മോദിക്കാലത്തും ഗീലാനി പറയുന്നത്

നരേന്ദ്ര മോദി അധികാരത്തിലേറി ഏതാണ്ട് ഒന്നരവര്‍ഷം പിന്നിടുകയും വാഗ്ദാനം ചെയ്ത വളര്‍ച്ച ഏത് ദിശയിലാണെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സവിശേഷമായ സാഹചര്യത്തിലാണ് മലയാളിക്ക് ഏറെ സുപരിചിതനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ഡി. നാലപ്പാട്ട് താന്‍ എഡിറ്റോറിയല്‍ ഡയറക്ടറായ ‘ദ സണ്‍ഡേ ഗാര്‍ഡിയനി’ലെ ‘റൂട്ട്സ് ഓഫ് പവര്‍’ എന്ന കോളത്തില്‍ ഇക്കഴിഞ്ഞ ദിവസം ഇങ്ങനെ എഴുതിയത്: ‘പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലുള്ള രാഷ്ട്രീയക്കൂട്ടത്തില്‍നിന്ന് വ്യത്യസ്തനാണ്. അദ്ദേഹം ധീരവും അതുല്യവുമായ നയങ്ങള്‍ രൂപവത്കരിക്കേണ്ടതും നടപ്പാക്കേണ്ടതും ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ഉറച്ചശൈലിയിലൂടെ നടപ്പാക്കുന്ന നൂതനമായ നയങ്ങള്‍ക്കു മാത്രമേ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും അവയെ ഉയര്‍ന്ന വളര്‍ച്ചയാക്കി പരിവര്‍ത്തിപ്പിക്കാനും സാധിക്കൂ’.
അന്തര്‍ദേശീയ രാഷ്ട്രീയസാഹചര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന നയതന്ത്ര വിദഗ്ധന്‍കൂടിയായ നാലപ്പാട്ട് ഇന്ത്യ-പാക് അതിര്‍ത്തിയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ ഇന്ത്യക്കനുകൂലമായി എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്ന് മോദിസര്‍ക്കാറിന് മുമ്പാകെ നിര്‍ദേശംവെക്കുകയാണ് ഈ ലേഖനത്തിലൂടെ. പാക് അധീന കശ്മീരില്‍ നിക്ഷേപംനടത്തുന്ന ചൈന, തുര്‍ക്കി, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളോട് ഇന്ത്യന്‍ യൂനിയന്‍െറ ഭാഗമായുള്ള കശ്മീരിലും മുതല്‍മുടക്കാന്‍ മോദി പറയണമെന്നാവശ്യപ്പെടുന്ന നാലപ്പാട്ട് അതിന് ഇസ്ലാമിക് ബാങ്കിങ്ങിനെപോലും ഉപയോഗപ്പെടുത്താമെന്നും സൂചിപ്പിക്കുന്നുണ്ട്. ഐ.എസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ അമേരിക്കയെ സഹായിക്കണമായിരുന്നുവെന്ന് പറഞ്ഞുവെക്കുന്ന നാലപ്പാട്ട് അടുത്ത മൂന്നു വര്‍ഷത്തിനകം ഐ. എസിനെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യ ബൂട്ടണിഞ്ഞ് കളത്തിലിറങ്ങേണ്ടിവരുമെന്നും ഓര്‍മിപ്പിക്കുന്നു. സര്‍ക്കാറിന് മുന്നില്‍ നവീനമായ ആശയം വെക്കുന്നതിന്‍െറ സാംഗത്യമല്ല, വരികള്‍ക്കിടയിലൂടെപോലും വായിക്കാന്‍ കഴിവുള്ള മാധ്യമവിദഗ്ധര്‍ മോദിക്ക് മുമ്പാകെ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയുമാണ് വിശകലന വിധേയമാക്കേണ്ടത്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ജീവനോടെ ചുട്ടെരിക്കുന്നതും അടിച്ചുകൊല്ലുന്നതും നോക്കിനില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയുടെ തന്‍േറടത്തിലും ആര്‍ജവത്തിലും നാലപ്പാട്ട് തന്‍െറ പ്രതീക്ഷകളത്രയും ഇറക്കിവെക്കുന്നതാണ് അസ്വസ്ഥപ്പെടുത്തേണ്ടത്.
