വേണം, ഒരു പരിസ്ഥിതിനയം

വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പുകളില്‍ പരിസ്ഥിതി, മാലിന്യ പ്രശ്നങ്ങള്‍ തുടങ്ങിയവ പലപ്പോഴും ചര്‍ച്ചയാകാറില്ല. സംരക്ഷിക്കപ്പെടേണ്ട ജല-ഭക്ഷ്യസ്രോതസ്സുകള്‍, ഭക്ഷ്യസുരക്ഷ, മാലിന്യപ്രശ്നങ്ങള്‍ എന്നിവയൊന്നും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികകളിലോ വാഗ്ദാനങ്ങളിലോപോലും ഇടംപിടിക്കാറില്ല. യഥാര്‍ഥത്തില്‍, ഭൂരിഭാഗം ജനങ്ങളും അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളാണ് ഇവിടെ ചര്‍ച്ചയാകാതെപോകുന്നത്. ഓരോ പഞ്ചായത്തുകളും പ്രാദേശിക അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ആവിഷ്കരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
പല സ്ഥലങ്ങളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ജനവിധി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കുടിവെള്ളം. വരള്‍ച്ചകാലത്ത് കുടിവെള്ളമത്തെിക്കാനും കുഴല്‍ക്കിണര്‍ നിര്‍മിച്ച് ജലദൗര്‍ലഭ്യം പരിഹരിക്കാനും കോടിക്കണക്കിന് രൂപയാണ് പഞ്ചായത്തുവഴി സര്‍ക്കാര്‍ ചെലവഴിക്കപ്പെടുന്നത്. എന്നാല്‍, എത്രകാലം ഇത്തരത്തില്‍ ജലമത്തെിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച ചര്‍ച്ചയോ അതിനനുസൃതമായ പ്രവര്‍ത്തനമോ നടക്കുന്നില്ല. ആവശ്യക്കാര്‍ക്ക് ജലമത്തെിക്കുന്നത് പോലെതന്നെ പ്രധാനമാണ് ജലത്തിന്‍െറ ഉറവിടങ്ങളുടെ സംരക്ഷണവും. ഓരോ വാര്‍ഡുകളിലുമുള്ള ജലസ്രോതസ്സുകളുടെ കണക്കെടുത്ത് അവയുടെ സംരക്ഷണത്തിന് സമിതി രൂപവത്കരിക്കുകയും പ്രാദേശികാടിസ്ഥാനത്തില്‍ ജലസംരക്ഷണപദ്ധതികള്‍ നടപ്പാക്കുകയും വേണം.  ഇതാണ് കുടിവെള്ളപ്രശ്നത്തിനുള്ള ശാശ്വതപരിഹാരം. ഓരോ കുടുംബത്തിനും ആവശ്യമായ വെള്ളം ഉറപ്പുവരുത്തുന്നതിനായി ചുരുങ്ങിയത്  25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കെ പ്രസക്തിയുള്ളൂ. നാടിന്‍െറ ആവശ്യത്തിനനുസരിച്ച് ജലസ്രോതസ്സുകള്‍ പഞ്ചായത്തില്‍ നിലവിലുണ്ടോ, അവയെ സംരക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ ചര്‍ച്ചകളും അന്വേഷണങ്ങളും ആവശ്യമാണ്.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നീര്‍ത്തടങ്ങളെക്കുറിച്ച് കണക്കെടുപ്പ് നടത്തിയെങ്കിലും അവ പ്രവര്‍ത്തനത്തിലേക്കത്തെിയില്ല. മലയോര പഞ്ചായത്തുകളില്‍ വികസനത്തിന്‍െറ പേരിലുള്ള കുന്നിടിക്കല്‍, ക്വാറികള്‍, പ്രകൃതിക്ക് അനുയോജ്യമല്ലാത്ത കൃഷിരീതികള്‍ എന്നിവമൂലം നീര്‍ച്ചാലുകള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ഒഴുക്കുനിലച്ച പുഴകള്‍ മാലിന്യക്കൂമ്പാരങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ സംരക്ഷണം വരുന്ന തദ്ദേശഭരണ സമിതികള്‍ക്ക് ഒരു വെല്ലുവിളിതന്നെയായിരിക്കും. പഞ്ചായത്തുതലത്തില്‍ ഭൂവിനിയോഗ നയവും ജലസംരക്ഷണനയവും നടപ്പാക്കുകയാണ് ഇതിനുള്ള പരിഹാരം.
നീരുറവകള്‍ അടച്ചുകളയുന്ന മാലിന്യമാണ് മറ്റൊരു ഭീഷണി. കക്കൂസ് മാലിന്യംവരെ വെള്ളത്തിലേക്ക് എത്തപ്പെടുന്നു. മണ്ണും പുഴയും കിണറും ഇ-കോളി ബാക്ടീരിയ നിറഞ്ഞിരിക്കുന്നു. മാലിന്യം വേര്‍തിരിച്ച് ജൈവമാലിന്യത്തെ ഉറവിടങ്ങളില്‍ നശിപ്പിക്കുകയും അല്ലാത്തവയെ പുന$ചക്രമണം ചെയ്ത് ഉപയോഗപ്പെടുത്തുകയും വേണം. ഓരോ തദ്ദേശ സ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് രൂപംനല്‍കണം. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കിയില്ളെങ്കില്‍ നിലനില്‍പിനെതന്നെ ബാധിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി തദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ഫണ്ടില്ല. എന്നാല്‍, കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സ്റ്റേറ്റ് ആക്ഷന്‍ പ്ളാന്‍ പ്രകാരം ഫണ്ടുകള്‍ ലഭ്യമായിത്തുടങ്ങും. കിഴങ്ങുവര്‍ഗങ്ങള്‍, തനതായ പച്ചക്കറി-ഇലക്കറി, നെല്‍വിത്തുകള്‍ എന്നിവയുടെ സംരക്ഷണത്തിനായി  ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. കൃഷി ഓഫിസറുടെ സഹായത്തോടെ ഓരോ വീടുകളിലും ഇതിനായി പദ്ധതികള്‍ ആരംഭിക്കുന്നത് ഭക്ഷ്യസുരക്ഷയിലേക്കുള്ള ഒരു ചവിട്ടുപടിയാകും.
മണല്‍വാരാന്‍ അനുമതിയുള്ള പുഴകളുടെ സംരക്ഷണത്തിനായി അനുവദിക്കുന്ന റിവര്‍ മാനേജ്മെന്‍റ് ഫണ്ടുകള്‍ ചെക്ഡാം നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത് . കൈത്തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണം, പുഴകളെ മാലിന്യമുക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതുമൂലം വലിയ ആപത്തിനെയാണ് വിളിച്ചുവരുത്തുന്നത്. പരിസ്ഥിതിസംരക്ഷണം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മാര്‍ജനം എന്നിവയില്‍ കൃത്യമായ നയരൂപവത്കരണം പ്രാദേശികതലത്തില്‍തന്നെ നടപ്പാക്കാതെ ഇനി മുന്നോട്ടുള്ള പ്രയാണം സുരക്ഷിതമാവില്ല.

തയാറാക്കിയത് കെ.ആര്‍. രേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.