കോണ്‍ഗ്രസിന്‍െറ മൃദുഹിന്ദുത്വം 

‘‘ചിലപ്പോള്‍ ജനക്കൂട്ടത്തിനരികിലത്തെുമ്പോള്‍  ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉച്ചത്തില്‍ ആര്‍ത്തുവിളിച്ച് അവര്‍ എന്നെ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ അപ്രതീക്ഷിതമായി ഞാനവരോട് ചോദിക്കുന്നു: ‘ആരാണീ ഭാരത് മാതാ? എന്താണ് ഈ ഉദ്ഘോഷണംകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ആരുടെ വിജയമാണ് നിങ്ങള്‍ തേടുന്നത്? ഭാരതത്തിന്‍െറ  മാതാവെന്നാല്‍  ഈ ജനലക്ഷങ്ങളാണ്. അവളുടെ വിജയമെന്നാല്‍ നിങ്ങളുടെ വിജയം തന്നെയാണ്. ഈ ഭാരതമാതാവിന്‍െറ ഭാഗം തന്നെയാണ് നിങ്ങള്‍. മറ്റൊരര്‍ഥത്തില്‍ നിങ്ങള്‍ തന്നെയാണ് ഭാരതമാതാ.’’
-ജവഹര്‍ലാല്‍ നെഹ്റു (ഇന്ത്യയെ കണ്ടത്തെല്‍)


അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ  മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുടെ എം.എല്‍.എ വാരിസ് പത്താന്‍ ‘ഭാരതമാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കാന്‍ വിസമ്മതിച്ചതിന്‍െറ പേരില്‍ ഏപ്രില്‍  13 വരെ മഹാരാഷ്ട്ര അസംബ്ളിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. ശിവസേനയുടെ ഈ രാജ്യസ്നേഹ പരീക്ഷക്കുള്ള പിന്തുണ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ തന്നെ കോണ്‍ഗ്രസില്‍നിന്നുള്ള സെക്കുലര്‍-ലിബറല്‍ മന$സ്ഥിതിക്കാരില്‍നിന്നാണുണ്ടായത് എന്നതത്രെ ഏറ്റവും ജുഗുപ്സാവഹമായ വസ്തുത. കോണ്‍ഗ്രസിന്‍െറ ജന. സെക്രട്ടറി ദിഗ്വിജയ് സിങ് അതിന് അംഗീകാരം നല്‍കി. ഹിന്ദുത്വത്തിന് കോണ്‍ഗ്രസ് അതിന്‍േറതായ ഒരു ഭാഷ്യം ചമക്കുകയാണോ? ഒരു മൃദുഹിന്ദുത്വമെങ്കിലും? പലരും അങ്ങനെ ചിന്തിച്ചുപോവുകയാണ്. അസംബ്ളിയിലെ സഹപ്രതിനിധികളുടെ ആവശ്യം ഏറ്റുപറയാന്‍ വിസമ്മതിക്കാന്‍ എല്ലാ അവകാശവും പത്താനുണ്ട്. അതിലൊരു തെറ്റും കാണേണ്ടതില്ല. രാജ്യത്തോട് കൂറ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിക്കേണ്ട സ്ഥലമല്ല നിയമസഭ. ഭരണഘടനയോ നിയമനിര്‍മാതാക്കളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമമോ എം.എല്‍.എമാരോടോ എം.പിമാരോടോ അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്നില്ല.  അത്തരമൊരു പരീക്ഷ നടത്തേണ്ടത് നിയമനിര്‍മാണ സഭയുടെയോ സഭാംഗങ്ങളുടെയോ പണിയല്ല. ഈ പ്രശ്നത്തില്‍ സ്വയം വിധികര്‍ത്താവായി ചമയാന്‍ ബി.ജെ.പിക്ക് ഒരവകാശവുമില്ല. യഥാര്‍ഥത്തില്‍ ഈ പ്രശ്നംതന്നെ നിലനില്‍പില്ലാത്ത ഒന്നാണ്. കോണ്‍ഗ്രസും അതിന്‍െറ ഉള്‍പ്പിരിവുകളായ എന്‍.സി.പിയും മറ്റും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് വേട്ടയാടുമ്പോള്‍ ഒട്ടും പ്രോത്സാഹിപ്പിക്കേണ്ട ഒരു സമീപനമല്ല ഇത്. 
