ബദിയടുക്ക: തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിച്ച നൂറുകണക്കിനാളുകള്‍ക്ക് സ്വന്തം ചെലവിൽ വീട് നിർമിച്ചും സമൂഹ വിവാഹം നടത്തിയും കാരുണ്യത്തിന്റെ വിളക്കായ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ട് (84) വിടവാങ്ങി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. മരണത്തിന്റെ തലേദിവസവും പാവപ്പെട്ട കുടുംബത്തിനു വീട് വെക്കുന്നതിനുള്ള സഹായം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. സ്വന്തം വരുമാനത്തില്‍നിന്ന് മൂന്നൂറോളം പേര്‍ക്ക് വീട് നിർമിച്ചുനല്‍കി. മക്കളുടെ വരുമാനവും അന്യർക്കായി നീക്കിവെച്ചു. നിരവധി നിർധന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത അദ്ദേഹം, കുടിവെള്ള പദ്ധതികൾ ആവിഷ്കരിച്ചും തൊഴിലില്ലാത്തവര്‍ക്ക് ഓട്ടോറിക്ഷകള്‍, തയ്യല്‍ മെഷീനുകള്‍ തുടങ്ങിയ സഹായങ്ങൾ ചെയ്തുകൊടുത്തും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി. ഭട്ടിന്റെ പ്രവർത്തനങ്ങൾ മാനിച്ച് സിവിലിയൻ ബഹുമതി നൽകണമെന്ന് പൊതുസമൂഹത്തിൽ ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ സംസ്ഥാന സർക്കാർ പത്മശ്രീക്ക് ശിപാർശയും ചെയ്തു.
കാശിക്ക് പോകാനായി കരുതിവെച്ച തുക വീട് നിർമാണത്തിന് സഹായം തേടിയെത്തിയ ഒരാള്‍ക്ക് നല്കി തുടങ്ങിയതാണ് കാരുണ്യ പ്രവർത്തനം. മെഡിക്കല്‍ ക്യാമ്പുകളും മറ്റു സന്നദ്ധ പ്രവർത്തനങ്ങളും ജനങ്ങൾക്കായി സ്വന്തം നിലയിൽ സംഘടിപ്പിച്ചുവന്നിരുന്നു. ഭാര്യ: സുബ്ബമ്മ. മക്കള്‍: കെ.എന്‍. കൃഷ്ണഭട്ട് (ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, നിലവില്‍ പഞ്ചായത്ത് അംഗം), ശ്യാമള. മരുമക്കള്‍: ഷീല കെ. ഭട്ട്, ഈശ്വര ഭട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.