കോഴിക്കോട്: പ്രശസ്ത ഹാം റേഡിയോ പ്രവർത്തകനും സന്നദ്ധ പ്രവർത്തകനുമായ അഷ്റഫ് കാപ്പാട് (48) റോഡിൽ കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഒാടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എരഞ്ഞിപ്പാലം ബൈപാസിൽ സരോവരത്തിന് സമീപം വാഹനം നിർത്തി റോഡരികിൽ കിടക്കുകയായിരുന്നു. ആംബുലൻസ് സ്റ്റാൻഡിന് മുന്നിലായിരുന്നു കിടന്നതെങ്കിലും കോവിഡ് കാലമായതിനാൽ ആളുകൾ ചുറ്റും കൂടിയതല്ലാതെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല. അതുവഴി വന്ന കാപ്പാട് സദേശികളാണ് ആംബുലൻസ് വിളിച്ച്് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് കാലത്ത്് രോഗികൾക്ക് മരുന്ന് എത്തിക്കുന്നതുൾപ്പെടെയുള്ള സന്നദ്ധ സേവനങ്ങൾക്കിടെയാണ് അഷ്റഫ് റോഡിൽ തളർന്നുകിടന്ന് മരിച്ചത്. മാവൂർ റോഡിലെ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് ശേഖരിച്ച് രോഗികൾക്ക് എത്തിക്കാൻ പോവുന്നതിനിടെയാണ് തളർന്നുവീണതെന്ന് ബന്ധുവായ സാദിഖ് പറഞ്ഞു. ഹാം റേഡിയോ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ സന്നദ്ധപ്രവർത്തകനാണ് അഷ്റഫ്. സിവിൽ ഡിഫൻസിെൻറ അംഗീകൃത വളണ്ടിയർ കൂടിയാണ്. മലബാർ അേമച്വർ റേഡിയോ സൊസൈറ്റി അംഗമാണ്. കവളപ്പാറ ദുരന്തത്തിലുൾപെടെ അഷ്റഫ് ഹാം റേഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നിരവധി പേരുടെ ജീവൻ രക്ഷിക്കാനായിരുന്നു. കടലുണ്ടി ട്രെയിൻ ദുരന്തത്തിലും ഹാം റേഡിയോ ഉപയോഗിച്ച് അഷ്റഫ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ചേമഞ്ചേരി പരേതനായ ചെറുവളത്ത് മൂസയുടെയും അറാബിത്താഴത്ത് കുട്ടിബിയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: യാസീൻ മാലിക്, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.