‘കോണ്‍ഗ്രസിന്‍െറ നിലപാട് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. ആര്‍.എസ്.എസ് ഒറ്റ സിദ്ധാന്തം മാത്രം വാഴണമെന്ന് വാദിക്കുകയാണെന്ന് ഒരുഭാഗത്ത് രാഹുല്‍ ഗാന്ധി പറയുന്നു. മറുവശത്ത് ഇത്തരം പ്രശ്നങ്ങളില്‍ ആര്‍.എസ്.എസ് ചെയ്യുന്നത്  തന്നെയാണ് അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും ചെയ്തുകൊണ്ടിരിക്കുന്നത്’ -നിയമജ്ഞനും ന്യായാധിപന്‍െറ മകനുമായ പത്താന്‍ പറയുന്നു. ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍ ബിദ്യുത് ചക്രവര്‍ത്തി ഇതിനോട് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ‘നെഹ്റൂവിയന്‍ പൈതൃകത്തിന്‍െറ അനന്തരാവകാശികളാണെങ്കിലും വോട്ടുപിടിക്കാന്‍ അത് സഹായകമല്ളെന്ന് കോണ്‍ഗ്രസിനറിയാം. അതാണ് ഇതിന്‍െറ നിശ്ശബ്ദമായ സന്ദേശം.’
ഒറ്റപ്പെട്ട സംഭവമായിരുന്നില്ല മഹാരാഷ്ട്രയിലേത്. വൈകാതെ മധ്യപ്രദേശ് അസംബ്ളിയില്‍ ഉവൈസിയെ കുറ്റപ്പെടുത്തുന്ന ഒരു പ്രമേയം കോണ്‍ഗ്രസ് എം.എല്‍.എ ജിതു പല്‍വാരി അവതരിപ്പിച്ചുകൊണ്ട്, പുതിയ തലമുറയെ ഭാരത്മാതാ കീ ജയ്’ പഠിപ്പിക്കാന്‍ സമയമായിരിക്കുന്നുവെന്ന് പ്രസ്താവിച്ച മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ചു: ‘കോണ്‍ഗ്രസ് ചിന്താകുഴപ്പത്തിലാണ്’ -ഉവൈസി പറയുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നതോതിലുള്ള  ‘മധ്യപ്രദേശിലെ വര്‍ഗീയ സംഘട്ടനങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സന്ദര്‍ഭത്തില്‍ സ്റ്റേറ്റ് അസംബ്ളിയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിക്കെതിരെ സെന്‍ഷ്വര്‍ പ്രമേയം അവതരിപ്പിക്കുന്നതിലാണ് അവര്‍ക്ക് തിടുക്കം. ഗുജറാത്ത് മോഡല്‍ ഹിന്ദുത്വത്തെ പിന്തുടരാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ ദൈവം അവരെ രക്ഷിക്കട്ടെ’.
അസംബ്ളിയില്‍ ബി.ജെ.പിയുടെയും ശിവസേനയുടെയും പ്രകടനത്തില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. എന്നാല്‍, കോണ്‍ഗ്രസിന്‍െറ  നിലപാട് പരീക്ഷണാര്‍ഥമുള്ളതാണെന്നാണ് തോന്നുന്നത്. 42 എം.എല്‍.എമാരുള്ള പാര്‍ട്ടി പത്താനെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ ആദ്യം എതിര്‍ത്തില്ല. പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ പട്ടേല്‍ ഇത്രത്തോളം പറയുകപോലുമുണ്ടായി: ‘ദേശീയ വികാരങ്ങളെ ആരെങ്കിലും മുറിപ്പെടുത്തുകയാണെങ്കില്‍ അത് പൊറുപ്പിക്കപ്പെടുകയില്ല. രാജ്യത്തെ അപമാനിച്ച അംഗത്തിനെതിരെ കര്‍ക്കശമായ നടപടി കൈക്കൊള്ളണമെന്നാണ് എനിക്ക് പറയാനുള്ളത്.’
മഹാരാഷ്ട്ര ‘അന്ധശ്രദ്ധാ നിര്‍മൂലന്‍ സമിതി’യുടെ ഡോ. ഹാമിദ് ദഭോല്‍കര്‍ ഇങ്ങനെ പറഞ്ഞു: ബി.ജെ.പിയുടേത് വര്‍ഗീയ പരിപാടികളാണെങ്കില്‍ കോണ്‍ഗ്രസ് പ്രാവര്‍ത്തികമായി വര്‍ഗീയമാണ്. അവസരവാദപരമാണ് കോണ്‍ഗ്രസിന്‍െറ സെക്കുലറിസം. ആവശ്യം വരുമ്പോള്‍  വര്‍ഗീയത തെരഞ്ഞെടുക്കാനും അതിനാകും. നെഹ്റൂവിയന്‍-ഗാന്ധിയന്‍ സെക്കുലറിസം അക്ഷരത്തിലും  അര്‍ഥത്തിലും ഏറെ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരിന്നിടയില്‍ വികസനവും സാമൂഹിക നീതിയും പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.’’
