കാപ്പില്‍ കടല്‍തീരത്തെ പാരുകള്‍ തകര്‍ന്നു; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍

വര്‍ക്കല: കാപ്പില്‍ കടല്‍തീരത്തെ പ്രകൃതിദത്തമായ പാരുകളും കുന്നുകളും തകര്‍ന്നതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ ആശങ്ക. കടല്‍മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്ന പാരുകളുടെ തകര്‍ച്ച മത്സ്യലഭ്യതയിലും പ്രകടമായിട്ടുണ്ട്. ഇടവയിലെ കാപ്പില്‍ കടല്‍തീരത്ത് നാല്‍പാദം മുതല്‍ പത്ത് പാദംവരെ പരന്നുകിടക്കുന്ന വെറ്റക്കട പാര് കൂട്ടപ്പനയില്‍ കോടി, പിന്നേര് പാര്, എണിക്കപ്പാര്, പത്താം കല്ല്, തുമ്പേര്, ഒറ്റപ്പാര് എന്നിവയും തകര്‍ച്ചയുടെ വക്കിലാണ്. ലവണാംശവും ജീര്‍ണ ജൈവാശിഷ്ടങ്ങളുമൊക്കെ അടിഞ്ഞുകൂടുന്നതും തീരത്ത് വ്യാപിച്ചുകിടക്കുന്നതുമായ കല്‍ക്കൂട്ടമാണ് ‘പാര്’ എന്നറിയപ്പെടുന്നത്. പോഷകസമൃദ്ധമായ പാരുകള്‍ കേന്ദ്രീകരിച്ച് വിപുലമായ മത്സ്യസമ്പത്തുണ്ടാകുന്നതും പതിവാണ്. ചെമ്മീന്‍, തെരണ്ടി, നെയ്മീന്‍, വാള, മത്തി എന്നീ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമാണ് പാരുകള്‍. ബോട്ടുകളുടെ ആധിക്യവും രൂക്ഷമായ കടല്‍ക്ഷോഭവും മൂലമാണ് പ്രധാനമായും പാരുകള്‍ തകരുന്നത്. കൂടാതെ പാരുകള്‍ക്ക് സമീപത്തെ കുന്നുകള്‍ ഇടിഞ്ഞുവീഴുന്നതും തീരത്തുള്ള കരിങ്കല്‍ ഭിത്തിയെ കടലെടുക്കുന്നതുമൊക്കെ കാരണമാവുന്നുണ്ട്. ഒരുകാലത്ത് കട്ടമരവും കമ്പവലകളും ഉപയോഗിച്ച് പരമ്പരാഗത ശൈലിയിലാണ് കാപ്പില്‍ വെറ്റക്കട, ശ്രീയേറ്റ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. അവയുടെ സ്ഥാനത്ത് യന്ത്രവത്കൃത വള്ളങ്ങള്‍ വ്യാപകമായതോടെ പ്രതികൂല കാലാവസ്ഥയുമായി. പരവൂര്‍, പൊഴിക്കരികിലെ പൊഴിക്കര പാരിന് സമീപം ധനു, മകര മാസങ്ങളില്‍ നാരായണ കണവ പറ്റം ചേര്‍ന്നത്തെുമായിരുന്നു. ഇവയെ ഭക്ഷിക്കാന്‍ വലിയ മത്സ്യങ്ങളും തീരം കേന്ദ്രീകരിക്കും. നെടുവ, മോദ, നെയ്മീന്‍, അഴുക, വേള, കൊഴുവ എന്നിവയാണ് പ്രധാനമായും എത്തുന്നത്. ഇവയെയാണ് നാടന്‍ മത്സ്യത്തൊഴിലാളികള്‍ പിടിച്ചിരുന്നത്. എന്നാല്‍ പാരുകള്‍ തകരുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളെ നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. പാരുകള്‍ കേന്ദ്രമാക്കി വളരുന്ന കക്കയുടെയും ഞണ്ടിന്‍െറയും ലഭ്യതയും കുറഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.