കാലിഖജനാവുമായി എങ്ങനെ മുന്നോട്ടുപോകും?

ഒരുകാര്യവും ചെയ്യാന്‍ ഖജനാവില്‍ കാശില്ലാത്തതിനെ സാമ്പത്തികപ്രതിസന്ധിയെന്നോ ഞെരുക്കമെന്നോ വിളിക്കുക? രാജിവെച്ചൊഴിഞ്ഞ ധനമന്ത്രി കെ.എം. മാണിയോടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ചോദിച്ചാല്‍ സാമ്പത്തികപ്രതിസന്ധിയേ ഇല്ളെന്ന് ആണയിടും. കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ പണമില്ലാഞ്ഞതിനെ അവര്‍ സാമ്പത്തികഞെരുക്കമെന്ന് വിളിച്ച് ലഘൂകരിക്കും. പ്രതിസന്ധിയായാലും ഞെരുങ്ങിയാലും റവന്യൂ കമ്മി കാല്‍ലക്ഷം കോടി കടക്കുമെന്ന് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം 2014 ഒക്ടോബറില്‍ മന്ത്രിസഭക്കുമുന്നില്‍ കുറിപ്പ് വെച്ചിരുന്നു; വരുമാനത്തില്‍ 16,000 കോടിയോളം കുറവ് വരുമെന്നും. ഞെരുക്കംമാറ്റാന്‍ അന്ന് 3000 കോടി രൂപയുടെ പുതിയ നികുതികള്‍ ജനത്തിനുമേല്‍ അടിച്ചേല്‍പിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്താതെയും നിയമസഭയുടെ അനുമതിയില്ലാതെയുമായിരുന്നു കുറുക്കുവഴിയിലുള്ള ഈ ഞെക്കിപ്പിഴിയല്‍. അത് പോരാഞ്ഞ്, മാണി തന്‍െറ സര്‍വകാല റെക്കോഡായ 13ാമത്തെ ബജറ്റ് വഴി 1200 കോടി രൂപയുടെ നികുതിവര്‍ധനകൂടി ഏര്‍പ്പെടുത്തിയിട്ടും ഖജനാവ് കാലിതന്നെ. പത്തുകാശ് ചെലവിടേണ്ടിവന്നാല്‍ അപ്പോള്‍ കടപ്പത്രവുമായി ഇറങ്ങണം. ഇത്രയൊക്കെ കടം വാങ്ങിയിട്ട് വികസനത്തിന് കാര്യമായി ചെലവിട്ടുമില്ല. ശമ്പളവും പെന്‍ഷനും എല്ലാമാസവും 1000 കോടിയെങ്കിലും കടംവാങ്ങി കൃത്യമായി നല്‍കുന്നു. ജീവനക്കാര്‍ ഹാപ്പി. ഇതുചെയ്യാന്‍ ഒരു ധനവകുപ്പിന്‍െറയും ഈ സന്നാഹങ്ങളുടെയും ആവശ്യമുണ്ടോ എന്നത് വേറെകാര്യം. വര്‍ഷാവസാനംപോലും ഒരു പ്രയാസമില്ലാതെ ചെലവുകള്‍ നടന്നിടത്തുനിന്നാണ് സംസ്ഥാന സമ്പദ്വ്യവസ്ഥ ഈ സ്ഥിതിയില്‍ മൂക്കിടിച്ചുവീണത്.

സാമ്പത്തികപ്രതിസന്ധി കേരളത്തിന് പുത്തരിയൊന്നുമല്ല. കേരളത്തിന്‍െറ ട്രഷറിക്ക് താഴുവീണ സംഭവങ്ങള്‍വരെയുണ്ടായിട്ടുണ്ട്. 96ലെ നായനാര്‍ സര്‍ക്കാറിന്‍െറ അവസാന കാലത്ത് 10 രൂപയുടെ ചെക്കുപോലും ട്രഷറിയില്‍നിന്ന്  മാറിയില്ല. പിന്നീടുവന്ന ആന്‍റണി സര്‍ക്കാര്‍ ധവളപത്രമിറക്കി അത് ആഘോഷിച്ചു. അന്നത്തെ പൊതുകടം കാല്‍ലക്ഷം കോടി. അതുവലിയ സംഭവമാക്കിയിരുന്നു അന്നത്തെ യു.ഡി.എഫിലെ മാണിയടക്കം സാമ്പത്തികവിശാരദര്‍. ഇന്ന് പൊതുകടം ഒന്നരലക്ഷം കോടി.  