പത്താന്‍െറ സസ്പെന്‍ഷനെതിരെയുള്ള വിമര്‍ശത്തിന് ശക്തികൂടിയപ്പോള്‍ പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു കോണ്‍ഗ്രസിന്‍െറ ശ്രമം. പാര്‍ട്ടിയുടെ നിലപാട് എപ്പോഴും ഹിന്ദു മൗലികവാദത്തിന് ഒരുപോലെ എതിരായിരുന്നു എന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് ദിഗ് വിജയ് ശ്രമിച്ചത്. സസ്പെന്‍ഷന് എതിരല്ളെന്നര്‍ഥം. 
പത്താന്‍െറ സസ്പെന്‍ഷന്‍ നീക്കത്തില്‍ ഭാഗഭാക്കായിക്കൊണ്ട് രാഷ്ട്രീയ നേട്ടത്തിന് എന്തും ചെയ്യാനാണ് ഏറ്റവും പഴക്കംചെന്നതെന്ന് പറയപ്പെടുന്ന ഈ പാര്‍ട്ടി ശ്രമിച്ചത്! അതോ, പ്രശ്നത്തില്‍ ബി.ജെ.പിയോടും ശിവസേനയോടും ഒപ്പം ചേര്‍ന്ന് അവശേഷിക്കുന്ന മതേതര ഇടം അത് നഷ്ടപ്പെടുത്തുകയാണോ? തങ്ങളുടെ പരമ്പരാഗത മുസ്ലിം പിന്തുണ മേഖലകളിലേക്കുള്ള മജ്ലിസിന്‍െറ നുഴഞ്ഞുകയറ്റം കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ‘ഭാരതമാതാ കീ ജയ്’ വിളിക്കാത്തതിന്‍െറ പേരിലുള്ള അതിന്‍െറ ഉവൈസി വിമര്‍ശം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും സ്വാധീനം നേടാന്‍ സഹായിക്കുമെന്ന് തോന്നുന്നില്ല.

ഹിന്ദുകാര്‍ഡ് 
ഒരു നൂറ്റാണ്ട് നീണ്ടുനില്‍ക്കുന്ന ചരിത്രത്തിനിടയില്‍ ഇതാദ്യമായല്ല കോണ്‍ഗ്രസ് സമ്മതിദായകര്‍ക്ക് ഇത്തരം ആശയക്കുഴപ്പമുണ്ടാക്കുന്ന സൂചനകള്‍ നല്‍കുന്നത്. അവസരത്തിനൊത്ത് ഹിന്ദു കാര്‍ഡ് കളിക്കാന്‍  അവര്‍ മടിച്ചിട്ടില്ല. ‘ഈയിടെ നടന്ന സംഭവങ്ങളൊക്കെ വളരെ വ്യക്തമാണ്. പക്ഷേ, വര്‍ഷങ്ങളായി പാര്‍ട്ടി ഇതിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കയായിരുന്നുവെന്ന കാര്യം നാം മറക്കരുത്. വിഭജനം മുതല്‍ ഒരുപക്ഷേ, അതിനും മുമ്പേ ഇതിനായുള്ള തയാറെടുപ്പിലായിരുന്നു പാര്‍ട്ടി’ -ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കോണ്‍ഗ്രസ് എപ്പോഴൊക്കെ ഭൂരിപക്ഷത്തിന്‍െറ  പുലിപ്പുറത്ത് കയറി സഞ്ചരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിന് തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. 
1985ല്‍ ശാബാനു കേസിലെ കോടതിവിധിക്ക് വിപരീതമായ നീക്കത്തിലുണ്ടായ ഭൂരിപക്ഷരോഷം തണുപ്പിക്കാനായി 1986ല്‍ രാജീവ് ഗാന്ധി ബാബരി മസ്ജിദിന്‍െറ താഴ് തുറന്നുകൊടുത്തു. രാമജന്മഭൂമി പ്രസ്ഥാനമായിരുന്നു അതിന്‍െറ ഫലം. തര്‍ക്കസ്ഥലത്തിനടുത്തുള്ള രാമക്ഷേത്രത്തില്‍ നടന്ന ശിലാന്യാസത്തെതുടര്‍ന്ന് അദ്ദേഹം 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രചാരണം സരയൂ നദീതീരത്തുനിന്ന് ആരംഭിച്ചു. തെരഞ്ഞെടുപ്പ് പരാജയമായിരുന്നു ഫലം. 
