നീലേശ്വരം: പരപ്പ ഇടത്തോട് കോളിയാറിലെ കരിങ്കൽ ക്വാറിയിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ക്വാറി തൊഴിലാളി പാൽകുളം കത്തതൊണ്ടിയിലെ പി. രമേശനാണ് (47) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തൊഴിലാളികളായ പനയാർകുന്നിലെ പ്രഭാകരൻ (46), കോളിയാറിലെ സുമ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറമടയിലെ കുഴിയിൽ വെടിമരുന്ന് നിറക്കുന്നതിനിടെ ഇടിമിന്നലിൽ വലിയ ശബ്ദത്തോടെ പാറ പൊട്ടിത്തെറിക്കുകയായിരുന്നു. കല്ലുകൾ ദേഹത്ത് പതിച്ചാണ് തൊഴിലാളി മരിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് രമേശനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തുംമുമ്പേ മരിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി സ്ഥലം സന്ദർശിച്ചു. അമ്പലത്തറ എസ്.ഐ ദാമോദരെൻറ നേതൃത്വത്തിൽ പൊലീസും സംഭവസ്ഥലത്തെത്തി. പി.പി. കുഞ്ഞിരാമൻ നായർ -സരസ്വതി ദമ്പതികളുടെ മകനാണ് രമേശൻ. ഭാര്യ: ഷീജ. മക്കൾ: ശിവനന്ദന, ഋതുനന്ദന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സോമൻ (പനങ്ങാട്), വേണു (ബസ് ഡ്രൈവർ), ഗീത, രാധ, പരേതനായ നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.