മ്യാന്മര്‍സേന നിസ്സഹകരണം അവസാനിപ്പിക്കണം

ചരിത്രം സ്വയം ആവര്‍ത്തിക്കുമെന്ന് കാള്‍ മാര്‍ക്സ് എഴുതുകയുണ്ടായി. ആദ്യം ദുരന്തമായും തുടര്‍ന്ന് പ്രഹസനമായുമാണ് ചരിത്രത്തിന്‍െറ ആവര്‍ത്തനമെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു. 25 വര്‍ഷംമുമ്പുനടന്ന തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം സ്വന്തമാക്കി ദേശീയ ജനാധിപത്യ ലീഗ് (എന്‍.എല്‍.ഡി) വീണ്ടുമിപ്പോള്‍ മ്യാന്മറില്‍ ചരിത്രവിജയം നേടിയ വാര്‍ത്തയാണ് ഈ മാര്‍ക്സിയന്‍മൊഴി ഓര്‍മിപ്പിച്ചത്. തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാന്‍ കൂട്ടാക്കാതെ എന്‍.എല്‍.ഡി നേതാവ് ഓങ്സാന്‍ സൂചിയെ രാജ്യത്തെ പട്ടാളം തുറുങ്കിലടക്കുകയായിരുന്നു. സൈന്യം ആവിഷ്കരിച്ച നിയമസംഹിത നമ്മുടെ അയല്‍പക്കമെന്ന് പറയാവുന്ന മ്യാന്മറില്‍ ഇപ്പോഴും പ്രാബല്യത്തില്‍ തുടരുന്നു. വിദേശ പാസ്പോര്‍ട്ടുള്ള വ്യക്തികള്‍ അല്ളെങ്കില്‍, വിദേശ പാസ്പോര്‍ട്ട് കൈവശംവെക്കുന്ന സന്തതികളുള്ള മാതാപിതാക്കള്‍ ഉന്നത ദേശീയപദവികള്‍ അലങ്കരിക്കാന്‍ യോഗ്യരല്ളെന്നൊരു വിചിത്രനിയമം ആ രാജ്യത്തുണ്ട്. രാഷ്ട്രീയത്തില്‍ മേല്‍ക്കൈ സ്ഥാപിക്കാന്‍ സൈന്യം ചുട്ടെടുത്ത നിയമംമാത്രമാണത്.
വിദേശ പൗരത്വമുള്ളവര്‍ക്ക് പ്രധാനമന്ത്രി, പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ നിഷേധിക്കുന്നത് സ്വാഭാവികമാണെന്ന് സമ്മതിക്കാം. എന്നാല്‍, മക്കള്‍ക്കോ ഭര്‍ത്താവിനോ വിദേശപൗരത്വം ഉണ്ടായതിന് ആര്‍ക്കെങ്കിലും ഉന്നതപദവികള്‍ നിഷേധിക്കുന്നത് ഒട്ടും യുക്തിസഹമേ അല്ളെന്നുവ്യക്തം. സൂചിയെ ഭരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു ഈ നിയമനിര്‍മാണത്തിലൂടെ സൈനികഭരണകൂടത്തിന്‍െറ ഗൂഢലക്ഷ്യം. സ്വന്തം രാജ്യത്തോടും ജനാധിപത്യത്തോടുമുള്ള കൂറും പ്രതിബദ്ധതയും അനിഷേധ്യമായി തെളിയിച്ച വ്യക്തിയാണ് സൂചി.
രോഗിയായി ബ്രിട്ടനില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതുപോലും മാറ്റിവെച്ച് സ്വന്തംമണ്ണില്‍ ജീവിക്കാന്‍ സന്നദ്ധയായ ആ മഹതിയുടെ ദേശസ്നേഹത്തെ ആര്‍ക്ക് ചോദ്യംചെയ്യാനാകും? പാര്‍ലമെന്‍റംഗത്വം മാനിക്കാന്‍ തയാറായെങ്കിലും ഉന്നതപദവികള്‍ അവര്‍ക്ക് വിലക്കുന്ന നിലപാട് പുന$പരിശോധിക്കാനുള്ള വൈമുഖ്യം സൈനികനേതൃത്വം ഉപേക്ഷിച്ചിട്ടില്ല. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷംനേടിയ പാര്‍ട്ടിയുടെ ഏറ്റവും പ്രബലമായ അമരക്കാരിയെ പ്രധാനമന്ത്രിപദം ഉള്‍പ്പെടെയുള്ള പദവികളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ജനാധിപത്യാശയങ്ങള്‍ക്ക് നിരക്കുന്നതേയല്ല.
