വൈരനിര്യാതനനീതി

2015 മേയില്‍ ലോക്സഭ ബാലനീതി (കുട്ടികളുടെ പരിചരണവും പരിരക്ഷയും) നിയമം പാസാക്കിയിരുന്നു എങ്കിലും ആ സമയത്ത് അത് മതിയായി ചര്‍ച്ചചെയ്യപ്പെട്ടില്ല. രാജ്യസഭ ബില്‍ ചര്‍ച്ചക്കെടുക്കുന്ന അവസരത്തില്‍ തന്നെ ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനവും കടന്നുവന്നപ്പോള്‍ എന്തെന്നില്ലാത്ത വാര്‍ത്താപ്രാധാന്യം ബാലനീതി നിയമത്തിനു കിട്ടി.
രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ് തന്നെ ബാലനീതിയെ സംബന്ധിച്ച് നിയമനിര്‍മാണങ്ങള്‍ നടത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അപ്രന്‍റിസ് ആക്ട് അനുസരിച്ചു ജയിലില്‍ കുട്ടിക്കുറ്റവാളികളെ തൊഴില്‍ പരിശീലനം നല്‍കി പരിഷ്കൃതരാക്കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള1887ലെ റിഫര്‍മേറ്ററി സ്കൂള്‍ ആക്ട് 15 വയസ്സിനുതാഴെയുള്ള കുട്ടിക്കുറ്റവാളികള്‍ക്കായി പ്രത്യേക സംവിധാനം നിര്‍ദേശിച്ചു. 1960ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ചില്‍ഡ്രന്‍ ആക്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ.എന്നാല്‍, സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങള്‍ അവരുടേതായ ബാലനീതി നിയമങ്ങള്‍ പാസാക്കി.1986ല്‍ ജസ്റ്റിസ് പി.എന്‍. ഭഗവതി ഒരു സുപ്രധാന വിധിന്യായത്തില്‍  ഏകീകൃത ബാലനീതി നിയമം പാര്‍ലമെന്‍റ് പാസാക്കണമെന്നതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞു. ആ വിധിന്യായത്തില്‍ കുട്ടിക്കുറ്റവാളികളെ തരംതിരിക്കുന്ന സൂചിക 16 വയസ്സ് ആയിരിക്കണമെന്നും സൂചിപ്പിക്കുകയുണ്ടായി. അതിനെതുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 1986 നിലവില്‍ വന്നു.1986ലെ നിയമപ്രകാരം ബാലക്കുറ്റവാളിയെ നിര്‍വചിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് 16 വയസ്സും പെണ്‍കുട്ടികള്‍ക്ക് 18 വയസ്സുമായി നിജപ്പെടുത്തി. ബാലക്കുറ്റവാളികളെ വിചാരണചെയ്യുവാന്‍ ജുവനൈല്‍ കോടതികളും സ്ഥാപിച്ചു.എന്നാല്‍ 1989ല്‍ ഇന്ത്യ  ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ സംരക്ഷണ കരാറില്‍ ഒപ്പുവെച്ചതോടെ നിലവിലെ നിയമത്തില്‍ സമൂലമായ പൊളിച്ചെഴുത്ത് ആവശ്യമായി .യു.എന്‍ ആര്‍ട്ടിക്കിള്‍ 37 അനുസരിച്ച് 18 വയസ്സിനു താഴെയുള്ള ഒരാളെയും വധശിക്ഷക്കോ ജീവപര്യന്തം തടവിനോ വിധിക്കാന്‍ പാടില്ല എന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. തുടര്‍ന്ന് 2000ല്‍ ബാലനീതി (പരിചരണവും പരിരക്ഷയും) നിയമം നിലവില്‍ വന്നു. ഈ നിയമത്തിന്‍െറ പ്രധാനപ്പെട്ട സവിശേഷത ലിംഗഭേദമെന്യേ ബാല്യത്തിന്‍െറ നിര്‍വചനത്തിന്‍െറ അടിസ്ഥാനം 18 വയസ്സായി നിജപ്പെടുത്തി എന്നതാണ്.  കുറ്റത്തിന്‍െറ ലാഘവത്വമോ ഗൗരവമോ വ്യത്യസ്തമായി പരിഗണിക്കാതെ ബാലക്കുറ്റവാളിയെ വിചാരണചെയ്യുവാനുള്ള അധികാരസ്ഥാപനമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിയമിതമായി. കുറ്റം തെളിഞ്ഞതായി ബോര്‍ഡിന് ബോധ്യപ്പെട്ടാല്‍ പരമാവധി മൂന്നുവര്‍ഷം വരെ സ്പെഷല്‍ ഹോമില്‍ നിരീക്ഷണത്തിലാക്കുവാനും അതിനുശേഷം മോചിപ്പിക്കുവാനും 2000ലെ ബാലനീതി നിയമം അനുശാസിക്കുന്നു.
