????????????? ???????? ??????? ???? ?????? ????????? ????? ???????? ????? ??????????????? ??????????????????

മോദിയുടെ സന്ദര്‍ശനം ബാക്കിയാക്കുന്നത്

സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ‘വിസാമുല്‍ മലിക്’ (ഓര്‍ഡര്‍ ഓഫ് കിങ് അബ്ദുല്‍അസീസ്) സൗദി ഭരണാധികാരി സല്‍മാന്‍ രാജാവില്‍ നിന്ന് ഏറ്റുവാങ്ങിയാണ് ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചത്. വാഷിങ്ടണില്‍ ആണവസുരക്ഷ ഉച്ചകോടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് നരേന്ദ്ര മോദി ഏപ്രില്‍ രണ്ടിന് റിയാദിലത്തെിയത്. പടിഞ്ഞാറന്‍നാടുകളില്‍ മോദി നടത്തിയ സന്ദര്‍ശനങ്ങളില്‍ ആയിരങ്ങളെ ഒരുമിച്ചുകൂട്ടി തുറന്നമൈതാനങ്ങളിലും സ്റ്റേഡിയങ്ങളിലും നടത്തിയ പൊതുപരിപാടികളിലെ ‘ഇവന്‍റ് മാനേജ്മെന്‍റ് ഇഫക്ട്’ റിയാദിലെ പരിപാടിയില്‍ കണ്ടില്ളെങ്കിലും സൗദിയിലെ പ്രമുഖ ഇന്ത്യന്‍ വര്‍ത്തക പ്രമാണിമാരെയും സാമൂഹിക സന്നദ്ധസംഘടനകളുടെ പ്രതിനിധികളെയും റിയാദിലെ ഇന്‍റര്‍കോണ്ടിനന്‍റല്‍ ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ എംബസി അണിനിരത്തിയിരുന്നു. ‘സബ് കേ സാത്ത്, സബ് കാ വികാസ്’ എന്ന വികസന മന്ത്രത്തിന്‍െറ അര്‍ഥതലങ്ങളുള്‍ക്കൊള്ളുന്ന മുദ്രാവാക്യം പ്രസംഗമധ്യേ ഉദ്ധരിച്ചതല്ലാതെ പ്രവാസി ഇന്ത്യന്‍സമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളൊന്നും പരാമര്‍ശിക്കാന്‍ അദ്ദേഹത്തിനായില്ല. 120 കോടി വരുന്ന ഇന്ത്യന്‍ ജനതയിലെ യുവശക്തിയെ ഇന്ത്യയുടെ ക്രിയാത്മകമായ നിര്‍മാണത്തിന് പ്രയോജനപ്പെടുത്താനുള്ള ആഹ്വാനം പ്രവാസികളെ ബാധിക്കുന്നതല്ളെങ്കിലും ശ്രദ്ധേയമായി.