2011 മാര്‍ച്ചില്‍ 3513.72 കോടി ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നുവെങ്കിലും 2014 മാര്‍ച്ചില്‍ 758.56 കോടിയിലത്തെി. കഴിഞ്ഞമാര്‍ച്ചില്‍ വീണ്ടും കൂപ്പുകുത്തി. എന്നാലും, ചില ഗിമ്മിക്കുകളൊക്കെ കാണിച്ച് ട്രഷറി എന്തായാലും ഇതുവരെ പൂട്ടാതെ ഇറങ്ങിപ്പോകാന്‍ ധനമന്ത്രി കെ.എം. മാണിക്കായി. നികുതിപിരിവ് അദ്ദേഹത്തിന്‍െറകാലത്ത് ലക്ഷ്യത്തിനടുത്തുപോലുമത്തെിയില്ല. സംസ്ഥാനത്തിന്‍െറ നികുതിവരുമാനം മാത്രം 45,428 കോടി രൂപയാണ് ഇക്കൊല്ലം ലക്ഷ്യം. കഴിഞ്ഞ നാലു വര്‍ഷവും ലക്ഷ്യംകൈവരിച്ചില്ളെന്ന് ഓര്‍ക്കുക. കഴിഞ്ഞവര്‍ഷം വന്ന കുറവ് 4224 കോടി. മറുവശത്ത്, ചെലവുകള്‍ ലക്ഷ്യമിട്ടതിനെക്കാള്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണ്. 33,000 തസ്തിക അധികമുണ്ടെന്ന് പറയുമ്പോള്‍തന്നെ 20,000 തസ്തിക സൃഷ്ടിച്ചു. ഭരണച്ചെലവടക്കം കുതിച്ചുയര്‍ന്നു. ഇക്കൊല്ലം 17,716.55 കോടി രൂപയാണ്. വിപണിയില്‍നിന്ന് കടമെടുക്കാനുള്ള അനുമതിയുള്ളതില്‍ മുക്കാല്‍ പങ്കും ഇതിനകംതന്നെ വാങ്ങി ചെലവിട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ കൊടും കമ്മികളാണ് ഇക്കൊല്ലം ബാക്കിയാവുക. ധനകമ്മി 17,699.25 കോടിയിലും റവന്യൂ കമ്മി 7831.92 കോടിയിലും പ്രാഥമിക കമ്മി 6747.15 കോടിയിലും പരിമിതപ്പെടുത്താനാണ്  ബജറ്റ് ലക്ഷ്യമിട്ടത്. അവിടെയൊന്നും കമ്മി നില്‍ക്കാന്‍ പോകുന്നില്ല. അത് കുതിച്ചുയരുകതന്നെ ചെയ്യും. സര്‍ക്കാറിന്‍െറ അവസാന മാസങ്ങളായതിനാല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊന്നല്‍വേണ്ടിവരും. അതിന് പണവും കണ്ടത്തെണം. അതുകൂടിവരുമ്പോള്‍ മറ്റു ചെലവിനുള്ള പണം വഴിതിരിച്ചു വിടണം.

നികുതിപിരിവിലും പണം ചെലവിടുന്നതിലും കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചിരുന്ന ഡോ. തോമസ് ഐസക്കിന്‍െറ തുടര്‍ച്ചയായാണ് മാണി ഖജനാവിന്‍െറ തലപ്പത്തത്തെിയത്. നികുതി പിരിക്കുന്നതിലും ചോര്‍ച്ച അടക്കുന്നതിലും ഐസക് ഏറെനേട്ടമുണ്ടാക്കി. ചെക്പോസ്റ്റുകളിലേതടക്കം ചോര്‍ച്ച കുറച്ച് വരുമാന വര്‍ധനവൊരുക്കി. ഇളവുകള്‍ അര്‍ഹര്‍ക്ക് ലഭ്യമാക്കുകയും കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരുകയും ചെയ്തു. ട്രഷറി ഇടപാടുകള്‍ക്കാണ് അദ്ദേഹം ഊന്നല്‍നല്‍കിയത്. ട്രഷറിനിക്ഷേപങ്ങള്‍ ആകര്‍ഷകമാക്കി. സര്‍ക്കാര്‍വകുപ്പുകളുടെ പണം ട്രഷറിയില്‍തന്നെ നിലനിന്നതോടെ സാമ്പത്തിക വര്‍ഷാവസാനംപോലും ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയില്ല. മാര്‍ച്ച് പിന്നിടുമ്പോള്‍ വലിയ പ്രയാസമില്ലാത്തവിധം കാര്യങ്ങള്‍ ആകെ മാറി. കടമെടുപ്പ് പരിധി മറികടക്കാന്‍ ഇസ്ലാമിക് ബാങ്കുപോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്ന് വികസനത്തിന് പണം ലഭ്യമാക്കാനും ശ്രമിച്ചു. അത് വിജയത്തിലത്തെിയില്ളെന്ന് വേറെകാര്യം. മൊത്തത്തില്‍ അടുക്കുംചിട്ടയുമൊക്കെ ഐസക് കൊണ്ടുവന്നു. മാണി വന്നശേഷം അതൊക്കെ നഷ്ടമായെന്ന് പറയേണ്ടിവരും. ട്രഷറിയില്‍ കിടന്ന പൊതുമേഖലാ സഥാപനങ്ങളുടെയും സര്‍ക്കാര്‍സ്ഥാപനങ്ങളുടെയും അടക്കം പണം ബാങ്കുകളിലേക്ക് പോയി. കൂടുതല്‍ പലിശ ഉറപ്പാക്കി നിക്ഷേപിക്കാമെന്ന പേരിലായിരുന്നു ധനവകുപ്പനുമതി.  രണ്ടു വര്‍ഷം കൊണ്ട് 5000 കോടി ബാങ്കുകളിലേക്ക്  ഒഴുകി. സര്‍ക്കാര്‍വകുപ്പുകളുടെയും സര്‍ക്കാറിന്‍െറ പണമിടപാടുകളില്‍ പലതും ബാങ്കിലേക്ക് നീങ്ങി. ട്രഷറി അക്കൗണ്ടുവഴി ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ നേരത്തെ പദ്ധതി തയാറാക്കിയെങ്കിലും അത് നടപ്പാക്കാന്‍ താല്‍പര്യം കാട്ടിയില്ല. ട്രഷറികളില്‍ എ.ടി.എം കൊണ്ടുവന്ന് ഈ പണം ട്രഷറിയില്‍ നിലനിര്‍ത്തുക എന്ന ആശയംതന്നെ തകര്‍ന്നു. ശമ്പളം ബാങ്കുകളിലേക്കുപോയി. ചുരുക്കത്തില്‍ ട്രഷറിയില്‍ പണം നില്‍ക്കാതായി. ട്രഷറിപോലും വേണ്ടെന്ന ചിന്തയാണ് അടുത്ത കാലംവരെ ധനവകുപ്പിലെ ചിലര്‍ പുലര്‍ത്തിയത്.  

നികുതിപിരിവില്‍ ലക്ഷ്യം ഉയര്‍ത്തി വെക്കുകയും അത് നേടുകയും ചെയ്യുന്നരീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. 2010-11ല്‍ 15,847 കോടിയാണ് നികുതി ലക്ഷ്യമിട്ടത്. 16,155.93 കോടി പിരിച്ചു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് കുറയുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നികുതിപിരിവ് ലക്ഷ്യത്തിനടുത്തുപോലും എത്തിയില്ല. മദ്യം, എണ്ണക്കമ്പനി തുടങ്ങിയവയുടെ നികുതിയാണ് കൃത്യമായി കിട്ടിക്കൊണ്ടിരുന്നത്. 10,000 കോടിക്കടുത്ത് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. പഴയ കുടിശ്ശിക മാത്രമല്ല, പുതിയതും ഏറെയുണ്ട്. ഇത് പിരിക്കുമെന്ന വലിയ പ്രഖ്യാപനങ്ങള്‍ വന്നതല്ലാതെ ഒന്നും നടന്നില്ല. കുടിശ്ശികക്കാര്‍ അപ്പോള്‍തന്നെ സര്‍ക്കാറിനേയൊ കോടതിയേയൊ സമീപിച്ച്  സ്റ്റേ വാങ്ങും. സ്റ്റേ കിട്ടുന്ന നികുതി കുടിശ്ശികയില്‍ പിന്നീട് നടപടിയില്ല.  കിട്ടാനുള്ള വരുമാനം അതുകൊണ്ടുതന്നെ ഖജനാവിലത്തെുന്നില്ല.  

മാണി അധികാരമേറ്റയുടന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില കൂട്ടുമ്പോള്‍ അധിക വിലയുടെ നികുതി സംസ്ഥാനം ഒഴിവാക്കിയിരുന്നു. പിന്നീട് ഇതില്‍നിന്ന് പിന്മാറിയെന്നു മാത്രമല്ല,  ഇതിന്‍െറ നികുതിനിരക്ക് ഉയര്‍ത്തി കൂടുതല്‍ കഴുത്തറുക്കുകയും ചെയ്തു.  അവസാനബജറ്റില്‍ ഒരു രൂപവീതം സെസ് ഏര്‍പ്പെടുത്തി ആ പണം വീട്-റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. പിരിവ് നടക്കുന്നു. വീട്, റോഡ് പദ്ധതികളൊന്നും നടപ്പായില്ല. അരി, ആട്ട, മൈദ, സൂചി, റവ തുടങ്ങിയവക്ക് നികുതിയിളവ് നല്‍കിയതിന്‍െറ നേട്ടംമുഴുവന്‍ ചില മില്ലുകളും കമ്പനികളും കൊണ്ടുപോയി. ഈ നികുതിയിളവ് വിപണിവിലയില്‍  പ്രതിഫലിച്ചില്ല. നൂറുകണക്കിന് കോടികള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടുവെന്നാണ് അനുമാനിക്കുന്നത്.

