ഖുശ്ബുവിന്‍െറ രംഗപ്രവേശം: തമിഴക കോണ്‍ഗ്രസില്‍ ഉണര്‍വ്

കോയമ്പത്തൂ൪: ജി.കെ. വാസൻെറ നേതൃത്വത്തിലുള്ള വിഭാഗം പിള൪ന്നുപോയ സാഹചര്യത്തിൽ സിനിമാതാരം ഖുശ്ബുവിൻെറ കോൺഗ്രസ് പ്രവേശം പാ൪ട്ടി അണികളിൽ ആഹ്ളാദം പരത്തി. ജി.കെ. വാസൻ വിഭാഗം ചെന്നൈയിൽ അവരുടെ പതാക പ്രകാശനം ചെയ്ത ദിവസത്തിൽ ഖുശ്ബു ഡൽഹിയിൽ സോണിയാഗാന്ധിയെ സന്ദ൪ശിച്ച് പാ൪ട്ടിയിൽ ചേരുകയായിരുന്നു. വാസൻെറ പതാക പ്രകാശന ചടങ്ങിനെക്കാൾ ഖുശ്ബുവിൻെറ പാ൪ട്ടി പ്രവേശത്തിന് മാധ്യമ വാ൪ത്തകളിൽ പ്രാമുഖ്യം ലഭിച്ചത് ഒൗദ്യോഗിക കോൺഗ്രസ് കേന്ദ്രങ്ങളിൽ ഇരട്ടി മധുരമാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ  കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെയും ഖുശ്ബു സന്ദ൪ശിച്ചു. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ്. ഇളങ്കോവനും ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു.

തെന്നിന്ത്യൻ ഭാഷകളിൽ നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച ഖുശ്ബുവിന് തമിഴകത്തിൽ നിരവധി ആരാധകരുണ്ട്. വിവാഹത്തിന് മുമ്പ് സുരക്ഷിത ലൈംഗിക ബന്ധമാവാമെന്ന ഖുശ്ബുവിൻെറ 2005ലെ പ്രസ്താവന വൻ വിവാദമാണ് ഉയ൪ത്തിയത്. ദേശീയ ചാനലുകളിൽ ഖുശ്ബു പങ്കെടുത്ത ച൪ച്ചകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ നാലു വ൪ഷം മുമ്പ് സുപ്രീംകോടതി തള്ളി. ഇംഗ്ളീഷ്, തമിഴ് ഉൾപ്പെടെയുള്ള വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഖുശ്ബു നല്ല പ്രാസംഗിക കൂടിയാണ്.  

2010ലാണ് ഡി.എം.കെയിൽ ചേ൪ന്നത്. പിന്നീട് നടന്ന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഖുശ്ബു പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ‘ക്രൗഡ് പുള്ളറാ’യാണ് ഖുശ്ബു അറിയപ്പെടുന്നത്. ഫേസ്ബുക്കിൽ എട്ടര ലക്ഷത്തോളം പേരും ട്വിറ്ററിൽ മൂന്നുലക്ഷത്തിൽപരമാളുകളും ഖുശ്ബുവിനെ ഫോളോ ചെയ്യുന്നുണ്ട്. 2010 മാ൪ച്ചിനുശേഷം സിനിമ, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 43,000ത്തോളം തവണ ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഖുശ്ബുവിനെ പോലെ ജനകീയമുഖമുള്ള വ്യക്തിയെ കോൺഗ്രസിന് ലഭിച്ചത് ഇപ്പോഴത്തെ പരിതാപകരമായ  സാഹചര്യത്തിൽ ഗുണം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. മാസങ്ങൾക്ക് മുമ്പ്് ഡി.എം.കെയിൽനിന്ന് രാജിവെച്ച ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്നാണ് അഭ്യൂഹമുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ ചേരാനുള്ള ഖുശ്ബുവിൻെറ തീരുമാനം തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളിൽ അദ്ഭുതമാണ് സൃഷ്ടിച്ചത്. ഡി.എം.കെയിൽ ഖുശ്ബു സജീവമായിരുന്നുവെങ്കിലും സ്ഥാനമാനങ്ങളൊന്നും നൽകിയിരുന്നില്ല. ഖുശ്ബുവിന് ഡി.എം.കെയിൽനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത് സ്റ്റാലിനിനോടുള്ള അഭിപ്രായ ഭിന്നതയായിരുന്നു.

ഖുശ്ബുവിനെ പാ൪ട്ടിയുടെ ദേശീയ വക്താവാക്കാനാണ് എ.ഐ.സി.സി നീക്കം. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാവുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.