രാജാവുമായുള്ള കൂടിക്കാഴ്ച, ഇന്ത്യയിലേക്ക് സൗദി നിക്ഷേപകരെ ക്ഷണിക്കല്‍, പ്രവാസികളെ അഭിസംബോധന ചെയ്യല്‍ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്ളാന്‍ ചെയ്തിരുന്നതെങ്കിലും പ്രവിശാലമായ ഇന്ത്യയിലെ വികസന സാധ്യതകളിലൂന്നി സൗദിനിക്ഷേപകരെ ഇന്ത്യയിലേക്ക് വിവിധ മേഖലകളിലുള്ള നിക്ഷേപത്തിന് ക്ഷണിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധചെലുത്തിയത്. അത് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ കാലത്തേതുപോലെയല്ല ഇന്ത്യ ഇപ്പോള്‍ എന്നും സ്ഥിരതയുള്ള ഭരണവും നിക്ഷേപ സൗഹൃദാന്തരീക്ഷവുമാണ് ഇന്നുള്ളതെന്നും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ് ഹാളില്‍ മുപ്പതിലധികം പ്രമുഖ സൗദിസംരംഭകരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞത് സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. താന്‍ അധികാരത്തില്‍ വന്നശേഷം വിദേശനിക്ഷേപത്തില്‍ 40 ശതമാനം വര്‍ധനയാണുണ്ടായത്. സാങ്കേതികവിദ്യ, പെട്രോളിയം, പ്രതിരോധം, ആരോഗ്യമേഖല, ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ നിര്‍മാണവും വിതരണവും തുടങ്ങി അടിസ്ഥാന സൗകര്യവികസനം വരെയുള്ള മേഖലകള്‍ നിക്ഷേപകര്‍ക്കായി തുറന്നു കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ, ഭക്ഷ്യസംസ്കരണം, ഊര്‍ജമേഖല എന്നിങ്ങനെ വിവിധ തുറകളില്‍ നൂറുശതമാനം വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇന്ത്യ സന്നദ്ധമായി കഴിഞ്ഞു. നിക്ഷേപകരെ ബുദ്ധിമുട്ടിക്കുന്ന മുന്‍കാല നിബന്ധനകള്‍ ലഘൂകരിച്ചതായും ദീര്‍ഘകാല ഇളവുകളോടെയുള്ള നികുതി മുന്‍കൂര്‍ അടക്കാന്‍ സാധിക്കുംവിധം നികുതിവ്യവസ്ഥ പരിഷ്കരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ‘നിങ്ങള്‍ക്ക് മഞ്ഞ സ്വര്‍ണമുണ്ട്, ഞങ്ങള്‍ക്ക് കറുത്ത സ്വര്‍ണവും, ഈ മേഖലയില്‍ സംയുക്ത സംരംഭങ്ങളുണ്ടാവണം’ - മോദിയുടെ വാക്കുകള്‍ വന്‍ സ്വീകാര്യതയുണ്ടാക്കിയതായി സംരംഭകരുടെ അന്വേഷണങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

രാജാവുമായുള്ള കൂടിക്കാഴ്ച ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഊഷ്മളബന്ധത്തിന് വഴിതെളിയിക്കുന്നതായിരുന്നു. 2006ല്‍ അബ്ദുല്ല രാജാവ് ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷവേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്തതോടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമായത്. 2010ല്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ സന്ദര്‍ശനം രണ്ടു വിഭിന്ന ദിശകളില്‍ സഞ്ചരിച്ചിരുന്ന ഇരു രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലായിരുന്നു. പിന്നീട് 2014 ഫെബ്രുവരിയില്‍ അന്ന് കിരീടാവകാശിയായിരുന്ന ഇന്നത്തെ ഭരണാധികാരി സല്‍മാന്‍ രാജാവ് വിവിധ വകുപ്പ് മേധാവികളുമായി ഇന്ത്യയില്‍ നടത്തിയ ചര്‍ച്ചകളും ഫലപ്രദമായിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ എന്നും മുന്നില്‍നില്‍ക്കുന്ന സൗദിഅറേബ്യ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി സാധ്യതയുള്ള വിദേശ രാഷ്ട്രങ്ങളില്‍ പ്രമുഖ സ്ഥാനത്ത് നിലകൊള്ളുന്നു. ‘മേക് ഇന്‍ ഇന്ത്യ’ എന്ന മുദ്രാവാക്യം ഫലവത്താവണമെങ്കില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണി ലഭ്യമാക്കേണ്ടതുണ്ട്. ചൈനീസ് ഉല്‍പന്നങ്ങളേക്കാള്‍ ഈടും ഉറപ്പും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുണ്ടെന്ന വിശ്വാസം സൗദി ഉപഭോക്താക്കളില്‍ വര്‍ധിച്ചുവരുകയുമാണിപ്പോള്‍. അതിനാല്‍, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് സൗദി അറേബ്യ വന്‍വിപണിയാണ് തുറന്നുവെച്ചിരിക്കുന്നത്.

