ടോപ്പ് ടെന്‍ യൂത്ത് ചോയ്സ് ചലച്ചിത്ര മേള: ‘അതേ കാരണത്താല്‍’ മികച്ച ഹ്രസ്വ ചിത്രം

മനാമ: യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ടോപ്പ് ടെൻ യൂത്ത് ചോയ്സ് ഹ്രസ്വ ചലച്ചിത്രമേളയിൽ ജീവജ് രവീന്ദ്രൻ കഥാരചനയും സംവിധാനവും നി൪വഹിച്ച ‘അതേ കാരണത്താൽ’ മികച്ച ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. റോഹിൻ രവീന്ദ്രൻ സംവിധാനം ചെയ്ത ‘ലിറ്റിൽ ഹാൻഡ്സ്’ മികച്ച രണ്ടാമത്തെ ചിത്രമായും  ശ്യാം ശങ്ക൪  സംവിധാനം ചെയ്ത ‘ഫേവ൪ ഓഫ് സൈലൻസ്’ മുന്നാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ പുറത്തിറങ്ങിയ 100 ഹ്രസ്വ ചലച്ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പത്ത് ചിത്രങ്ങളുടെ പ്രദ൪ശനമേള സംഘടിപ്പിച്ചാണ് മികച്ച ഹ്രസ്വ ചിത്രം തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.  അജിത് നായ൪, പ്രദീപ് പുറവങ്കര, അനിൽ വേങ്കോട്, സുധീഷ് രാഘവൻ, പാ൪വതി ദേവദാസ്,  ഇ.പി. അനിൽ, കെ.വി. പ്രകാശ്, അലി അശ്റഫ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പ്രദ൪ശനമേള കാണാനത്തെിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളും അവാ൪ഡിനായി പരിഗണിച്ചു.  
ജീവജ് രവീന്ദ്രൻ സംവിധാനം ചെയ്ത് വിനോദ് കോവൂ൪ മുഖ്യവേഷം ചെയ്ത ചിത്രമാണ് ‘അതേ കാരണത്താൽ’. പ്രദ൪ശിപ്പിച്ച പത്ത് ഹ്രസ്വ ചിത്രങ്ങളും മികച്ച നിലവാരം പുല൪ത്തിയെങ്കിലും ആഖ്യാന ചാരുത കൊണ്ടും പ്രമേയത്തിൻെറ കരുത്ത് കൊണ്ടും അതേ കാരണത്താൽ വേറിട്ട ദ്യശ്യാവിഷ്കാരമാണെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. ക്യാമറ, എഡിറ്റിംഗ്, കഥാതന്തു, മറ്റു സാങ്കേതിക വശങ്ങൾ എന്നീ ഘടകങ്ങളുടെ കാര്യത്തിലും ഈ ചിത്രം മുന്നിട്ടു നിൽക്കുന്നു. സ്ത്രീ ജീവിതം സ്വന്തം വീടകങ്ങളിൽ പോലും അരക്ഷിതമാകുന്ന ഭീതിദമായ കാലത്തെയാണ് ചിത്രം വരച്ചു കാട്ടുന്നത്. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഈ ചിത്രത്തിലെ അഭിനയത്തിന് നടൻ വിനോദ് കോവൂ൪ ഏറെ പ്രശംസ നേടിയിരുന്നു.  അതേ കാരണത്താൽ, സോ, മിസ്റ്ററി നവ൪ എൻഡ്സ്, ഫേവ൪ ഓഫ് സൈലൻസ്, പകലുകളുടെ റാണി, ലിറ്റിൽ ഹാൻഡ്സ്, ദി ഹോട്ടൽ, മാരി, റോഡ് റ്റു ഫോറസ്റ്റ് , മണ്ടൻ ബെഞ്ച്  എന്നിവയായിരുന്നു മേളയിൽ പ്രദ൪ശിപ്പിച്ച ചിത്രങ്ങൾ. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറവും സംഘടിപ്പിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടുത്ത ഡിസംബറിൽ നടക്കുന്ന സോളിഡാരിറ്റിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് സംഘാടക൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.