മോദി കേള്‍ക്കുന്ന ഇരമ്പങ്ങള്‍, അഥവാ പൊയ്മുഖവും വ്യാജവിപ്ലവവും

പാവം യുവാക്കള്‍. സത്യമെന്തായാലും, അവരുടെ അഭിലാഷം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയെന്നാണ് പൊതുവെ പറഞ്ഞുകേട്ടത്. അഴിമതിമൂത്ത് അനങ്ങാപ്പാറയായ യു.പി.എ സര്‍ക്കാറിനോടുള്ള കലിപ്പു മുഴുവന്‍ ആവാഹിച്ച് അധികാരത്തിലേക്കു നടന്ന മോദിയെ, കണക്കുതീര്‍ത്ത ആവേശത്തോടെയാണ് യുവാക്കളടക്കം 31 ശതമാനം വോട്ടര്‍മാര്‍ എതിരേറ്റത്. ആദ്യമാസങ്ങളില്‍ 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രിയായി മോദിയെ ആരാധനയോടെ കണ്ടവര്‍ പിന്നെയും നിരാശയിലേക്ക് വഴുതുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സമാഹരിച്ചതുകഴിച്ചാല്‍ ബാക്കിയുള്ളത് 69 ശതമാനം വോട്ടര്‍മാരാണ്. 17 മാസത്തെ പന്തികേടും അസ്വസ്ഥതയും കാര്യങ്ങള്‍ എവിടെക്കൊണ്ടുപോയി എത്തിക്കുമെന്ന മനോസംഘര്‍ഷമാണ് ഇന്നവര്‍ക്ക്. സര്‍ക്കാര്‍ ഓരോന്നിലായി പരാജയപ്പെടുകയും വര്‍ഗീയ അജണ്ട വിജയിക്കുകയുമാണ്.
ഏറ്റവുമൊടുവില്‍ സര്‍ക്കാറിന് തിരിച്ചടി കിട്ടിയത് സുപ്രീംകോടതിയില്‍നിന്നാണ്. പ്രതിപക്ഷവുംകൂടി ഒത്തുകളിച്ചതാണെങ്കിലും ന്യായാധിപ നിയമന കമീഷന്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാറിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ജഡ്ജിനിയമനത്തില്‍ സര്‍ക്കാറിന് കൂടുതല്‍ സ്വാധീനംനല്‍കുന്ന വിധമാണ് കമീഷന്‍െറ ഘടന. അതുകൊണ്ട്, ഉയര്‍ന്ന കോടതികളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ അവസരം കിട്ടുമെന്ന ദുരുദ്ദേശ്യം അതിലുണ്ടായിരുന്നു. കമീഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതി സുപ്രീംകോടതി റദ്ദാക്കിയതോടെ ഒന്നുകില്‍ കൊളീജിയം സംവിധാനം തുടരും. അതല്ളെങ്കില്‍, അസാധുവായിപ്പോയ കമീഷനില്‍നിന്ന് വ്യത്യസ്തമായി സ്വതന്ത്രവും നിഷ്പക്ഷതയുമുള്ള കമീഷനുവേണ്ടി പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ പണിയെടുക്കണം. സ്വന്തംതാല്‍പര്യം നടപ്പാക്കുന്നതിനപ്പുറത്തെ ഉദ്ദേശ്യശുദ്ധി തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാന്‍ പാകത്തിലൊരു സ്വതന്ത്ര കമീഷനുണ്ടാക്കാനൊന്നും സര്‍ക്കാറിന് താല്‍പര്യമില്ളെന്ന് ഇനിയുള്ള ദിവസങ്ങള്‍ തെളിയിക്കും.