അതേസമയം, നാലപ്പാട്ട് മോദിസര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച ഇതേ ലേഖനം സര്‍ക്കാറും സര്‍ക്കാര്‍ ഏജന്‍സികളും നിര്‍മിച്ചെടുക്കുന്ന സ്റ്റീരിയോടൈപ് വാര്‍ത്തകളുടെ അര്‍ഥശൂന്യത വെളിച്ചത്തുകൊണ്ടുവരാനായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഡി.എന്‍.എ പത്രത്തിന്‍െറ ഡല്‍ഹി ബ്യൂറോ ചീഫുമായ ഇഫ്തിഖാര്‍ ഗീലാനി ഉപയോഗിച്ചതാണ് കഥയുടെ കൗതുകകരമായ മറുവശം. തന്‍െറ ഫേസ്ബുക് വാളിലൂടെ ഈ ലേഖനം പങ്കുവെച്ച ഗീലാനി കശ്മീരിനെ കുറിച്ച് പതിവായി സ്റ്റീരിയോടൈപ് വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ ചൈനയും തുര്‍ക്കിയും കുവൈത്തും സൗദി അറേബ്യയും പാക് അധീന കശ്മീരില്‍ നിക്ഷേപം നടത്തിക്കൊണ്ടിരുന്നുവെന്ന യാഥാര്‍ഥ്യം തുറന്നുവെച്ചു. നാലപ്പാട്ടിന്‍െറ ലേഖനം പങ്കുവെക്കുന്നതിന് ആമുഖമായി ഇഫ്തിഖാര്‍ കുറിച്ചു: ‘മുള്ളുവേലിക്ക് അങ്ങേപ്പുറത്തുള്ള കശ്മീര്‍ വികസിതമാണെന്ന് ഒടുവില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തുനിന്നൊരാള്‍ ഇപ്പോഴിതാ സമ്മതിച്ചിരിക്കുന്നു. അല്ളെങ്കില്‍, പാവപ്പെട്ട ആത്മാക്കള്‍ അധിവസിക്കുന്ന പാക് അധീന കശ്മീര്‍ അവികസിതവും അവഗണിക്കപ്പെട്ടതുമാണെന്നും നാം അസ്വസ്ഥമാകുമായിരുന്നു’.
നാലപ്പാട്ട് തന്‍െറ ലേഖനമെഴുതിയ രാഷ്ട്രീയസാഹചര്യംപോലെ സവിശേഷമാണ് മോദിസര്‍ക്കാറിന്‍െറ തെറ്റായ പ്രോപഗണ്ടയെ സധൈര്യം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഇഫ്തിഖാര്‍ ഗീലാനി പാക് അധീന കശ്മീരിനെ കുറിച്ച പ്രോപഗണ്ടയെ പൊളിച്ചുകാണിച്ച സന്ദര്‍ഭവും. മോദിസര്‍ക്കാറിലെ കരുത്തനായ അരുണ്‍ ജെയ്റ്റ്ലി തനിക്ക് കീഴിലുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ കേന്ദ്ര പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ കഴിഞ്ഞയാഴ്ചയാണ് ഇഫ്തിഖാര്‍ ഗീലാനിയെ അംഗമാക്കി നാമനിര്‍ദേശം ചെയ്തത്. മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായി പുനഃസംഘടിപ്പിച്ച 22 അംഗ സമിതിയിലെ ഏക മുസ്ലിം പ്രതിനിധിയായി ഇഫ്തിഖാര്‍ ഗീലാനി മാറിയത് ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരായി’ വേഷംകെട്ടിയ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ ഞെട്ടിപ്പിക്കുകതന്നെ ചെയ്തു. കശ്മീരിലെ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ മരുമകനാണ് ഇഫ്തിഖാര്‍ ഗീലാനി എന്നുകൂടി അറിയുമ്പോഴാണ് ഈ ഞെട്ടലിന്‍െറ വ്യാപ്തിയറിയുക. കോണ്‍ഗ്രസ് ഭരണം അവസാനിക്കുംമുമ്പ് വരാനിരിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കളം മാറ്റിച്ചവിട്ടിത്തുടങ്ങിയ നിരവധി മുസ്ലിം മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു തലസ്ഥാനത്ത്. അശോകറോഡിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് പാര്‍ട്ടി വക്താവായി മോദി നില്‍ക്കുന്ന കാലഘട്ടം തൊട്ടേ അദ്ദേഹത്തിന്‍െറ ചികിത്സക്കടക്കം സഹായം ചെയ്തുകൊടുത്ത പാരമ്പര്യമുള്ളവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. പലരും സ്വന്തമായി നടത്തുന്ന ഉര്‍ദു പത്രങ്ങളുടെ സ്വയംപ്രഖ്യാപിത പത്രാധിപന്മാര്‍. ഡല്‍ഹിയിലെ ബുക്സ്റ്റാളുകളിലും തെരുവുകളിലും കാണാത്ത ഈ ഉര്‍ദുപത്രങ്ങള്‍ ഏതാനും കോപ്പികളടിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍െറ വിവിധ ഓഫിസുകളില്‍ പലപ്പോഴും കൊണ്ടിടുന്നത് കാണാറുണ്ട്. തങ്ങളല്ലാത്തവരും സ്ഥാപനങ്ങളിലുണ്ടെന്ന് കാണിക്കാന്‍ ഭാര്യമാരെയും മക്കളെയും ലേഖികാ ലേഖകന്മാരായി അണിനിരത്തുന്നവര്‍. കോണ്‍ഗ്രസിന്‍െറ ചെലവില്‍ സ്വന്തംപേരില്‍ ന്യൂനപക്ഷ കൂട്ടായ്മകളും ഇഫ്താറുകളും നടത്തിക്കൊടുത്ത് പണമുണ്ടാക്കിയവരും മോദിസര്‍ക്കാറിന് പിന്നാലെ നിര്‍ലജ്ജം നടക്കുന്ന ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം തലക്ക് മുകളിലൂടെയാണ് സ്വന്തം നിലപാടുതറയില്‍നിന്ന് അശേഷംമാറാത്ത ഗീലാനിയെ മുസ്ലിം പ്രാതിനിധ്യത്തിനായി അരുണ്‍ ജെയ്റ്റ്ലി പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ പ്രതിഷ്ഠിക്കുന്നത്.