സൂചിക്ക് പ്രധാനമന്ത്രിപദം വിലക്കുന്ന നിയമത്തില്‍ ഭേദഗതിവരുത്താന്‍ പാര്‍ലമെന്‍റില്‍ എന്‍.എല്‍.ഡി നടപടിക്രമങ്ങള്‍ സ്വീകരിക്കാതിരിക്കില്ല. എന്നാല്‍, 25 ശതമാനം സീറ്റുകള്‍ സൈനികര്‍ക്ക് സംവരണം ചെയ്യപ്പെട്ടതിനാല്‍ സൈനിക ജനറല്‍മാരുടെ പിന്തുണയില്ലാതെ ഈ നീക്കം ലക്ഷ്യം കൈവരിക്കില്ല. സൈനികരുമായി പകപോക്കല്‍നയം സ്വീകരിക്കാന്‍ എന്‍.എല്‍.ഡിക്ക് ഉദ്ദേശ്യമില്ളെന്ന് സൂചി വെളിപ്പെടുത്തിയത് ശുഭസൂചനയായി സ്വീകരിക്കാന്‍ സൈന്യം തയാറാകണം. മ്യാന്മറില്‍ രാഷ്ട്രീയസ്ഥിരത നിലനില്‍ക്കേണ്ടത് ആ രാജ്യത്തിന്‍െറ വികസന താല്‍പര്യങ്ങളുടെകൂടി അനിവാര്യതയായിരിക്കുന്നു. വിദേശനിക്ഷേപകരുടെ മുതല്‍മുടക്കിനെ രാഷ്ട്രീയാസ്വാസ്ഥ്യങ്ങള്‍ നിരന്തരം ബാധിക്കുന്നപക്ഷം മൂലധന പ്രവാഹത്തിന്‍െറ സ്തംഭനമായിരിക്കും അതിന്‍െറ ആസന്നപ്രത്യാഘാതം. രാജ്യത്തിന്‍െറ പ്രകൃതിവിഭവ ചൂഷണത്തിനും യുവതലമുറക്ക് പര്യാപ്തമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശനിക്ഷേപം കൂടിയേതീരൂ. പ്രതിരോധസന്നാഹങ്ങള്‍ നവീകരിക്കുന്നതിലും വിദേശപങ്കാളിത്തത്തിന്‍െറ പ്രാധാന്യം നിര്‍ണായകമായതിനാല്‍ സൈനികര്‍ക്കും ഇതുവഴി പ്രയോജനങ്ങള്‍ ലഭ്യമാകാതിരിക്കില്ല. രാജ്യത്തിന്‍െറ മര്‍മപ്രധാന സാമ്പത്തികമണ്ഡലങ്ങള്‍ നിയന്ത്രിച്ചുപോരുന്നത് പട്ടാളക്കാര്‍ ആയിരിക്കെ, സാമ്പത്തികവളര്‍ച്ചയുടെ പ്രധാന ഗുണഭോക്താക്കളാകാനും അവര്‍ക്ക് കഴിയും.
ചെറിയ സമ്പദ്വ്യവസ്ഥയും വന്‍ സൈനികസന്നാഹവും എന്ന വൈരുധ്യമായിരുന്നു സോവിയറ്റ് ശിഥിലീകരണത്തിന്‍െറ മുഖ്യ കാരണങ്ങളിലൊന്ന് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ മ്യാന്മര്‍സേന തയാറാകണം. ജനാധിപത്യവും രാഷ്ട്രീയസ്ഥിരതയും ഉറപ്പുവരുത്തുന്നപക്ഷം അടുത്ത മൂന്നുവര്‍ഷത്തിനകം മ്യാന്മറില്‍ എത്തിച്ചേരാനിരിക്കുന്നത് 12,500 കോടി ഡോളറിന്‍െറ വിദേശനിക്ഷേപമായിരിക്കും. ഇത്തരമൊരു വര്‍ധിച്ച നിക്ഷേപം മ്യാന്മറിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏറ്റവുംവലിയ കൈത്താങ്ങാകും. എന്നാല്‍, ചങ്ങാത്തമുതലാളിത്തത്തിലേക്ക് വീഴാതെ വളര്‍ച്ചാ അനുകൂല നയപരിപാടികള്‍ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ജാഗരൂകരാകണം. ചങ്ങാത്തമുതലാളിത്തമാണ് (ക്രോണി കാപിറ്റലിസം) ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വ്യവസായികമേഖലയുടെ വീര്യം ചോര്‍ത്തിക്കളയുന്നു എന്നകാര്യം സ്പഷ്ടമാണ്.