സംസ്ഥാനം നേരിടുന്ന സുപ്രധാന പദ്ധതികള്‍ക്ക് പണം വെക്കുമെങ്കിലും അതൊന്നും ചെലവാക്കാറില്ല. കഴിഞ്ഞവര്‍ഷം 2000 കോടി വകയിരുത്തി. ഒന്നും ചെലവിട്ടില്ല. ഇക്കുറിയുമുണ്ട് 2000 കോടി. അതേസമയം, നെല്ല് സംഭരണവില ഉയര്‍ത്തിയെങ്കിലും പണം കര്‍ഷകന് നല്‍കാന്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ കടം വാങ്ങേണ്ട സ്ഥിതിയിലാണ്. കണ്‍സ്യൂമര്‍ഫെഡിന് വിപണിയിലിടപെടാനും കടമെടുക്കാന്‍ ജാമ്യംമാത്രം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കൊടുക്കാന്‍ ഡിപ്പോകള്‍ ഈടുവെച്ച് വായ്പയെടുക്കണം. സംസ്ഥാനത്തിന്‍െറ പരിസ്ഥിതിയെ തകര്‍ത്ത് നികത്തിയ പാടങ്ങള്‍ പണം വാങ്ങി ക്രമവത്കരിക്കാനും മാണി നീക്കംനടത്തി. കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്ന ഈ നിര്‍ദേശം ധനബില്ലിലൂടെ നടപ്പാക്കിയെടുക്കാനും ശ്രമിച്ചു. കേരളത്തിലെ പാടങ്ങളുടെ മരണമണി മുഴക്കുന്ന നിര്‍ദേശമാണ് മാണി കൊണ്ടുവന്നത്. കര്‍ഷകരെ പറ്റി വാതോരാതെ സംസാരിക്കുന്ന മാണിയുടെ നാലരവര്‍ഷത്തിലും കാര്‍ഷികമേഖല രക്ഷപ്പെട്ടില്ല.  
മാണി ഇറങ്ങിപ്പോയപ്പോള്‍ താറുമാറായിക്കിടക്കുന്ന ധനവകുപ്പിന് സര്‍ക്കാറിന്‍െറ അടുത്ത നാലരമാസവും ഒട്ടും സുഖകരമായിരിക്കില്ല. ജനുവരി മുതലെങ്കിലും സര്‍ക്കാര്‍ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളപരിഷ്കരണവും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ പരിഷ്കരണവും നല്‍കണം. അതിനുവേണ്ട സാമ്പത്തികബാധ്യത ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 5277 കോടി രൂപ. 20,000 കോടിയുടെ പദ്ധതിയില്‍ നവംബര്‍ 15 വരെ ചെലവ് വെറും 597.77 കോടി. ഡിസംബര്‍ മാസത്തെ ശമ്പളം മുതല്‍  ആറു ശതമാനം ഡി.എ വര്‍ധനക്ക് 83 കോടി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടത് 4043.02 കോടി. വാങ്ങിയ കടം തിരിച്ചടക്കാനും പലിശ നല്‍കാനും വേണ്ടത് 8000 കോടി.

കേന്ദ്രപദ്ധതികളുടെ സ്വഭാവം മാറ്റിയതിനാല്‍ അവ നടപ്പാക്കണമെങ്കില്‍ 3000 കോടി. ശമ്പളവും പെന്‍ഷനുമടക്കം പതിവുചെലവുകള്‍ വേറെയും. ഇക്കൊല്ലം മാര്‍ച്ചിലത്തെുമ്പോള്‍ സംസ്ഥാനത്തിന്‍െറ പൊതുകടം 1,59,523 കോടിയിലത്തെും. 2001ല്‍ വെറും കാല്‍ലക്ഷം കോടി (25,754) മാത്രമുണ്ടായിരുന്ന പൊതുകടമാണ് 15 കൊല്ലംകൊണ്ട് ഒന്നരലക്ഷം കോടി രൂപ പിന്നിടുന്നത്. ഇതിന് പലിശ കൊടുക്കാനും തിരിച്ചടവിനുമായി വീണ്ടും കടംവാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.