കടലുണ്ടി: കോവിഡ് ബാധിച്ച് തൊട്ടടുത്ത ദിവസങ്ങളിലായി കടലുണ്ടിയിൽ രണ്ട് മരണം. രണ്ട് പേരും സ്ത്രീകളും സാധാരണയായി പുറത്ത് പോകാത്തവരുമാണ്. ചാലിയം ബീച്ച് റോഡ് സീദ്ദീഖ് പള്ളിക്ക് പടിഞ്ഞാറ് വശം പടിഞ്ഞാറെ ത്തൊടി അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (55) തിങ്കളാഴ്ച രാത്രിയും മണ്ണൂർ കിഴക്കുമ്പാട്കുന്നത്ത് തറയിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ സുഹറ (85) ഞായറാഴ്ചയുമാണ് മരിച്ചത്.ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരു വശം തളർന്ന് കിടപ്പിലായിരുന്ന വയോധികയായ സുഹറക്ക് വീട്ടിൽ വന്ന ആരെങ്കിലും നിന്നാകാം രോഗം കിട്ടിയത് എന്നാണ് അനുമാനം. ഇവരോടൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളൊക്കെ നെഗറ്റിവായിരുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിൽ പെട്ട നഫീസ ഹൃദ്രോഗ ചികിത്സയിലിരിക്കേയാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.ഇവരുടെ കുടുംബത്തിൽ പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുറത്ത് പോകുമ്പോൾ മാത്രമല്ല വീടകങ്ങിലും ജാഗ്രത നിർബന്ധമാണെന്നാണ് മരണങ്ങൾ നൽകുന്ന പാഠം. രണ്ട് പേരെയും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ഖബറടക്കിയത്. കടലുണ്ടിയിലെ തീരമേഖലയിൽ നിരവധി പോസിറ്റിവ് കേസുകളുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലെ രണ്ട് മരണങ്ങൾ നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. മണ്ണൂർ സ്വദേശിയായ 53 കാരൻ മെയ് അവസാനത്തിൽ സൗദിയിലെ ജുബൈലിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.