ഫോട്ടോ: മുസ്തഫ അബൂബക്കർ

കളി പൊലീസിനോട് വേണ്ട, മലപ്പുറത്തെ തെരുവു നായ്ക്കൾക്കും കിട്ടി ഉഗ്രൻ പണി

പൊലീസുകാരോട് കളിച്ചാൽ വിവരമറിയും എന്നതാണ് നാട്ടു നടപ്പ്. അത് അനുഭവിച്ചവരും ധാരാളം. ഒരു സാധാ പൊലീസുകാരൻ വിചാരിച്ചാൽ മതി, നമ്മുടെ ജീവിതം കോഞ്ഞാട്ടയാക്കാൻ. കുനിച്ച് നിർത്തി കൂമ്പിനിടിച്ച് പഞ്ചറാക്കി നമ്മളെ അകത്തിടാൻ അവർക്ക് ഒരു പ്രയാസവുമില്ല. അതിന് ഒരുപാട് വകുപ്പുകളുമുണ്ട്. അതുകൊണ്ട് തന്നെ കാക്കിയിട്ടവരോട് കളിക്കാൻ അധികമാരും പോവാറില്ല. പോയവർ വിവരമറിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇതൊന്നും പാവം തെരുവുനായ്ക്കൾക്ക് അറിയില്ലല്ലോ.


സാധാരണക്കാരെ ഓടിക്കുകയും പേടിപ്പിക്കുകയും ഇടക്ക് കടിച്ച് വലിക്കുകയുമൊെക്ക ചെയ്ത് മലപ്പുറം നഗരത്തിൽ കീരിക്കാടന്മാരായി വിലസിയിരുന്ന നായ്ക്കൾ പതിവിന് വിപരീതമായി പൊലീസുകാരെ ഒന്ന് കടിച്ചു നോക്കി. അതും പൊലീസ് ആസ്ഥാനത്തും സായുധ പൊലീസായ എം.എസ്.പിയിലുമുള്ളവരെ.


പിന്നെ പറയണോ പുകിൽ. ഏമാന്മാർ സടകുടഞ്ഞെണീറ്റു. ആരെവിടെ, പിടിക്കവനെ...കാക്കിയിട്ടവനെ തൊട്ടുകളിച്ചാൽ, അക്കളി തീക്കളി സൂക്ഷിച്ചോ... എന്ന രീതിയിൽ കലക്ടർ സായിബിന് പരാതി പോയി. സാധാരണക്കാരുടെ എത്ര അടിയന്തര പരാതിയാണെങ്കിലും അനങ്ങണമെങ്കിൽ ദിവസങ്ങളെടുക്കുന്നയാൾ സഡൻ ആക്ഷനെടുത്തു. വ്യാഴാഴ്ച രാവിലെ തന്നെ വലയും ഇരുമ്പു വട്ടും വടിയും കുന്തവുമൊക്കെയായി നായ്ക്കളെ പിടിക്കുന്ന സംഘം എസ്.പി ഓഫിസ് പരിസരത്തെത്തി.


ഇതൊന്നുമറിയാതെ പരിസരത്ത് സെൽഫിയെടുത്ത് ആളുകളെ ഭീഷണിപ്പെടുത്തി കറങ്ങി നടന്നിരുന്ന നായ്ക്കളെ ഓടിച്ച് പിടിച്ച് വലയിലാക്കി പേ വിഷക്കുള്ളതും ത്വഗ് രോഗങ്ങൾക്കുള്ളതുമായ പ്രതിരോധ കുത്തിവെപ്പുകൾ ചന്തിക്കിട്ട് കാച്ചി. വേദനകൊണ്ട് നായ്ക്കൾ മോങ്ങി. പക്ഷേ അധികൃതർ വിട്ടില്ല. കുറെയെണ്ണത്തിനെ പിടികൂടി കുത്തിവെച്ചാണ് സംഘം ഇന്നലെ മടങ്ങിയത്. സൂചി തുളച്ചു കയറിയപ്പോൾ പൊലീസുകാരെ ഇനി മേലിൽ കടിക്കില്ലെന്ന് ദയനീയമായി നായ്ക്കൾ പറഞ്ഞിട്ടുണ്ടാവണം. പക്ഷേ, ഇനി കരഞ്ഞിട്ടെന്ത് കാര്യം. സാധാരണ മനുഷ്യരെ കടിക്കുന്നതുപോലെ പൊലീസുകാരെ കടിക്കാൻ പാടില്ലെന്ന് അവർക്കിടയിൽ ഒരു ബോധവത്കരണം നടത്താൻ ആരെങ്കിലും വേണ്ടി വരും. എന്തായാലും കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് നായ്ക്കളെ വലയിൽ നിന്ന് മോചിപ്പിച്ചത്.