ഫലത്തില്‍ ഇതിനകം പൊളിഞ്ഞത് മൂന്നു സുപ്രധാന നിയമനിര്‍മാണങ്ങളാണ്. അഭിമാനപ്രശ്നമാക്കിയെടുത്ത ഭൂമിഏറ്റെടുക്കല്‍ നിയമഭേദഗതി മൂന്നുവട്ടം ഓര്‍ഡിനന്‍സിറക്കി നോക്കിയിട്ടും പ്രതിപക്ഷം പൊളിച്ചു. അവരുമായി സമവായമുണ്ടാക്കാനുള്ള ഇലാസ്തികത ഇല്ലാത്തതിനാല്‍ ചരക്കുസേവന നികുതി സമ്പ്രദായം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതിയും കട്ടപ്പുറത്താണ്. വ്യവസായി സൗഹൃദ തൊഴില്‍നിയമ പരിഷ്കരണവും നടപ്പാക്കാന്‍ കഴിയുന്നില്ല. ഇതോടെ, നിയമനിര്‍മാണത്തില്‍ 56 ഇഞ്ച് നെഞ്ചളവൊന്നും സര്‍ക്കാറിനില്ളെന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ കോര്‍പറേറ്റ്-വ്യവസായസമൂഹം തിരിച്ചറിഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് പറഞ്ഞ് നിക്ഷേപം മാടിവിളിക്കുന്നതല്ലാതെ വരുന്നില്ല. നിര്‍മാണമേഖല സ്തംഭിച്ചുനില്‍ക്കുന്നു. യു.പി.എ സര്‍ക്കാറിനെ വേട്ടയാടിയത് അഴിമതി മാത്രമല്ല. വിലക്കയറ്റം, ആധാര്‍പോലുള്ള പരിഷ്കാരങ്ങള്‍ എന്നിവ കുടുംബങ്ങളെ ഉത്കണ്ഠയിലാക്കി. ജീവിതത്തില്‍ നൂലാമാല കെട്ടാതെ നോക്കുമെന്നൊരു പ്രതീക്ഷ ബി.ജെ.പിയും മോദിയും കൊടുത്തതാണ്. പക്ഷേ, തുവരപ്പരിപ്പിന് കിലോഗ്രാമിന് 200 രൂപ, സവാളക്ക് 80 എന്ന കണക്കിലാണ് വിലക്കയറ്റത്തിന്‍െറ തീവ്രത ഇപ്പോള്‍. ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന് മോഹിപ്പിച്ച്, ജന്‍ധന്‍ അക്കൗണ്ടുകളുടെകൂടി സഹായത്തോടെ സബ്സിഡികള്‍ പരിമിതപ്പെടുത്തുന്നു. സര്‍ക്കാറും റിസര്‍വ് ബാങ്കും സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുമെല്ലാംകൂടി പരിശ്രമിച്ചിട്ടും സുപ്രീംകോടതി സമ്മതിക്കാത്തതുകൊണ്ട് ആധാര്‍പദ്ധതി ഇഴയുന്നുവെന്നു മാത്രം. നികുതിയും സെസുമെല്ലാം കൂടുതല്‍ മേഖലകളിലേക്ക് കടന്നുവരുന്നു. ഇതിനെല്ലാമിടയില്‍ സമാശ്വാസം പ്രതീക്ഷിച്ചവര്‍ വറചട്ടിയില്‍നിന്ന് എരിതീയിലായി.
ഇതിനിടയില്‍ അന്താരാഷ്ട്ര പ്രതിച്ഛായ നന്നാക്കാന്‍ അടിക്കടി വിദേശത്തേക്ക് പറക്കുന്നുണ്ടെങ്കിലും തങ്കനൂലുപാകിയ കോട്ടിനുള്ളിലെ നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് വിവിധ രാജ്യങ്ങളുടെ തണുത്ത ഹസ്തദാനമാണ് കിട്ടുന്നത്. മോദിയുടെ ഭരണത്തിനുകീഴില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതമാണെന്ന് അമേരിക്ക ആഭ്യന്തര റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ബറാക്കിനോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍, പരമ്പരാഗത മിത്രങ്ങളായിനിന്ന റഷ്യ അകന്നു. ചൈനീസ് പ്രസിഡന്‍റിനെ അഹ്മദാബാദില്‍ ഊഞ്ഞാലാട്ടിയതല്ലാതെ, അവര്‍ക്ക് നിലപാടുകളില്‍ മാറ്റമില്ല.
