സര്‍ക്കാറും കെ.പി.സി.സിയും കൂടുതല്‍ അകല്‍ച്ചയിലേക്ക്

തിരുവനന്തപുരം: മദ്യനയത്തിൽ പ്രായോഗികമാറ്റം വരുത്താൻ മന്ത്രിസഭായോഗവും തീരുമാനിച്ചതോടെ സ൪ക്കാറും കെ.പി.സി.സിയും കൂടുതൽ അകൽച്ചയിലേക്ക്. വി.എം. സുധീരൻെറ ചെറുത്തുനിൽപ് മാനിക്കാതെ നയത്തിൽ മാറ്റംവരുത്താൻ യു.ഡി.എഫ് യോഗം തീരുമാനിച്ചതിനുപിന്നാലെയാണ് മന്ത്രിസഭാതീരുമാനം. മദ്യലോബിയുടെ ആദ്യഘട്ട വിജയമെന്ന് കരുതാവുന്ന, മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങളുടെ വിശദാംശങ്ങൾക്ക് വ്യാഴാഴ്ചയിലെ മന്ത്രിസഭാ തീരുമാനത്തോടെ വ്യക്തതവന്ന സാഹചര്യത്തിൽ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കേണ്ട സാഹചര്യമാണ് കെ.പി.സി.സി.സി പ്രസിഡൻറിൽ വന്നുചേ൪ന്നിരിക്കുന്നത്. വ്യാഴാഴ്ച പ്രതികരണത്തിന് തയാറായില്ളെങ്കിലും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ തന്നെയാണ് സുധീരൻ ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ കെ.പി.സി.സി പ്രസിഡൻറിനെ തള്ളി സ൪ക്കാ൪ നിലപാടിനെ പിന്തുണക്കാനുള്ള തയാറെടുപ്പ് ചില കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുമുണ്ട്.
യു.ഡി.എഫ് യോഗത്തിൽ കെ. പി.സി.സി പ്രസിഡൻറ് പ്രകടിപ്പിച്ച എതി൪പ്പ് തള്ളിയാണ് മദ്യനയത്തിൽ പ്രായോഗികമാറ്റം വരുത്താൻ തീരുമാനമുണ്ടായത്. യോഗത്തിന് മുമ്പ്, മദ്യനയത്തിൽ അഭിപ്രായസമന്വയമുണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ പ്രത്യേകയോഗം ചേ൪ന്നിരുന്നെങ്കിലും വിട്ടുവീഴ്ചക്ക് സുധീരൻ തയാറായില്ല. ഈ യോഗത്തിലും തൊട്ടുപിന്നാലെ ചേ൪ന്ന മുന്നണിയോഗത്തിലും നയത്തിൽ മാറ്റംവരുത്തുന്നതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്നുവരെ ഒരു കെ.പി.സി.സി പ്രസിഡൻറും കാട്ടാത്ത ഭിന്നാഭിപ്രായമാണ് യു.ഡി.എഫ് യോഗത്തിൽ അദ്ദേഹം പ്രകടിപ്പിച്ചത്. അത് മാനിക്കാതെയുള്ള തീരുമാനമാണ് യു.ഡി.എഫ് യോഗത്തിലും മന്ത്രിസഭായോഗത്തിലും കൈക്കൊണ്ടതെന്ന് സുധീരനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മദ്യനയം സംബന്ധിച്ച് ആഗസ്റ്റിൽ തീരുമാനമെടുത്തശേഷം പാ൪ട്ടിയും സ൪ക്കാറും തമ്മിലെ ബന്ധം ഊഷ്മളമല്ല. ഭരണപരമായ കാര്യങ്ങളൊന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ കെ.പി.സി.സി പ്രസിഡൻറുമായി കൂടിയാലോചിക്കാറില്ല. പലതും മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയുന്നത്.  മദ്യനയത്തിൻെറ പേരിൽ സ൪ക്കാറിനെ പിന്തുണച്ചവരെകൂടി എതി൪ചേരിയിൽ എത്തിക്കുന്നതാകും പുതിയ തീരുമാനം. അതേസമയം, മദ്യനയം പ്രഖ്യാപിച്ചപ്പോൾ ബിയ൪-വൈൻ പാ൪ലറുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ളെന്നും നയത്തിൽനിന്നുള്ള പിന്നോട്ടുപോക്കല്ളെന്നും സ൪ക്കാ൪ വൃത്തങ്ങൾ അവകാശപ്പെടുന്നു. ഞായറാഴ്ച ഡ്രൈഡേ പ്രഖ്യാപിച്ചതിലൂടെ ഉദ്ദേശിച്ച ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പുന$പരിശോധനയെന്നും പറയുന്നു. നയം കാര്യക്ഷമമായി നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്നും അവകാശപ്പെടുന്നു.
നയംമാറ്റത്തോടുള്ള വിയോജിപ്പ് മുസ്ലിംലീഗ് നേതൃത്വം മന്ത്രിസഭായോഗത്തിലും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ എതി൪പ്പിലെ ആത്മാ൪ഥത സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്. എതി൪ത്തെന്ന് വരുത്തിത്തീ൪ത്ത് അണികൾക്കുമുന്നിൽ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് നടത്തിയതെന്ന സംശയമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.