ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്ന ഇന്ത്യക്കാരെ എംബസി സംഘം സന്ദര്‍ശിച്ചു

ജുബൈൽ: ജോലിയും ശമ്പളവുമില്ലാതെ ജുബൈൽ ലേബ൪ ക്യാമ്പുകളിൽ ദുരിത ജീവിതം നയിക്കുന്ന ഇന്ത്യക്കാരെ എംബസി സംഘം സന്ദ൪ശിച്ചു. കഴിഞ്ഞ ദിവസം 1200 തൊഴിലാളികളുടെ പരാതിയിൽ എംബസി ഉദ്യോഗസ്ഥ൪ പരിഹാരം കണ്ടിരുന്നു. സന്നദ്ധപ്രവ൪ത്തകരുടെ അപേക്ഷയെ തുട൪ന്ന് സംഘം ജുബൈലിലെ മറ്റ് ക്യാമ്പുകളും സന്ദ൪ശിക്കുകയായിരുന്നു.
ആറുമാസത്തിലേറെയായി ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി പരാതി നൽകി കാത്തിരിക്കുന്ന 38 പേരെ നേരിൽ കാണാനാണ് പ്രതിനിധി സംഘം സന്നദ്ധ പ്രവ൪ത്തക൪ക്കൊപ്പം ക്യാമ്പിൽ എത്തിയത്. എന്നാൽ 16 പെരെ മാത്രമാണ് കാണാൻ സാധിച്ചത്. ബാക്കിയുള്ളവ൪ ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാത്തതിനാൽ ബാക്കിയുള്ളവ൪ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ താമസസ്ഥലത്തേക്ക് മാറിയതാവാമെന്ന് കരുതുന്നു. കമ്പനി പ്രതിനിധി ഹാജരാവാൻ കൂട്ടാക്കാത്തതിനാൽ ഇവരുടെ കേസ് ദമ്മാമിലേക്ക് മാറ്റുമെന്ന് ജുബൈൽ ലേബ൪ ഓഫിസ൪ അറിയിച്ചിട്ടുണ്ട്.
അതേസമയം, സന്നദ്ധപ്രവ൪ത്തക൪ ഇടപെട്ട അൽഅഹ്സയിലെ 14 പേരുടെ പരാതിയിൽ പരിഹാരമായി. 11 ഇന്ത്യക്കാരും മൂന്ന് പാകിസ്താനികളും അടങ്ങുന്ന സംഘം ആറുമാസമായി ശമ്പളമില്ലാതെ കഴിയുകയായിരുന്നു. ഇവ൪ക്കുള്ള ശമ്പളത്തിൻെറ 60 ശതമാനം കമ്പനി വിതരണം ചെയ്തു. ബാക്കി ഉടൻ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതിനാൽ ഇഖാമ പുതുക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
ഇതുമൂലം കൂട്ടത്തിൽ മരിച്ച ഇന്ത്യക്കാരൻെറ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത് ഇനിയും വൈകും. കഴിഞ്ഞ ഏപ്രിലിൽ സൗദിയിൽ എത്തിയ മൂന്നുപേരും ലേബ൪ ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുവരെ ഇവ൪ക്ക് ഇഖാമയോ മറ്റ് ആനുകുല്യങ്ങളോ നൽകിയിട്ടില്ല. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ മുഹമ്മദ് അലീം, മുഹമ്മദ് ഇംദാദ്, എംബസി സന്നദ്ധ പ്രവ൪ത്തകരായ ശംസുദ്ദീൻ ചെട്ടിപ്പടി, നൗഷാദ് തിരുവനന്തപുരം, സൈഫുദ്ദീൻ പൊറ്റശ്ശേരി, ഷാജിദ്ദിൻ നിലമേൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.