കാനത്തി​െൻറ കാലിടറുന്ന കൊല്ലം

കീഴ്ഘടകത്തിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങാൻ കാനം രാജേന്ദ്രൻ എന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറിക്ക് കാലാവധി അവസാനിക്കുവോളം ഇനിയും സമയമുണ്ട്. മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന പാർട്ടി എന്ന വിശേഷണമുള്ള കമ്യൂണിസ്റ്റ് പാർട്ടികളിലൊന്നാണ് സി.പി.െഎയെങ്കിലും കീഴ്ഘടകമായ ജില്ല കൗൺസിലിൽ നിന്ന് തുടരെത്തുടരെ അടിയോ അതോ ഇടിയോ വാങ്ങിക്കൂട്ടാനാണ് സംസ്ഥാന നേതൃത്വത്തിെൻറ വിധി.

കേരളത്തിൽ അരിവാൾ െനൽക്കതിർ ചിഹ്നം കാണാനാവുന്ന, സി.പി.െഎക്കൊടി ഉയരെപ്പറക്കുന്ന പ്രധാന ജില്ലകളിലൊന്നായ കൊല്ലത്താണ് ഇൗ സംസ്ഥാന-ജില്ല അടി നടക്കുന്നത് എന്നതാണ് ഏറെ വിചിത്രം. അതിെൻറ ഏറ്റവും ഒടുവിലത്തെ എപ്പിസോഡുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന ജില്ല എക്സിക്യൂട്ടീവ്, ജില്ല കൗൺസിലുകളിലുണ്ടായത്.

പാർട്ടിയിലെ കാനം- കെ.ഇ. ഇസ്മായിൽ ഗ്രൂപ്പു പോരാണ് കഴിഞ്ഞ ജില്ല തെരഞ്ഞെടുപ്പ്​ മുതൽ തുടരുന്ന ഇൗ സംസ്ഥാന - ജില്ല ഏറ്റുമുട്ടലിെൻറ കാരണവും. ജില്ല അസി. സെക്രട്ടറി പി.എസ്. സുപാലിനും സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനുമെതിരായ അച്ചടക്ക നടപടി റിപ്പോർട്ടു ചെയ്യാനാണ് അസി. സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു,സത്യൻ മൊകേരി എന്നിവരോടൊപ്പം കാനം യോഗത്തിനെത്തിയത്.

ഒരേ കുറ്റം ചെയ്ത സുപാലിന് സസ്പെൻഷനും രാജേന്ദ്രന്​ ശാസനയുമായിരുന്നു സംസ്ഥാന നേതൃത്വം വിധിച്ചിരുന്നത്. എന്നാൽ, മേൽഘടകത്തിെൻറ തീരുമാനത്തിനെതിരായി അതിരൂക്ഷമായ വിമശനമാണ് ജില്ല യോഗങ്ങളിൽ കാനത്തിന് കേൾക്കേണ്ടി വന്നത്. ഒടുവിൽ അച്ചടക്ക നടപടി ഉൾക്കൊണ്ട സുപാലിെൻറ 'അച്ചടക്കത്തെ' പ്രശംസിച്ചാണ് അദ്ദേഹം കൊല്ലം വിട്ടതും.

ഒമ്പതുമാസം മുമ്പ് കൊട്ടാരക്കരയിൽ ചേർന്ന ജില്ല എക്സിക്യുട്ടീവ് യോഗത്തിൽ പി. എസ്. സുപാലും ആർ. രാജേന്ദ്രനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനുള്ള ശിക്ഷാനടപടിയായിട്ടാണ് സുപാലിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ്​ ചെയ്യാനും രാജേന്ദ്രനെ ശാസിക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഒരേ കുറ്റം ചെയ്ത രണ്ടുപേരിൽ ഒരാൾക്ക് പരമാവധി ശിക്ഷയും മറ്റൊരാൾക്ക് ലഘുശിക്ഷയും എന്ന ഇരട്ട നീതി യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടു.