ചൈനയോട് ഒട്ടിനില്‍ക്കുന്ന ജപ്പാനും വലിയ മമത കാണിക്കുന്നില്ല. റഷ്യകൂടി അകലംപാലിച്ചു തുടങ്ങിയതോടെ, യു.എന്‍ രക്ഷാസമിതിയില്‍ അംഗത്വംനേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. പാകിസ്താന്‍ പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞക്ക് വിളിച്ചതിനപ്പുറം ഇന്ത്യ-പാക് ബന്ധങ്ങള്‍ മോദിസര്‍ക്കാറിനു കീഴില്‍ കൂടുതല്‍ മോശമായി. ഇന്ത്യയുടെ ചരക്കുലോറികള്‍ അതിര്‍ത്തിയില്‍ തടഞ്ഞിട്ടതക്കം നേപ്പാളുമായുള്ള പ്രശ്നങ്ങള്‍ തുടരുന്നു. രാഷ്ട്രപതിക്ക് ഇസ്രായേല്‍, ഫലസ്തീന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധക്കൊടി കാണേണ്ടിവന്നു.  ഇന്ത്യക്കുള്ളില്‍ സാമൂഹികസാഹചര്യം രാഷ്ട്രീയമായും വര്‍ഗീയമായും കലങ്ങി. ബി.ജെ.പി ഒറ്റക്ക് ഭരണം പിടിച്ചപ്പോള്‍ പ്രതിപക്ഷം നന്നേ ദുര്‍ബലമായെന്നത് യാഥാര്‍ഥ്യം. ലോക്സഭയില്‍ പ്രതിപക്ഷ നേതാവെന്ന പദവിപോലും അനുവദിച്ചുകൊടുക്കാത്ത ജനാധിപത്യ മര്യാദയില്ലായ്മയില്‍ തുടങ്ങിയതാണ് രാഷ്ട്രീയമായ കൊമ്പുകോര്‍ക്കല്‍. വിജിലന്‍സ് കമീഷന്‍, വിവരാവകാശ കമീഷന്‍ തുടങ്ങിയവയുടെ തലപ്പത്തെ നിയമനങ്ങള്‍ നീണ്ടുപോയത് പ്രതിപക്ഷനേതാവ് എന്ന പദവി വിട്ടുകൊടുക്കാത്തതുകൊണ്ടാണ്. ലോക്സഭയില്‍ ഒറ്റക്ക് കേവലഭൂരിപക്ഷമുള്ളതിന്‍െറ അഹങ്കാരത്തിന് രാജ്യസഭയില്‍ കൂട്ടായിനിന്ന് ഭൂരിപക്ഷം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷം ബി.ജെ.പിക്ക് തിരിച്ചടി നല്‍കുന്നത്. നിയമനിര്‍മാണങ്ങള്‍ നടക്കുന്നില്ല. പാര്‍ലമെന്‍റിന്‍െറ മഴക്കാലസമ്മേളനം ബഹളത്തില്‍ ഒലിച്ചുപോകുന്നത് നോക്കിനില്‍ക്കാന്‍ മാത്രമാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞത്. അനുനയശ്രമങ്ങളില്‍ കഴിവുകാണിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല.
അഴിമതിക്കെതിരായ വികാരം അധികാരത്തിലത്തൊന്‍ മുതലാക്കിയ ബി.ജെ.പിയുടെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാര്‍ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.
ഐ.പി.എല്‍ മുന്‍ നായകന്‍ ലളിത് മോദിയെ വഴിവിട്ട് സഹായിച്ചെന്ന കുറ്റാരോപണമാണ് വിദേശകാര്യമന്ത്രി നേരിടുന്നത്. സി.ബി.ഐയും എന്‍.ഐ.എയും അടക്കം അന്വേഷണവിഭാഗങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നു. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റമുക്തമാക്കപ്പെടുകയും അതിനെതിരെ മേല്‍കോടതിയില്‍ പോകേണ്ടെന്ന് സി.ബി.ഐ തീരുമാനിക്കുകയും ചെയ്തത് ഉദാഹരണം. ഹിന്ദുത്വവാദികള്‍ ഉള്‍പ്പെട്ട സ്ഫോടനക്കേസുകളില്‍ സ്വാമി അസീമാനന്ദ അടക്കമുള്ള പ്രതികള്‍ നിയമവലക്ക് പുറത്തേക്ക് കടക്കുകയാണ്. സൗഹൃദാന്തരീക്ഷം തുലച്ചുകളഞ്ഞിരിക്കുന്നു. 17 മാസങ്ങള്‍ക്കിടയില്‍ വര്‍ഗീയകലാപങ്ങള്‍ ഉണ്ടായില്ല. ഉണ്ടായതുമുഴുവന്‍ ഏകപക്ഷീയമായ വര്‍ഗീയ ആക്രമണങ്ങളാണ്. ചര്‍ച്ച് ആക്രമണം മുതല്‍ ദാദ്രിക്കൊലവരെ ഒന്നിലും പരസ്പരം ഏറ്റുമുട്ടലുകളില്ല. അള്‍ത്താര കത്തിക്കുന്നു, വീട്ടില്‍ച്ചെന്ന് തല്ലിക്കൊല്ലുന്നു, ആശയപരമായ അഭിപ്രായങ്ങളുടെ പേരില്‍ വെടിവെച്ചുകൊല്ലുന്നു. അവര്‍ക്കെതിരെ കര്‍ക്കശ നടപടികളൊന്നുമില്ല. ക്രമസമാധാനം സംസ്ഥാനസര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്ന  പൊതുവായൊരുത്തരംകൊണ്ട് കേന്ദ്രം ഭരിക്കുന്നവര്‍ ബാധ്യതകള്‍ മറച്ചുപിടിക്കുന്നു. പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികള്‍ക്ക് ഒത്താശയായി മാറുന്നു. സാക്ഷി മഹാരാജ്, സംഗീത് സോം, സാധ്വി നിരഞ്ജന്‍ ജ്യോതി, സ്വാമി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവര്‍ വിഷനാവ് സൗകര്യംപോലെ നീട്ടുന്നു. മതപരിവര്‍ത്തനവും ഗോമാംസവുമെല്ലാം തരംപോലെ അതിന് വിഷയങ്ങളാവുന്നു. ബീഫ് കഴിക്കുന്നതു നിര്‍ത്തിയാല്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ജീവിക്കാമെന്നുപറഞ്ഞ ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടര്‍ ഭരണഘടനാപദവിയായ മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നയാളാണ്.  