ആഭ്യന്തര സുരക്ഷയും രാജ്യരക്ഷയും ഭദ്രമാക്കാന്‍ ഇരുരാഷ്ട്രങ്ങളും സഹകരിക്കണമെന്നും ഭീകരവാദവും കലാപങ്ങളും അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കൂടിക്കാഴ്ചയില്‍ സല്‍മാന്‍രാജാവ് അഭ്യര്‍ഥിച്ചു. ജനീവ പ്രമേയം അടിസ്ഥാനമാക്കി യമനില്‍ സമാധാനം പുന$സ്ഥാപിക്കാനും രക്ഷാസമിതി പ്രമേയമനുസരിച്ച് സിറിയന്‍പ്രശ്നം പരിഹരിക്കാനും ഇന്ത്യയുടെ സഹകരണം അദ്ദേഹം തേടി. ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരുന്ന ഭീകരതയുടെ സംഹാരതാണ്ഡവം മനസ്സിലാക്കിയിട്ടുണ്ടെന്നും അതിന് തടയിടാന്‍ ഇന്ത്യ ഒരുക്കമാണെന്നും മോദി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക മേഖലകളിലും കൈത്തൊഴില്‍ രംഗത്തും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന് തദ്വിഷയകമായി ഉയര്‍ന്നുവന്ന ആശങ്കകള്‍ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. സൗദി അറേബ്യയുമായി ഒപ്പിട്ട കരാറുകളില്‍ ഇതും ഉള്‍പ്പെടുത്തിയത് ഭീകരതയുടെ സാമ്പത്തിക സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയാണ്. ഒന്നാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫുമായും രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും വെവ്വേറെ നടത്തിയ ചര്‍ച്ചകളിലും ആഭ്യന്തര, രാഷ്ട്രാന്തരീയ സുരക്ഷ വിഷയീഭവിച്ചിട്ടുണ്ട്. സൗദിയെ ആകര്‍ഷിക്കും വിധമാണ് ഇന്ത്യയുടെ സൈനിക ശക്തി മോദി അവതരിപ്പിച്ചത്. 150 ബില്യണ്‍ ഡോളറിന്‍െറ നിക്ഷേപം പ്രതീക്ഷിക്കുന്ന ഉഭയകക്ഷി കരാറുകളാണ് ഈ പര്യടന വേളയില്‍ ഒപ്പുവെക്കപ്പെട്ടത്.

സാമ്പത്തിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന് ഇരു രാഷ്ട്രനേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.
സൗദിയിലെ അറബ്, ഇംഗ്ളീഷ്പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് മോദിയുടെ പര്യടനം റിപ്പോര്‍ട്ട് ചെയ്തത്. അറബ് പത്രങ്ങള്‍ സന്ദര്‍ശന റിപ്പോര്‍ട്ടിങ്ങിനായി നാലും അഞ്ചും പേജുകളാണ് നീക്കിവെച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ സൗദി പര്യടനം അടുത്തുതന്നെ നടക്കാനിരിക്കെ ഇന്ത്യയുമായുള്ള ചങ്ങാത്തം അമേരിക്കക്ക് ഗൃഹപാഠം ചെയ്യാന്‍ ഉപകരിച്ചേക്കാം. രാജാവുമായുള്ള ചര്‍ച്ചയിലും മന്ത്രിമാരുമായുള്ള ചര്‍ച്ചകളിലും ഇന്ത്യന്‍പ്രവാസികളുടെ തൊഴില്‍സുരക്ഷയും പീഡനമുക്തമായ തൊഴിലുടമ-തൊഴിലാളി ബന്ധവും ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കാനുള്ള നിയമവ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, തൊഴില്‍മേഖലയിലുള്ള സ്വദേശിവത്കരണവും മൊബൈല്‍ഷോപ്പുകള്‍ പോലുള്ള കച്ചവട സ്ഥാപനങ്ങളുടെ സൗദിവത്കരണവും പ്രവാസികളെ ബാധിക്കുന്ന സജീവ പ്രശ്നമാണെങ്കിലും ഇന്ത്യക്കാര്‍ക്കുമാത്രം പ്രത്യേക സംരക്ഷണം പ്രതീക്ഷിക്കാവതല്ല എന്നാണ് മനസ്സിലായത്.