എന്നാല്‍, 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും കുറ്റാരോപിതരില്‍ ഒരാള്‍ 18 വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ആളാണെന്ന് അറിയുകയും ചെയ്തപ്പോള്‍ ബാലനീതി നിയമം വീണ്ടും പൊളിച്ചെഴുതണമെന്ന ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് 2015 മേയില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. കുറ്റകൃത്യങ്ങളെ തടവുശിക്ഷയുടെ കാലാവധിയുടെ അടിസ്ഥാനത്തില്‍ ലഘുകുറ്റങ്ങള്‍, ഗൗരവ കുറ്റങ്ങള്‍, ഹീനകൃത്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. ലഘുകുറ്റങ്ങള്‍ മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്നതും ഗൗരവകുറ്റങ്ങള്‍ മൂന്നുവര്‍ഷത്തിനും ഏഴുവര്‍ഷത്തിനുമിടക്ക് ശിക്ഷ ലഭിക്കാവുന്നതും ഹീനകൃത്യങ്ങള്‍ ഏഴുവര്‍ഷത്തിനുമുകളില്‍ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റങ്ങളായിട്ടാണ് 2015ലെ നിയമം നിര്‍വചിക്കുന്നത്. ഏറ്റവും ആക്ഷേപകരമെന്ന് ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം 16 വയസ്സിനും 18 വയസ്സിനും ഇടക്ക് പ്രായമുള്ള കൗമാരക്കാര്‍ ഹീനകൃത്യം ചെയ്താല്‍ അവരെ മുതിര്‍ന്ന കുറ്റവാളികളെപ്പോലെ കണക്കാക്കണം എന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. 2015ലെ നിയമത്തിന്‍െറ വകുപ്പ് 15 അനുസരിച്ച് ഹീനകൃത്യം ചെയ്ത കുട്ടിയെ ആദ്യം ബാലനീതി ബോര്‍ഡിന്‍െറ മുമ്പാകെ ഹാജരാക്കുകയും ബോര്‍ഡ് കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച, വിവേചനബുദ്ധി, കുറ്റകൃത്യത്തിന്‍െറ സാഹചര്യം എന്നിവയെകുറിച്ച് പ്രാഥമിക അവലോകനം നടത്തുകയും വേണം. മുതിര്‍ന്ന കുറ്റവാളിയെപ്പോലെ കണക്കാക്കണമെന്ന് ബോധ്യപ്പെട്ടാല്‍ ‘കുട്ടികളുടെ കോടതി’യിലേക്ക് അയക്കണം. അവലോകനം മറിച്ചായാല്‍ ബാലനീതി ബോര്‍ഡ് തന്നെ വിചാരണ ചെയ്യാനും അനുവാദം നല്‍കുന്നു. 2015ലെ നിയമം പ്രത്യേക കുട്ടികളുടെ കോടതി രൂപവത്കരിക്കാന്‍ വകുപ്പുമുണ്ടാക്കിയിട്ടുണ്ട്. ബാലാവകാശ സംരക്ഷണ കമീഷന്‍ 2012 പ്രകാരം രൂപീകൃതമായ സ്പെഷല്‍ കോടതിയോ അതില്ലായെങ്കില്‍ സെഷന്‍സ് കോടതിയോ ആണ് 2005-ലെ നിയമപ്രകാരമുള്ള ‘കുട്ടികളുടെ കോടതി’. ബാലനീതി ബോര്‍ഡ് അയക്കുന്ന 16നും 18നും ഇടക്ക് ‘ഹീനകൃത്യം’ ചെയ്തുവെന്നു തെളിയിക്കപ്പെടുന്ന ബാലക്കുറ്റവാളിയെ 21 വയസ്സുവരെ സുരക്ഷിതസ്ഥലത്ത് പാര്‍പ്പിക്കുവാനും അതിനുശേഷം പ്രബേഷന്‍ ഓഫിസറുടെയും മറ്റു ബന്ധപ്പെട്ടവരുടെയും റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മോചിപ്പിക്കാനോ ശിഷ്ടകാലം ജയിലിലേക്ക് അയക്കുവാനോ 2015ലെ നിയമം കുട്ടികളുടെ കോടതിക്ക് അനുവാദം നല്‍കുന്നുണ്ട്. എന്തായാലും 16നും 18നും ഇടക്ക് പ്രായമുള്ള ബാലക്കുറ്റവാളിയെ ഒരിക്കലും സാധാരണ മുതിര്‍ന്നവര്‍ക്ക് ഉള്ള കോടതിയില്‍ അവരോടൊപ്പം വിചാരണ ചെയ്യരുതെന്ന് വകുപ്പ് 23 പ്രഖ്യാപിക്കുന്നു.