ആര്‍ക്കെതിരെയും നടപടിയില്ല. പകരം, അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ പ്രതിഷേധിക്കുന്നവര്‍ കപട മതേതരവാദികളായി ചിത്രീകരിക്കപ്പെടുന്നു. പ്രതിഷേധസൂചകമായി അവാര്‍ഡ് തിരിച്ചേല്‍പിക്കുന്ന സാഹിത്യകാരന്മാരെ മുന്‍കാല സര്‍ക്കാറിന്‍െറ കൂലി പറ്റിയ എഴുത്തുകാരാക്കുന്നു; അവര്‍ നടത്തുന്നത് കെട്ടിച്ചമച്ച വിപ്ളവവുമായി പുച്ഛിക്കുന്നു.
പാട്ടുകാരന്‍ പാകിസ്താനിയെങ്കില്‍ ഇന്ത്യയില്‍ പാടേണ്ട എന്നു തീരുമാനിക്കുന്നു. സോഷ്യല്‍മീഡിയ, ഡിജിറ്റല്‍ വിപ്ളവസര്‍ക്കാറിന്‍െറ നോട്ടപ്പുള്ളിയായി മാറുന്നു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരയേയും രാജീവിനെയും തപാല്‍ സ്റ്റാമ്പില്‍നിന്ന് ഒഴിവാക്കുന്നതിന് യുക്തിഭദ്രമായ വിശദീകരണം നല്‍കിക്കൊണ്ട്, ആ വിടവിലേക്ക് തിരുകിക്കയറ്റുന്നത് ദീനദയാല്‍ ഉപാധ്യായപോലെയുള്ള സംഘ്പരിവാര്‍ ആശയപ്രചാരകരെയാണ്. വിദ്യാഭ്യാസത്തിന്‍െറയും സംസ്കാരത്തിന്‍െറയും ചരിത്രത്തിന്‍െറയും പാഠങ്ങള്‍ മാറുന്നത് ഇനിയുള്ള മാസങ്ങളില്‍ അതിവേഗത്തിലായിരിക്കും.
ഹിന്ദുത്വ-കോര്‍പറേറ്റ് അജണ്ടക്കപ്പുറമൊരു ഭരണ-വികസന കാര്യപരിപാടി മോദി ഉദ്ദേശിച്ചിരുന്നുവെന്നുതന്നെ സങ്കല്‍പിക്കുക. അത് തെളിയിക്കാന്‍ 17 മാസംകൊണ്ട് നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല. അഥവാ, സര്‍ക്കാറിന്‍െറ കാര്യപരിപാടി അട്ടിമറിച്ച് ഹിന്ദുത്വ സംഘങ്ങള്‍ രംഗം കലക്കുകയാണ്. സംഘ്പരിവാര്‍ അജണ്ടക്കൊത്ത് താളംചവിട്ടുന്നതിനപ്പുറം, പൊതുസമ്മതമായ ഭരണമികവ് കാണിക്കാന്‍ മോദിമന്ത്രിസഭക്ക് ഇനി പ്രയാസമായിരിക്കും.
അതിനിടയില്‍, സാധാരണക്കാരന്‍െറ പ്രാരബ്ധങ്ങള്‍? അത് സര്‍ക്കാറിനെ അലട്ടുന്നതേയില്ല. അക്കാര്യം തിരിച്ചറിഞ്ഞ്, മോദിക്കമ്പം കയറിയവരില്‍തന്നെ നല്ളൊരു പങ്ക് പരിസരബോധം വീണ്ടെടുത്തിരിക്കുന്നു. അതുകൊണ്ടാണ്, മുമ്പ് ഡല്‍ഹിയിലെന്നപോലെ, ഇപ്പോള്‍ ബിഹാറിലും തെരഞ്ഞെടുപ്പുവേദികളില്‍ മോദി വിയര്‍ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.