മലനിരകൾ കീഴടക്കാം, കരിയറാക്കാം: ഇതാ മൗണ്ടനീയറിങ് കോഴ്സ്

സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഹിമാലയൻ കൊടുമുടികൾ സ്വപ്നം കാണുന്നവർക്കും ഔദ്യോഗികമായി മലകയറ്റം പഠിക്കാനും കോഴ്സുണ്ട് എന്നറിയുക. കേവലം വിനോദത്തിനപ്പുറം, കഠിനമായ ശാരീരികക്ഷമതയും മാനസിക കരുത്തും സാങ്കേതിക തികവും ആവശ്യപ്പെടുന്ന പ്രഫഷണൽ കരിയറിലേക്ക് എത്താൻ ബേസിക് മൗണ്ടനീയറിങ് കോഴ്സ് (ബി.എം.സി) പൂർത്തിയാക്കണം.

18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഈ കോഴ്സ്, ഹിമാലയൻ മലനിരകളിലെ സാഹസിക യാത്രകൾക്കും പര്യവേഷണങ്ങൾക്കും ആവശ്യമായ അടിസ്ഥാന യോഗ്യതയാണ്.

റോക്ക് ക്രാഫ്റ്റ് (പാറകയറ്റം), ഐസ് ക്രാഫ്റ്റ് (മഞ്ഞിൽ കയറ്റം), കയർ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾ, മഞ്ഞുമലയിലൂടെയുള്ള യാത്ര, വനത്തിലെ അതിജീവനം, പരിസ്ഥിതി അവബോധം, പര്യവേഷണ ആസൂത്രണം, മാപ്പ് റീഡിങ്, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിലാണ് 26 മുതൽ 28 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിൽ പരിശീലനം നൽകുന്നത്.

ഉത്തർകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഐ.എം), ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് (എച്ച്.എം.ഐ), മണാലിയിലെ എ.ബി.വി.ഐ.എം.എ.എസ്, അരുണാചലിലെ നിമാസ്, ജമ്മു- കശ്മീരിലെ ജെ.ഐ.എം ആൻഡ് ഡബ്ല്യൂ.എസ് എന്നിവയാണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ. ഇവിടെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ട്രെക്കിങ് ഗൈഡ്, മൗണ്ടനീയറിങ് ഇൻസ്ട്രക്ടർ, ഹൈ-ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ വളന്റിയർ തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങളുണ്ട്.

നിലവിൽ ഡാർജിലിങ്ങിലെ എച്ച്.എം.ഐയിൽ 2026 സെപ്റ്റംബറിൽ ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷിക്കാം (ഫീസ്: 27,282). അരുണാചലിലെ നിമാസിൽ 2026 ഏപ്രിലിലെ ബാച്ചിലേക്ക് സീറ്റുകൾ ലഭ്യമാണ് (ഫീസ്: 29,800). ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന ക്രമത്തിലാണ് പ്രവേശനം.

15-18 കിലോ ഭാരവുമായി 15 കിലോമീറ്റർ ട്രെക്കിങ് ഉൾപ്പെടെയുള്ള ശാരീരികക്ഷമതാ പരിശോധനകൾ പാസാകേണ്ടതുണ്ട് എന്നതിനാൽ മൂന്ന് മാസം മുമ്പേ തയാറെടുപ്പുകൾ തുടങ്ങണം.

ബി.എം.സി പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് മൗണ്ടനീയറിങ് കോഴ്സ് (എ.എം.സി), തിരച്ചിൽ-രക്ഷാപ്രവർത്തന കോഴ്സ് (എസ്.എ.ആർ), മെത്തേഡ് ഓഫ് ഇൻസ്ട്രക്ഷൻ (എം.ഒ.ഐ) തുടങ്ങിയ ഉന്നത പരിശീലനങ്ങളിലേക്ക് പോകാനും അന്താരാഷ്ട്രതല പര്യവേഷണങ്ങളിലും സാഹസിക കേന്ദ്രങ്ങളിലും അവസരങ്ങൾ നേടാനും സാധിക്കും.

വ്യക്തിത്വ വികസനത്തിനും നേതൃഗുണം വളർത്തുന്നതിനും ബി.എം.സി വലിയ സഹായമാണ്. എൻ.സി.സി, എൻ.വൈ.കെ.എസ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്കും സാഹസിക ടൂറിസത്തിൽ താൽപര്യമുള്ളവർക്കും ഈ സർട്ടിഫിക്കറ്റ് കരിയറിൽ വലിയ മുതൽക്കൂട്ടാകും.

ഹിമാലയത്തിന്റെ വിളി കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ ഈ ചുവടുവെപ്പ് നടത്താം.

Tags:    
News Summary - Conquer the mountains and make it a career: Here's a mountaineering course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.