മാസങ്ങളായി മലപ്പുറം നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് തെരുവ് ഭരിച്ചിരുന്ന നായ്ക്കൾ നാട്ടുകാർക്ക് വലിയ ഭീഷണിയായിരുന്നു. ടൗൺഹാളിെൻറ മുറ്റത്തും കോട്ടക്കുന്നിേലക്കുള്ള വഴിയിലും പ്രസ്ക്ലബ് വരാന്തയിലും മാർക്കറ്റിലെ ഇടുങ്ങിയ വഴികളിലും സഹകരണ ആശുപത്രി റോഡിലുമൊക്കെ ഗുണ്ടാ സംഘത്തെ പോലെ നായ്ക്കളുടെ പട തന്നെയുണ്ടായിരുന്നു. ലോക്ക്ഡൗൺ അവരുടെ സ്വൈര്യ വിഹാരത്തിന് നല്ല തണലേകി. ആളും വാഹനങ്ങളുമൊഴിഞ്ഞ നിരത്തുകൾ അവ അടക്കി ഭരിച്ചു.


നായ്ക്കൾക്ക് കോവിഡില്ലാത്തിനാൽ സാമൂഹിക അകലമൊന്നും വേണ്ടല്ലോ. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ പതിയെ ആളും അനക്കവും വന്നു. നിരത്തുകളിലെ തങ്ങളുടെ സാമ്രാജ്യത്തിന് ഇളക്കം തട്ടുന്നതായി നായ്ക്കൾക്ക് തോന്നി. അവർ പ്രതികരിക്കാൻ തുടങ്ങി. ഇടക്കിടെ വയലന്‍റാവലും അത്യാവശ്യം ഉപദ്രവമേൽപ്പിക്കലും പതിവു കലാപരിപാടികളായി. നിത്യേനയെന്നോണം ആളുകൾക്ക് കടി കിട്ടി തുടങ്ങി. പത്രങ്ങളിൽ ചിത്രസഹിതം നിരവധി തവണ വാർത്തകൾ വന്നു. കോട്ടക്കുന്നിലേക്കുള്ള വഴിയിൽ വാഹനം പാർക്ക് ചെയ്യുന്നവരും കോട്ടക്കുന്ന് സന്ദർശിച്ച് മടങ്ങുന്നവരുമൊക്കെ പലവട്ടം ആക്രമണങ്ങൾക്ക് ഇരകളായി.


നായ്ക്കളുടെ ശല്യം കാരണം വഴി നടക്കാൻ പോലും ആളുകൾ ഭയന്നു. അധികൃതർ കുലുങ്ങിയില്ല. നാട്ടുകാർക്ക് കടി കിട്ടേണ്ടതാണെന്ന മനോഭാവമായിരുന്നു അവർക്ക്. എന്നാൽ നായ്ക്കൾ കടിച്ച് കടിച്ച് പൊലീസുകാരുടെ ദേഹത്തു കയറി കടിച്ചതോടെയാണ് സംഗതി സീൻ കോൺട്രയായത്. ഏതായാലും നടന്നതു നടന്നു. സംഗതി കളറായി. ഏതാനും നായ്ക്കൾക്കെങ്കിലും നല്ല മുട്ടൻ പണി കിട്ടി. കുറച്ചു ദിവസത്തേെക്കങ്കിലും ഇതുകൊണ്ട് ആശ്വാസമുണ്ടായാൽ അത്രയുമായി. ഇനി എന്തരോ എന്തോ. ശേഷം ഭാഗം തെരുവിൽ കാണാം.

Tags:    
News Summary - The street dogs in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.