ബാലക്കുറ്റാരോപിതരെ വയസ്സിന്‍െറ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന വ്യവസ്ഥയാണ് കൂടുതല്‍ വിമര്‍ശ വിധേയമായിരിക്കുന്നത്. ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷന്‍ അനുസരിച്ച് 18 വയസ്സ് നിഷ്കര്‍ഷിക്കുമ്പോള്‍ ആ തീരുമാനത്തിന് ലോകമെമ്പാടും നടത്തിയിട്ടുള്ള ഒരുപാട് ഗവേഷണവും പഠനവും ശാസ്ത്രീയമായ വിവരങ്ങളും ആധാരമായിട്ടുണ്ട്. കൗമാരപ്രായത്തിലുണ്ടാവുന്ന ശാരീരികവും മാനസികവും ആയ മാറ്റങ്ങള്‍ ഒരു കുട്ടിക്ക് അതിന്‍െറ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല എന്നും ആ അവസരത്തിലാണ് അവര്‍ക്ക് കൂടുതല്‍ പരിരക്ഷയും ശ്രദ്ധയും നല്‍കേണ്ടതെന്നുമുള്ള ശാസ്ത്രതത്ത്വം സമൂഹവും ഭരണകൂടവും മറന്നുകൂടാ. ഒറ്റപ്പെട്ട സംഭവങ്ങളെ തരംതിരിച്ചെടുത്ത് സാമാന്യവത്കരിക്കുന്ന പ്രവണത നിയമനിര്‍മാണ പ്രക്രിയയിലുണ്ടാകുന്നത് ഒട്ടുംതന്നെ അഭിലഷണീയമല്ല. ‘നിര്‍ഭയ കേസി’ലെ  17 1/2  വയസ്സുള്ള കുട്ടിക്കുറ്റവാളിയെ മുതര്‍ന്നവര്‍ക്ക് ഒപ്പം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച കേസില്‍  കോടതി നടത്തിയ നിരീക്ഷണങ്ങള്‍ എന്തുകൊണ്ടും പ്രസക്തമാണ്. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ മൊത്തം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 2% മാത്രമേ ബാലക്കുറ്റവാളികളില്‍ ആരോപിക്കപ്പെടുന്നുള്ളൂ എന്നും ബാലക്കുറ്റവാളികളെ നിര്‍ണയിക്കുന്ന പ്രായം 18 വയസ്സായി നിജപ്പെടുത്തിയത്, ഒരു കുട്ടിയുടെ തലച്ചോറിന്‍െറ വളര്‍ച്ചയുടെ പൂര്‍ണത 18 വയസ്സോടുകൂടിയെ ഉണ്ടാകുന്നുള്ളൂ എന്നുള്ള ശാസ്ത്രീയ വിവര ശേഖരണത്തിന്‍െറ അടിസ്ഥാനത്തിലാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ കുട്ടിയെ മാത്രമേ അവരുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദിത്തമുള്ളവരാക്കാന്‍ കഴിയൂ എന്നും സുപ്രീംകോടതി മേല്‍പറഞ്ഞ കേസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 82 പ്രകാരം ഏഴുവയസ്സിനു താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല എന്നും ഏഴിനും പന്ത്രണ്ടിനും വയസ്സിനിടക്കുള്ള കുട്ടികളുടെ പ്രവൃത്തികള്‍ കുറ്റകൃത്യമാണോ എന്ന് തീരുമാനിക്കുന്നതിനുമുമ്പ് അവരുടെ മനസ്സിന്‍െറ പക്വത നോക്കണമെന്നും ഉള്ള നിര്‍ദേശം ശാസ്ര്തീയ അവലോകനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഡല്‍ഹിയിലെ കൂട്ടബലാത്സംഗക്കേസിനെ തുടര്‍ന്ന് ക്രിമിനല്‍ നിയമ പരിഷ്കരണത്തിനും മറ്റുമായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമീഷന്‍ മുമ്പാകെ ബാലക്കുറ്റവാളികളെ നിര്‍വചിക്കുന്ന സൂചിക 16 വയസ്സായി കുറക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. കമീഷന്‍ അവരുടെ മുമ്പില്‍ സമര്‍പ്പിച്ച വിശദമായ ശാസ്ര്തീയ പഠനറിപ്പോര്‍ട്ടുകളുടേയും വസ്തുതാ ശേഖരണത്തിന്‍െറയും അടിസ്ഥാനത്തില്‍ ആവശ്യം തള്ളിക്കളയുകയുണ്ടായി. ഇന്നത്തെ ജീവിതസാഹചര്യങ്ങളും നിരന്തരമായി പ്രലോഭിപ്പിക്കപ്പെടാവുന്ന അന്തരീക്ഷവും ഇന്‍റര്‍നെറ്റിന്‍െറ അമിതമായ കടന്നുകയറ്റവും എല്ലാംതന്നെ കൗമാരക്കാരിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാകുന്നുണ്ട്. സമൂഹത്തിന്‍െറ പൊതുവായുള്ള അപഭ്രംശവും കൗമാരകുറ്റകൃത്യങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. സമൂഹത്തിന്‍െറ പൊതു പരിചരണവും ഭരണകൂടത്തിന്‍െറ പരിരക്ഷയും കൗമാരത്തിന്‍െറ അന്ത്യദശയിലുള്ള പൗരന്മാര്‍ക്ക് കൊടുക്കേണ്ടത് സമൂഹത്തിന്‍െറ കൂട്ടുത്തരവാദിത്തമാണ്. മുതിര്‍ന്നവരോടൊപ്പം ജയിലിലയച്ച് കൊടുംകുറ്റവാളികള്‍ ആകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനെക്കാള്‍ സാമൂഹികമേല്‍നോട്ടത്തില്‍ അവരെ സമൂഹത്തിലെ ഉത്തരവാദിത്ത പൗരന്മാരാക്കി രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതായിരിക്കണം ഭരണകൂടത്തിന്‍െറ ചുമതല.
ഇത്രമാത്രം സൂക്ഷ്മമായി ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയം ഒട്ടുംതന്നെ അവധാനതയില്ലാതെ നമ്മുടെ നിയമനിര്‍മാണ സഭ പാസാക്കി എന്നറിയുമ്പോള്‍ ‘നിയമനിര്‍മാണ സഭയുടെ ബുദ്ധി’ എന്ന സ്ഥിരപ്രയോഗത്തിന് എന്ത് അര്‍ഥമാണുള്ളത്. ഹീനകൃത്യങ്ങള്‍ ചെയ്യുന്ന 16നും 18 വയസ്സിനും ഇടക്കുള്ള കൗമാരക്കാരെ 21 വയസ്സിനുശേഷം ജയിലിലേക്ക് മാറ്റാന്‍ അധികാരം നല്‍കുന്ന നിയമം വൈരനിര്യാതന നീതി നടപ്പാക്കുന്നതിന് മാത്രമേ സഹായിക്കൂ. പരിഷ്കൃത സമൂഹം ആവശ്യപ്പെടുന്ന ‘പരിഷ്കരണ നീതി’ അല്ളെങ്കില്‍ ‘പുന$സ്ഥാപന നീതി’ അടിസ്ഥാനശിലയായ അന്താരാഷ്ട്ര ഉടമ്പടികള്‍ മുഴുവന്‍ കാറ്റില്‍പറത്തുന്ന നിയമമായി 2015ലെ ബാലനീതി നിയമം മാറിപ്പോയി. വിവേചനബുദ്ധിയാണ് മറിച്ച് വികാരമല്ല നിയമനിര്‍മാണത്തില്‍ പ്രതിഫലിക്കേണ്ടത്.

(കേരള ഹൈകോടതി അഭിഭാഷകനാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.