എണ്ണയുടെ വിലയിടിവും മറ്റു സാമ്പത്തികബാധ്യതകളും ബജറ്റിനെപോലും ബാധിച്ചിരിക്കെ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്ന ശമ്പളനിയന്ത്രണവും പിരിച്ചുവിടലും തുടര്‍ന്നേക്കാം. എന്നിരുന്നാലും ഇന്ത്യക്കാരോടുള്ള സൗഹൃദമനസ്സും സ്നേഹവായ്പും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ മോദിയുടെ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതോടൊപ്പം ഇന്ത്യയില്‍ വ്യവസായിക, വാണിജ്യമേഖലകളില്‍ നിക്ഷേപമിറക്കുന്ന സൗദി കമ്പനികളുടെ നിലവിലുള്ള ജീവനക്കാര്‍ക്ക് ഇന്ത്യയില്‍ ജോലിസാധ്യതയുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ല. ഇന്ത്യയുടെ യുവശക്തിയെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നവര്‍ക്ക് മാനവശേഷിയുടെ കാര്യത്തില്‍ പ്രയാസപ്പെടേണ്ടിവരില്ല എന്നുകൂടി സൂചിപ്പിച്ചത് നന്നായി. ചുരുങ്ങിയ വേതനത്തില്‍ മനുഷ്യ വിഭവശേഷി ലഭ്യമായ നാടാണല്ളോ ഇന്ത്യ. പക്ഷേ, ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാമുദായികാന്തരീക്ഷം സമാധാനപൂര്‍ണവും അവസരസമത്വ പൂര്‍ണവുമായെങ്കിലേ മോദിയുടെ ആഹ്വാനത്തിന് സൗദികള്‍ വില കല്‍പിക്കുകയുള്ളൂ. ഇതിനിടെ തന്നെ ബിഹാറില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന വന്‍സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രാര്‍ഥന നയിക്കാന്‍ ക്ഷണിക്കപ്പെട്ട ഹറം ഇമാം അശൈ്ശഖ് സ്വാലിഹ് ആലുത്വാലിബിന് ഇന്ത്യന്‍ എംബസി വിസ നല്‍കാന്‍ വൈകിയത് കാരണം അദ്ദേഹത്തിന് എത്താനായില്ല. പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നത്തെിച്ചേര്‍ന്ന വിശ്വാസികളെ ഈ സംഭവം നിരാശരാക്കി. ഇത് ഉന്നതതലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടതായും സമ്മേളന സംഘാടകര്‍ അധികൃതരെ പ്രതിഷേധം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഊഷ്്മളബന്ധം ഫലവത്തും ശാശ്വതവുമാവണമെങ്കില്‍ അനാവശ്യ നിബന്ധനകളും സന്ദര്‍ശക വിസ നല്‍കുന്നതിലുള്ള കാലതാമസവും ഒഴിവാക്കാന്‍ വിവിധ രാഷ്ട്രങ്ങളിലുള്ള ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ താല്‍പര്യം കാണിച്ചേ പറ്റു. അല്ളെങ്കില്‍, ഹറം ഇമാമിന്‍െറ സന്ദര്‍ശനം മുടങ്ങിയതു പോലെ, നിക്ഷേപകരായും ടൂറിസ്റ്റുകളായും വരുന്നവരെയും വേലിപ്പുറത്ത് നിര്‍ത്തി നിരാശപ്പെടുത്തുന്നത് ഇന്ത്യയുടെ വികസനത്തിന് ഭൂഷണമാവില്ളെന്ന് പറയാതെ വയ്യ.

പിന്‍കുറി: നരേന്ദ്ര മോദിയെ സല്‍മാന്‍ രാജാവ് അഭിവാദ്യം ചെയ്തത് സലാം ചൊല്ലിയാണ്. കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയപ്പോഴും അദ്ദേഹം സലാം ചൊല്ലി ഹസ്തദാനം ചെയ്താണ് യാത്രയാക്കിയത്. ഒന്നാം കിരീടാവകാശിയും രണ്ടാം കിരീടാവകാശിയും ആലിംഗനം ചെയ്താണ് മോദിയെ സ്വീകരിച്ചതും യാത്രയാക്കിയതും. അത് ഇസ്ലാമിക സംസ്കാരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.