെ ആശങ്കയായിരുന്നു അതില്‍ ഒന്നാമത്തേത്്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ (വിശേഷിച്ചും പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളിലെ പ്രാതിനിധ്യക്കുറവ്), സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും  രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടും മോദി സര്‍ക്കാര്‍ നടപ്പാക്കാത്തത്, ന്യൂനപക്ഷ മന്ത്രാലയത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത്, നവാഡ്കോ, മനാസ് തുടങ്ങിയ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചത് തുടങ്ങി കുറിപ്പിലുള്ള എല്ലാ കാര്യങ്ങളും അവതരിപ്പിച്ച ഖുര്‍ബാന്‍ അലി കുറിപ്പില്‍ വിട്ടുപോയ അലീഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച വിഷയവുംകൂടി ഉന്നയിച്ചു. കൂടിക്കാഴ്ചയൊരുക്കിയ അലീഗഢ് പൂര്‍വവിദ്യാര്‍ഥി കൂടിയായ എം.ജെ. ഖാന്‍ കൈയില്‍ അമര്‍ത്തിപ്പിടിച്ച് അത് പറയല്ളേ എന്ന് കെഞ്ചിയെങ്കിലും അലീഗഢ് ന്യൂനപക്ഷ സ്ഥാപനമാണെന്ന വാജ്പേയിയുടെയും അദ്വാനിയുടെയും നിലപാടിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ നീക്കം എന്നു പറഞ്ഞ് വിഷയം മുഴുമിച്ചു. മറ്റു വിഷയങ്ങളിലൊക്കെ തന്‍െറ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച മോദി അലീഗഢിന്‍െറ വിഷയം പറഞ്ഞപ്പോള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. കുറിപ്പ് നോക്കിയാണ് ഖുര്‍ബാന്‍ അലി വിഷയമവതരിപ്പിച്ചതെന്നു കണ്ട മോദി ആ കുറിപ്പ് തനിക്ക് നല്‍കിക്കൂടേയെന്ന് ചോദിച്ച് കൈനീട്ടി. പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഖുര്‍ബാന്‍ അത് മോദിക്ക് നല്‍കി.

കൂടിക്കാഴ്ച കഴിഞ്ഞ് പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ വസതിയിലേക്കാണ് എം.ജെ. ഖാന്‍ പ്രതിനിധി സംഘത്തെയും കൊണ്ട് പോയത്. രാജ്നാഥിന്‍െറ സ്വീകരണമുറിയിലത്തെിയപ്പോള്‍ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യലക്ഷ്യം നശിപ്പിച്ചതിലുള്ള വിഷമം ഖുര്‍ബാനോട് എം.ജെ. ഖാന്‍ പ്രകടിപ്പിച്ചു. മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച ജിജ്ഞാസയിലായിരുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഘത്തെ കണ്ടപ്പോള്‍ ആദ്യമേ ചോദിച്ചത്, മാധ്യമപ്രവര്‍ത്തകരെയെല്ലാം വിളിച്ചുകൂട്ടിയില്ളേ എന്നായിരുന്നു. ഇല്ലായെന്ന് ഖാന്‍ മറുപടി നല്‍കിയപ്പോള്‍ അവസരം പാഴാക്കിയല്ളോയെന്ന വിഷമം രാജ്നാഥ് അറിയാതെ തുറന്നു പറഞ്ഞുപോയി. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ രാജ്നാഥ് സിങ് പ്രതിനിധിസംഘവുമായി ആശയവിനിമയം നടത്തി.

ഇന്ത്യന്‍ മുസ്ലിംകളുടെ പ്രധാന പ്രശ്നങ്ങളെല്ലാം മോദിയെയും രാജ്നാഥിനെയും ധരിപ്പിച്ച് ആശ്വാസത്തില്‍ വീട്ടിലത്തെിയ ഖുര്‍ബാന്‍ അലി കൂടിക്കാഴ്ച സംബന്ധിച്ച് തങ്ങളുടെ ചിത്രത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പ് കണ്ട് ഞെട്ടി. സൗദി സന്ദര്‍ശനത്തിന് അഭിനന്ദിക്കാന്‍ മുസ്ലിം നേതാക്കള്‍ മോദിയെ കണ്ടുവെന്ന തലക്കെട്ടിലുള്ള വാര്‍ത്തയില്‍ പ്രതിനിധി സംഘം പ്രധാനമന്ത്രിക്ക് മുമ്പാകെ വെച്ച കാതലായ വിഷയങ്ങളിലൊന്നുപോലും പരാമര്‍ശിച്ചിരുന്നില്ല. വാര്‍ത്താക്കുറിപ്പ് കണ്ട് പലരും മാധ്യമപ്രവര്‍ത്തകനായ ഖുര്‍ബാനെ വിളിച്ച് ഇത്തരമൊരു കൂടിക്കാഴ്ചക്ക് പോയതെന്തിനാണെന്ന ചോദ്യം ഉന്നയിച്ച് പ്രതിഷേധങ്ങളുമറിയിച്ചു. സര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ച് ഖുര്‍ബാന്‍ അലി അടക്കമുള്ള ചില പ്രതിനിധി സംഘാംഗങ്ങള്‍ രംഗത്തത്തെി. മോദി സര്‍ക്കാര്‍ മറച്ചുവെച്ച കൂടിക്കാഴ്ചയിലെ വിഷയങ്ങള്‍ അങ്ങനെയാണ് പുറത്തുവരുന്നത്. മുസ്ലിം ന്യൂനപക്ഷത്തിനുള്ള വിശ്വാസക്കമ്മി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ ഈ സര്‍ക്കാര്‍ തുടരുന്നേടത്തോളം കാലം പരിശ്രമങ്ങളുണ്ടാകുമെന്നാണ് തന്‍െറ അനുഭവം മുന്നില്‍വെച്ച് ഖുര്‍ബാന്‍ അലി പറയുന്നത്. ആത്മാര്‍ഥതയില്ളെന്ന് തെളിയിക്കുന്ന സമീപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുവോളം മുസ്ലിം സമുദായം ഇക്കാര്യത്തില്‍ രണ്ട് തട്ടിലായിരിക്കുമെന്നും ഖുര്‍ബാന്‍ കൂട്ടിച്ചേര്‍ക്കുന്നു. മോദിയും രാജ്നാഥും വിവിധ മുസ്ലിം സംഘടനകളെയും നേതാക്കളെയും ഇനിയും ക്ഷണിക്കും. ക്ഷണിച്ചാല്‍ പോകുന്നതിലല്ല, പോയിട്ട് എന്ത് പറയുന്നുവെന്നതാണ് പ്രശ്നമെന്നും വിവാദങ്ങള്‍ക്കെല്ലാമൊടുവില്‍ ഖുര്‍ബാന്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.