ഹിന്ദുത്വത്തിന്‍െറ പരോക്ഷ പിന്തുണക്കാരനെന്ന് ദീര്‍ഘകാലം ആരോപണവിധേയനായ പി.വി. നരസിംഹറാവു ബാബരി മസ്ജിദ് ധ്വംസനം അവഗണിച്ചു. 1992-93 കാലത്തെ വര്‍ഗീയ കലാപങ്ങളിലേക്കാണ് അത്  നയിച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സുധാകര്‍ റാവു ശിവസേനക്കാരുടെ അഴിഞ്ഞാട്ടത്തിന് സൗകര്യം ചെയ്യാന്‍ പൊലീസിന് അനുവാദം നല്‍കി. ആദരണീയനായ കോണ്‍ഗ്രസ് നേതാവ് സുനില്‍ ദത്ത് ലോക്സഭാ അംഗത്വം രാജിവെക്കുന്നിടത്തോളമത്തെി ഇത്. 
പത്രപ്രവര്‍ത്തകനായ റഷീദ് ക്വിദ്വായി ‘24 അക്ബര്‍ റോഡ്’ എന്ന കൃതിയില്‍ ഇതേക്കുറിച്ചാണ് ഇങ്ങനെ എഴുതിയത്. ‘1999 ജനുവരി 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു പ്രമേയം അവതരിപ്പിച്ചു. അതിലെ വാചകം ഇതായിരുന്നു: സ്വാമി വിവേകാനന്ദന്‍െറ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ചെയ്ത പ്രസംഗത്തെ പ്രവര്‍ത്തകസമിതി പിന്തുണക്കുന്നു. പ്രാഥമികമായി ഹിന്ദുക്കള്‍ കാരണമാണ് ഇന്ത്യ മതേതര രാജ്യമായിരിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ പറഞ്ഞ ‘ഏകം സത്യം വിപ്രാ ബഹുധാ വദന്തി’ (സത്യം ഏകമാകുന്നു. വിദ്വാന്മാര്‍ അതിനെ പലതായി കാണുന്നു) എന്ന തത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ ഒരു തത്ത്വശാസ്ത്രവും ജീവിതരീതിയുമെന്ന നിലയില്‍ അതാണ് വസ്തുത.’’
2002 കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നുവെന്ന് ജാമിഅ മില്ലിയ്യ ചരിത്രവിഭാഗം പ്രഫസറായ റിസ്വാന്‍ ഖൈസര്‍ പറയുന്നു: 2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹിന്ദുത്വശക്തികളുടെ ബി-ടീമായാണ് പ്രവര്‍ത്തിച്ചത്. അതിന്‍െറ ഫലം നന്നായനുഭവിക്കുകയും ചെയ്തു. മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ശങ്കര്‍ സിങ് വഖേലയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം അന്ന് പറയുകയുണ്ടായി: തങ്ങള്‍ ഹിന്ദുക്കളുടെ സംരക്ഷകരാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍, കലാപത്തില്‍ അനേകം ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്നോര്‍ക്കണം. 
ഗുജറാത്തില്‍ വഖേല നയിക്കുന്ന കോണ്‍ഗ്രസ് ഒരിക്കല്‍കൂടി ഹിന്ദുത്വ കാര്‍ഡ് കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പശുവിനെ ‘രാഷ്ട്ര മാതാവാ’യി സംസ്ഥാന ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അതിന് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവിക്കുകയുണ്ടായി. 