യോഗത്തിൽ പ​ങ്കെടുത്ത ബഹുഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനത്തെ വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതും ജില്ലയിൽ പാർട്ടിക്ക് ഏറെ ശക്തിയുള്ള കിഴക്കൻ മേഖലയിൽ സ്വാധീനമുള്ള പി.എസ്. സുപാലിനെതിരെ എടുത്ത നടപടിയുടെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടതിനൊപ്പം പാർട്ടി യോഗത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് 'ക്യാപ്പിറ്റൽ പണിഷ്മെൻറ്' നൽകുന്ന തീരുമാനത്തിലെ അനീതിയും ചൂണ്ടിക്കാട്ടപ്പെട്ടു.

സി.പി.െഎയുടെ പുനലൂർ എം.എൽ.എയായിരുന്ന അന്തരിച്ച, പി.കെ.ശ്രീനിവാസ​െൻറ മകൻ കൂടിയാണ് സുപാൽ. സത്യത്തിൽ, ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നതിലുപരി സി.പി.െഎയിലെ കാനം -ഇസ്മായിൽ ഗ്രൂപ്പു പോരിെൻറ ഇരയായി മാറുകയായിരുന്നു സുപാൽ. കഴിഞ്ഞ ജില്ല സമ്മേളനത്തിനു ശേഷം മുൻ എം.എൽ.എകൂടിയായ എൻ. അനിരുദ്ധനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എന്നാൽ,ദേശീയ കൗൺസിൽ അംഗത്വവും പ്രായവും ചൂണ്ടിക്കാട്ടി, അദ്ദേഹത്തെ മാറ്റണമെന്ന് നിർദേശിച്ച സംസ്ഥാന നേതൃത്വം ആർ. രാേജന്ദ്രനെ മുന്നോട്ടു വക്കുകയും ചെയ്തു.

എന്നാൽ, ജില്ല കൗൺസിൽ ഇൗ നിർദ്ദേശം നിരാകരിച്ചു. തുടർന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരന് ചുമതല നൽകേണ്ടി വന്നു .അനാരോഗ്യം മൂലം അദ്ദേഹം ഒഴിഞ്ഞതോടെ മുൻ ജില്ല സെക്രട്ടറികൂടിയായ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹനാണ് ഇപ്പോൾ ചുമതല വഹിക്കുന്നത്. ചുരുക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ല സെക്രട്ടറിയെ മാറ്റിയ സംസ്ഥാന നേതൃത്വത്തിന് പുതിയ ഒരാളെ ജില്ല കൗൺസിലിനെക്കൊണ്ട് തെരഞ്ഞെടുപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അതിനു ശേഷം ജില്ല അസി.സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച രണ്ടു പേരെയും ജില്ല കൗൺസിൽ തോൽപ്പിച്ചു. പകരം തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു ഇപ്പോൾ അച്ചടക്ക നടപടിക്ക് വിധേയനായ സുപാൽ.

അന്ന് സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് ജയിച്ച സുപാലിന് സംസ്ഥാന നേതൃത്വം ഒരുക്കിവച്ചിരുന്ന ശിക്ഷയായിരുന്നു ഇപ്പോഴത്തെ സസ്പെൻഷൻ. എന്നാൽ അത് റിപ്പോർട്ടു ചെയ്യപ്പെട്ട യോഗത്തിലും ഫലത്തിൽ സംസ്ഥാന ഘടകം 'പരാജയപ്പെട്ടു'വെന്നു വേണം പറയാൻ. അതിെൻറ പ്രതിഫലനമായിരുന്നു ചർച്ചക്കൊടുവിലെ കാനത്തിെൻറ പ്രസംഗം.

അതിൽ അച്ചടക്ക നടപടി ഉൾക്കൊണ്ട് പ്രവർത്തിച്ച സുപാലിനെ ഉത്തമ കമ്യൂണിസ്റ്റായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒപ്പം നടപടിയെ എതിർക്കുന്ന സഖാക്കൾ സൂപാലിെൻറ മാതൃക പിന്തുടരണമെന്ന ഉപദേശവും നൽകി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.