ക്രോണി കാപിറ്റലിസ്റ്റുകള്‍ക്ക് സദാ സംരക്ഷണവും നേട്ടങ്ങളും ഉറപ്പുവരുത്തുന്ന ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥവിഭാഗങ്ങളും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ദേശതാല്‍പര്യങ്ങളെക്കാള്‍ വിദേശകുത്തകകളുടെ താല്‍പര്യനിര്‍വഹണം മാത്രമാണ് ബ്യൂറോക്രസിയുടെ ലക്ഷ്യം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം വ്യാപകമായ പരിവര്‍ത്തനങ്ങള്‍ മ്യാന്മറില്‍ അരങ്ങേറുകയുണ്ടായി. വോട്ടര്‍മാര്‍ക്കിടയില്‍ സൂചിയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചു. ഏതെങ്കിലും വിദേശരാജ്യത്ത് സുഖസൗകര്യങ്ങള്‍ നിറഞ്ഞജീവിതം നയിക്കാന്‍ അവസരം ലഭിച്ചിട്ടും ഈ 70കാരി വര്‍ഷങ്ങളോളം മാതൃരാജ്യത്തെ വീട്ടുതടങ്കലിലെ താമസം തെരഞ്ഞെടുത്തു. ജനങ്ങളുമായി നിരന്തരസമ്പര്‍ക്കം നിലനിര്‍ത്തി. ഈ സാഹചര്യത്തില്‍ സൂചിക്കും അവര്‍ നയിക്കുന്ന എന്‍.എല്‍.ഡിക്കും അവകാശപ്പെട്ട അംഗീകാരം നല്‍കേണ്ട കര്‍ത്തവ്യം സൈനികര്‍ വിസ്മരിക്കുന്നത് അപായകരമാകും.
കാര്യക്ഷമവും ഫലപ്രദവുമായ ഭരണനിര്‍വഹണത്തിന് എന്‍.എല്‍.ഡിക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കപ്പെടണം. ഭരണം ഫലപ്രദമാകാതിരുന്നാല്‍ പൊതുസമൂഹം വീണ്ടും നിരാശയുടെ കയങ്ങളില്‍വീഴും. ഈജിപ്തില്‍ സംഭവിച്ചരീതിയിലുള്ള പരിണതികള്‍ക്കാകും അത് നിമിത്തമാവുക. സാമൂഹിക പുനര്‍നിര്‍മിതിക്കുവേണ്ടിയുള്ള തിടുക്കങ്ങളായിരുന്നു മുര്‍സിയുടെ പതനത്തിന് വഴിയൊരുക്കിയതെന്ന് ഒരുവിഭാഗം വ്യാഖ്യാതാക്കള്‍ വിലയിരുത്തുന്നത് ശരിയായിരിക്കാം. എന്നാല്‍, സാമ്പത്തികമേഖലയിലെ തകര്‍ച്ചയായിരുന്നു മുര്‍സിഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ആക്കംപകര്‍ന്നത്. ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ചയുടെ ഫലമായി സംഭവിച്ച വരുമാനസ്തംഭനം വളരെ രൂക്ഷമായിരുന്നു. ഈജിപ്തില്‍ സേവനമേഖലയിലും ഇത്തരം തളര്‍ച്ച പ്രകടമായി.
രാഷ്ട്രീയസ്ഥിരതക്ക് സാമ്പത്തികവളര്‍ച്ച അത്യന്താപേക്ഷിതമാണ്. സര്‍വവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ദേശീയസമീപനം, മിതവാദപരമായ നയപരിപാടികള്‍ എന്നിവയാണ് മറ്റ് ഉപാധികള്‍. വംശീയതയും വിഭാഗീയതയും ഹിംസയും ആത്മവിശ്വാസത്തിന്‍െറ അന്തരീക്ഷം തകര്‍ക്കാതിരിക്കില്ല, ഫലപ്രദമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനുള്ള സന്നദ്ധത അതോടെ ജനങ്ങളില്‍നിന്ന് തിരോഭവിക്കും.
വിദേശരംഗത്ത് ചൈന, ഇന്ത്യ, യു.എസ്, ഇ.യു എന്നീ ശക്തികളുമായി ഉറ്റബന്ധം സ്ഥാപിക്കുന്നത് മ്യാന്മറിന് ഗുണകരമാകും. ജനാധിപത്യധ്വംസനത്തിന്‍െറ പേരില്‍ വിവിധ രാജ്യങ്ങള്‍ നടപ്പാക്കിയ ഉപരോധം മ്യാന്മറിനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. മ്യാന്മറില്‍ ജനാധിപത്യത്തെ ചുവപ്പുപരവതാനി വിരിച്ച് വരവേല്‍ക്കാന്‍ സന്നദ്ധതപ്രകടിപ്പിച്ച സൈനിക ജനറല്‍മാര്‍ അഭിനന്ദിക്കപ്പെടണം. എന്നാല്‍, സൂചിയെപ്പോലുള്ള ജനകീയനേതാക്കളെ അധികാരപീഠങ്ങളില്‍നിന്ന് ദൂരെനിര്‍ത്തുന്ന ചട്ടങ്ങള്‍ പൊളിച്ചെഴുതാന്‍കൂടി സൈന്യം തയാറാകുന്നതോടെ മാത്രമേ ജനാധിപത്യസങ്കല്‍പം അര്‍ഥപൂര്‍ണമാകൂ. സൈന്യവും എന്‍.എല്‍.ഡിയും തമ്മില്‍ സംഘര്‍ഷരഹിതമായ ബന്ധം സ്ഥാപിക്കുന്നതോടെ മേഖലയിലെ മികച്ചശക്തിയാകാനുള്ള അവസരവും സജ്ജമാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.