തന്‍െറ പാര്‍ട്ടിയിലെ എം.എല്‍.എമാരും പിന്തുണച്ചിരുന്നുവെന്നത് ശരിയാണെങ്കിലും വാരിസ് പത്താനെ സസ്പെന്‍ഡ് ചെയ്ത രീതി ശരിയായിരുന്നില്ളെന്നാണ് എന്‍.സി.പി.യുടെ താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടത്. ‘ദേശീയ ഐക്യത്തെ സംബന്ധിച്ചിടത്താളം അപകടകരമാണിത്.’ അദ്ദേഹം പറയുന്നു:
‘ഭാരത് മാതാ കീ ജയ്’ എന്നതിന് പകരം എപ്പോഴും ‘ജയ് ഹിന്ദ്’ എന്നോ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്നോ മുദ്രാവാക്യം മുഴക്കിയിരുന്ന സുഭാഷ് ചന്ദ്രബോസിനെ എന്തുകൊണ്ട് കോണ്‍ഗ്രസ് അനുകരിക്കുന്നില്ല എന്ന് റിസ്വാന്‍ ഖൈസര്‍ അദ്ഭുതം കൂറുന്നു. അതുകൊണ്ട് ബോസിന്‍െറ രാജ്യസ്നേഹത്തില്‍ കമ്മിയുണ്ടായോ? ‘ഭാരത് മാതാ’ ഉത്തരേന്ത്യന്‍ പ്രതിരൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അപ്പോള്‍ തമിഴനും കേരളീയനും മുഴക്കേണ്ട മുദ്രാവാക്യം എന്താണ്?’’ ഖൈസര്‍ ചോദിക്കുന്നു. 

ആശയക്കുഴപ്പങ്ങള്‍
2014ല്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടാനുണ്ടായ കാരണങ്ങളിലൊന്നായി എ.കെ. ആന്‍റണിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങളിലുള്ള അമിത ശ്രദ്ധാകേന്ദ്രീകരണം ഹിന്ദുക്കളെ  കോണ്‍ഗ്രസില്‍നിന്ന് അകറ്റി എന്ന വികാരം പല കോണ്‍ഗ്രസ് പ്രമുഖന്മാര്‍ക്കുമുണ്ട്. അതിനാല്‍ ഒരു തെറ്റുതിരുത്തല്‍ ആവശ്യമാണെന്ന് അവര്‍ കരുതുന്നു. ഒരു നല്ല ബ്രാഹ്മണനെന്ന നിലയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുലിന്‍െറ ഉപദേശകന്മാര്‍ അദ്ദേഹത്തോടാവശ്യപ്പെടുന്നത് അങ്ങനെയാണ്. 
ബി.ജെ.പിയെപ്പോലെതന്നെ ‘ഇസ്ലാമിക ഭീകരത’യോട് കര്‍ക്കശ നിലപാടുതന്നെയായിരുന്നു കോണ്‍ഗ്രസിനുമുണ്ടായിരുന്നത്. ഭീകരാരോപണം ചുമത്തി ഒട്ടനവധി മുസ്ലിം ചെറുപ്പക്കാര്‍ യു.പി.എയുടെ പത്തുവര്‍ഷത്തെ ഭരണകാലത്ത് തടവിലാക്കപ്പെടുകയുണ്ടായി. എന്നിട്ടും തെളിവില്ലാത്തതിന്‍െറ പേരില്‍ നിരവധി പേരെ കോടതി വിട്ടയച്ചുകൊണ്ടിരിക്കുന്നു. 
ബി.ജെ.പിയില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തമാകേണ്ടതെന്നതിനെക്കുറിച്ച് പഴക്കംചെന്ന ഈ പാര്‍ട്ടി ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അനുകരിച്ചുകൊണ്ട് ആശയക്കുഴപ്പത്തിന്‍െറ സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഭരണഘടനാധിഷ്ഠിതമല്ലാത്ത അമിത നടപടികളെ പ്രതിരോധിക്കുന്നതില്‍ അത് പരാജയപ്പെടുന്നതിനാല്‍ ദുര്‍ബലമായ ഒരു പ്രതിപക്ഷത്തിന്‍െറ റോള്‍ പോലും വഹിക്കുന്നതില്‍ അത്  പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സംശയത്തിന് ആക്കംകൂടി വരുകയാണ്. ലോക്സഭയില്‍ അതിന് 44 അംഗങ്ങള്‍ മാത്രമായിരിക്കാം ഉള്ളത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമുള്ള പെരുമാറ്റം കാണിക്കുന്നതുപോലെ പാര്‍ട്ടിയുടെ വലിയൊരു പ്രശ്നം ഉറച്ച നിലപാടെടുക്കുന്നതിലുള്ള ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു എന്നതാണ്. അസം, പ. ബംഗാള്‍, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഒടുവിലതിനെ കാത്തിരിക്കുന്നത് ഗുരുതരമായ വിശ്വാസശൂന്യതയാണ്. 
(പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ ബൂലാദേവി ‘ഒൗട്ട്ലുക്ക്’ വാരികയില്‍ എഴുതിയ ലേഖനം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.