കോണ്‍ഗ്രസില്‍ കടുത്ത നിരാശ; ബി.ജെ.പി ആവേശത്തില്‍

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ വോട്ടെടുപ്പുഘട്ടം പിന്നിട്ടപ്പോൾ ബി.ജെ.പി ആവേശത്തിൽ. കോൺഗ്രസിന് കടുത്ത നിരാശ. രണ്ടിടത്തും ഭരണകക്ഷിയായ കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നുമാണ് എക്സിറ്റ്പോൾ ഫലങ്ങൾ. പ്രചാരണ രംഗത്തുനിന്ന് പാ൪ട്ടിക്ക് കിട്ടിയ റിപ്പോ൪ട്ടുകളും അതാണെന്ന് മുതി൪ന്ന നേതാക്കൾ സൂചിപ്പിച്ചു.
 യു.പിയിലും ബിഹാറിലും അടക്കം കഴിഞ്ഞ മാസങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ബി.ജെ.പി പ്രവ൪ത്തകരിൽ ഇച്ഛാഭംഗമുണ്ടാക്കിയിരുന്നു. മതേതര കക്ഷികളുടെ കൂട്ടായ്മ നേടിയ വിജയം കോൺഗ്രസിനും വിവിധ പ്രാദേശിക കക്ഷികൾക്കും ഉണ൪വ് നൽകുകയും ചെയ്തു. എന്നാൽ അതിനു വിരുദ്ധമായ ഫലമാണ് പുറത്തുവരാൻ പോകുന്നതെന്നാണ് വ്യക്തമായ സൂചനകൾ. ഇതിന് വിശദീകരണം കണ്ടത്തൊൻ കോൺഗ്രസ് പണിപ്പെടുമ്പോൾ, ഞായറാഴ്ചത്തെ വോട്ടെണ്ണൽ ഫലം അവകാശവാദങ്ങളുടെ പുതിയ അവസരമാക്കിയെടുക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി.
 ബി.ജെ.പി മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ കോൺഗ്രസിനും  സ്വന്തം സഖ്യകക്ഷിയായ ശിവസേനക്കും പിന്നിൽ, പതിറ്റാണ്ടുകളായി നാലാം സ്ഥാനത്തായിരുന്നു. ഹരിയാനയിൽ കോൺഗ്രസിനും പ്രാദേശിക കക്ഷിയായ ഐ.എൻ.എൽ.ഡിക്കും പുറകിൽനിന്ന് കളിക്കാൻ മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് അവസരമുണ്ടായിരുന്നത്. രണ്ടിടത്തും മുഖ്യമന്ത്രിസ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാട്ടാൻ പറ്റിയ നേതാക്കൾ ഇല്ലാതിരുന്നിട്ടും മോദിയുടെ പ്രചാരണമികവും ആ൪.എസ്.എസിൻെറ സംഘാടനശേഷിയും ബി.ജെ.പിക്ക് മുതൽക്കൂട്ടായി മാറുകയാണ് ഉണ്ടായത്.
 മഹാരാഷ്ട്രയിൽ 15ഉം ഹരിയാനയിൽ 10ഉം വ൪ഷം അധികാരത്തിലിരുന്ന കോൺഗ്രസിന് രണ്ടിടത്തും കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധവികാരം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് ഉണ്ടായത്. ഭരണകക്ഷിയെന്ന പദവി മഹാരാഷ്ട്രക്കൊപ്പം ഹരിയാനയിലും കോൺഗ്രസിനെ ഒരുനിലക്കും തുണച്ചില്ല; ദോഷം വരുത്തിവെക്കുകയും ചെയ്തു.
 ഹരിയാനയിൽ ബി.ജെ.പിക്ക് നേതാവില്ല, പ്രധാന എതിരാളിയായിരുന്ന ഐ.എൻ.എൽ.ഡിയുടെ നേതാവ് അഴിമതിക്കേസിൽ തടവിലായി എന്നീ രണ്ട് അനുകൂല സാഹചര്യങ്ങളും പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണ പ്രവ൪ത്തനങ്ങൾ, മോദി നയിച്ച തെരഞ്ഞെടുപ്പു പ്രചാരണക്കൊഴുപ്പിൽ മുങ്ങിനിന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൻെറ വൈകാരിക സാഹചര്യങ്ങളെല്ലാം അതേപടി തുടരുന്ന അവസ്ഥയാണ് രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി ഉണ്ടാക്കിയെടുത്തത്.
ചിട്ടയായ തെരഞ്ഞെടുപ്പു പ്രവ൪ത്തനങ്ങൾ നടത്താൻ ആളില്ലാത്ത സ്ഥിതിയാണ് രണ്ടിടത്തും കോൺഗ്രസ് നേരിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽനിന്ന് ഉയി൪ത്തെഴുന്നേൽക്കാൻ പോന്നതൊന്നും പ്രചാരണത്തിനിടയിൽ ഉണ്ടായില്ല.
സ്വന്തം വോട്ടു ബാങ്കിൽ ബി.ജെ.പിയും സഖ്യകക്ഷിയായിരുന്ന എൻ.സി.പിയും വിള്ളൽ വീഴ്ത്തുന്നത് കണ്ടുനിൽക്കേണ്ട ഗതികേടാണ് മഹാരാഷ്ട്രയിൽ ഉണ്ടായതെങ്കിൽ, ഹരിയാനയിൽ തടവിൽനിന്നിറങ്ങിയ ഓംപ്രകാശ് ചൗതാലക്ക് ചെയ്യാൻ കഴിഞ്ഞതുപോലും കോൺഗ്രസിനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.