നിലപാടുകളിലെ സത്യസന്ധതയും കാര്‍ക്കശ്യവുമാണ് മാധ്യമപ്രവര്‍ത്തകന്‍െറ ഏറ്റവുംവലിയ കൈമുതലെന്ന് തന്‍െറ പത്രപ്രവര്‍ത്തന ജീവിതംകൊണ്ട് തെളിയിച്ച ഗീലാനിക്ക് മോദിസര്‍ക്കാര്‍ നല്‍കിയ പദവി വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഏഴുമാസം തുറുങ്കിലടച്ചതിനുള്ള മധുരപ്രതികാരംകൂടിയാണ്. കേസില്‍ അറസ്റ്റ് ചെയ്തപ്പോഴേക്കും വസ്തുതകളന്വേഷിക്കാതെ പത്രപ്രവര്‍ത്തകര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ അംഗീകാരം റദ്ദാക്കുകയാണ് അന്നത്തെ കേന്ദ്ര പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി ചെയ്തത്. ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍ ആ കമ്മിറ്റിയിലേക്കാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ രേഖകള്‍ കമ്പ്യൂട്ടറില്‍നിന്ന് കണ്ടെടുത്തുവെന്ന കള്ളക്കഥ ചമച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി വന്‍ ക്രിമിനലുകള്‍ക്കൊപ്പം തടവറയിലിട്ടതിനാല്‍ കക്കൂസ് പോലും വൃത്തിയാക്കേണ്ടിവന്ന തിഹാറിലെ ഏഴുമാസത്തെ ജയില്‍ജീവിതം ‘എന്‍െറ ജയില്‍നാളുകള്‍’ എന്ന പുസ്തകത്തില്‍ ഗീലാനി പറയുന്നുണ്ട്. ദേശീയ, അന്തര്‍ദേശീത തലങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനും സമ്മര്‍ദത്തിനുമൊടുവില്‍ ഗീലാനിയെ വിട്ടയച്ച് കേസ് പിന്‍വലിക്കേണ്ടിവന്നു എന്‍.ഡി.എ സര്‍ക്കാറിന്.
മാധ്യമ വിചാരണകള്‍ക്കിടയിലും സഹജീവികളുടെ പരിഹാസങ്ങള്‍ക്കിടയിലും നട്ടെല്ളോടെ നിവര്‍ന്നുനിന്ന് ആദരണീയനായ പത്രപ്രവര്‍ത്തകനായി ഡല്‍ഹിയില്‍ തിരിച്ചുവരവ് നടത്തിയ ഗീലാനിയെ ഇക്കഴിഞ്ഞ 19നാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ് അക്രഡിറ്റേഷന്‍ അംഗമാക്കുന്നത്. തടവറക്ക് മാത്രമല്ല, സര്‍ക്കാര്‍പദവിക്കും ഗീലാനിയെ ഒട്ടും മാറ്റാന്‍ കഴിഞ്ഞിട്ടില്ളെന്ന് അതിനുശേഷവും അദ്ദേഹത്തിന്‍േറതായിവന്ന കുറിപ്പുകള്‍ നമ്മോട് പറയുന്നു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ജമ്മുവില്‍ വാളും തോക്കുമേന്തി ആര്‍.എസ്.എസ് റാലി നടത്തിയ വിവരം വിളിച്ചുപറഞ്ഞതും കറാച്ചിയിലെ മറാത്തിക്കാര്‍ക്ക് ശിവസേനക്കാരോട് പറയാനുള്ളത് ഡി.എന്‍.എയില്‍ പ്രസിദ്ധീകരിച്ചതും സര്‍ക്കാര്‍പദവി നല്‍കിയശേഷമാണ്്. പദവികളും സ്ഥാനങ്ങളും അലങ്കാരമായി കരുതാത്തവര്‍ക്ക് അതൊരിക്കലും ബാധ്യതയാകില്ല എന്ന തിരിച്ചറിവാണ് അരുണ്‍ ജെയ്റ്റ്ലി അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ അംഗമാക്കിയശേഷവും ഇഫ്തിഖാര്‍ ഗീലാനി നല്‍കുന്നത്. ഭാവിയിലേക്ക് നോട്ടമിട്ട് നിലപാടുകളെ വര്‍ത്തമാനത്തിനനുസൃതമായി പരുവപ്പെടുത്തുന്നവരെയല്ല, സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ക്ക് മുന്നില്‍പോലും ചൂളിപ്പോകാതെ നിലപാടുകളില്‍നിന്ന് അണുവിട മാറാതെ മുന്നോട്ടുപോകുന്നവരെയാണ് മോദിക്കാലത്തെ മാധ്യമപ്രവര്‍ത്തനമേഖല തേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.