ജീവിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി

പാരമ്പര്യം ചോര്‍ന്ന അക്കാദമി

പ്രിയ വി.പി. തിവാരി
അങ്ങേയറ്റം വേദനയോടെയാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്. താങ്കള്‍ക്കറിയാവുന്നതുപോലെ, മലയാളം ഉപദേശകസമിതി അംഗം, അതിന്‍െറ ജേണലായ ഇന്ത്യന്‍ ലിറ്ററേചര്‍ എഡിറ്റര്‍, ഒരു ദശാബ്ദം അക്കാദമിയുടെ ചീഫ് എക്സിക്യൂട്ടിവ്, പിന്നീട് ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, ഇംഗ്ളീഷ് ഉപദേശകസമിതി കണ്‍വീനര്‍ എന്നീനിലകളില്‍ കഴിഞ്ഞ നാലു ദശാബ്ദമായി സാഹിത്യ അക്കാദമിയുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്.

ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള സ്വതന്ത്രചിന്തകര്‍ രൂപംകൊടുക്കുകയും രാജ്യത്തെ ഒട്ടനവധി ഭാവനശാലികളുടെ മനസ്സുകള്‍ പരിപോഷിപ്പിക്കുകയും ചെയ്ത ഈ മഹനീയ സ്ഥാപനത്തെക്കുറിച്ച് എന്നും അഭിമാനമാണുള്ളത്. അക്കാദമിയുടെ സ്വയംഭരണം സംരക്ഷിക്കാനും ഇന്ത്യയുടെ ഏതു ഭാഗത്തുമുള്ള സകല പ്രത്യയശാസ്ത്ര ചിന്താധാരകളിലെയും മുഴുവന്‍ എഴുത്തുകാരുടെയും സംവാദത്തിനുള്ള ദേശീയവേദിയായി വികസിപ്പിക്കുന്നതിനും എന്‍െറ കഴിവിനാല്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. സെക്രട്ടറിയായിരുന്ന കാലയളവില്‍ വനിതാ എഴുത്തുകാര്‍ക്കും ദലിത് എഴുത്തുകാര്‍ക്കും ഗോത്രവര്‍ഗ എഴുത്തുകാര്‍ക്കും യുവ എഴുത്തുകാര്‍ക്കും നിരവധി വേദികള്‍ ഒരുക്കാനായി എന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനുംപുറമേ, കേന്ദ്രസര്‍ക്കാറും അക്കാദമിയും അംഗീകരിക്കാത്ത ഭാഷകളിലേക്കും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും അതുവഴി പരമ്പരാഗത പങ്കാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കുമപ്പുറത്തേക്ക് അക്കാദമിയുടെ സാധ്യതകള്‍ വിശാലമാക്കാനും കഴിഞ്ഞു. മഹാനായ എഴുത്തുകാരനും ചിന്തകനുമായ യു.ആര്‍. അനന്തമൂര്‍ത്തിയെപ്പോലെ, ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അധ്യക്ഷന്മാരുടെ പിന്തുണയും ഇക്കാര്യത്തില്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ നീങ്ങിയപ്പോഴൊക്കെ സധൈര്യം അതിനെ ചോദ്യംചെയ്ത പല സന്ദര്‍ഭങ്ങളുമുണ്ടായി.

സ്വാതന്ത്ര്യവും സുതാര്യവും ജനാധിപത്യപരവുമായ പാരമ്പര്യം അക്കാദമി പിന്തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍കാല അംഗവും കന്നഡയിലെ വചനസാഹിത്യത്തിലെ നിരവധി വാല്യങ്ങള്‍ എഡിറ്റ് ചെയ്ത അസാധാരണ പണ്ഡിതനും ഏത് തരത്തിലുമുള്ള അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത സ്വതന്ത്ര മനസ്സിനുടമയുമായ എം.എം. കല്‍ബുര്‍ഗിയുടെ നിഷ്ഠുരമായ കൊലപാതകത്തില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍െറ കരടുസഹിതം താങ്കള്‍ക്ക് ഞാന്‍ ഒരു കത്തെഴുതിയത് ഈ പ്രതീക്ഷയോടെയായിരുന്നു. നിരാശാജനകമെന്ന് പറയട്ടെ, സക്രിയമായ പ്രതികരണംപോയിട്ട്, ഒരു മറുപടിപോലും നിര്‍വാഹകസമിതി അംഗമെന്ന നിലയിലുള്ള എന്‍െറ കത്തിന് ലഭിച്ചില്ല.

എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഭരണഘടന ഉറപ്പുനല്‍കിയിട്ടും രാജ്യത്ത് അനുദിനം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും അക്കാദമി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ ഖേദമുണ്ട്. അക്കാദമി ചെയ്തതുപോലെ, ഏതെങ്കിലും ഒരു മേഖലാ ഓഫിസില്‍ ആചാരപ്രകാരമുള്ള അനുശോചനയോഗം ചേരുന്നത്, അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ സമീപകാലത്തുണ്ടായ ആക്രമണങ്ങളോടും തുടര്‍ന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടമാടിയ സ്വതന്ത്രചിന്തകരുടെ കൊലപാതകങ്ങളോടുമുള്ള ഉചിതമായ പ്രതികരണമാണെന്ന് തോന്നുന്നില്ല. ഇതൊരു രാഷ്ട്രീയപ്രശ്നമായാണ് താങ്കള്‍ കാണുന്നത് എന്നതില്‍ ഖേദമുണ്ട്. എന്നാല്‍, ജീവിക്കാനും ചിന്തിക്കാനും എഴുതാനുമുള്ള നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍െറ പ്രശ്നമാണ് എന്നെപ്പോലുള്ള എഴുത്തുകാര്‍ക്കിത്. ജനാധിപത്യത്തിന്‍െറ അന്തസ്സത്തയായ സംവാദത്തെ ഇല്ലാതാക്കി ഉന്മൂലനം കടന്നുവരാന്‍ അനുവദിച്ചുകൂടാ. സമര്‍പ്പിത സേവനത്തിന്‍െറ നിരവധി വര്‍ഷങ്ങള്‍ക്ക് പകരമായി അക്കാദമി എനിക്കുനല്‍കിയ എല്ലാറ്റിനും കൃതജ്ഞത രേഖപ്പെടുത്തുന്നു. എന്നാല്‍, പ്രതിബദ്ധതയുള്ള പൗരനും എഴുത്തുകാരനും എന്നനിലയില്‍ ജനറല്‍ കൗണ്‍സിലിലും നിര്‍വാഹക സമിതിയിലും തുടരാന്‍ എന്‍െറ മനസ്സാക്ഷി അനുവദിക്കുന്നില്ല. അതിനാല്‍, ഇംഗ്ളീഷ് ഉപദേശക സമിതി കണ്‍വീനര്‍ സ്ഥാനവും ധനകാര്യ സമിതി, ഗ്രാന്‍റ്സ് സമിതി, ബില്‍ഡിങ് സമിതി തുടങ്ങിയവയിലെ അംഗത്വവും ഉള്‍പ്പെടെ സാഹിത്യ അക്കാദമിയിലെ എന്‍െറ എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിയുകയാണ്. ഊഷ്മള സ്നേഹാന്വേഷണങ്ങളോടെ,

പ്രഫ. കെ. സച്ചിദാനന്ദന്‍


ഒറ്റപ്പെട്ട സംഭവമല്ല
ബഹുമാനപ്പെട്ട പ്രസിഡന്‍റ്,
ബുദ്ധിജീവികളും സ്വതന്ത്രചിന്തകരും എഴുത്തുകാരും സംഘടിത തീവ്രചിന്താഗതിയുള്ള ആളുകളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടെക്കൂടെ ഉണ്ടാവുന്നു. അടുത്തിടെ സംഭവിച്ച മൂന്നു കൊലപാതകങ്ങള്‍ ഇതിനുദാഹരണമാണ്് - 2013 ആഗസ്റ്റില്‍ നരേന്ദ്ര ദാഭോല്‍കര്‍, 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെ, 2015 ആഗസ്റ്റില്‍ എം.എം. കല്‍ബുര്‍ഗി. ഇതില്‍ ഒടുവിലത്തെയാള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണെന്നത് ശ്രദ്ധേയമാണ്. ഇവ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല, മറിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിനും ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കമാണിത്. രാജ്യത്തെ എല്ലാ തുറകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെയും ബഹിഷ്കരണത്തിന്‍െറയും സമകാലിക സ്ഥിതിഗതികള്‍ പരിഗണിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇതൊക്കെ സമാന സാഹചര്യങ്ങളുടെ പ്രതിഫലനങ്ങളാണെന്നതാണ്.

അക്കാദമി അതിന്‍െറ മുന്‍കാല ചരിത്രമനുസരിച്ച് ഇപ്പോള്‍ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന  അസഹിഷ്ണുതക്കും അക്രമങ്ങള്‍ക്കും നേരെ മൗനംപാലിക്കരുതെന്ന് ഒരെഴുത്തുകാരനെന്ന നിലയില്‍ എനിക്ക് തോന്നുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയാണ് വേണ്ടത്. ഇതേപറ്റി സംസാരിക്കാന്‍ 2013 ആഗസ്റ്റിലും 2015 സെപ്റ്റംബറിലും അക്കാദമിയുടെ പുരസ്കാരവേദികളില്‍ എനിക്കവസരമുണ്ടായി. ഒന്ന് ദാഭോല്‍കറിന്‍െറ കൊലപാതകത്തിന് ശേഷവും മറ്റൊന്ന്  കല്‍ബുര്‍ഗിയുടെ കൊലക്ക് ശേഷവും. രണ്ടവസരങ്ങളിലും സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഈ വിഷയത്തില്‍ അക്കാദമി പ്രതികരിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി ഞാന്‍ ഊന്നിപറയുകയും ചെയ്തിരുന്നു.

1957^58 കാലത്ത് ബോറിസ് പാസ്റ്റേര്‍നാക് എഴുതിയ ഡോ. ഷിവാഗോ സോവിയറ്റ് യൂനിയനുപുറത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹം അവിടത്തെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയുണ്ടായി (പിന്നീട് ഈ കൃതി നൊബേല്‍ പുരസ്കാരത്തിനര്‍ഹമായി). അന്ന് അക്കാദമി പ്രസിഡന്‍െറന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്റു ഈ വിഷയത്തിലുള്ള ഇന്ത്യന്‍ സാഹിത്യസമൂഹത്തിന്‍െറ ഉത്കണ്ഠയറിയിച്ചും അദ്ദേഹത്തെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ചും നികിത ക്രൂഷ്ചേവിന് കത്തെഴുതുകയുണ്ടായി. പിന്നീട്, തന്‍െറ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയതിന് പാസ്റ്റേര്‍നാക് ഇക്കാര്യത്തില്‍ നന്ദിയറിയിക്കുകയും ചെയ്തു.

മുമ്പ്, രാജ്യാന്തരതലത്തില്‍തന്നെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കാന്‍ നമുക്ക് ധൈര്യമുണ്ടായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് നമ്മുടെ ആളുകള്‍ക്കുവേണ്ടിപോലും നമുക്ക് ഇന്നതിന് കഴിയാതെ പോവുന്നത്?

എന്ന്
ആത്മാര്‍ഥതയോടെ,

പി. സച്ചിദാനന്ദന്‍ (ആനന്ദ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.