മാനന്തവാടി: കുന്നിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മാനന്തവാടി ചോയിമൂല കയ്യേറ്റഭൂമിയിൽ താമസക്കാരനായ തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനിയിലെ എ.കെ. മണി (35) ആണ് മരിച്ചത്. കണിയാരം ആലക്കണ്ടി പ്രമോദ് (46) പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൺതിട്ട ഇടിച്ചുനിരത്തി കാനകീറി കോൺക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിനിടെ മുപ്പതടിയോളം പൊക്കത്തിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു. മണി പൂർണമായും മണ്ണിനടിയിൽ അമർന്നു പോയി. പ്രമോദിന്റെ കഴുത്തിനൊപ്പം മാത്രം മണ്ണ് ഉണ്ടായതിനാൽ രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന യൂനിറ്റും നാട്ടുകാരും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പതിനഞ്ച് മിനിറ്റിലധികം സമയമെടുത്താണ് ഇരുവരെയും പുറത്തെടുത്തത്. മണി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അനുമതി ഇല്ലാതെയാണ് പ്രവൃത്തി നടന്നിരുന്നതെന്ന് സ്ഥലം സന്ദർശിച്ച റവന്യു, പൊലീസ് അധികൃതർ വ്യക്തമാക്കി. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അപ്പപ്പാറ കോളനിയിൽ സംസ്കരിച്ചു. മിനിയാണ് മണിയുടെ ഭാര്യ. മക്കൾ: നിത്യ, മിഥുൻ, മിഥുലേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.